This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേവാനന്ദ് (1923 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദേവാനന്ദ് (1923 - )

ദേവാനന്ദ്
ഹിന്ദി ചലച്ചിത്ര നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ ചലച്ചിത്ര പ്രതിഭ. കിഴക്കന്‍ പഞ്ചാബിലെ ഗുരുദാസ്പൂരില്‍ 1923 സെപ്. 26-ന് ജനിച്ചു. വിദ്യാഭ്യാസം ലാഹോറിലായിരുന്നു. യുദ്ധകാലത്ത് മുംബൈയിലെത്തിയ ദേവാനന്ദിന് അവിടെ ഹെഡ് പോസ്റ്റാഫീസിലെ സെന്‍സര്‍ വിഭാഗത്തില്‍ ജോലി കിട്ടി. അഭിനയത്തില്‍ താത്പര്യം തോന്നിയ ഇദ്ദേഹം 1945-ല്‍ പ്രഭാത് ഫിലിം കമ്പനിയുടെ പാര്‍ട്ണറായ ബാബുറാവു പൈയുമായി അടുപ്പത്തിലായി. ഒപ്പംതന്നെ ഇദ്ദേഹം ഇന്ത്യന്‍ പീപ്പിള്‍സ് തിയെറ്റര്‍ അസോസിയേഷനില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. ബാബുറാവുവുമായുള്ള അടുപ്പംമൂലം പ്രഭാത് ഫിലിം കമ്പനിയുടെ അടുത്ത ചലച്ചിത്രത്തില്‍ നായകനായി. 1946-ല്‍ ദേവിന്റെ ആദ്യ ചിത്രമായ ഹം ഏക് ഹെ റിലീസായി. തുടക്കത്തില്‍ത്തന്നെ ദേവാനന്ദിനെ പ്രശസ്തനാകാന്‍ സഹായിച്ചത് അക്കാലത്തെ പ്രമുഖ നടിമാരായ വുര്‍ശിദ്, ഹേമവതി, സുരയ്യാ, കാമിനി കൗശല്‍ തുടങ്ങിയവര്‍ക്കൊപ്പം നായകനാകാന്‍ കഴിഞ്ഞു എന്നതാണ്. ദേവാനന്ദ് ചലച്ചിത്രരംഗത്ത് എത്തുമ്പോള്‍ രംഗത്തുണ്ടായിരുന്ന പ്രഗല്ഭ നടന്‍ അശോക്കുമാര്‍ ആയിരുന്നു. ദേവാനന്ദിനുശേഷം രംഗപ്രവേശം ചെയ്തവരാണ് ദിലീപ് കുമാറും രാജ് കപൂറും.
ദേവാനന്ദും മധുബാലയും:ചിത്രം- കാലാപാനി(1958)‍‍
വിദ്യ, ജീത്, അഫ്സര്‍, ജിദ്ദി, നമുതാശായര്‍ എന്നീ ചിത്രങ്ങളിലൂടെയാണ് ദേവ് പ്രശസ്തനായത്. ഇദ്ദേഹം ചലച്ചിത്ര രംഗത്തേക്ക് കൈപിടിച്ചു കയറ്റിയ പലരും തുടര്‍ന്ന് ഈ രംഗത്തെ പ്രഗല്ഭരായി- ചേതന്‍ ആനന്ദ് (മൂത്ത സഹോദരന്‍), ഗുരുദത്ത്, എം.കെ. ബര്‍മന്‍, വിജയ് ആനന്ദ് (ഇളയ സഹോദരന്‍), രാജ് ഖോസ്ലെ എന്നിവര്‍ ഉദാഹരണം. ഒരു നടനെന്നതിലേറെ ഏതാനും നല്ല ചിത്രങ്ങളുടെ നിര്‍മാതാവ് എന്ന നിലയിലും ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ചേതന്‍ ആനന്ദിനെ സംവിധായകനാക്കാന്‍ ദേവാനന്ദ് 'നവകേതന്‍' എന്ന ബാനര്‍ സ്ഥാപിച്ചു. നവകേതന്റെ ആദ്യ ചിത്രമാണ് അഫ്സര്‍. തുടര്‍ന്ന് ബാസിയിലൂടെ ഗുരുദത്തിനെയും ഹൗസ് നമ്പര്‍-44 ലൂടെ എം.കെ. ബര്‍മനെയും നൌദോ ഗ്യാരഹിലൂടെ വിജയ് ആനന്ദിനെയും സംവിധാന രംഗത്ത് എത്തിച്ചത് ദേവാനന്ദാണ്. വൈവിധ്യപൂര്‍ണമായ നവകേതന്‍ ചിത്രങ്ങളായ ആന്ധിയാം, ഫണ്‍ടൂസ്, കാലാ ബസാര്‍, ഹം ദോനോം, തേരേ ഘര്‍ കേ സാമ്നേ, ഗൈഡ്, ജൂവല്‍ തീഫ് എന്നിവ പുതുമ അവകാശപ്പെടാവുന്ന ചിത്രങ്ങളാണ്. 1970-ല്‍ ദേവാനന്ദ് പ്രൊഡക്ഷന്‍ എന്ന ബാനറില്‍ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച പ്രഥമ ചിത്രമാണ് പ്രേം പൂജാരി. ഹരേ രാമ ഹരേ കൃഷ്ണ, ഹീരാ പന്ന, ഇശ്ക് ഇശ്ക് ഇശ്ക്, ദേശ് പരദേശ്, ലുട്മാര്‍, സ്വാമി ദാദ, ആനന്ദ് ഔര്‍ ആനന്ദ്, ഹം നൌജവാന്‍, സച്ചെ കാ ബോല്‍ബാലാ, അവ്വല്‍ നമ്പര്‍, സൌ കരോഡ്, റിട്ടേണ്‍ ഒഫ് ജൂവല്‍ തീഫ് (അഭിനയമില്ല), ഗാംഗ്സ്റ്റര്‍ എന്നിവയാണ് ദേവാനന്ദ് നിര്‍മാണവും സംവിധാനവും നായകവേഷവും നിര്‍വഹിച്ച മറ്റു ചിത്രങ്ങള്‍. ഇദ്ദേഹം നിര്‍മിച്ച ചിത്രങ്ങളുടെ പ്രത്യേകത പ്രധാനമായും അവയിലെ സംഗീതമാണ്. എസ്.ഡി. ബര്‍മന്റെ സംഗീതവും അദ്ദേഹത്തിന്റെ മരണാനന്തരം മകന്‍ ആര്‍.ഡി.ബര്‍മന്റെ സംഗീതവും ദേവാനന്ദ് ചിത്രങ്ങളെ കൂടുതല്‍ സമ്പുഷ്ടമാക്കി. ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പ്രഗല്ഭമതികളായ അന്‍പതിലേറെ നടികള്‍ ദേവാനന്ദിനോടൊപ്പം അഭിനയിച്ചിട്ടുണ്ട്. കമലാ കെട്നീസ്, നര്‍ഗീസ്, കാമിനി കൌശല്‍ എന്നിവര്‍ മുതല്‍ പുതിയ തലമുറയിലെ മമത കുല്‍ക്കര്‍ണി, അനിതാ ആയൂബ് എന്നിവര്‍ വരെയുള്ള നടികളോടൊപ്പം നായകനായി മധ്യവയസ്സിനുശേഷവും അഭിനയിക്കാന്‍ കഴിഞ്ഞത് ദേവാനന്ദ് എന്ന അതുല്യ പ്രതിഭയുടെ നേട്ടംതന്നെയാണ്. 103 ചിത്രങ്ങളിലാണ് ദേവാനന്ദ് അഭിനയിച്ചിട്ടുള്ളത്. 2001-ല്‍ രാഷ്ട്രം പദ്മഭൂഷണ്‍ ബഹുമതി നല്കി ഇദ്ദേഹത്തെ ആദരിച്ചു.

(വക്കം എം.ഡി. മോഹന്‍ദാസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍