This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദൈവം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദൈവം

പ്രപഞ്ചസത്യത്തിന്റെ ആദികാരണമായ മൂര്‍ത്തസങ്കല്പം. ആരാലും സൃഷ്ടിക്കപ്പെടാത്തവനും മറ്റെല്ലാത്തിനെയും സൃഷ്ടിച്ചവനും ആരെയും ആശ്രയിക്കാത്തവനും എല്ലാത്തിനും ആദികാരണമായവനും എല്ലായിടത്തും വ്യാപിച്ചിരിക്കുന്നവനും എല്ലാവരുടെയും ഭാഗധേയം നിര്‍ണയിക്കുന്നവനും സര്‍വജ്ഞനും എല്ലാ നന്മകളുടെയും ഇരിപ്പിടവുമാണ് ദൈവം എന്നാണു സങ്കല്പം. ഇപ്പോള്‍ 'ദൈവ'വും 'ഈശ്വര'നും ഒരേ അര്‍ഥത്തില്‍ വ്യവഹരിക്കപ്പെടുന്നുണ്ടെങ്കിലും പ്രകൃതിശക്തികളെ ഈശ്വരന്റെ വ്യത്യസ്തഭാവങ്ങള്‍ ആയി കാണുന്ന വൈദികകാല സങ്കല്പവും ഏകദൈവം എന്ന യഹൂദ-ക്രൈസ്തവ-ഇസ്ലാം സങ്കല്പവും തമ്മില്‍ വ്യത്യാസമുണ്ട്. ഇതില്‍ രണ്ടാമതു പറഞ്ഞ ദൈവസങ്കല്പമാണ് ഇവിടെ ചര്‍ച്ചചെയ്യുന്നത്. ഈശ്വരന്‍ എന്ന സങ്കല്പം അന്യത്ര പ്രതിപാദിച്ചിട്ടുണ്ട്. (നോ: ഈശ്വരന്‍, ഹിന്ദുമതം)

ദൈവികചിന്ത യഹൂദ മതത്തില്‍. യഹൂദര്‍ ആദ്യകാലത്ത് ബഹുദൈവ വിശ്വാസികളായിരുന്നു. ഓരോ വര്‍ഗത്തിനും ഒരു പ്രത്യേക ദൈവം ഉണ്ടായിരുന്നു. ബി.സി. 1500-മാണ്ടിനു മുമ്പുതന്നെ ഒരു വലിയ സംഘം യഹൂദര്‍ ഏകദൈവ വിശ്വാസികളായി മാറി. സീനായ് മലയില്‍വച്ച് മോശ നല്കിയ പത്തുകല്പനകളില്‍ ആദ്യത്തേത് 'ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്' എന്നാണ്. യഹോവ എന്നാണ് യഹൂദര്‍ ദൈവത്തെ വിളിച്ചിരുന്നത്. യഹൂദ ബൈബിളില്‍ അനേകം പ്രാവശ്യം യഹോവയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. ലോകത്തിന്റെ സ്രഷ്ടാവും മനുഷ്യരുമായി ഉടമ്പടി ഉണ്ടാക്കിയവനും നിയമദാതാവുമായി ദൈവത്തെ യഹൂദര്‍ കണ്ടു. യഹോവ നീതിമാനും ഇസ്രായേല്‍ ജനത്തോട് പ്രത്യേക മമതയുള്ളവനും യഹൂദരുടെ പ്രാര്‍ഥന ശ്രദ്ധിച്ചു കേള്‍ക്കുന്നവനും ആണെന്ന് അവര്‍ വിശ്വസിച്ചു.

യഹൂദ ബൈബിള്‍ എഴുതിയ അജ്ഞാത പണ്ഡിതര്‍ ദൈവത്തിനു നല്കിയിരിക്കുന്ന പേര്‍ YHVH എന്നാണ്. ഈ നാലക്ഷരപദം യഹൂദ ബൈബിളില്‍ ആറായിരത്തി അഞ്ഞൂറിലധികം പ്രാവശ്യം ആവര്‍ത്തിച്ചിട്ടുണ്ട്. മറ്റു പല പുരാതന യഹൂദ ലേഖനങ്ങളിലും ശാസനങ്ങളിലുംYHVHഎന്ന പദം ഉപയോഗിച്ചിട്ടുണ്ട്. YHVH എന്ന പദം 'Tetragrammation' എന്നാണ് ഇംഗ്ളീഷ് ഭാഷയില്‍ പറയുന്നത്. ഈ നാലക്ഷരപദം ഉച്ചരിക്കുവാന്‍ സാധ്യമല്ല. എങ്കിലും YHVH എന്ന പദത്തെ 'നമ്മുടെ കര്‍ത്താവ്' (Lord) എന്നര്‍ഥം വരുന്ന (Adomam) എന്ന് ഉച്ചരിക്കുവാന്‍ യഹൂദപണ്ഡിതര്‍ നിര്‍ദേശിച്ചിരുന്നു. YHVH എന്ന പദത്തിന്റെ യഥാര്‍ഥ അര്‍ഥം ഇന്നും അജ്ഞാതമാണ്. ഈ പദത്തിന്റെ ഗ്രീക്ക് പരിഭാഷയാണ് യാഹ് വെ (Yahweh). അതിന്റെ ഇംഗ്ളീഷ് പരിഭാഷയാണ് ജഹോവ (Jehoah). അത് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയപ്പോള്‍ യഹോവ എന്നായി. 'സ്വര്‍ഗീയഗണത്തിന്റെ സ്രഷ്ടാവ്' എന്ന് ചിലര്‍ ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ദൈവം എന്നര്‍ഥമുള്ള 'ഏലോഹിന്‍' (Elohin) എന്ന് മറ്റു ചിലര്‍ ഇതിന് അര്‍ഥം കണ്ടെത്തുന്നു. യഹൂദര്‍ വിശ്വസിച്ചിരുന്ന ഏലോഹിന്‍ എന്ന ദൈവത്തിന് ചില സമയങ്ങളില്‍ ബഹുത്വരൂപവും (Plurality) നല്കപ്പെട്ടിട്ടുണ്ട് (ഉല്പത്തി 20:13). ഏലോഹിന്‍ എന്ന പദത്തിന്റെ മറ്റൊരു രൂപമാണ് 'ഏലോ' (Eloh). 'ഏല്‍' എന്നും ദൈവത്തെ യഹൂദര്‍ വിശേഷിപ്പിച്ചിട്ടുണ്ട്.

ബി.സി. അഞ്ചാം നൂറ്റാണ്ടിനു മുമ്പുതന്നെ യഹൂദവംശജരെല്ലാം ഏകദൈവ വിശ്വാസികളായിത്തീര്‍ന്നു. അവരുടെ ഏകദൈവ വിശ്വാസത്തെ പുരോഹിതര്‍ പ്രോത്സാഹിപ്പിച്ചു. അവരുടെ ഏക ആരാധനാപാത്രമായി യഹോവയെ അവര്‍ കണ്ടു. യഹോവയല്ലാതെ മറ്റൊരു ദൈവം യഹൂദര്‍ക്കു പാടില്ലെന്ന് മോശ പ്രഖ്യാപിച്ചു. സീനായ് മലയില്‍വച്ച് മോശയുടെ മധ്യസ്ഥതയില്‍ യഹോവയും യഹൂദ ജനതയും ഒരു ഉടമ്പടി ഉണ്ടാക്കി. അവിടെവച്ച് 'ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്' എന്ന് യഹോവ കല്പിച്ചു. അന്ന് ദൈവവും യഹൂദരും തമ്മിലുണ്ടാക്കിയ ഉടമ്പടി ആയിരുന്നു പത്തുകല്പനകള്‍. ജോഷ്വാ, ആമോസ്, ഇസയ്യാ തുടങ്ങിയ പ്രവാചകന്മാരും ഏകദൈവത്തില്‍ വിശ്വസിക്കണം എന്ന് യഹൂദരെ പ്രോത്സാഹിപ്പിച്ചു. ഏകദൈവത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് ദൈവം കഠിനശിക്ഷ നല്കുമെന്നും യഹൂദര്‍ വിശ്വസിച്ചു. ബി.സി. 772-ല്‍ സമരിയായും ബി.സി. 587-ല്‍ യൂദാ രാജ്യവും (ഖൌറമവ) തകര്‍ന്നത് ഈ വിധം പല ദൈവങ്ങളെ ആരാധിച്ചതുകൊണ്ട് ദൈവം അവര്‍ക്കു നല്കിയ ശിക്ഷ കാരണമായിരുന്നു. ദൈവവുമായി ഉണ്ടാക്കിയ ഉടമ്പടി യഹൂദ ജനതയെ പ്രത്യേക രാഷ്ട്ര വിഭാഗമാക്കുവാനും സഹായിച്ചു. അടിമകളായി കഴിഞ്ഞിരുന്ന യഹൂദരെ ഈജിപ്തില്‍നിന്ന് പലസ്തീന്‍ ദേശത്തേക്കു കൊണ്ടുവന്നതും, അവരെ ഒരു തിരഞ്ഞെടുക്കപ്പെട്ട ജനവിഭാഗമാക്കിയതും യഹോവയായിരുന്നു. യഹൂദരുടെമേല്‍ ദൈവിക മേല്‍നോട്ടം ഏര്‍പ്പെടുത്തുന്നതിനും ഉടമ്പടിയിലൂടെ യഹോവയ്ക്കു കഴിഞ്ഞു. മനുഷ്യരുടെ എല്ലാവിധ പദ്ധതികളും-സഹോദരന്മാര്‍ ജോസഫിനെ കച്ചവടക്കാര്‍ക്കു വിറ്റതുള്‍പ്പെടെ-നിയന്ത്രിച്ചിരുന്നത് ദൈവത്തിന്റെ മുന്‍പദ്ധതി അനുസരിച്ചായിരുന്നു. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ തിന്മയാണെങ്കില്‍പ്പോലും അത് യഹോവയുടെ മുന്‍ നിശ്ചയപ്രകാരമാണ്. ഇസ്രായേല്‍ എന്ന യഹൂദരാഷ്ട്രം നിലവില്‍വന്നതുതന്നെ യഹോവയുടെ കൃപയാലാണ്.

ബൈബിളില്‍ യഹോവയ്ക്ക് പ്രത്യേക രൂപമൊന്നും യഹൂദര്‍ നല്കിയിരുന്നില്ല. എന്നാല്‍ ചില സ്ഥലങ്ങളില്‍ ദൈവത്തിന് കാളയുടെ (bull) രൂപം നല്കിയിരുന്നു. യഹോവയെ നേരിട്ടുകാണുവാന്‍ കഴിയുകയില്ലെന്നായിരുന്നു യഹൂദരുടെ വിശ്വാസം. പലപ്പോഴും യഹോവയെ മനുഷ്യരൂപത്തിലായിരുന്നു സങ്കല്പിച്ചിരുന്നത്. യഹോവയ്ക്കു മുഖവും പുറകുവശവും കൈകളും കാലുകളും ഉണ്ടെന്നും വിവരിച്ചിട്ടുണ്ട്. യഹോവയെ യോദ്ധാവായിട്ടും ചിത്രീകരിച്ചിട്ടുണ്ട്. യഹോവ വാളും അമ്പും വില്ലും ധരിച്ചിരിക്കുന്നതായും ചിത്രീകരിച്ചിരിക്കുന്നു. യഹോവ പടച്ചട്ടയും (armour) ശിസ്ത്രാണവും (helmet) ധരിച്ചിരിക്കുന്നതായി ഏശയ്യാ പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. യഹോവയെ വെളുത്ത മുടിയുള്ള വൃദ്ധനായി ദാനിയേല്‍ പ്രവാചകന്‍ പറഞ്ഞിരിക്കുന്നു. ദൈവത്തിന്റെ അധരങ്ങളില്‍നിന്ന് തീയും പുകയും വമിക്കുന്നതായി വിവരിച്ചിട്ടുണ്ട്.

പല പുരാതന യഹൂദ ഗ്രന്ഥങ്ങളിലും യഹോവയെ രാജാവായി വര്‍ണിച്ചിട്ടുണ്ട്. ദേവന്മാരുടെ രാജാവായിട്ടും ഇസ്രായേല്‍ വംശജരുടെ രാജാവായിട്ടും യഹോവയെ ചിത്രീകരിച്ചിരിക്കുന്നു. നീതിന്യായം നടപ്പിലാക്കുകയും വിധവകളെയും നിരാശ്രയരെയും സംരക്ഷിക്കുകയും ചെയ്യുന്ന ആളായിട്ടും യഹോവയെ വര്‍ണിച്ചിരിക്കുന്നു. യഹോവ താന്‍ ഇഷ്ടപ്പെടുന്ന യഹൂദ ജനതയുടെ അഭിവൃദ്ധിക്കായി ലോകത്തെ മുഴുവന്‍ നിയന്ത്രിക്കുന്നു.

യഹോവയെ പൊതുവേ അദൃശ്യനായിട്ടാണ് യഹൂദര്‍ കരുതിയിരുന്നത്. പക്ഷേ യഹോവ സ്വയം മനുഷ്യര്‍ക്കു വെളിപ്പെടുത്തിക്കൊണ്ടിരുന്നു. സ്വര്‍ഗാനുഭൂതി എന്നര്‍ഥമുള്ള 'കാവോദി'ല്‍ (Kavod) ദൈവം സന്നിഹിതനായിരുന്നുവെന്ന ചിന്ത അവരിലുണ്ടായിരുന്നു. ഈജിപ്തില്‍നിന്നുമുള്ള യാത്രാവേളയില്‍ മനുഷ്യവാസമോ കൃഷിയോ ഇല്ലാത്ത സ്ഥലങ്ങളിലൂടെയുള്ള യാത്രയ്ക്കിടയില്‍ അവരുടെ സഞ്ചാരപഥങ്ങളിലെ വാഗ്ദാന പേടകത്തില്‍ (wilderness Tabernacle) ദൈവശക്തി പ്രസരിച്ചിരുന്നു. ജെറുസലേം ദേവാലയത്തിലും യഹോവ വസിച്ചിരുന്നതായി അവര്‍ വിശ്വസിച്ചു.

യഹോവയെ ക്വാദാഷ് (Quadash) എന്നു വിളിച്ചിരുന്നു. പരിശുദ്ധന്‍ എന്നാണ് ക്വാദാഷ് എന്ന പദത്തിന്റെ അര്‍ഥം. യഹോവ സമയത്തിനും (time), സ്ഥലത്തിനും (space) രൂപത്തിനും (form) അതീതനാണ്. സദാചാരബോധം, നീതിശാസ്ത്രം എന്നിവയ്ക്കും ദൈവം വിധേയനല്ല. യഹോവയുടെ നീതിബോധത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല.

യഹോവയെ സാവധാനന്‍ (slow) ആയിട്ടും കോപിഷ്ഠനായിട്ടും ചിത്രീകരിച്ചിട്ടുണ്ട്. പാപത്തെ ക്ഷമിക്കുന്ന ആളായിട്ടും യഹോവയെ കരുതിയിരുന്നു.

എ.ഡി. ഒന്നാം നൂറ്റാണ്ട് മുതലുള്ള യഹൂദ ദൈവചിന്തകളെ നാലുഘട്ടങ്ങളായി വേര്‍തിരിക്കാം; യഹൂദ നിയമ വ്യാഖ്യാതാക്കളുടെ കാലഘട്ടം (Rabbanic period) അഥവാ തല്‍മൂദ് (Talmud), തത്ത്വശാസ്ത്രപരം അഥവാ ദൈവശാസ്ത്രപരമായ കാലഘട്ടം, യോഗാത്മക കാലഘട്ടം (Mystical period), ആധുനിക ഘട്ടം എന്നിങ്ങനെ.

യഹൂദ നിയമ സമീപനത്തിലെ അഥവാ യഹൂദ നിയമ വ്യാഖ്യാതാക്കളുടെ കാലഘട്ടത്തിന്റെ പ്രധാന വസ്തുതകള്‍ ഇവയാണ്. ദൈവം ഒന്നേ ഉള്ളൂ. സ്വര്‍ഗത്തെയും ഭൂമിയെയും സൃഷ്ടിച്ചത് യഹോവയാണ്. എല്ലാ മനുഷ്യരും നീതിയും സന്മാര്‍ഗനിഷ്ഠയും തുടരണം. ദൈവത്തെ അനുസരിക്കാത്ത ആള്‍ ശിക്ഷിക്കപ്പെടുന്നു. എ.ഡി. 70-ല്‍ ജെറുസലെം നഗരത്തെ റോമന്‍ സൈന്യം നശിപ്പിച്ചതിനുശേഷം യഹൂദ ജനത ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും മാറിത്താമസിച്ചു. ലോകത്തിന്റെ എല്ലാ ഭാഗത്തും താമസിക്കുന്ന യഹൂദ ജനതയെ യഹോവ തന്റെ 'തോറ' എന്ന അനന്തമായ നന്മകൊണ്ട് നിറയ്ക്കുന്നു. YHVH എന്ന പദം മനുഷ്യന്റെ നാവുകൊണ്ട് ഉച്ചരിക്കാന്‍ സാധിക്കാത്തവിധം പരിശുദ്ധമാണ്. അതുകൊണ്ടാണ് 'എന്റെ കര്‍ത്താവ്' എന്നര്‍ഥമുള്ള 'അദൊണായ്' (Adonai) എന്ന് ഈ വാക്ക് മനുഷ്യാധരങ്ങളാല്‍ ഉച്ചരിക്കപ്പെടുന്നത്. യഹൂദ നിയമ സമീപനത്തില്‍ (Talmud) ദൈവത്തിനു പകരം ഉച്ചരിക്കപ്പെടുന്ന വാക്കുകള്‍ 'ഓലം' (Lord of the Universe) എന്നും 'ഹഖ്വാ ദോഷ്' (Ha-qua dush അതായത് The Holy One,blessed he be) എന്നും ആണ്. യഹോവയുടെ രൂപം മനുഷ്യബുദ്ധിക്കതീതമാണ്.

തത്ത്വജ്ഞാനം അഥവാ ദൈവശാസ്ത്ര സമീപനം മധ്യകാലഘട്ടത്തില്‍ നിലവിലിരുന്ന യഹൂദ ചിന്തകളാണ്. ഇക്കാലത്തെ യഹൂദ പണ്ഡിതരുടെ ചിന്താഗതികളെ ഇസ്ലാമിക ദൈവശാസ്ത്രം സ്വാധീനിച്ചിരുന്നതായി കാണാം. തത്ത്വശാസ്ത്ര ചിന്താഗതിക്കാരുടെ അഭിപ്രായത്തില്‍ ഒരു ദൈവം മാത്രമേ ഉള്ളൂ. ദൈവം അതുല്യനാണ്. എല്ലാ സ്രഷ്ടവസ്തുക്കളില്‍നിന്നും ഉയര്‍ന്ന തരത്തില്‍ വിഭിന്നനാണ്. മനുഷ്യര്‍ക്കു ചിന്തിക്കാന്‍ സാധിക്കാത്തവിധം എല്ലാം ഉള്‍ക്കൊള്ളുന്നവനാണ്. ദൈവത്തിനു മനുഷ്യരൂപം നല്കിക്കൊണ്ട് ബൈബിളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളൊക്കെ അക്ഷരംപ്രതി വിശ്വസിക്കേണ്ട കാര്യമില്ലെന്നായിരുന്നു തത്ത്വശാസ്ത്ര ചിന്തകരുടെ അഭിപ്രായം. ദൈവത്തിനു ശരീരരൂപം ഉണ്ടെന്നു വിശ്വസിക്കുന്നത് ദൈവദൂഷണത്തിനു സമാനമാണെന്ന് അവര്‍ വിശ്വസിച്ചു. ദൈവം എല്ലാം അറിയുന്നവനും അനന്തശക്തനും ആണ്. മധ്യകാല ചിന്തകര്‍ അനശ്വരലോകത്തില്‍ ദൈവത്തിന്റെ സ്രഷ്ട ശക്തിയെയും ദൈവ പ്രതീക്ഷയെയും കുറിച്ച് പഠനം നടത്തിയിട്ടുണ്ട്.

യഹൂദ ചിന്തകളിലെ യോഗാത്മക പ്രവണത (Quabbalistic approach) 12-ാം ശ.-ത്തില്‍ ഉടലെടുത്തു. സ്പെയിനിലാണ് ഈ പ്രവണത അതിന്റെ ഉച്ചസ്ഥായിയിലെത്തിയത്. യോഗാത്മകവാദം (Quabbalistic Theory) എന്നാണ് ഈ ചിന്താഗതി അറിയപ്പെടുന്നത്. യഹൂദ മതത്തിന് ദൈവവുമായുള്ള ബന്ധം മനസ്സിലാക്കുവാന്‍ അവര്‍ ശ്രമിച്ചു. മനുഷ്യന്‍ ദൈവത്തെയല്ല, പ്രത്യുത ദൈവം മനുഷ്യനെയാണാവശ്യപ്പെടുന്നതെന്ന് ഇവരില്‍ കുറേപ്പേര്‍ അഭിപ്രായപ്പെട്ടു. ദൈവത്തെ സൂര്യനായും പരിച(shield)യായും അവര്‍ കണ്ടു. പ്രപഞ്ചത്തെ നിലനിര്‍ത്തുവാന്‍ സൂര്യപ്രകാശം അത്യാവശ്യമാണ്. സൂര്യപ്രകാശത്തിന്റെ മഹിമ ഭൂമിയിലുള്ളവര്‍ മനസ്സിലാക്കണമെങ്കില്‍ സൂര്യന്റെമേല്‍ കുറേസമയം തിരശ്ശീല (shield) ഇടേണ്ടതുണ്ട്. അതുപോലെ ദൈവകൃപ യഥാര്‍ഥത്തില്‍ മനുഷ്യന്‍ മനസ്സിലാക്കണമെങ്കില്‍ ദൈവത്തിനെതിരെയും താത്കാലികമായി ഒരു തിരശ്ശീല ഇടേണ്ടത് ആവശ്യമാണ്.

ആധുനികകാലത്ത് പല പ്രസ്ഥാനങ്ങളും ഉയര്‍ത്തുന്ന നിരീശ്വരവാദത്തെ നേരിടുവാന്‍ യഹൂദ ചിന്തകര്‍ ശ്രമിക്കുന്നു. നവോത്ഥാനകാലത്തുണ്ടായ പരിവര്‍ത്തനങ്ങളുടെ ഫലമായി പ്രപഞ്ചത്തിന്റെ കേന്ദ്രം ദൈവമല്ല, പ്രത്യുത മനുഷ്യനാണെന്ന ചിന്ത ശക്തമായിത്തീര്‍ന്നു. ബൈബിളിലെ തെറ്റില്ലായ്മ (Innerancy) ചോദ്യം ചെയ്യപ്പെട്ടു. ദൈവം ഉണ്ടെന്നു തെളിയിക്കുവാന്‍ പല നിരീശ്വരവാദികളും വെല്ലുവിളിച്ചു. ആധുനിക ശാസ്ത്രത്തിന്റെ വളര്‍ച്ചയും ദൈവിക വിശ്വാസത്തിന്റെ മേലുള്ള ശക്തി കുറച്ചു. ആധുനികകാലത്തുണ്ടായ ഇത്തരം പരിവര്‍ത്തനങ്ങള്‍ക്കനുയോജ്യമാംവിധം ചിന്തിക്കുവാന്‍ പല യഹൂദപണ്ഡിതരും നിര്‍ബന്ധിതരായി. ആധുനിക യഹൂദ ചിന്തകരില്‍ ഏറ്റവും പ്രമുഖന്‍ 'മൊര്‍ ദേക്കായ് കപ്ളാന്‍' ആയിരുന്നു (1881-1983). അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ദൈവം ഒരു പ്രകൃത്യതീത ശക്തിയല്ല, പ്രത്യുത പ്രപഞ്ചത്തിലെ സന്മാര്‍ഗനിരതയെ നിയന്ത്രിക്കുന്ന ഒരു മഹാശക്തിയാണ്. ഇഹത്തിലും പരത്തിലും മനുഷ്യനു പരമാവധി സന്തോഷം നല്കുകയെന്നതാണ് ദൈവത്തിന്റെ പദ്ധതി. ഈ പ്രപഞ്ചത്തില്‍ മൂന്ന് ഘടകങ്ങളാണുള്ളത്-ദൈവം, ലോകം, മനുഷ്യന്‍. ഈ മൂന്ന് ഘടകങ്ങളെയും തമ്മില്‍ യോജിപ്പിക്കുന്നത് മതങ്ങള്‍-വിശേഷിച്ചും യഹൂദ മതം ആണ്. വെളിപാട് (Revelation), ഉത്പാദനം (Creation), വീണ്ടെടുക്കല്‍ (Redumption) എന്നീ പ്രക്രിയകളിലൂടെയാണ് ദൈവത്തെയും ലോകത്തെയും മനുഷ്യരെയും തമ്മില്‍ സംയോജിപ്പിക്കുന്നത്. ആധുനിക യഹൂദ ചിന്തകന്മാര്‍ പരിണാമ സിദ്ധാന്തത്തിലും വിശ്വസിക്കുന്നു. പ്രപഞ്ചം നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു. ദൈവവുമായി സന്ധിക്കുന്നതിനുമുമ്പ് മനുഷ്യര്‍ കൂടുതല്‍ക്കൂടുതല്‍ മേല്പോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു.

ജര്‍മനിയില്‍ നാസി ഭരണകാലത്ത് അറുപതുലക്ഷത്തിലധികം യഹൂദന്മാര്‍ വധിക്കപ്പെട്ടപ്പോള്‍ ഇതില്‍ മനുഷ്യരുടെ പങ്കിനെക്കുറിച്ച് ചര്‍ച്ചചെയ്യുവാന്‍ വീണ്ടും യഹൂദ ചിന്തകന്മാര്‍ നിര്‍ബന്ധിതരായി. പാപം ചെയ്യുന്നവരെ മാത്രമേ ദൈവം ശിക്ഷിക്കുകയുള്ളൂ എന്ന ചിന്തയില്‍ മാറ്റം വന്നു. മനുഷ്യവര്‍ഗം പാപം ചെയ്യുമ്പോള്‍ ദൈവം മുഖം തിരിക്കുന്നു എന്ന ചിന്ത ശക്തമായി.

പൊതുവേ പറഞ്ഞാല്‍, മുക്തിയെക്കാള്‍ കൂടുതല്‍ വിശ്വാസത്തില്‍ അഭയം തേടണം എന്നതാണ് ആധുനിക യഹൂദ ചിന്തകന്മാര്‍ക്കുള്ളത്. മനസ്സില്ലാത്ത (Mindless) പ്രകൃതിയെക്കാള്‍ ദൈവത്തെ ആശ്രയിക്കുകയാണു വേണ്ടത്. മനുഷ്യവംശത്തെ രക്ഷിക്കാനുള്ള മിശിഹാ ഇനി വരാനിരിക്കുന്നതേ ഉള്ളൂ. (ക്രൈസ്തവര്‍ വിശ്വസിക്കുന്ന മിശിഹായെ യഹൂദര്‍ അംഗീകരിക്കുന്നില്ല).

ദൈവം ക്രിസ്ത്രീയ വീക്ഷണത്തില്‍. ക്രിസ്തുവിന്റെ സ്വര്‍ഗാരോഹണത്തോടുകൂടി (ചിലരുടെ അഭിപ്രായത്തില്‍ പരിശുദ്ധാരൂപിയുടെ ആഗമനത്തോടുകൂടി) ക്രൈസ്തവ സമൂഹം രൂപംകൊണ്ടു. ഒരു പുതിയ ദൈവത്തെക്കുറിച്ചോ പുതിയ ദൈവിക വിശ്വാസത്തെക്കുറിച്ചോ ക്രിസ്തുമതം പ്രതിപാദിച്ചിരുന്നില്ല. യഹൂദരുടെ യഹോവയില്‍ത്തന്നെ ക്രൈസ്തവര്‍ വിശ്വസിച്ചിരുന്നു. യഹോവ ക്രിസ്തുവിന്റെ പിതാവാണ്, അബ്രഹാമിന്റെയും ഈശാക്കിന്റെയും യാക്കോബിന്റെയും പിതാവാണ് എന്ന് ക്രൈസ്തവര്‍ വിശ്വസിച്ചു. മുമ്പ് പ്രവാചകന്മാര്‍ ഉണ്ടാക്കിയിട്ടുള്ള ഉടമ്പടികളുടെയും ദൈവമാണ്. നസറേത്തില്‍ ജനിച്ച യേശുക്രിസ്തുവിലൂടെ, ദൈവം മുന്‍കാലത്ത് ഉണ്ടാക്കിയിട്ടുള്ള ഉടമ്പടികളുടെ പൂര്‍ത്തീകരണം നടത്തുകയാണ് പുതിയ നിയമം ചെയ്യുന്നത്. യഹൂദ വംശത്തില്‍ ജനിച്ച ക്രിസ്തു യഹോവയില്‍ വിശ്വസിച്ചിരുന്നു. യഹൂദരെ തിരഞ്ഞെടുക്കപ്പെട്ട ജനമാക്കി, അവര്‍ക്കുവേണ്ടി നിയമങ്ങള്‍ നല്കിയതും യഹോവയാണെന്ന് ക്രിസ്തു വിശ്വസിച്ചു. യഹോവ യഹൂദര്‍ക്ക് നിത്യരക്ഷ വാഗ്ദാനം ചെയ്തു. ദൈവം ലോകത്തെ സൃഷ്ടിച്ചുവെന്നു മാത്രമല്ല, ലോകത്തിലെ സര്‍വതിനെയും പുലര്‍ത്തിക്കൊണ്ടുപോരുകയും ചെയ്യുന്നു. സീനായ് മലയില്‍വച്ച് യഹോവ പത്തുകല്പനകള്‍ മോശയ്ക്കു നല്കിയതിനു സമാനമാണ് പുതിയ നിയമത്തില്‍ ക്രിസ്തു നടത്തിയ ഗിരിപ്രഭാഷണം. ക്രിസ്തുവിന്റെ വചനങ്ങളെ ദൈവവചനം ആയിട്ടാണ് ക്രൈസ്തവര്‍ കരുതുന്നത്. ദൈവത്തെ 'പിതാവ്' (Abba) എന്നാണ് ക്രിസ്തു അഭിസംബോധന ചെയ്തിരുന്നത്. അതായത് ക്രിസ്തു സ്വയം ദൈവമായി അഭിഷിക്തനാകുന്നില്ല. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ പുതിയനിയമം ഒരു പുതിയ ദൈവത്തെ അവതരിപ്പിക്കുന്നില്ല.

ക്രിസ്തുവിന്റെ കുരിശാരോഹണം ആദ്യ പാപത്തെ നിര്‍വീര്യമാക്കാനുള്ള ബലിയായിരുന്നു എന്ന് പൗലോസ് അപ്പോസ്തലന്‍ പ്രഖ്യാപിച്ചു. ഇവിടെയും ക്രിസ്തുവിനെ ദൈവമായി സങ്കല്പിക്കുന്നില്ല. ദൈവത്തിന്റെ പ്രതിനിധിയായിട്ടാണ് ക്രിസ്തുവിനെ അവതരിപ്പിച്ചിരിക്കുന്നത്. ക്രിസ്തുവിന്റെ ഉത്ഥാനത്തോടുകൂടി അദ്ദേഹത്തിന്റെ പദവി ഉയര്‍ത്തണം എന്ന ചിന്താഗതി ക്രൈസ്തവരിലുണ്ടായി. ക്രിസ്തുവിനെ ദൈവത്തിന്റെ അവതാരമായും ചിലര്‍ ചിന്തിച്ചുതുടങ്ങി.

ക്രിസ്തുവിന്റെ ദൈവത്വം ആദ്യമായി പ്രകടിപ്പിച്ചിരിക്കുന്നത് യോഹന്നാന്റെ സുവിശേഷത്തിലാണ്. ക്രിസ്തുവിനെ 'വചനം' ആയി യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ വ്യാഖ്യാനിച്ചു. അക്കാരണത്താലാണ് 'ദൈവ വചനം മാംസമായി' എന്ന് യോഹന്നാന്‍ വിശദീകരിച്ചത്.

എങ്കിലും ക്രിസ്തുവിനെ ദൈവമായി പുതിയനിയമം കണ്ടില്ല. പഴയനിയമത്തിലെ യഹോവയെത്തന്നെ ദൈവമായി ക്രിസ്തുശിഷ്യര്‍ കരുതിയിരുന്നു. എങ്കിലും ക്രിസ്തുവിന്റെ ദൈവത്വത്തെപ്പറ്റി ചില സൂചനകളും പുതിയനിയമത്തിലുണ്ട്. ദൈവം എന്ന വചനത്തിന്റെ അവതാരമാണ് ക്രിസ്തു എന്ന് യോഹന്നാന്റെ സുവിശേഷം വ്യാഖ്യാനിച്ചു. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ 'എന്റെ കര്‍ത്താവേ എന്റെ ദൈവമേ' എന്ന് തോമസ് അപ്പോസ്തലന്‍ അഭിസംബോധന ചെയ്യുന്നു. അങ്ങനെ ക്രിസ്തുവിന്റെ ദൈവത്വത്തെക്കുറിച്ചുള്ള ചില പരോക്ഷ സൂചനകള്‍ പുതിയനിയമത്തില്‍ കാണാം.

ക്രിസ്തുവിന്റെ അനുയായികള്‍ ഏകദൈവ വിശ്വാസികളായിരുന്നു. ആദ്യകാല ക്രിസ്ത്യാനികള്‍ക്ക് യഹൂദരുമായിട്ടായിരുന്നു സാദൃശ്യം. ദൈവം എന്താണെന്ന് ശരിക്കും മനസ്സിലാക്കുവാന്‍ മനുഷ്യര്‍ക്കു സ്വാതന്ത്യ്രം ഇല്ലെന്നും, ദൈവം എന്താണെന്ന് ദൈവം വെളിപ്പെടുത്തുന്ന രീതിയാല്‍ മാത്രമേ മനുഷ്യന് മനസ്സിലാക്കുവാന്‍ കഴിയുകയുള്ളൂ എന്നും പൊതുവേ ക്രിസ്ത്യാനികള്‍ വിശ്വസിച്ചു. ദൈവം എന്താണെന്ന് ബൈബിള്‍ വെളിപ്പെടുത്തുന്ന രീതിയില്‍ മാത്രം വിശ്വസിക്കണമെന്ന് ഒരു കൂട്ടം ക്രൈസ്തവര്‍ കരുതി. ചിന്തകരായ പണ്ഡിതന്മാര്‍ ബൈബിളിലെ ആശയങ്ങളെ വിശദമാംവിധം വിലയിരുത്തി. ഒരു പ്രത്യേക വ്യക്തിയായി ഉദ്ദേശിക്കാത്ത ദേവതയായി (Impersonal Deity) ബൈബിള്‍ അവതരിപ്പിച്ച ദൈവത്തെ വ്യക്തമായി കാണുവാനും ചില ദൈവശാസ്ത്രജ്ഞര്‍ ശ്രമിച്ചു. പുതിയ തത്ത്വചിന്തകളുടെ അടിസ്ഥാനത്തില്‍ പുതിയ മാര്‍ഗങ്ങള്‍ അവര്‍ കണ്ടെത്തി. ദൈവത്തിന്റെ മാറ്റമില്ലായ്മ-അതായത് വിശ്വാസ്യത, ആശ്രയത്വം-എന്നത് ദൈവത്തിന്റെ അനിത്യതയില്‍ നിന്നുള്ള സ്വാതന്ത്യവും (Freedom from Transcency) ആണെന്ന് അവര്‍ വിശദീകരിച്ചു. ദൈവം ആദിയും അന്ത്യവും ഇല്ലാത്തവനാണെന്ന ചിന്ത ആയുഷ്കാലമല്ലാത്ത നിത്യത്വം ആണെന്നു സങ്കല്പിക്കപ്പെട്ടു.

ദൈവത്തെക്കുറിച്ചു ചിന്തിച്ചപ്പോള്‍ ക്രിസ്ത്യാനികളില്‍ ഉണ്ടായ സംശയങ്ങള്‍ ഇതൊക്കെയാണ്. ദൈവം മനുഷ്യര്‍ക്കുവേണ്ടി എന്തു ചെയ്തു ? ദൈവം ഇപ്പോള്‍ മനുഷ്യര്‍ക്കു വേണ്ടി എന്തു ചെയ്യുന്നു ? ദൈവം ഭാവിയില്‍ ആരായിരിക്കും ? മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി പിതാവായ ദൈവം ക്രിസ്തുവിലൂടെ എന്തൊക്കെ ചെയ്തു ?. ഈ ചിന്താഗതികളാണ് ക്രിസ്തുവിന്റെ മനുഷ്യാവതാരത്തെക്കുറിച്ചു ചിന്തിക്കുവാന്‍ ദൈവ ചിന്തകരെ പ്രേരിപ്പിച്ചത്. ക്രൈസ്തവരെ യഹൂദരില്‍നിന്നു വേര്‍പെടുത്തിയ ചിന്തയും ഇതായിരുന്നു. ക്രിസ്തുവിന്റെ മനുഷ്യാവതാരത്തെക്കുറിച്ച് പ്രവാചകന്മാര്‍ മുന്നറിയിപ്പു നല്കിയിട്ടുണ്ട്. വചനം മാംസമായി എന്ന് യോഹന്നാന്‍ പ്രസ്താവിച്ചു. മാലാഖയായ ഗബ്രിയേല്‍ ക്രിസ്തുവിന്റെ അവതാരത്തെക്കുറിച്ച് മറിയത്തോടു പറഞ്ഞിട്ടുണ്ട്. ക്രിസ്തുവായി ജനിച്ച ആള്‍ മറ്റെല്ലാ സൃഷ്ടികളെയുംകാള്‍ ശ്രേഷ്ഠനാണ്. എ.ഡി. 325-ല്‍ കൂടിയ നിഖ്യാസൂനഹദോസ് ക്രിസ്തുവിനെ ദൈവമായി അംഗീകരിച്ചു. ക്രിസ്തുവിന്റെ ദൈവത്വം അംഗീകരിക്കപ്പെട്ടപ്പോള്‍ ഏകദൈവത്തില്‍ പിതാവ്, പുത്രന്‍ എന്നീ രണ്ടു വ്യക്തികള്‍ ഉണ്ടെന്ന് ക്രൈസ്തവര്‍ ചിന്തിച്ചു. എ.ഡി. 381-ല്‍ കൂടിയ കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസില്‍ പരിശുദ്ധാത്മാവിന്റെ ദൈവികത്വം അംഗീകരിക്കപ്പെട്ടു. ദൈവത്തില്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ വ്യക്തികള്‍ ഉണ്ടെന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ 'ത്രിത്വം' (Trinity) എന്ന ആശയം രൂപംകൊണ്ടു. പരിശുദ്ധാത്മാവിലൂടെ മാത്രമേ ദൈവത്തിന്റെ പ്രകൃതം ശരിയായി മനസ്സിലാക്കുവാന്‍ കഴിയുകയുള്ളൂ എന്ന് എ.ഡി. 16-ാം ശ.-ത്തില്‍ ജോണ്‍ കാല്‍വിന്‍ അഭിപ്രായപ്പെട്ടു. ക്രിസ്ത്യാനികളുടെ ത്രിത്വ വിശ്വാസം ഏകദൈവ വിശ്വാസമാണോ അതോ മൂന്ന് ദൈവങ്ങളിലുള്ള വിശ്വാസമാണോ എന്നൊരു തര്‍ക്കവും ചിന്തകര്‍ക്കിടയിലുണ്ടാക്കി.

ചാള്‍സ് ഡാര്‍വിന്‍ തന്റെ പരിണാമ സിദ്ധാന്തം അവതരിപ്പിച്ചപ്പോള്‍ ദൈവത്തെക്കുറിച്ചുള്ള ചിന്ത ക്രൈസ്തവസഭയില്‍ സജീവമായി. ജീവജാലങ്ങളെ സൃഷ്ടിക്കുന്നത് ദൈവമല്ലെന്നും ഒരു പരിണാമ പ്രക്രിയയിലൂടെയാണ് സൃഷ്ടികര്‍മം നടക്കുന്നതെന്നും ആയിരുന്നു ഡാര്‍വിന്റെ സിദ്ധാന്തം. പഴയ രീതിയുള്ള ദൈവവിശ്വാസത്തെ അത് ഉലച്ചു. അതിനെത്തുടര്‍ന്ന് ബൈബിളിന്

പരിണാമ സിദ്ധാന്തത്തിനനുയോജ്യമായ വ്യാഖ്യാനം നല്കുവാന്‍ ക്രൈസ്തവ ചിന്തകര്‍ ആരംഭിച്ചു. ഉദാഹരണമായി ആറുദിവസം കൊണ്ട് ദൈവം ലോകത്തെ സൃഷ്ടിച്ചു എന്നത് അനേക ശതവര്‍ഷം നീണ്ടുനിന്ന ആറുഘട്ടങ്ങളിലായിട്ടാണ് ഉല്പത്തി നടന്നതെന്നു വ്യാഖ്യാനിക്കപ്പെട്ടു. ഏതായാലും സൃഷ്ടികര്‍മത്തിന്റെയെല്ലാം ഉത്തരവാദിത്വം ദൈവത്തിനുതന്നെയാണെന്ന് ക്രൈസ്തവ പണ്ഡിതന്മാര്‍ ഉറപ്പിച്ചു പറഞ്ഞു. ദൈവത്തിന്റെ സൃഷ്ടികര്‍മം പരിണാമത്തിലൂടെയാണു നടന്നതെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചു.

20-ാം ശ.-ത്തിലെ ചിന്തകന്മാര്‍ ദൈവത്തെ ചിന്താശക്തി ഉപയോഗിച്ചുള്ള നിഗമനത്തിലൂടെ (Reasoning) മനസ്സിലാക്കാം എന്ന് അഭിപ്രായപ്പെട്ടു. ദൈവത്തിന്റെ സ്വയം ആവിഷ്കരണം (Self revelation) ആണ് യേശുക്രിസ്തു. ബൈബിളിലെ ആവിഷ്കരണം ഇതിനു തെളിവാണ്. ദൈവം മൗലികവും സര്‍വോത്കൃഷ്ടനും സര്‍വസ്വതന്ത്രനും ആണ്. ദൈവത്തോട് എന്തെങ്കിലും ആവശ്യപ്പെടാന്‍ മനുഷ്യനു സാധ്യമല്ല. (ദൈവത്തോട് പ്രാര്‍ഥിക്കാന്‍ മാത്രമേ മനുഷ്യനു സാധിക്കൂ). ദൈവത്തിന്റെ വാഗ്ദാനങ്ങളെയും സ്വയം പ്രകാശിപ്പിക്കലിനെയും ആശ്രയിക്കാന്‍ മാത്രമേ മനുഷ്യനാകൂ. ഈ ചിന്താഗതിയെ 'ക്രിസ്റ്റോ സെന്‍ട്രിക്ക്' (Christo Centrick) സിദ്ധാന്തം എന്നു പറയുന്നു. ജര്‍മനിയിലെ അര്‍ധ-മതസംവിധാനവുമായി അനുരഞ്ജനം ഉണ്ടാക്കാനും ഈ സിദ്ധാന്തം അനുശാസിച്ചു.

1980-കളില്‍ തെക്കേ അമേരിക്കയില്‍ ആരംഭിച്ച വിമോചന ദൈവശാസ്ത്രം (Liberation Theology) അഭിപ്രായപ്പെടുന്നത് ഇപ്പോഴത്തെ സാമൂഹ്യ സംവിധാനത്തില്‍ ദൈവഹിതം വെളിപ്പെടുന്നില്ല എന്നാണ്. ദൈവത്തിന്റെ യഥാര്‍ഥ രൂപം ദൈവത്തെക്കുറിച്ചുള്ള കേവലമായ പൊതുസങ്കല്പത്തെക്കാള്‍ ശ്രേഷ്ഠമാണെന്ന് വിമോചന ദൈവശാസ്ത്രം അഭിപ്രായപ്പെടുന്നു.

ദൈവത്തെക്കുറിച്ച് നിലവിലുള്ള ചിന്തകള്‍ വെളുത്ത വര്‍ഗക്കാരുടെ ആശയങ്ങളാണ് എന്നാണ് അമേരിക്കയിലെ നീഗ്രോ വംശജര്‍ കരുതുന്നത്. ദൈവത്തെ ഒരു കറുത്ത വര്‍ഗക്കാരനാണെന്നു ചിത്രീകരിക്കുവാന്‍ അമേരിക്കന്‍ നീഗ്രോകള്‍ ആവശ്യപ്പെടുന്നു. തങ്ങളുടെ മാനുഷികവും മതപരവും ആയ അവകാശങ്ങള്‍ നിലനിര്‍ത്തുവാന്‍ ഇത്തരം ചിത്രീകരണം ആവശ്യമാണെന്ന് നീഗ്രോ വംശജര്‍ കരുതുന്നു. ബൈബിളില്‍ വിവരിച്ചിരിക്കുന്ന ക്രിസ്തുവിന്റെ വ്യക്തിത്വം സാധുക്കളോടും അശരണരോടും ഉള്ള അനുകമ്പയാണെന്ന് നീഗ്രോകള്‍ വാദിക്കുന്നു. കറുത്ത ദൈവശാസ്ത്രം (Black Theology) എന്ന ഈ സിദ്ധാന്തം ഇന്ന് പൗരസ്ത്യദേശത്തും പ്രചാരം നേടിയിട്ടുണ്ട്.

ദൈവത്തിന് പുരുഷരൂപം നല്കിയിട്ടുള്ളതിനെ വനിതാവിമോചനക്കാരും എതിര്‍ക്കുന്നു.

ദൈവം ഇസ്ലാമിക വീക്ഷണത്തില്‍. ബഹുദൈവ വിശ്വാസികളോട് യാതൊരുവിധ അനുരഞ്ജനവും ഇസ്ലാം മതം കാണിക്കുന്നില്ല. 'അല്ലാഹു അല്ലാതെ മറ്റു യാതൊരു ദൈവവും ലോകത്തിലില്ല' എന്ന് ഇസ്ലാം മതം വിശ്വസിക്കുന്നു. അല്‍,ഇലാഹ് എന്നീ പദങ്ങള്‍ യോജിച്ചാണ് അല്ലാഹു എന്ന പദം രൂപം കൊണ്ടത്. 'ഷഹാദ' ആണ് ഒരാള്‍ മുസ്ലിം ആകുന്നതിന്റെ പ്രതിജ്ഞ. ഷഹാദ അര്‍ഥം ഉള്‍ക്കൊണ്ട് ഉച്ചരിക്കുന്നതോടെ ഒരുവന്‍ മുസ്ലിം ആകുന്നു. ഷഹാദ എന്നാല്‍ ദൈവത്തിന്റെ ഏകത്വം അംഗീകരിക്കല്‍ എന്നാണ്. സര്‍വഗുണങ്ങളും ഒത്തുചേരുന്ന ദൈവത്തിന്റെ നാമമാണ് അല്ലാഹു. ഇസ്ലാം മതത്തിന്റെ ആവിര്‍ഭാവത്തിനുമുമ്പ് അറബി നാടുകളിലും ബഹുദൈവ വിശ്വാസം ഉണ്ടായിരുന്നു. ഈ ബഹുദൈവ വിശ്വാസത്തിനെ എതിര്‍ത്തുകൊണ്ടാണ് ഇസ്ലാം മതം ആവിര്‍ഭവിച്ചത്- അല്ലാഹു ഏകനാണ്. അല്ലാഹു ഒഴികെ മറ്റാരെയും ആരാധിക്കുവാന്‍ പാടില്ല. തന്നെ ആശ്രയിക്കുന്നവര്‍ക്ക് അഭയം നല്കുന്നവനാണ് അല്ലാഹു. അല്ലാഹു മറ്റാരെയും ആശ്രയിക്കാറില്ല. അവന്‍ ആരുടെയും സന്താനമല്ല. അല്ലാഹുവിന് സന്തതികളുമില്ല. സര്‍വലോകപരിപാലകനും കരുണാനിധിയും പരമ കാരുണികനും പ്രതിഫലം നല്കപ്പെടുന്ന ദിവസത്തിന്റെ നാഥനും അല്ലാഹുവാണ്. പ്രപഞ്ചം മുഴുവനും അല്ലാഹുവിന്റേതാണ്. നിത്യമായി നിലനില്ക്കുന്നവന്‍, സ്വയം നില്ക്കുന്നവന്‍, ഉറക്കമോ മയക്കമോ ബാധിക്കാത്തവന്‍, മനുഷ്യന്റെ ഭൂതകാലവും ഭാവികാലവും അറിയുന്നവന്‍, തന്റെ സിംഹാസനത്തെ പ്രപഞ്ചം മുഴുവനും വ്യാപിപ്പിച്ചിരിക്കുന്നവന്‍ എന്നൊക്കെയാണ് അല്ലാഹുവിന്റെ ഗുണഗണങ്ങള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു വസ്തുവിനെ സൃഷ്ടിക്കണമെങ്കില്‍ 'അതുണ്ടാകട്ടെ' എന്ന് അല്ലാഹു പറഞ്ഞാല്‍ മതി. അല്ലാഹുവിന്റെ അസ്തിത്വത്തെക്കുറിച്ച് ചിന്തിക്കുന്നതു പാപമാണ്. അല്ലാഹുവില്‍ വിശ്വസിക്കുക മാത്രമാണ് മനുഷ്യരുടെ ധര്‍മം. അല്ലാഹു മനുഷ്യര്‍ക്ക് അദൃശ്യനാണെങ്കിലും എല്ലാ മനുഷ്യരുടെയും എല്ലാ പ്രവര്‍ത്തനങ്ങളെയും മനസ്സിലാക്കുന്നു.

മനുഷ്യരുടെ എല്ലാവിധ അഭിവൃദ്ധികളും ലക്ഷ്യമാക്കി ഒട്ടനവധി പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചിട്ടുണ്ട്. ഇബ്രാഹിം നബി, മൂസാ നബി, ഈസാ നബി തുടങ്ങിയവര്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ട പ്രവാചകന്മാരാണ്. ആദം നബി ആയിരുന്നു ആദ്യത്തെ പ്രവാചകന്‍. അവസാനത്തെ പ്രവാചകന്‍ മുഹമ്മദ് നബിയും.

അല്ലാഹുവിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള പ്രതിജ്ഞയ്ക്ക് (Affirmation) പുറമേ, അതിന് അനുബന്ധമായി മുഹമ്മദ് നബിയുടെ ദൗത്യത്തെക്കുറിച്ചുള്ള അറിവും ദൈവജ്ഞാനത്തിനാവശ്യമാണ്. ഖുര്‍-ആന്‍ മനസ്സിലാക്കാതെ ഇസ്ലാമിക വിശ്വാസം പാലിക്കുക സാധ്യമല്ല. ഇസ്ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനം ബഹുദൈവ വിശ്വാസത്തെ നിരാകരിക്കുകയാണ്. പ്രതിമകളെ ആരാധിക്കരുത് എന്ന് ഇസ്ലാം മതം ഉപദേശിക്കുന്നു. എല്ലാത്തിന്റെയും സ്രഷ്ടാവും സര്‍വശക്തനും ആയ ഏകദൈവത്തില്‍ വിശ്വസിക്കാന്‍ ഓരോ മുസ്ലിമിനും കടമയുണ്ട്. അല്ലാഹു മുമ്പ് മനുഷ്യരുമായി ഉണ്ടാക്കിയ ഉടമ്പടി( Mitaque)യുടെ ആവര്‍ത്തനമാണ് ഈ ആദര്‍ശം. (ടൌൃമവ 7:172). ഈ ഉടമ്പടിയെ പല പ്രവാചകന്മാരും ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഇക്കാര്യം ഖുര്‍-ആനില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. അല്ലാഹുവിന്റെ സ്നേഹിതനായ ഇബ്രാഹിം ഈ പ്രവാചകരില്‍ മുഖ്യനായിരുന്നു. നീതിമാനും പ്രവാചകനും യഥാര്‍ഥ വിശ്വാസിയും ദൈവത്തിനു പൂര്‍ണമായി കീഴടങ്ങിയ ആളും ആയിരുന്നു ഇബ്രാഹിം നബി.

ഇസ്ലാമിക ദൈവവിശ്വാസത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ വിശദീകരിക്കുന്നത് ഖുര്‍-ആനിലൂടെയാണ്. അതിന് ഒരു പരിപൂര്‍ണ പ്രകടരൂപവും (Perfect expression) പൂര്‍ണ മൂല്യവും ഉണ്ട്. അല്ലാഹുവിനോട് അനുഷ്ഠിക്കേണ്ട കര്‍ത്തവ്യങ്ങള്‍ സ്രഷ്ടാവായ ദൈവം കാലാരംഭത്തില്‍ത്തന്നെ അരുളി ചെയ്തതാണ്. സര്‍വവും സൃഷ്ടിച്ച അല്ലാഹുവില്‍നിന്നുമാണ് പഠിപ്പിക്കാനുള്ള അനുവാദം മുഹമ്മദിനു ലഭിച്ചത്. അത്യന്തം ഉദാരമതിയായ ദൈവം അജ്ഞരായ മനുഷ്യരെ വചനങ്ങള്‍ മുഖേന പഠിപ്പിച്ചു. അല്ലാഹുവിനെക്കുറിച്ചു മനസ്സിലാക്കുവാന്‍ ഖുര്‍-ആന്‍ പഠിച്ചേ തീരൂ. ഖുര്‍-ആനില്‍ അല്ലാഹു എന്ന പദം രണ്ടായിരത്തി എഴുന്നൂറിലധികം പ്രാവശ്യം ആവര്‍ത്തിച്ചിട്ടുണ്ട്.

സര്‍വശക്തനായ സ്രഷ്ടാവ്, പരമോന്നതനായ കര്‍ത്താവ്, ഇപ്പോഴത്തെ ജീവിതത്തിന്റെയും ഭാവി ജീവിതത്തിന്റെയും രാജാവ്, ന്യായാധിപന്മാരുടെ ന്യായാധിപന്‍ തുടങ്ങിയ വിധത്തിലാണ് ഖുര്‍-ആനില്‍ അല്ലാഹുവിനെ വിവരിച്ചിരിക്കുന്നത്. ഖുര്‍-ആനിലെ ഇത്തരം പരാമര്‍ശങ്ങള്‍ക്ക് നവീകരണ വാദികള്‍ (Orientalists) പലവിധ വ്യാഖ്യാനങ്ങള്‍ നല്കിയിട്ടുണ്ട്. മക്കയില്‍ അന്നു നിലവിലുണ്ടായിരുന്ന മതവിഭാഗക്കാരെ പ്രബോധിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരം വ്യാഖ്യാനങ്ങള്‍ നല്കിയതെന്നും അഭിപ്രായമുണ്ട്. പുരാതനകാലത്തെ പ്രവാചകന്മാര്‍ നടത്തിയിട്ടുള്ള പ്രബോധനങ്ങളുടെ തുടര്‍ച്ചയാണ് ഇതെന്ന് 'മക്കന്‍ സൂറാകളില്‍' (Meccan Suras) സൂചനയുണ്ട്. സൃഷ്ടികര്‍മം പോലെതന്നെ അവസാന വിധിയും അല്ലാഹുവിന്റെ അനന്തശക്തിയുടെയും പരിധിയില്ലാത്ത പ്രഭുത്വത്തിന്റെയും അടയാളമാണ്.

മനുഷ്യഹൃദയങ്ങളെ നേര്‍വഴിക്കു കൊണ്ടുവരാനുള്ള ഉപദേശങ്ങളാണ് ഖുര്‍-ആനില്‍ ഉള്ളത്. മനുഷ്യരുടെമേല്‍ അല്ലാഹുവിനുള്ള വിശേഷാധികാരങ്ങളെ ചോദ്യം ചെയ്യുവാനോ പങ്കുവയ്ക്കുവാനോ ആര്‍ക്കും അവകാശമില്ല. പൊരുത്തപ്പെടുത്താന്‍ സാധ്യമല്ലാത്ത ഏകദൈവ വിശ്വാസത്തെ(Intransignet Monotheism)യും അത് ഉറപ്പായി പ്രസ്താവിക്കുന്നു. ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ മധ്യവര്‍ത്തികളായി ആരും ഇല്ല. പ്രതിമകളെ വന്ദിക്കുകയെന്നത് തികച്ചും തെറ്റാണ്. ഇസ്ലാമിക വിശ്വാസത്തിന്റെ ആരംഭത്തിനുമുമ്പ് മക്കാ നിവാസികള്‍ - അവരുടെ ബഹുദൈവ വിശ്വാസത്തിന്റെ ഭാഗമായി-വനിതാദേവതകളെ ആരാധിക്കുന്ന പതിവുണ്ടായിരുന്നു. ഇതിനെയും ഖുര്‍-ആന്‍ അപലപിക്കുന്നു.

ക്രൈസ്തവരുടെ ത്രിത്വ വിശ്വാസത്തെയും ഇസ്ലാം മതം എതിര്‍ക്കുന്നു. ഏകദൈവത്തിന് എങ്ങനെ ദൈവമായ പുത്രന്‍ ഉണ്ടാകുമെന്ന് ചോദ്യം ഉന്നയിക്കുന്നു. ദൈവത്തില്‍ ബഹുത്വം ഉണ്ടെന്ന സങ്കല്പത്തെയും ഇസ്ലാം എതിര്‍ക്കുന്നു.

അല്ലാഹു എന്ന പദത്തിന് തൊണ്ണൂറ്റിഒന്‍പത് പര്യായപദങ്ങളുണ്ട്. അല്‍-റഹ്മാന്‍ (Al-Rahman) എന്നത് ഈ തൊണ്ണൂറ്റിഒന്‍പത് പര്യായപദങ്ങളില്‍ ഒന്നാണ്. രാജശ്രീയുടെയും ഉദാത്തതയുടെയും പ്രഭു, മനുഷ്യരുടെ ആഗ്രഹങ്ങള്‍ പരിപൂര്‍ണമായി നിറവേറ്റിക്കൊടുക്കുന്നവന്‍, മനുഷ്യരോടു ക്ഷമിക്കാന്‍ മടിയില്ലാത്ത ആള്‍, അനുഗ്രഹങ്ങള്‍ നിരന്തരം വര്‍ഷിക്കുന്നവന്‍, നല്ലതെല്ലാം വിതരണം ചെയ്യുന്നവന്‍, മഹാമനസ്കത ഉള്ളവന്‍, ഏതിനും വിദഗ്ധാഭിപ്രായം നല്കുന്നവന്‍, ഏതു പ്രശ്നത്തിനും പരിഹാരം ഉണ്ടാക്കുന്നവന്‍, മാര്‍ഗനിര്‍ദേശം നല്കുന്നവന്‍, ഏറ്റവും ക്ഷമ ഉള്ളവന്‍ എന്നൊക്കെ അല്‍-റഹ്മാന്‍ എന്ന പദം അര്‍ഥമാക്കുന്നു. അല്ലാഹു എല്ലാം അറിയുന്നു, എല്ലാം കാണുന്നു, എല്ലാം ശ്രവിക്കുന്നു. മനുഷ്യന്റെ ഓരോ പ്രവൃത്തിയിലും, ഓരോ വാക്കിലും, ഓരോ ചിന്തയിലും അല്ലാഹുവിന്റെ നിരന്തരമായ സാമീപ്യം ഉണ്ട്.

അല്ലാഹുവിന്റെ പര്യായപദമായി ഉപയോഗിക്കുന്ന നാമമാണ് അല്ലാ അല്‍-ഹക്ക് (Alla al-Haqq). അല്ലാഹുവിന്റെ അധീശ ശക്തിക്കു പകരമായി അല്ലാ അല്‍-ഹക്ക് എന്ന പദം പലപ്പോഴും ഉപയോഗിക്കാറുണ്ട്. അല്ലാഹു സത്യവും മൃതരെ ജീവനിലേക്കു തിരിച്ചു കൊണ്ടുവരുന്നവനും എല്ലാത്തിന്റെയും മേല്‍ അധീശനും ആകുന്നു. ലോകത്തില്‍ ധന്യമായി അല്ലാഹു മാത്രമേ ഉള്ളൂ എന്ന് അല്ലാ അല്‍-ഹക്ക് പദം സൂചിപ്പിക്കുന്നു.

അല്ലാഹുവിന്റെ മറ്റൊരു പര്യായപദമാണ് അല്‍ ഹയ്യ് (Al-Hayy). ജീവിക്കുന്ന ദൈവം എന്നാണ് അല്‍ ഹയ്യ് എന്ന പദത്തിന്റെ അര്‍ഥം. ജീവിക്കുന്ന ദൈവം എന്നു പറഞ്ഞാല്‍ മരിക്കാത്ത ദൈവം എന്നാണര്‍ഥം. ഇസ്ലാം മതത്തിനും ക്രൈസ്തവ മതത്തിനും തമ്മിലുള്ള ഒരു വലിയ വ്യത്യാസമാണിത്. ക്രിസ്തു മരിച്ചുവെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു. ദൈവം മനുഷ്യനായി അവതരിക്കുന്നില്ലെന്ന് ഇസ്ലാം മതം പഠിപ്പിക്കുന്നു. 'അല്ലാഹു അല്ലാതെ മറ്റൊരു ദൈവം ഇല്ല, മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണ്' എന്നര്‍ഥം വരുന്ന 'ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദൂര്‍ റസൂലുല്ലാഹ്' എന്നുച്ചരിച്ചുകൊണ്ട് ഇസ്ലാം വിശ്വാസക്കാര്‍ അല്ലാഹുവിനെ ഓര്‍ക്കുന്നു. 'കരുണാനിധിയും ദയാലുവും ആയ ദൈവത്തിന്റെ പേരില്‍' എന്നര്‍ഥം വരുന്ന 'ബിസ്മില്ലാഹീര്‍ റഹ്മാന്‍ റഹിം' എന്നു പറഞ്ഞുകൊണ്ടാണ് മുസ്ലിങ്ങള്‍ ഏതൊരു പ്രവൃത്തിയും ചെയ്യുന്നത്. 'അല്ലാഹു ഏറ്റവും ഉന്നതന്‍' എന്നര്‍ഥം വരുന്ന 'അല്ലാഹു അക്ബര്‍' എന്ന വാചകവും മുസ്ലിങ്ങള്‍ കൂടെക്കൂടെ പറയാറുണ്ട്. ദൈവത്തിന് സര്‍വവും സമര്‍പ്പിച്ചുകൊണ്ട് മുസ്ലിങ്ങള്‍ പറയാറുള്ള വാചകമാണ് 'ഇന്‍ഷാ അല്ലാഹ്'. 'ദൈവേച്ഛ അങ്ങനെയാണെങ്കില്‍' എന്നാണ് ഇതിന്റെ അര്‍ഥം.

(പ്രൊഫ. നേശന്‍ ടി. മാത്യു)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B5%88%E0%B4%B5%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍