This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേശാഭിമാനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദേശാഭിമാനി

കേരളത്തില്‍ പ്രസിദ്ധീകരിക്കുന്ന മലയാള ദിനപത്രം. രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖപത്രങ്ങളില്‍ ഒന്നാമതാണ് ദേശാഭിമാനിയുടെ സ്ഥാനം. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മലയാള മുഖപത്രമെന്ന നിലയില്‍ വാരികയുടെ രൂപത്തിലായിരുന്നു ദേശാഭിമാനിയുടെ തുടക്കം. 1935-ല്‍ ഷൊര്‍ണൂരില്‍നിന്ന് ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ (ഇ.എം.എസ്.) പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന പ്രഭാതം വാരികയുടെ പിന്‍ഗാമിയായാണ് ഈ പ്രസിദ്ധീകരണം ആരംഭിച്ചത്. 1942 സെപ്. 6-ന് കോഴിക്കോട്ടുനിന്ന് പുറത്തിറങ്ങിയ ദേശാഭിമാനി വാരികയുടെ പത്രാധിപര്‍ പ്രൊഫ. എം.എസ്. ദേവദാസ് ആയിരുന്നു. സിലോണ്‍, ബര്‍മ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്ന് എ.കെ. ഗോപാലന്‍ (എ.കെ.ജി.) സമാഹരിച്ച ഫണ്ടും ഇ.എം.എസ്. തന്റെ കുടുംബസ്വത്ത് വിറ്റുകിട്ടിയ അമ്പതിനായിരം രൂപ സംഭാവനയായി നല്കിയതുമായിരുന്നു ദേശാഭിമാനിയുടെ മൂലധനം.

ദേശാഭിമാനി ദിനപത്രം

ബ്രിട്ടിഷ് ഭരണത്തിന്റെ കമ്യൂണിസ്റ്റ് വിരുദ്ധ സമീപനംമൂലം ഏറെ പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവന്നെങ്കിലും നാല് വര്‍ഷത്തിനകം വാരിക ദിനപത്രമായി പുറത്തിറങ്ങി (1946 ജനു. 18). ആഴ്ചപ്പതിപ്പിന്റെ അവസാനകാലത്തും ദിനപത്രത്തിന്റെ ആദ്യത്തെ കുറെ ആഴ്ചകളിലും കമ്യൂണിസ്റ്റ് വിരോധത്തെ ദേശാഭിമാനിക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും നേരിടേണ്ടിവന്നു. ഇക്കാലത്തിനിടയില്‍ കൊച്ചി ഗവണ്മെന്റ് ഒരുതവണയും തിരുവിതാംകൂറിലെ ദിവാന്‍ഭരണം രണ്ടുതവണയും ദേശാഭിമാനിയെ നിരോധിച്ചു. അന്തിക്കാട്ടെ ചെത്തുതൊഴിലാളി സമരം, കൊച്ചി തുറമുഖത്തും തൃശൂര്‍ സീതാറാം മില്ലിലും കണ്ണൂര്‍ ആറോണ്‍ കമ്പനിയിലും നടന്ന സമരങ്ങള്‍, നാടുവാഴിത്തത്തിനും ദിവാന്‍ഭരണത്തിനുമെതിരായി തിരുവിതാംകൂറില്‍ നടന്ന സമരങ്ങള്‍, വടക്കേ മലബാറിലെ പുനം-നെല്ലെടുപ്പ് സമരങ്ങള്‍, ബംഗാളിലെ തേഭാഗാ സമരം എന്നിവയിലെല്ലാം ജനപക്ഷത്തുനിന്ന്തനത് പങ്ക് നിറവേറ്റാന്‍ ദേശാഭിമാനി മുന്‍പന്തിയില്‍ത്തന്നെ ഉണ്ടായിരുന്നു. ഇതാണ് പത്രത്തിനെതിരെ ഭരണാധികാരികളെ പ്രകോപിപ്പിച്ചത്.

മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് ഇ.എം.എസ്. എഴുതിയ 1921-ന്റെ ആഹ്വാനവും താക്കീതും എന്ന ലേഖനത്തിന്റെ പേരില്‍ വീണ്ടും നിരോധിക്കപ്പെട്ടുവെങ്കിലും ജാമ്യസംഖ്യ കെട്ടിവച്ച് പത്രം പുറത്തിറക്കി. 1947 ജനു. 23-ന് മദിരാശി ഗവണ്മെന്റ് കൊണ്ടുവന്ന 'പൊതുരക്ഷാനിയമം' എന്ന ഓര്‍ഡിനന്‍സിലൂടെ പത്രാധിപസമിതിയിലെ മിക്ക അംഗങ്ങളെയും ലേഖകരെയും ജയിലിലടച്ചു. പത്രത്തിനെതിരെ കേസുകളുടെയും പിഴശിക്ഷകളുടെയും പരമ്പര തന്നെ ഉണ്ടായി. 1947 ജൂണ്‍ 20-ന് പത്തുദിവസത്തിനകം ജാമ്യസംഖ്യ അടയ്ക്കാന്‍ ഉത്തരവ് വന്നു. ഈ ചെറിയ ഇടവേളയില്‍ തുക ശേഖരിക്കാനാകാതെ പ്രസിദ്ധീകരണം നിറുത്തേണ്ടിവന്നുവെങ്കിലും ആഗ. 21-ന് പുനരാരംഭിച്ചു.

1948 ഏ. 12-ന് പൊതുരക്ഷാ നിയമപ്രകാരം വീണ്ടും ദേശാഭിമാനിക്കെതിരെ ഏര്‍ പ്പെടുത്തിയ നിരോധനം 1951 വരെ തുടര്‍ന്നു. ഇക്കാലത്ത് റോട്ടറി പ്രസ്സ് സ്വന്തമാക്കുകയെന്ന ലക്ഷ്യം പൊലിഞ്ഞുപോയി. എന്നാല്‍, എ.കെ.ജി. ജയില്‍മോചിതനായതോടെ ദേശാഭിമാനിയുടെ പ്രസിദ്ധീകരണത്തിനുള്ള നടപടികള്‍ വീണ്ടും തുടങ്ങി. 1951 ഡി. 16-ന് പത്രം വീണ്ടും ജനങ്ങളുടെ കൈകളിലെത്തി.

1964-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ദേശാഭിമാനി സി.പി.ഐ.എം. മുഖപത്രമായി മാറി. 1968 മേയ് 16-ന് രണ്ടാം എഡിഷന്‍ കൊച്ചിയില്‍ രവിപുരത്ത് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. കൊച്ചിയിലെ കലൂരില്‍ സ്വന്തം കെട്ടിടത്തിലേക്കു മാറിയ പത്രത്തിന്റെ രണ്ടാം എഡിഷനിലെ അച്ചടി പ്ലമാഗ് റോട്ടറി പ്രസ്സിലേക്കു വികസിച്ചു.

1946-ല്‍ സിലിണ്ടര്‍ പ്രസ്സുമായി ആരംഭിച്ച ദേശാഭിമാനി നൂതന സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതില്‍ എന്നും മുന്നിലായിരുന്നു. 1979 ആഗ. 19-ന് കോഴിക്കോട്ട് വെബ് ഓഫ്സെറ്റ് പ്രസ്സില്‍ അച്ചടിച്ചു തുടങ്ങിയ ദേശാഭിമാനിയുടെ മൂന്നാമത് എഡിഷന്‍ 1989 ജനു. 4-ന് തിരുവനന്തപുരത്തുനിന്നു പുറത്തിറങ്ങി. ഡി.റ്റി.പി. എന്ന ആധുനിക കമ്പോസിങ് സമ്പ്രദായം ഭാഷാപത്രങ്ങളില്‍ ആദ്യമായി നിലവില്‍ വന്നത് ദേശാഭിമാനിയുടെ തിരുവനന്തപുരം യൂണിറ്റിലായിരുന്നു.

1994 ജനു. 30-ന് കണ്ണൂരില്‍നിന്ന് നാലാം എഡിഷനും 1997 മാ. 22-ന് കോട്ടയത്തുനിന്ന് അഞ്ചാം എഡിഷനും 2000 സെപ്. 1-ന് തൃശൂരില്‍നിന്ന് ആറാം എഡിഷനും 1998-ല്‍ ഇന്റര്‍നെറ്റ് എഡിഷനും പ്രസിദ്ധീകൃതമായി. പാര്‍ട്ടിയുടെ നേതാക്കന്മാരായ പി. കൃഷ്ണപിള്ള, എ.കെ.ജി., സി.എച്ച്. കണാരന്‍, ഇ.എം.എസ്. എന്നിവരുടെ പേരുകളിലാണ് വ്യത്യസ്ത എഡിഷനുകളുടെ പ്രസിദ്ധീകരണ കമ്പനികള്‍ അറിയപ്പെടുന്നത്.

ഇ.എം.എസ്., എം.എസ്.ദേവദാസ്, വി.ടി. ഇന്ദുചൂഢന്‍, കെ.പി.ആര്‍. ഗോപാലന്‍, പി. ഗോവിന്ദപ്പിള്ള, കെ. ചാത്തുണ്ണിമാസ്റ്റര്‍, ഇ.കെ. നായനാര്‍, എസ്.രാമചന്ദ്രന്‍പിള്ള എന്നിവര്‍ പല ഘട്ടങ്ങളിലായി ദേശാഭിമാനിയുടെ മുഖ്യ പത്രാധിപസ്ഥാനം വഹിച്ചിട്ടുണ്ട്.

1998 മാര്‍ച്ചില്‍ ഇ.എം.എസ്സിന്റെ മരണശേഷം വി. എസ്. അച്യുതാനന്ദന്‍ മുഖ്യ പത്രാധിപരായി. അദ്ദേഹം സ്ഥാനം ഒഴിഞ്ഞതിനുശേഷം വി. വി. ദക്ഷിണാമൂര്‍ത്തി മുഖ്യ പത്രാധിപരായി സ്ഥാനമേറ്റു.

(തുളസി ഭാസ്കരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍