This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേശായി, ഖണ്ഡുഭായി (1898 - 1975)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദേശായി, ഖണ്ഡുഭായി (1898 - 1975)

ട്രേഡ് യൂണിയന്‍ നേതാവും ആന്ധ്രപ്രദേശിലെ മുന്‍ ഗവര്‍ണറും. 1950-53 കാലയളവില്‍ ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സിന്റെ (ഐ.എന്‍.റ്റി.യു.സി.) പ്രസിഡന്റായിരുന്നു ഖണ്ഡുഭായി ദേശായി. 1898 ഒ. 23-ന് ദക്ഷിണ ഗുജറാത്തിലെ ബന്‍സാറിലായിരുന്നു ജനനം. മുംബൈ വില്‍സണ്‍ കോളജിലെ പഠനകാലത്ത് നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്തതോടെ പഠനം താത്ക്കാലികമായി തടസ്സപ്പെട്ടെങ്കിലും പിന്നീട് ഉയര്‍ന്ന മാര്‍ക്കോടെ ഇദ്ദേഹം ബിരുദം നേടി.

ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള അഹമ്മദാബാദ് ടെക്സ്റ്റൈല്‍ ലേബര്‍ അസോസിയേഷനില്‍ ചേര്‍ന്നുകൊണ്ടാണ് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ ദേശായി സജീവമായത്. വിദേശനിര്‍മിത വസ്തുക്കള്‍ ബഹിഷ്കരിക്കുവാനും സ്വയംപര്യാപ്തരാകുവാനും തൊഴിലാളികളെ ആഹ്വാനം ചെയ്ത ഇദ്ദേഹം അവര്‍ക്കുവേണ്ടി മസ്ദൂര്‍ എന്ന ദ്വൈവാരിക പ്രസിദ്ധീകരിച്ചിരുന്നു. തൊഴിലാളികള്‍ക്ക് സാമൂഹിക സാമ്പത്തിക നീതി ഉറപ്പാക്കുന്നതിനുവേണ്ടി യത്നിച്ച ഈ തൊഴിലാളിസ്നേഹി ഐ.എന്‍.റ്റി.യു.സി-യുടെ സെക്രട്ടറിയും (1947-50) പിന്നീട് അതിന്റെ പ്രസിഡന്റും (1950-53) ആയി. ട്രേഡ് യൂണിയന്‍ രംഗത്തുനിന്ന് രാഷ്ട്രീയത്തിലെത്തിയ ദേശായി ഭരണഘടനാ നിര്‍മാണ സഭയിലും ഒന്നാം ലോക്സഭയിലും അംഗമായിരുന്നു.

മികച്ച സംഘാടകന്‍കൂടിയായിരുന്ന ഇദ്ദേഹം എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍, ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ എന്നിവയുടെ ഡയറക്ടര്‍ പദവിയും ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ ചെയര്‍മാന്‍ പദവിയും വഹിച്ചിരുന്നു. 1959-68 കാലയളവില്‍ രാജ്യസഭാംഗമായിരുന്ന ഇദ്ദേഹം 1969-ല്‍ ആന്ധ്ര ഗവര്‍ണറായി നിയമിക്കപ്പെട്ടു.

1975 ഏ. 25-ന് ദേശായി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍