This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേശീനാമമാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദേശീനാമമാല

പ്രാകൃതഭാഷാപദകോശം. ദേശീശബ്ദസംഗ്രഹം, രയണാവലി (രത്നാവലി) എന്നീ പേരുകളിലും അറിയപ്പെടുന്ന ഇതിന്റെ രചയിതാവ് കലികാലസര്‍വജ്ഞന്‍ എന്ന ബിരുദനാമത്തില്‍ പ്രശസ്തനായ ജൈനാചാര്യന്‍ ഹേമചന്ദ്രനാണ്. പ്രാകൃതഭാഷയിലെ ദേശീശബ്ദങ്ങള്‍ക്കു മാത്രമായി തയ്യാറാക്കിയ ശബ്ദകോശമായാണ് ഗ്രന്ഥകാരന്‍ ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. സംസ്കൃതത്തില്‍നിന്ന് തദ്ഭവമായോ തത്സമമായോ പ്രാകൃതത്തില്‍ ഉള്‍ പ്പെട്ടിട്ടുള്ള പദങ്ങളെയല്ല ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്. പ്രാദേശികമായി പ്രചരിച്ചുവന്നതും രൂഢ്യര്‍ഥം ലഭിച്ചവയും നിഷ്പത്തി നിശ്ചയിക്കാന്‍ കഴിയാത്തതുമായ പദങ്ങള്‍ക്ക് ഗ്രന്ഥകര്‍ത്താവ് അര്‍ഥവിവരണം നല്കുന്നതോടൊപ്പം നിഷ്പത്തി കണ്ടെത്താനുള്ള ശ്രമവും നടത്തുന്നു.

'വ്യാകരണ ശാസ്ത്രപ്രകാരം നിഷ്പന്നമല്ലാത്തതും സംസ്കൃതശ്ലോകങ്ങളില്‍പ്പെടാത്തതും അലങ്കാരശാസ്ത്രപ്രകാര മുള്ള ലക്ഷണാ വ്യാപാരത്താല്‍ അര്‍ഥകല്പന സാധിക്കാത്തതുമായ ദേശീശബ്ദങ്ങളാണ് ഇതില്‍, ഇങ്ങനെയുള്ള ശബ്ദങ്ങള്‍ പ്രാദേശിക ഭാഷകളില്‍ നിരവധിയാണ്, ഇവ പൂര്‍ണമായി രേഖപ്പെടുത്തുക സുകരമല്ല, പ്രാകൃതത്തില്‍ പ്രാചീനകാലം മുതല്‍ നിലനിന്ന ഇത്തരം ശബ്ദങ്ങളുടെ സമാകലനമാണിവിടെ ചെയ്തിട്ടുള്ളത്' എന്ന് ആമുഖത്തില്‍ ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നുണ്ട്. മറാഠി, ഗുജറാത്തി, കന്നഡ, അവധി, ഭോജ്പുരി, വ്രജഭാഷ തുടങ്ങിയവയിലെയും മറ്റു പല ഉത്തരേന്ത്യന്‍ ഭാഷകളിലെയും അനേകം പദങ്ങളുടെ വ്യുത്പത്തി ഈ ഗ്രന്ഥത്തില്‍നിന്നു മനസ്സിലാക്കാം. സംസ്കൃത നിഘണ്ടുക്കളിലോ മിക്ക പ്രാകൃത ഭാഷാ നിഘണ്ടുക്കളിലോ കാണപ്പെടാത്ത ഇത്തരം പദങ്ങളും അവയുടെ അര്‍ഥ വിവരണവും ഭാഷാശാസ്ത്രപരമായി അത്യന്തം വിലപ്പെട്ടതാണ്. ഇതേപോലെ ദേശീനാമനിഘണ്ടുക്കള്‍ തയ്യാറാക്കിയിരുന്ന അഭിമാനചിഹ്നന്‍, അവന്തിസുന്ദരി, ഗോപാലന്‍, ദേവരാജന്‍, ദ്രോണന്‍, ധനപാലന്‍, പാദലിപ്തന്‍, ശീലാങ്കന്‍, സാതവാഹനന്‍ തുടങ്ങിയവരെ ഹേമചന്ദ്രന്‍ ആദരപൂര്‍വം പരാമര്‍ശിക്കുന്നുണ്ട്. അഭിമാനചിഹ്നന്‍ സൂത്രരൂപത്തിലും ഗോപാലന്‍ പദ്യബദ്ധമായും ദേവരാജന്‍ ഛന്ദഃശാസ്ത്രകോശത്തിലുള്‍പ്പെടുത്തിയുമാണ് അര്‍ഥ വിവരണം നല്കുന്നത്. ദേവരാജനും ദ്രോണനും പ്രാകൃതഭാഷയില്‍ത്തന്നെ അര്‍ഥം നല്കാന്‍ ശ്രമിച്ചിരുന്നു. ഇവയില്‍ ധനപാലന്റെ പാഇയലച്ഛീനാമമാല ഉപലബ്ധമാണ്. തന്റെ പൂര്‍വസൂരികളുടെ നിഗമനങ്ങളും നിര്‍ദേശങ്ങളും അംഗീകരിച്ചുകൊണ്ടാണ് ഹേമചന്ദ്രന്‍ നിഘണ്ടു രചിച്ചത്.

തത്സമം, തദ്ഭവം, ദേശി എന്നീ മൂന്നുവിഭാഗങ്ങളില്‍ പദങ്ങള്‍ ലഭിക്കുന്നു എന്നു പറഞ്ഞിട്ട് ചില ഉദാഹരണങ്ങള്‍ നല്കുന്നു. നീരം, താലം, തീരം, ദേവി തുടങ്ങിയ പദങ്ങള്‍ തത്സമങ്ങളാണ്. അഗ്ഗ (അഗ്രം), ഇട്ഠ (ഇഷ്ടം), ധമ്മ (ധര്‍മം), ഗയ (ഗജം) തുടങ്ങിയവ തദ്ഭവങ്ങളാണ്. എന്നാല്‍ അഗയ (ദൈത്യന്‍), അകാസിയ (പര്യാപ്തം), ഇരാവ (ആന), പലവില (ധനാഢ്യന്‍), ചോഢ(ബില്വം) തുടങ്ങിയ പ്രാകൃത ഭാഷാപദങ്ങള്‍ അര്‍ഥമാത്രരൂഢി ശബ്ദങ്ങളാണ്. ചില പദങ്ങള്‍ സംസ്കൃത തദ്ഭവങ്ങളാകാമെങ്കിലും സംസ്കൃതത്തില്‍ ആ പദങ്ങള്‍ പ്രചാരലുപ്തമായതിനാല്‍ നിഘണ്ടുക്കളില്‍പ്പോലും ഉള്‍ പ്പെടുത്താത്തതുമൂലം അവയെ ദേശിയായി പരിഗണിച്ചിരിക്കുന്നു. ഉദാഹരണമായി അമയണിഗ്ഗമോ എന്ന പദത്തിന് ചന്ദ്രന്‍ എന്നാണ് അര്‍ഥം. ഇത് അമൃതനിര്‍ഗമം-അമൃതരശ്മി-എന്ന പദത്തില്‍നിന്ന് നിഷ്പന്നമായിരിക്കാനാണ് സാധ്യത എന്നും എന്നാല്‍ അമൃതനിര്‍ഗമം എന്ന പദം ചന്ദ്രന്‍ എന്ന അര്‍ഥത്തില്‍ സംസ്കൃതത്തില്‍ പ്രയോഗത്തിലില്ല എന്നും ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു. ഇതേപോലെ ഹരുഅ, അളഹാരാ, ഥേരോ തുടങ്ങിയ അനേകം പദങ്ങളുണ്ട്. ഇവയെയും സംസ്കൃതതദ്ഭവങ്ങളെന്നു പരിഗണിച്ചാല്‍ത്തന്നെ ആയിരത്തിഅഞ്ഞൂറില്‍പ്പരം പദങ്ങള്‍ തികച്ചും പ്രാദേശികമായി ഉരുത്തിരിഞ്ഞുവന്ന പദങ്ങളാണെന്നു കാണാം.

പ്രാകൃതഭാഷാവ്യാകരണങ്ങളില്‍ ഏറ്റവും ആധികാരികമായി ഗണനീയമായ ശബ്ദാനുശാസനം ഹേമചന്ദ്രന്‍ രചിച്ചതാണ്. ദേശീനാമമാലയില്‍ ഉള്‍ പ്പെടുത്തിയിട്ടുള്ള ചില പദങ്ങള്‍ സംസ്കൃത തദ്ഭവങ്ങളാകാമെന്ന നിലയില്‍ ഇതില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അഭിധാനചിന്താമണി, അനേകാര്‍ഥസംഗ്രഹം, കാവ്യാനുശാസനം, ഛന്ദോനുശാസനം, പ്രമാണമീമാംസ, യോഗശാസ്ത്രം തുടങ്ങിയ ശാസ്ത്രഗ്രന്ഥങ്ങള്‍ക്കൊപ്പം ബാലഭാരതം, കുമാരപാലചരിതം, ത്രിഷഷ്ടി ശലാകാപുരുഷചരിതം, ദ്വാത്രിംശിക, സപ്തസന്ധാനം തുടങ്ങിയ കാവ്യഗ്രന്ഥങ്ങളുടെയും രചയിതാവായ ഹേമചന്ദ്രന്‍ പ്രാകൃതഭാഷാപദങ്ങളുടെ സാംഗോപാംഗ പരിജ്ഞാനം നേടിയിരുന്നതായി ദേശീനാമമാല വെളിപ്പെടുത്തുന്നു.

എട്ട് അധ്യായങ്ങളില്‍ എഴുനൂറ്റി എണ്‍പത്തിമൂന്ന് പദ്യങ്ങളിലായി മൂവായിരത്തിത്തൊള്ളായിരത്തി എഴുപത്തിഎട്ട് പദങ്ങളിലായാണ് ദേശീനാമമാലയില്‍ പദങ്ങളെ വിശദീകരിക്കുന്നത്. പല പദങ്ങളുടെയും പ്രയോഗം ഉദാഹരിക്കുന്നതിനായി നല്കിയിട്ടുള്ള പദ്യങ്ങള്‍ സാഹിത്യപരമായി മികവു പുലര്‍ത്തുന്നു. ഈ പദ്യങ്ങള്‍ മിക്കതും ഗ്രന്ഥകര്‍ത്താവുതന്നെ രചിച്ചതാകാം എന്നാണ് പണ്ഡിത മതം. ഭാഷാ-സാഹിത്യങ്ങളെപ്പോലെതന്നെ അക്കാലത്തെ സാമൂഹിക-സാംസ്കാരിക നിലയെ വെളിപ്പെടുത്തുന്നതുകൂടിയാണ് ഇതിലെ പ്രതിപാദനശൈലി.

പതിനൊന്നും പന്ത്രണ്ടും ശതകങ്ങളിലെ ഉത്തരഭാരതത്തിലെ സാമൂഹിക ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന വിവരണങ്ങള്‍ ദേശീനാമമാലയില്‍ നല്കിയിട്ടുള്ളത് ശ്രദ്ധേയമാണ്. കേശാലങ്കാരസംബന്ധിയായി ബവ്വരി, ഫുംടാ, ഓഅഗ്ഗിഅം, കുംഭി, ഢുമ്തഓ, അണരാഹോ, ണീരംഗീ തുടങ്ങിയ അനേകം പദങ്ങളും ഇവ ഓരോന്നിന്റെയും വിവരണവും നല്കുന്നു. ഉത്സവസംബന്ധമായ വാക്കുകളുടെ ബാഹുല്യമാണ് മറ്റൊരുദാഹരണം. ആഷാഢമാസത്തിലെ ഗൗരീപൂജാ ഉത്സവത്തിന് ദാഉഅം എന്നും ശ്രാവണമാസ ചതുര്‍ദശിയിലെ ഉത്സവത്തിന് വോരല്ലി എന്നും ഭാദ്രപദ ശുക്ലപക്ഷത്തിലെ ദശമിനാളിലെ ഉത്സവത്തിന് ണേഡുരിയാ എന്നും ആശ്വിനകൃഷ്ണപക്ഷത്തിലെ ശ്രാദ്ധോത്സവത്തിന് മഹാലവക്ഖോ എന്നും ആശ്വിനമാസത്തിലെ തന്നെ ശരത്പൂര്‍ണിമാ ഉത്സവത്തിന് പോആലഓ എന്നും ഈ ഉത്സവംതന്നെ ആ വര്‍ഷം വിവാഹിതരായ ദമ്പതികളുടെ സാന്നിധ്യത്തില്‍ നടക്കുമ്പോള്‍ (കേരളത്തിലെ പൂത്തിരുവാതിരയുടെ മാതൃകയില്‍) അവയാരോ എന്നും വസന്തോത്സവത്തിന് ഫഗ്ഗു എന്നും പ്രത്യേകം പേരുകളും വിവരണവും കാണാം. ഈ രീതിയില്‍ കളികളുടെ പേര്, വസ്ത്രത്തിന്റെ പേര് ഇവയുടെ വിവരണം തുടങ്ങിയവ പരിശോധിച്ചാലും സാംസ്കാരിക മേഖലയ്ക്കും കലാകായികവിനോദങ്ങള്‍ക്കും വളരെ പ്രാധാന്യം നല്കിയിരുന്ന സാമൂഹിക ക്രമമായിരുന്നു അന്നത്തേത് എന്നു മനസ്സിലാക്കാം.

പിഷല്‍, ബൂഹ്ലര്‍ എന്നിവര്‍ പ്രസാധനം ചെയ്ത് ബോംബെ സാന്‍സ്ക്രിറ്റ് സീരീസില്‍ നിന്ന് 1880-ലും എം.ബാനര്‍ജി കൊല്‍ക്കത്തയില്‍ നിന്ന് 1931-ലും പണ്ഡിത ബേചര്‍ദാസ് ഗുജറാത്തിഭാഷയില്‍ പരിഭാഷയും പഠനവും സഹിതം മുംബൈയില്‍നിന്ന് 1960-ലും ഈ കൃതി പ്രസിദ്ധീകരിച്ചു. ദേശീനാമമാലയുടെ സമഗ്രമായ ഒരു പഠനം ഭയാണി എന്ന പണ്ഡിതന്‍ സ്റ്റഡീസ് ഇന്‍ ഹേമചന്ദ്രാസ് ദേശീനാമമാല എന്ന ശീര്‍ഷകത്തില്‍ ഇംഗ്ലീഷില്‍ വാരാണസിയില്‍നിന്ന് 1966-ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍