This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേശിങ്ങനാട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദേശിങ്ങനാട്

കൊല്ലവും സമീപ പ്രദേശങ്ങളും ഉള്‍ പ്പെട്ടിരുന്ന ചെറിയ രാജ്യം. വേണാടിന്റെ ഒരു ശാഖയായിരുന്നു ഇത്. ആസ്ഥാനം കൊല്ലം. 13-ാം ശ.-ത്തില്‍ കൊല്ലം പാണ്ഡ്യന്മാരുടെ അധീനതയിലായി. അക്കാലത്ത് ഒരു സ്ത്രീപ്രജ മാത്രം രാജവംശത്തില്‍ അവശേഷിച്ചു. അവര്‍ ചിറവാ താവഴിയിലെ ജയസിംഹനെ വിവാഹം ചെയ്തു. ഇദ്ദേഹം പാണ്ഡ്യരില്‍നിന്ന് രാജ്യം വീണ്ടെടുത്ത് ദീര്‍ഘനാള്‍ ജനോപകാരപ്രദമായ രീതിയില്‍ ഭരണം നടത്തി. ഈ രാജാവിനോടുള്ള ആദരസൂചകമായി ഇദ്ദേഹം വീണ്ടെടുത്ത നാടിനെ ജയസിംഹനാട് എന്നു വിളിച്ചുവന്നു. അത് പില്ക്കാലത്ത് ദേശിങ്ങനാട് ആയി മാറി. സംസ്കൃത കൃതികളിലെല്ലാം ജയസിംഹനാട് എന്നാണ് കാണുന്നത്. കോകസന്ദേശത്തില്‍ കൊല്ലത്തെ രാജാവിനെ 'ജയതി ജയസിംഹാന്വയേയാതി കീര്‍ത്തിം' എന്നാണ് പ്രകീര്‍ത്തിക്കുന്നത്. എന്നാല്‍ മലയാള രേഖകളില്‍ പരാമര്‍ശിച്ചിട്ടുള്ളത് ചേതങ്ങനാട് എന്നാണ്. 13-ാം ശ.-ത്തിനു ശേഷമുള്ള രേഖകളില്‍ മാത്രമേ ദേശിങ്ങനാട് എന്ന പരാമര്‍ശമുള്ളൂ.

മാര്‍ത്താണ്ഢവര്‍മ്മ

ജയസിംഹനുശേഷം അദ്ദേഹത്തിന്റെ മകന്‍ രവിവര്‍മ കുലശേഖരന്‍ രാജാവായി. മക്കത്തായമനുസരിച്ച് ദേശിങ്ങനാട് ഭരിച്ച അവസാനത്തെ രാജാവാണ് രവിവര്‍മ കുലശേഖരന്‍. രവിവര്‍മ കുലശേഖരനുശേഷം ജയസിംഹന്റെ അനന്തരവന്‍ ഉദയമാര്‍ത്താണ്ഡവര്‍മയാണ് രാജാവായത്.

ദേശിങ്ങനാട് ഭരിച്ചിരുന്ന കോത ആദിത്യവര്‍മ(1469-84)യുടെ ഒരു ശാസനം തൃക്കണാംകുടി വിഷ്ണുക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുള്ള മണിയില്‍ കൊത്തിവച്ചിട്ടുണ്ട്. ഇതില്‍ ആദിത്യവര്‍മയെ വഞ്ചിപാലനായും ദേശിങ്ങനാട് തിരുവടികളായും ചിറവാമൂത്ത തിരുവടിയായും വിശേഷിപ്പിച്ചിട്ടുണ്ട്.

കൊല്ലത്തു വന്ന പോര്‍ച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ഇടപാടുകള്‍ ദേശിങ്ങനാട് ശാഖയിലെ രാജാക്കന്മാരുമായിട്ടായിരുന്നു. കൊല്ലത്ത് ഒരു പണ്ടകശാല പണിയാന്‍ അവിടത്തെ റാണി വാസ്കോ ദ ഗാമയെ ക്ഷണിച്ചിരുന്നു. അല്‍മേഡയുടെ കാലത്ത് ഒരു പണ്ടകശാലയും കരിങ്കല്‍ഭവനവും പറങ്കികള്‍ അവിടെ നിര്‍മിച്ചു. 1544 ഒ. 25-ന് ദേശിങ്ങനാട് റാണിയും പോര്‍ച്ചുഗീസ് കപ്പിത്താനായ മാര്‍ട്ടിം ഡിസൂസയും വിപുലമായ ഒരു ഉടമ്പടിയില്‍ ഒപ്പുവച്ചു. നാട്ടിലെ മാടമ്പിമാര്‍, നായന്മാര്‍, അധികാരി കയ്മള്‍, കോട്ടവാതുക്കല്‍ നമ്പ്യാര്‍, പിള്ളമാര്‍ എന്നിവരുമായി ആലോചിച്ചിട്ടാണ് റാണി ഉടമ്പടിയില്‍ ഒപ്പിട്ടത്. ഒരു പറങ്കിയോ നാട്ടുകാരനായ ക്രിസ്ത്യാനിയോ കുറ്റം ചെയ്താല്‍ അവരെ വിചാരണ ചെയ്യുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള അധികാരം പറങ്കികപ്പിത്താനാണെന്ന് ഈ ഉടമ്പടിയില്‍ വ്യവസ്ഥ ചെയ്തിരുന്നു. നാട്ടില്‍ വിളയുന്ന മുഴുവന്‍ കുരുമുളകും വിലയ്ക്കെടുക്കും. സെന്റ് തോമസ് പള്ളി പ്രത്യേകം സംരക്ഷിക്കാമെന്ന് റാണിയും കൊല്ലത്ത് ഗോഹത്യ ചെയ്യുകയില്ലെന്ന് പറങ്കികളും സമ്മതിച്ചു. കേരളത്തിലെ വലിയ രാജാക്കന്മാരോട് കടുത്ത നിലപാടുകള്‍ എടുത്തിരുന്ന പറങ്കികള്‍ ചെറുകിട രാജാക്കന്മാരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. പറങ്കികള്‍ ഈ രാജ്യത്തെ 'സിംഗനാട്ടി' എന്നാണ് വിളിച്ചിരുന്നത്.

ഡച്ചുകാരുടെ ആഗമനകാലത്ത് തിരുവിതാംകൂറിനോടു ബന്ധമുള്ള ഒരു സ്വതന്ത്ര രാജ്യമായിരുന്നു ദേശിങ്ങനാട്. അതിനു തെളിവാണ് ഡച്ച് ഗവര്‍ണറുടെ പ്രതിനിധിയായി വ്യാപാരക്കരാറുകള്‍ ചര്‍ച്ചചെയ്യാന്‍ 1664 ഫെ.-ല്‍ തിരുവിതാംകൂര്‍ രാജാവിനെ കാണാനെത്തിയ ക്യാപ്റ്റന്‍ ന്യൂ ഹോഫിന്റെ അനുഭവം. വാണിജ്യ ചര്‍ച്ചയ്ക്കു മുമ്പ് ദേശിങ്ങനാട് റാണിയുടെ കൊട്ടാരം തീവച്ചതില്‍ റാണിക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന കാര്യത്തില്‍ രാജാവ് ഉറച്ചുനിന്നു. ഈ സംഭാഷണം നടന്നുകൊണ്ടിരിക്കുന്ന വേളയില്‍ ദേശിങ്ങനാട് റാണിയുടെ സന്ദേശവുമായി ഒരു ദൂതന്‍ അവിടെയെത്തി. ഡച്ചുകാര്‍ ചുങ്കം നല്കുകയോ വാഗ്ദത്തപ്രകാരം പീരങ്കികള്‍ മടക്കിക്കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന് റാണി പരാതിപ്പെട്ടു. റാണിയുടെ പ്രശ്നം പരിഹരിച്ചതിനുശേഷം സംഭാഷണം തുടരാമെന്ന് രാജാവ് അറിയിച്ചു. ഇതില്‍നിന്ന് ഇരു രാജവംശങ്ങളും തമ്മിലുണ്ടായിരുന്ന സൗഹാര്‍ദത്തിന്റെ ആഴം മനസ്സിലാക്കാം.

പോര്‍ച്ചുഗീസുകാരെ ഓടിച്ച് ദേശിങ്ങനാട്ടില്‍ കച്ചവടക്കുത്തക കരസ്ഥമാക്കാന്‍ 1661-ല്‍ ഡച്ചുകാര്‍ ദേശിങ്ങനാട്ടിലെത്തി. പറങ്കികള്‍ ഇവരെ നേരിടാതെ പിന്‍വാങ്ങി. അവരുടെ ശക്തി അത്രയും ദുര്‍ബലമായിരുന്നു. വിജയാഹ്ലാദവുമായി മുന്നോട്ടുനീങ്ങിയ ഡച്ച് ഭടന്മാര്‍ റാണിയുടെ സൈനികരുമായി ഏറ്റുമുട്ടി. ഓര്‍ക്കാപ്പുറത്തുള്ള ഈ ആക്രമണത്തില്‍ റാണിയുടെ ഭാഗത്ത് കനത്ത നഷ്ടം നേരിട്ടു. അവരുടെ പീരങ്കികള്‍ ഡച്ചുകാര്‍ പിടിച്ചെടുക്കുകയും റാണിയുടെ കൊട്ടാരത്തിന് തീ വയ്ക്കുകയും ചെയ്തു. ഈ നടപടി റാണിയെ ക്ഷുഭിതയാക്കി.

ഈ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാതെ തിരുവിതാംകൂര്‍ രാജാവുമായോ ദേശിങ്ങനാട് റാണിയുമായോ വ്യാപാര ഉടമ്പടികള്‍ ഉണ്ടാക്കാന്‍ സാദ്ധ്യമല്ലെന്ന് ന്യൂ ഹോഫിന് ബോധ്യമായി. തന്ത്രജ്ഞനായ ന്യൂ ഹോഫ് സൈനികരുടെ നടപടിയില്‍ മാപ്പ് ചോദിക്കുകയും തക്കതായ നഷ്ടപരിഹാരം കൊടുത്ത് റാണിയെ സംതൃപ്തയാക്കുകയും ചെയ്തു. ദീര്‍ഘമായ ചര്‍ച്ചയില്‍നിന്ന് ഉരുത്തിരിഞ്ഞ ഉടമ്പടിയില്‍ ഇരുവരും ഒപ്പുവച്ചു. കോട്ടകെട്ടുവാനുള്ള അനുമതിയും വാങ്ങി. റാണിയും കമ്പനിയും തമ്മില്‍ മൈത്രീബന്ധം വളര്‍ത്തുന്നതില്‍ ന്യൂ ഹോഫ് ചെയ്ത സേവനങ്ങളില്‍ സംപ്രീതയായ റാണി അദ്ദേഹത്തിന് വീരശൃംഖല സമ്മാനിച്ചു.

1729-ല്‍ മാര്‍ത്താണ്ഡവര്‍മ സ്ഥാനാരോഹണം ചെയ്യുന്നതുവരെ മാത്രമേ ഇരു രാജവംശങ്ങളും തമ്മിലുള്ള സൗഹൃദം നിലനിന്നുള്ളൂ. അതുവരെ ദേശിങ്ങനാടും കായംകുളവും പോലെ ചെറുകിട രാജ്യമായിരുന്നു തിരുവിതാംകൂറും. എട്ടുവീട്ടില്‍ പിള്ളമാര്‍ എന്ന മാടമ്പിമാരുടെ ദുര്‍ഭരണമാണ് അന്ന് അവിടെ നടന്നിരുന്നത്. രാജഭരണം നാമമാത്രമായിരുന്നു. ഇറക്കുമതിചെയ്ത മറവപ്പടയുടെ സഹായത്തോടെ മാര്‍ത്താണ്ഡവര്‍മ എട്ടുവീട്ടില്‍ പിള്ളമാരെ ഉന്മൂലനം ചെയ്തു. കേരളത്തിലെ രാഷ്ട്രീയ വ്യവസ്ഥയ്ക്ക് ഇത് നാന്ദി കുറിച്ചു.

ആഭ്യന്തരമായ എതിര്‍പ്പുകളെ അമര്‍ച്ച ചെയ്തതിനുശേഷം തൊട്ടുകിടക്കുന്ന ചെറുകിട രാജ്യങ്ങളെ ആക്രമിച്ച് കീഴടക്കി സ്വന്തമാക്കാനാണ് മാര്‍ത്താണ്ഡവര്‍മ ശ്രമിച്ചത്. ആദ്യം ലക്ഷ്യം വച്ചത് ദേശിങ്ങനാട് ആയിരുന്നു. ഇതിന് ഒരു കാരണവും ഉണ്ടായി. 1731-ല്‍ കായംകുളത്തുനിന്ന് ദത്തെടുക്കാന്‍ ദേശിങ്ങനാട് രാജാവ് ആഗ്രഹിച്ചു. ആ നീക്കം ഉപേക്ഷിക്കണമെന്ന് മാര്‍ത്താണ്ഡവര്‍മ ആവശ്യപ്പെട്ടു. ദേശിങ്ങനാട് അതിന്റെ നിശ്ചയത്തില്‍ ഉറച്ചുനിന്നു. ക്ഷുഭിതനായ മാര്‍ത്താണ്ഡവര്‍മ തന്റെ കൂലിപ്പട്ടാളത്തിന്റെ സഹായത്താല്‍ ദേശിങ്ങനാട് ആക്രമിച്ചു കീഴടക്കി. ആ രാജ്യം തിരുവിതാംകൂറിനോട് ചേര്‍ക്കുകയും രാജാവിനെ തിരുവനന്തപുരത്ത് തടവില്‍ പാര്‍പ്പിക്കുകയും ചെയ്തു. കേരളീയ ആചാരങ്ങള്‍ക്ക് വിപരീതമായ ഈ നടപടിയില്‍ കായംകുളം, പുറക്കാട്, വടക്കുംകൂര്‍, കൊച്ചി എന്നിവിടങ്ങളിലെ രാജാക്കന്മാര്‍ ശക്തിയായി പ്രതിഷേധിച്ചു. അവര്‍ സംയുക്തമായി സംഘടിച്ച് ദേശിങ്ങനാടിനെ വീണ്ടെടുക്കാന്‍ തീരുമാനിച്ചു. ഇതിനകം ദേശിങ്ങനാട് രാജാവ് തടവില്‍ നിന്നു രക്ഷപെട്ട് കായംകുളത്തെത്തിയിരുന്നു. ഇവരുടെ സംയുക്തമായ മുന്നേറ്റത്തില്‍ മാര്‍ത്താണ്ഡവര്‍മയ്ക്കു പിടിച്ചുനില്ക്കാനായില്ല. ദേശിങ്ങനാട് രാജാവ് വീണ്ടും അധികാരത്തില്‍ വന്നു. മാര്‍ത്താണ്ഡവര്‍മയുടെ പിന്മാറ്റം താത്കാലികമായിരുന്നു. അദ്ദേഹം കൂടുതല്‍ സൈന്യങ്ങളും ആധുനികമായ ആയുധങ്ങളുമായി വീണ്ടും എത്തി. ഇത്തവണ ദേശിങ്ങനാട്, കായംകുളം, പുറക്കാട്, മരുതൂര്‍ക്കുളങ്ങര അടക്കം കൊച്ചിക്കു തെക്കുള്ള എല്ലാ രാജാക്കന്മാരെയും സ്ഥാനഭ്രഷ്ടരാക്കി രാജ്യങ്ങള്‍ തിരുവിതാംകൂറിനോടു ചേര്‍ത്തു. ഇതോടുകൂടി നാടുവാഴിത്തത്തില്‍ അധിഷ്ഠിതമായ രാജ്യഭരണം തകര്‍ന്നു. 1741-ല്‍ ദേശിങ്ങനാട് തിരുവിതാംകൂറില്‍ ലയിപ്പിച്ചു.

(വേലായുധന്‍ പണിക്കശ്ശേരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍