This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേശിക വിനായകം പിള്ള (1876 - 1954)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദേശിക വിനായകം പിള്ള (1876 - 1954)

തമിഴ് സാഹിത്യകാരന്‍. പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന നാഗര്‍കോവിലിനടുത്ത് തേരൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍ ശിവതാണുപിള്ള, അമ്മ ആദിലക്ഷ്മി അമ്മാള്‍. തിരുവനന്തപുരത്ത് അധ്യാപന പരിശീലനം നേടിയശേഷം ആദ്യം നാഗര്‍കോവിലിലും പിന്നീട് തിരുവനന്തപുരത്ത് അധ്യാപക പരിശീലന സ്കൂളിലും അതിനുശേഷം വിമന്‍സ് കോളജിലും തമിഴ് അധ്യാപകനായിരുന്നു.

ദേശിക വിനായകം പിള്ള

ശാന്തമനോഹരവും ലാളിത്യഭംഗി ഒത്തിണങ്ങിയതുമാണ് വിനായകം പിള്ളയുടെ കവിതകള്‍. ആശയങ്ങള്‍ സരളമായി അവതരിപ്പിക്കുവാന്‍ വെണ്‍പാ പോലുള്ള വൃത്തങ്ങള്‍ ഇദ്ദേഹത്തിന് തടസ്സമായിരുന്നില്ല. സംഭവബഹുലവും സമരകലുഷിതവുമായ കാലഘട്ടത്തില്‍ ജീവിച്ച ഇദ്ദേഹത്തിന്റെ കവിതകളില്‍ വികാരം വിചാരത്തെ കീഴടക്കുന്നില്ല. തമിഴ് മണ്ണിലെ നാടോടി സാഹിത്യത്തിന്റെ തെളിവും ഈണവും പുരാതന തമിഴ് സാഹിത്യ പാണ്ഡിത്യത്തിന്റെ ഭാവനാ സൌന്ദര്യവും ബൗദ്ധിക ഉള്‍ക്കനവും കൂടിക്കലര്‍ന്നവ ആയിരുന്നു ഇദ്ദേഹത്തിന്റെ രചനകള്‍. ദേശീയം, തമിഴ് സമൂഹം, രാജ്യസ്നേഹം, പ്രകൃതി ആസ്വാദനം, സാഹിത്യം, കുട്ടികള്‍ക്കുള്ള പാട്ടുകള്‍, ജ്ഞാനതൃഷ്ണ എന്നീ വിഷയങ്ങളിലെല്ലാം ഇദ്ദേഹം സാഹിത്യരചന നടത്തിയിട്ടുണ്ട്. 'ഹൃദയത്തിലുള്ളതാണ് കവിത, അത് സന്തോഷം പ്രദാനം ചെയ്യുന്നതായിരിക്കണം, തെളിമ നിറഞ്ഞതായിരിക്കണം' എന്ന ഇദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഉദാഹരണങ്ങളാണ് സ്വന്തം കവിതകള്‍. ആംഗലകവി എഡ്വിന്‍ ആര്‍ണോള്‍ഡിന്റെ ലൈറ്റ് ഒഫ് ഏഷ്യയും ബ്ലേക്ക്, എവര്‍സണ്‍, ടെന്നിസന്‍, ഫിറ്റ്സ്ജറാള്‍ഡ്, സ്വിന്‍ബേണ്‍ തുടങ്ങിയവരുടെയെല്ലാം രചനകളും ആശയങ്ങളും മൂലകൃതികളുടെ മാധുര്യം ചോര്‍ന്നുപോകാതെ തമിഴിലേക്ക് മൊഴിമാറ്റം നടത്തി. വേര്‍ഡ്സ്വര്‍ത്ത്, ഷെല്ലി എന്നിവരുടെ കവിഭാവനയും ലാളിത്യവും ഇദ്ദേഹത്തിന്റെ കവിതകളിലും കാണാം. ഉമര്‍ ഖയാമിന്റെ കവിതകള്‍ എഡ്വേര്‍ഡ് ഫിറ്റ്സ്ജറാള്‍ഡ് ഇംഗ്ലീഷില്‍ തര്‍ജുമ ചെയ്തതിനെ സ്വതന്ത്രമായി അനുകരിച്ച് ദേശിക വിനായകം പിള്ള തമിഴില്‍ രചിച്ച കവിതകള്‍ ലളിതവും ആസ്വാദ്യവുമാണ്. കുട്ടികള്‍ക്ക് വായിച്ച് രസിക്കുവാന്‍ തക്കവണ്ണമുള്ള പല കവിതകളും (നഴ്സറി റൈംസ്) ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഫ്യൂജി ദ്വീപിലെ തമിഴര്‍, സ്ത്രീകളുടെ അവകാശങ്ങള്‍, ഹരിജനങ്ങളുടെ പ്രശ്നങ്ങള്‍, മദ്യനിരോധനം, യുദ്ധത്തിന്റെ ക്രൂരത, തൊഴിലാളികളുടെ അവകാശം, തൊഴിലില്ലായ്മ, ദേശീയ പതാക, ഖാദി വില്പന, വട്ടമേശ സമ്മേളനം, സ്വാതന്ത്ര്യം, ജനാധിപത്യം എന്നിങ്ങനെ ആനുകാലിക, രാഷ്ട്രീയ, സാമുദായിക പ്രശ്നങ്ങള്‍ എല്ലാം ഇദ്ദേഹത്തിന്റെ കവിതയ്ക്ക് വിഷയമായിട്ടുണ്ട്. വെള്ളാളരുടെ ഇടയില്‍ നിലവിലിരുന്ന മരുമക്കത്തായ സമ്പ്രദായത്തെ അധിക്ഷേപിച്ച് നാഞ്ചിനാടിന്റെ പ്രാദേശിക ഭാഷയില്‍ ഇദ്ദേഹം രചിച്ച ആക്ഷേപഹാസ്യമാണ് മരുമക്കള്‍വഴി മാന്‍മിയം (1942). 1940-ല്‍ കവിമണി എന്ന ബിരുദം നല്കി ഇദ്ദേഹത്തെ ആദരിച്ചു. ഇദ്ദേഹത്തിന്റെ മറ്റു കൃതികളില്‍ പ്രധാനപ്പെട്ടവയാണ് മലരും മാലൈയും (1938),ആശിയജോതി(1941), ഉമര്‍ ഖയാം (1945), ദേവിയിന്‍ കീര്‍ത്തനങ്ങള്‍ (1953), ഇളം തെന്റല്‍ (1941) എന്നിവ.

1954 സെപ്. 26-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍