This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേശ്പാണ്ഡെ, പി.വൈ. (1899 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദേശ്പാണ്ഡെ, പി.വൈ. (1899 - )

മറാഠി നോവലിസ്റ്റും ചിന്തകനും. പുരുഷോത്തം യശ്വന്ത് ദേശ്പാണ്ഡെ എന്നാണ് പൂര്‍ണമായ പേര്. മഹാരാഷ്ട്രയിലെ അമരാവതിയില്‍ 1899-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം മഹാരാഷ്ട്രയിലായിരുന്നു. 1925-ല്‍ ബോംബെ സര്‍വകലാശാലയില്‍നിന്ന് എം.എ. ബിരുദവും 1931-ല്‍ നാഗ്പൂര്‍ സര്‍വകലാശാലയില്‍നിന്ന് നിയമബിരുദവും നേടി. മഹാത്മാഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ ദേശ്പാണ്ഡെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് 1942-ല്‍ ജയില്‍വാസം അനുഭവിച്ചു.

വിവേകാനന്ദന്‍, രാമകൃഷ്ണ പരമഹംസന്‍, ശ്രീബുദ്ധന്‍ തുടങ്ങിയവരുടെ ചിന്താധാരയില്‍ വളരെയേറെ തത്പരനായിരുന്നു ദേശ്പാണ്ഡെ. 193342 കാലഘട്ടത്തില്‍ മാര്‍ക്സിസത്തിലും ഇദ്ദേഹം ആകൃഷ്ടനായി. ഗാന്ധിജി ച കാ ? എന്ന കൃതിക്കുപുറമേ ബന്ധനാച്യാ പലികഡെ (ബന്ധനത്തിന്നപ്പുറം, 1927), സുഖലേലെ ഫൂല്‍ (വാടിക്കൊഴിഞ്ഞപൂവ്, 1931), സദാ ഫൂലി (1933), വിശാല്‍ ജീവന (1939), കാളിറാണി (1941) നവജഗ് (നവലോകം, 1941), ആഹുതി (1959), ഭേരിഘോഷാ കി ധര്‍മഘോഷാ (1972) എന്നീ നോവലുകളും നവി മൂല്യേ (1972) എന്ന ലേഖന സമാഹാരവും, നിര്‍മാല്യമാലാ (1933) എന്ന കാവ്യസമാഹാരവും ദേശ്പാണ്ഡയുടെ മുഖ്യ കൃതികളില്‍പ്പെടുന്നു. ഇദ്ദേഹത്തിന്റെ അനാമികാ ചിന്തനികാ എന്ന കൃതിയില്‍ നേട്ടങ്ങള്‍ക്കു പുറകേ പായുന്ന ആധുനിക മനുഷ്യന്‍ ആന്തരികസത്തയുടെ പ്രാധാന്യം മനസ്സിലാക്കുന്നില്ല എന്ന് വ്യക്തമാക്കുകയും ആധുനികയുഗത്തില്‍ മനുഷ്യരാശിയുടെ നിലനില്പ് എങ്ങോട്ടാണ് എന്ന് ആശങ്കപ്പെടുകയും ചെയ്യുന്നു. ഈ കൃതിക്ക് 1964-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ഇദ്ദേഹത്തിന്റെ ആത്മകഥാപരമായ കൃതിയാണ് മി കാ ലിഹിതോ? (ഞാനെന്തിന് എഴുതുന്നു ?). ഭാരതീയ സംസ്കൃതിലാ ആവാഹനാ, റഷ്യ വാ ഹിന്ദുസ്ഥാന്‍ എന്നീ കൃതികള്‍ക്കുപുറമേ സന്ത് ജ്ഞാനേശ്വറിന്റെ ജീവചരിത്രവും ജ്ഞാനേശ്വരന്റെ അമൃതാനുഭവയുടെ ഇംഗ്ളീഷ് പരിഭാഷയും ഇദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍