This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേശ്പാണ്ഡെ, പി.എല്‍. (1919 - 2000)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദേശ്പാണ്ഡെ, പി.എല്‍. (1919 - 2000)

പി.എല്‍.ദേശ്പാണ്ഡെ
കാളിദാസ് സമ്മാനാര്‍ഹനായ മറാഠി നാടകകൃത്തും ഹാസ്യസാഹിത്യകാരനും. സിനിമ, നാടക രംഗങ്ങളിലും പ്രശസ്തനായ ഇദ്ദേഹം അന്‍പതോളം കൃതികളുടെ രചയിതാവാണ്. പുരുഷോത്തം ലക്ഷ്മണ്‍ ദേശ്പാണ്ഡെ എന്നാണ് പൂര്‍ണമായ പേര്.

1919 ന. 8-ന് മുംബൈയില്‍ ജനിച്ചു. എം.എ., എല്‍എല്‍.ബി. ബിരുദങ്ങള്‍ നേടി. ആകാശവാണിയില്‍ പ്രക്ഷേപകന്‍, ടി.വി. പ്രൊഡ്യൂസര്‍, ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൊഫസ്സല്‍ കോളജുകളില്‍ അധ്യാപകന്‍, പ്രിന്‍സിപ്പല്‍ എന്നീ തസ്തികകളിലും സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ പദവിയിലും സേവനമനുഷ്ഠിച്ചു.

തുച്ഛേ അഹേ തുച്ഛ്യപാശി (ഓരോരുത്തര്‍ക്കും അവരവര്‍ക്കുള്ളത്) എന്ന കോമഡിയാണ് ദേശ്പാണ്ഡെയെ പ്രശസ്തനാക്കിയത്. പതിനഞ്ച് പതിപ്പുകള്‍ ഇറങ്ങിക്കഴിഞ്ഞ ഈ നാടകത്തില്‍ മൂന്ന് രംഗങ്ങളുണ്ട്. മുഖ്യ കഥാപാത്രമായ കാകാ സാഹേബ് അറുപത് വയസ്സുള്ള അവിവാഹിതനാണ്. ഒരു നല്ല ജീവിതം കാംക്ഷിക്കുന്ന അദ്ദേഹം ചെന്നുപെടുന്ന ചില ഊരാക്കുടുക്കുകള്‍ ഹാസ്യാത്മകമായി ചിത്രീകരിക്കുന്നു ഇതില്‍. വെറും വാക്കുകളില്‍ നിന്നല്ലാതെ ജീവിതസന്ദര്‍ഭങ്ങളുടെ ചിത്രീകരണത്തിലൂടെ യഥാര്‍ഥ ഹാസ്യം സൃഷ്ടിക്കാന്‍ നാടകകൃത്തിന് കഴിയുന്നുണ്ട്. തുകാ മേ നേ അതേ, സുന്ദര്‍ മി ഹോനാര്‍, തീഫൂലാറാണി തുടങ്ങിയവയാണ് ദേശ്പാണ്ഡെയുടെ മറ്റു നാടകങ്ങള്‍. നല്ല നടന്‍ കൂടിയായ ഇദ്ദേഹം ബാതാത്യാച്ഛിചാവല്‍ എന്ന നാടകത്തിലെ ഏകാംഗ അഭിനയത്തിലൂടെയും പ്രശസ്തനായി. യൂറോപ്യന്‍ നാടകങ്ങളുടെ പരിഭാഷകളും അനുവര്‍ത്തനങ്ങളും ഈ നാടകകൃത്ത് ഏറെ നടത്തിയിട്ടുണ്ട്. അനേകം മറാഠി നാടകങ്ങള്‍ക്കും സിനിമകള്‍ക്കും തിരക്കഥ രചിക്കുകയും സംവിധാനവും സംഗീതസംവിധാനവും നിര്‍വഹിക്കുകയും ചെയ്തു. ഖഗീര്‍ഭാരതി, നാസ്തി ഉത്തരോവ്, ഹാസവാനുക് എന്നിവ ദേശ്പാണ്ഡെയുടെ ഹാസ്യ ഉപന്യാസങ്ങളുടെ സമാഹാരങ്ങളും അപൂര്‍വായ്, വംഗചിത്രേ എന്നിവ സഞ്ചാരസാഹിത്യകൃതികളും വ്യക്തിഅനിവല്ലി, ഗാനഗോട്ട് എന്നിവ തൂലികാചിത്രങ്ങളുടെ സമാഹാരവുമാണ്. ഹെമിങ്വേയുടെ 'കിഴവനും കടലും' ഇദ്ദേഹം മറാഠിയിലേക്ക് വിവര്‍ത്തനം ചെയ്തു. നീണ്ടകാലത്തെ നാടക-സിനിമാ രംഗത്തെ പ്രവര്‍ത്തനങ്ങളെ അധികരിച്ച് ഇദ്ദേഹത്തിന് അനേകം പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മധ്യപ്രദേശ് സര്‍ക്കാരിന്റെ കാളിദാസ് സമ്മാന്‍, സാഹിത്യഅക്കാദമി അവാര്‍ഡ്, സംഗീത നാടക അക്കാദമി അവാര്‍ഡ്, മഹാരാഷ്ട്രാഭൂഷണ്‍, സംഗീത അക്കാദമി ഫെലോഷിപ്പ്, രബീന്ദ്ര ഭാരതി യൂണിവേഴ്സിറ്റിയുടെ ഓണററി ഡി.ലിറ്റ്., കേന്ദ്ര സര്‍ക്കാരിന്റെ പദ്മഭൂഷണ്‍ എന്നിവ അവയില്‍പ്പെടുന്നു.

2000 ജൂണ്‍ 12 -ന് പൂനെയില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍