This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേവസ്വം ബോര്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:07, 3 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദേവസ്വം ബോര്‍ഡ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനം : തിരുവനന്തപുരം
കേരളത്തിലെ ഹിന്ദു ദേവാലയങ്ങള്‍ക്കും അവയുടെ ഭരണക്രമത്തിനും പൊതുവായി നല്കിയിരിക്കുന്ന നാമം. ദേവന്റെ സ്വത്ത് എന്ന അര്‍ഥത്തിലാണ് 'ദേവസ്വം' എന്ന പ്രയോഗം പ്രചാരത്തിലുള്ളത്. കേരളസംസ്ഥാനം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്ന രീതിയില്‍ പ്രത്യേകമായി നിലനിന്ന കാലഘട്ടം മുതല്‍ ക്ഷേത്രത്തെയും ക്ഷേത്ര ഭരണസംവിധാനത്തെയും സൂചിപ്പിക്കാനായി 'ദേവസ്വം' എന്ന സംജ്ഞ നിലവിലിരുന്നു.

അതിപ്രാചീനകാലം മുതല്‍ കേരളത്തില്‍ ഹൈന്ദവ ജനതയുടെ ദിനചര്യയില്‍ ക്ഷേത്രദര്‍ശനത്തിന് പ്രാധാന്യം കല്പിക്കപ്പെട്ടിരുന്നു. മലയാളനാട്ടിലെ ഏറ്റവും പഴക്കമുള്ള പൊതു ട്രസ്റ്റ് ക്ഷേത്രങ്ങളുള്‍ക്കൊള്ളുന്ന ധര്‍മസ്ഥാപനങ്ങളാണ്. ജനങ്ങളുടെ സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ ദേവസ്വത്തിന് വളരെ സ്വാധീനമുണ്ടായിരുന്നു. നാട്ടില്‍ പ്രധാനികളും പ്രാതിനിധ്യസ്വഭാവമുള്ളവരുമായ ഊരാളരായിരുന്നു ആദ്യകാല ക്ഷേത്രങ്ങളിലെ ഭരണകര്‍ത്താക്കള്‍. എന്നാല്‍ ഈ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചതും അവയുടെ നിലനില്പിനായി ധനവും വസ്തുവകകളും നിക്ഷേപിച്ചതും പൊതുജനങ്ങളായിരുന്നു. രാജാക്കന്മാരും പ്രഭുക്കളും ജന്മികളും വിപുലമായ തോതില്‍ ഈ ട്രസ്റ്റുകള്‍ക്ക് ധനസഹായം നല്കുകയും ഇവയെ ഭയഭക്തിബഹുമാനപുരസ്സരം സംരക്ഷിക്കുകയും ചെയ്തുവന്നു. കാലമേറെ കഴിഞ്ഞപ്പോള്‍ ദേവസ്വത്തിന് സമ്പത്ത് കുമിഞ്ഞുകൂടി. ക്രമേണ ഊരാളര്‍ ഭരണാധിപന്മാര്‍ക്കുപോലും ഇടപെടാനാകാത്ത തരത്തിലുള്ള ഭരണവ്യവസ്ഥകളും നിയമാവലികളും ദേവസ്വത്തിന് ഉണ്ടാക്കുകയും മറ്റും ചെയ്തു. കാലക്രമത്തില്‍ ധനദുര്‍വിനിയോഗത്തിനും ദുര്‍ഭരണത്തിനും ഇതു വഴിതെളിക്കുകയുണ്ടായി. അങ്ങനെ വന്നപ്പോള്‍ ദേവസ്വത്തിനു കല്പിക്കപ്പെട്ടിരുന്ന അപ്രമാദിത്വം നഷ്ടപ്പെടുകയും രാജ്യത്തിന്റെ മേല്‍ക്കോയ്മാധികാരമുപയോഗിച്ച് രാജാക്കന്മാര്‍ ക്ഷേത്രഭരണം ഏറ്റെടുക്കുകയും ചെയ്തു.

തിരുവിതാംകൂറിലെ പ്രസിദ്ധമായിരുന്ന മിക്ക ദേവസ്വങ്ങളുടെയും ഭരണം ഗവണ്മെന്റ് ഏറ്റെടുത്തത് 1811-ല്‍ റാണി ഗൗരി ലക്ഷ്മീഭായിയുടെ ഭരണകാലഘട്ടത്തില്‍ (1810-15) ആയിരുന്നു. കേണല്‍ മണ്‍റോ ആയിരുന്നു മഹാറാണിയുടെ ഉപദേഷ്ടാവ്.

1897-ല്‍ പുതിയ ദേവസ്വം വകുപ്പ് ഉണ്ടാവുകയും 1907-ല്‍ അതു പുനഃസംഘടിപ്പിച്ച് നിയമാവലി പുതുക്കി ലാന്‍ഡ് റവന്യൂവിനെ പണപ്പിരിവിനുള്ള ചുമതല ഏല്പിക്കുകയുമാണ് ചെയ്തത്. 1906-ല്‍ 'ദേവസ്വം സെറ്റില്‍മെന്റ്' വിളംബരം പുറപ്പെടുവിച്ചു. ഇതനുസരിച്ച് ദേവസ്വത്തിന്റെ കാണക്കുടിയാന്മാരുമായുള്ള ബന്ധങ്ങള്‍ നിയന്ത്രിക്കപ്പെട്ടു.

മൂലം തിരുനാള്‍ രാമവര്‍മ മഹാരാജാവ് ദേവസ്വം ഭരണം റവന്യൂവകുപ്പില്‍നിന്നു മാറ്റി പ്രത്യേക വകുപ്പ് ആയി 1922 ഏ. 12-ന് 'ദേവസ്വം വിളംബരം' നടത്തി. അടുത്ത കൊല്ലവര്‍ഷം (1098) ആരംഭം മുതല്‍ ദേവസ്വം വകുപ്പ് ഒരു കമ്മിഷണറുടെ ചുമതലയിലാക്കി പുനഃസംഘടിപ്പിച്ചു. ഇതനുസരിച്ച് സംസ്ഥാനത്തിലെ ആകെ ഭൂനികുതിവരുമാനത്തിന്റെ 40% -ല്‍ കുറയാത്ത തുക 'ദേവസ്വം ഫണ്ട്' എന്ന പേരില്‍ നീക്കിവയ്ക്കാനും വ്യവസ്ഥയുണ്ടായി. 1946-ഓടുകൂടി ദേവസ്വങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കേണ്ട പ്രതിവര്‍ഷ വിഹിതം 25 ലക്ഷം രൂപയായി നിജപ്പെടുത്തി.

തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴിലുള്‍ പ്പെട്ട ക്ഷേത്രങ്ങളുടെ വരുമാനം അടിസ്ഥാനമാക്കി അവയ്ക്ക് മേജര്‍, മൈനര്‍, പെറ്റി പദവികള്‍ നല്കപ്പെട്ടു. പ്രതിവര്‍ഷം 1000 രൂപയ്ക്കു മുകളില്‍ വരുമാനം ലഭിക്കുന്നവ മേജര്‍ ദേവസ്വവും 1000-നും 100-നുമിടയില്‍ വരുമാനമുള്ളവ മൈനര്‍ ദേവസ്വവും 100 രൂപയില്‍ കുറവു വരുന്നവ പെറ്റിദേവസ്വവും എന്നായിരുന്നു വിഭജന രീതി. ഇവകൂടാതെ പി.ഡി. ദേവസ്വം എന്നൊരു വിഭാഗവും നിലവിലിരുന്നു. പെഴ്സണല്‍ ഡിപ്പോസിറ്റുള്ള ദേവസ്വങ്ങള്‍ക്കാണ് പി.ഡി. ദേവസ്വം എന്ന പേരുണ്ടായിരുന്നത്.

ദേവസ്വം വകുപ്പിന്റെ കീഴില്‍ ഒരു പ്രത്യേക മരാമത്തുവകുപ്പും ശാന്തിസ്കൂളുകളും നടത്തപ്പെട്ടിരുന്നു. തിരുവനന്തപുരം സംസ്കൃത കോളജിലെ വേദവിഭാഗവും തൃപ്പൂണിത്തുറ, മങ്കൊമ്പ് എന്നിവിടങ്ങളിലെ വേദപാഠശാലകളും ദേവസ്വത്തിന്റെ ഭരണനിയന്ത്രണത്തിലായിരുന്നു.

1947-നുശേഷം ദേവസ്വം ഭരണസമ്പ്രദായത്തില്‍ വീണ്ടും ചില മാറ്റങ്ങള്‍ ഉണ്ടായി. ജനപ്രതിനിധികള്‍ അധികാരമേറ്റപ്പോള്‍ ഗവണ്മെന്റ്ചുമതലയില്‍നിന്നു ദേവസ്വം സ്വതന്ത്രമാവുകയും 1948 മാ. 23-ലെ വിളംബരപ്രകാരം ക്ഷേത്രങ്ങള്‍ വീണ്ടും രാജഭരണത്തിന്‍കീഴിലാവുകയും ചെയ്തു. ദേവസ്വം ജോലിക്കാര്‍ സര്‍ക്കാര്‍ ജീവനക്കാരല്ലാതായി. ദേവസ്വം ഭരണം സര്‍ക്കാരില്‍നിന്നു മാറിയതിനെ തുടര്‍ന്നുണ്ടായ ഒരു ഓര്‍ഡിനന്‍സ് മുഖേന 1949-ല്‍ രൂപവത്കൃതമായ ആദ്യ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ മന്നത്തു പദ്മനാഭന്‍ ആയിരുന്നു.

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലേക്കുള്ള വിഹിതവും പണ്ടാരവകയ്ക്കു നല്കേണ്ട ഒരു ലക്ഷം രൂപയും ഉള്‍പ്പെടെ ദേവസ്വം ഫണ്ടിലേക്ക് സര്‍ക്കാര്‍ നല്കേണ്ട തുക 51 ലക്ഷം രൂപയായി ഉയര്‍ന്നു. ഈ ഫണ്ടില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ക്കുള്ള ശമ്പളം ഉള്‍പ്പെടെയുള്ള ദൈനംദിന ചെലവുകളും നിര്‍വഹിക്കേണ്ടിയിരുന്നത്.

തിരുവിതാംകൂറും കൊച്ചിയും തമ്മിലുള്ള ലയനം 1949 ജൂല.-യില്‍ നടന്നതിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളിലെയും രാജാക്കന്മാരും കേന്ദ്രസര്‍ക്കാരും തമ്മിലുണ്ടാക്കിയ ഉടമ്പടിപ്രകാരം തിരുവിതാംകൂറിലെയും കൊച്ചിയിലെയും ദേവസ്വങ്ങളുടെ ഭരണം മൂന്ന് അംഗങ്ങള്‍വീതം ഉള്‍പ്പെട്ട ഓരോ ബോര്‍ഡിന്റെ അധികാരപരിധിക്കുള്ളിലായി. ഈ മൂന്ന് അംഗങ്ങളില്‍ ഓരോരുത്തരെയും യഥാക്രമം ഹിന്ദു മന്ത്രിമാര്‍, ഹിന്ദു നിയമസഭാംഗങ്ങള്‍, മഹാരാജാവ് എന്നിവരാണ് നോമിനേറ്റ് ചെയ്തിരുന്നത്. 1949-ലെ നാലാം വിളംബരം, ഒമ്പതാം വിളംബരം, 1950-ലെ ഒന്നാം വിളംബരം എന്നിവയനുസരിച്ച് ഈ വ്യവസ്ഥകള്‍ക്ക് നിയമസാധുതയും നല്കി. തുടര്‍ന്ന് 1950-ലെ ഹിന്ദുമതസ്ഥാപന നിയമം (Hindu Religious Institution Act XV of1950) നിയമസഭ പാസ്സാക്കിക്കൊണ്ട് തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്ക് ബാധകമാക്കി ഉത്തരവു പുറപ്പെടുവിക്കുകയുമുണ്ടായി. ഇങ്ങനെ രൂപവത്കൃതമായ ബോര്‍ഡിന്റെ ആദ്യ അധ്യക്ഷന്‍ പി.ജി.എന്‍. ഉണ്ണിത്താന്‍ ആയിരുന്നു.

ഭാഷാടിസ്ഥാനത്തിലുള്ള ഭാരതീയ സംസ്ഥാനങ്ങളുടെ പുനഃസംഘടന 1956-ല്‍ പ്രാബല്യത്തില്‍ വന്നതോടുകൂടി ദേവസ്വം ബോര്‍ഡുകളുടെ ഭരണാധികാരങ്ങള്‍ക്കും ചില വ്യതിയാനങ്ങള്‍ ഉണ്ടായി. തിരുവിതാംകൂര്‍ ദേവസ്വത്തിലുള്‍പ്പെട്ട ചില പ്രദേശങ്ങള്‍ (450-ഓളം ക്ഷേത്രങ്ങള്‍) തമിഴ്നാടിന്റെ ഭാഗമായി മാറുകയും ഇവ മദ്രാസിലെ 'ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ്' കമ്മിഷണറുടെ അധികാരപരിധിയിലാവുകയും ചെയ്തു.

തിരുവനന്തപുരം ആസ്ഥാനമായി ഭരണം നടത്തിവന്നിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അതിന്റെ കീഴിലുള്ള 1208 ക്ഷേത്രങ്ങളുടെ ഭരണത്തിനു പുറമേ വിദ്യാഭ്യാസ-സാംസ്കാരിക മണ്ഡലങ്ങളിലും വിപുലമായ തോതില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ശ്രീചിത്രാ ഹിന്ദുമത ഗ്രന്ഥശാല; ശാസ്താംകോട്ട, തലയോലപ്പറമ്പ്, പരുമല എന്നിവിടങ്ങളില്‍ സ്ഥാപിതമായ ദേവസ്വം ബോര്‍ഡ് കോളജുകള്‍; ഒട്ടേറെ ഹൈസ്കൂളുകള്‍; ഹരിജനക്ഷേമോദ്ധാരണത്തിനായുള്ള സ്ഥാപനങ്ങള്‍; ദേവസ്വം ഹിന്ദു ഹോസ്റ്റല്‍; കുടില്‍വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി ഒട്ടേറെ സംരംഭങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുണ്ട്. ക്ഷേത്രകലകളുടെ സംരക്ഷണവും വികസനവും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളും ബോര്‍ഡ് സംഘടിപ്പിക്കുന്നുണ്ട്. പകുതിയിലേറെ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ഭരണത്തിന്‍കീഴിലാക്കി പുതിയ നിയമാവലികള്‍ ഏര്‍പ്പെടുത്തുകയുമുണ്ടായി. ഇവയുടെ വരുമാനം സര്‍ക്കാര്‍ പൊതുഖജനാവിലെ വരുമാനത്തില്‍ ലയിപ്പിക്കുകയായിരുന്നു പതിവ്. ഇവ 'ഇന്‍കോര്‍പറേറ്റഡ് ദേവസ്വം' എന്ന പേരിലാണ് അറിയപ്പെട്ടത്.

കൊച്ചി ദേവസ്വം ബോര്‍ഡിന്റെ അധികാരപരിധിക്കുള്ളില്‍ 406 ക്ഷേത്രങ്ങളും തൃശൂര്‍ നടുവില്‍ മഠം, കേരളവര്‍മ കോളജ് തുടങ്ങിയ മറ്റു ചില വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രങ്ങളും ഉണ്ട്. ഇവയുടെ മേല്‍നോട്ടവും ബോര്‍ഡാണ് നടത്തുന്നത്.

ബോര്‍ഡിലെ ഒരംഗത്തിന്റെ കാലാവധി നാലുവര്‍ഷമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ബോര്‍ഡ് മെംബര്‍ ആകുന്നതിന് തിരുവിതാംകൂര്‍ പൗരനും ഹിന്ദുമതവിശ്വാസിയും അനുദ്യോഗസ്ഥനും ആയിരിക്കണം. ബോര്‍ഡിലെ ഏതൊരു കുത്തക ഏര്‍പ്പാടുകളുമായി സഹകരിക്കുന്നവരും മെംബര്‍ ആകാന്‍ പാടില്ല എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ബോര്‍ഡ് മെംബര്‍മാരെ കൂടാതെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, സെക്രട്ടറി, ദേവസ്വം കമ്മിഷണര്‍ തുടങ്ങിയ ഭരണാധികാരികളും ഉണ്ട്. ബോര്‍ഡ് തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുക, ബോര്‍ഡ് മീറ്റിങ്ങിന്റെ അജന്‍ഡ തയ്യാറാക്കുക, ബോര്‍ഡ് ഓഫീസിലെ ജീവനക്കാരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുക മുതലായവയാണ് സെക്രട്ടറിയുടെ ഭരണച്ചുമതല. ഡിപ്പാര്‍ട്ട്മെന്റിലെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറാണ് ദേവസ്വം കമ്മിഷണര്‍.

ഭരണസൗകര്യം പ്രമാണിച്ച് ദേവസ്വം ഡിപ്പാര്‍ട്ട്മെന്റ് മൂന്ന് ദേവസ്വം ഡിസ്ട്രിക്റ്റുകളായും ശബരിമല ഗ്രൂപ്പ് ഒഴികെ 18 ഗ്രൂപ്പുകളായും തരംതിരിച്ചിട്ടുണ്ട്. തിരുവനന്തപുരം, അമ്പലപ്പുഴ (ഹെഡ്ക്വാര്‍ ട്ടേഴ്സ്-ഹരിപ്പാട്), വൈക്കം എന്നിവയാണ് മൂന്ന് ദേവസ്വം ഡിസ്ട്രിക്റ്റുകള്‍. 18 ഗ്രൂപ്പുകള്‍ നെയ്യാറ്റിന്‍കര, തിരുവനന്തപുരം, ഉള്ളൂര്‍, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, അമ്പലപ്പുഴ, മാവേലിക്കര, കരുനാഗപ്പള്ളി, ആറന്മുള, തിരുവല്ല, ചങ്ങനാശ്ശേരി, തൃക്കാരിയൂര്‍, പറവൂര്‍, വൈക്കം, കോട്ടയം, ഏറ്റുമാനൂര്‍ എന്നിവയാണ്.

ശബരിമല ക്ഷേത്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് 'ശബരിമല ഗ്രൂപ്പ്' എന്ന പ്രത്യേക ഗ്രൂപ്പ് രൂപവത്കൃതമായി. ശബരിമല ദേവസ്വത്തിന്റെ ഭരണം എക്സിക്യൂട്ടിവ് ഓഫീസറാണ് നടത്തുന്നത്. ശബരിമല ദേവസ്വം ഗ്രൂപ്പിന്റെ ആസ്ഥാനം ഇപ്പോള്‍ തിരുവനന്തപുരത്താണ്. ഈ ഓഫീസ് മാസപൂജക്കാലത്തും മണ്ഡല, മകരവിളക്കുസമയങ്ങളിലും ശബരമലയില്‍ താത്കാലികമായി പ്രവര്‍ത്തിക്കാറുണ്ട്. ഡിസ്ട്രിക്റ്റുകളുടെ ഭരണാധികാരി ഡെപ്യൂട്ടി ദേവസ്വം കമ്മിഷണര്‍മാരും ഗ്രൂപ്പ് ഭരണാധികാരികള്‍ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍മാരുമാണ്. ഇവരുടെ കീഴില്‍ സബ് ഗ്രൂപ്പ് ഓഫീസര്‍മാരും മാനേജര്‍, അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍, മിനിസ്റ്റീരിയല്‍ വിഭാഗം എന്നിവരും ഭരണകാര്യത്തില്‍ സഹായികളായി ഉണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍