This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേവര്‍ധിഗണി (6-ാം ശ. ?)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:36, 3 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദേവര്‍ധിഗണി (6-ാം ശ. ?)

ജൈനധര്‍മാചാര്യനും ജൈനാഗമസാഹിത്യത്തിന്റെ പുനരുദ്ധാരകനും. ഇദ്ദേഹം 6-ാം ശ.-ത്തില്‍ ജീവിച്ചിരുന്നു. 5-ാം ശ. എന്നും ചില ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്.

  മഹാവീരന്റെ നിര്‍വാണത്തിനുശേഷവും  ജൈനധര്‍മത്തിനു പ്രചാരം ലഭിച്ചെങ്കിലും ധര്‍മാചരണങ്ങളിലും ദര്‍ശനത്തിലും വൈവിധ്യം കൂടിവന്നു. ആചാര്യന്മാര്‍ ഒത്തുചേര്‍ന്ന് ദര്‍ശനത്തിലും ആചരണത്തിലും ഏകതാനത നിലനിര്‍ത്തുന്നതിനുവേണ്ട പരിശ്രമം ആവശ്യമായി. 4-ാം ശ.-ത്തില്‍ പാടലീപുത്രം കേന്ദ്രമായി ഇതിനുവേണ്ടി മുതിര്‍ന്ന ആചാര്യന്മാര്‍ സമ്മേളിക്കുകയും കാലികമായ പരിഷ്കാരവും ഏകതാനതയും നല്കി ധര്‍മത്തെ കെട്ടുറപ്പുള്ളതാക്കിത്തീര്‍ക്കുകയും ചെയ്തു. 5-ാം ശ.-ത്തില്‍ ഇതേ രീതിയില്‍ മഥുരയില്‍ സ്ഥണ്ഡിലന്റെ നേതൃത്വത്തിലും കത്തിയവാറിലെ വലഭിയില്‍ നാഗാര്‍ജുനന്റെ നേതൃത്വത്തിലും സമ്മേളനങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കുകയും പ്രാവര്‍ത്തികമാക്കുകയുമുണ്ടായി. മഥുരയിലും വലഭിയിലും പ്രത്യേകം ചേര്‍ന്ന സമ്മേളനങ്ങളില്‍ പല ആചരണ-ദാര്‍ശനിക-മതഭേദങ്ങളും പ്രകടമായി. ഇതുകൂടി പരിഹരിച്ച് 6-ാം ശ.-ത്തിന്റെ ആദ്യപാദത്തില്‍ വലഭിയില്‍ത്തന്നെ ദേവര്‍ധിഗണിയുടെ നേതൃത്വത്തില്‍ ഒരു മഹാസമ്മേളനം നടന്നു. ആ സമ്മേളനത്തില്‍ ക്രോഡീകരിച്ച് തയ്യാറാക്കിയതാണ് ഇന്ന് ഉപലബ്ധമായ ജൈനധര്‍മാഗമ സാഹിത്യം.
  ലിഖിതരൂപത്തില്‍ ലബ്ധമായ സാഹിത്യം മാത്രമല്ല, വാങ്മയ രൂപത്തിലുള്ള എല്ലാ സാഹിത്യവും ശേഖരിച്ച് അന്നത്തെ അര്‍ധമാഗധി ഭാഷയില്‍ അവതരിപ്പിച്ച് വ്യത്യസ്ത ശാഖകളായി വര്‍ഗീകരിച്ച് ചിട്ടപ്പെടുത്തിയതിന് നേതൃത്വം നല്കിയത് ദേവര്‍ധിഗണിയാണ്. ജിനചരിതം, ഥേരാവലി, സാമാചാരി എന്നിവയെക്കൂടി ജൈനാഗമസാഹിത്യത്തില്‍ ഉള്‍പ്പെടുത്തിയത് ഈ സമ്മേളനത്തില്‍വച്ചാണ്. ജൈനാഗമസാഹിത്യത്തെ പതിനൊന്ന് അംഗം, പന്ത്രണ്ട് ഉപാംഗം, ആറ് ഛേദസൂത്രം, നാല് മൂലസൂത്രം, പത്ത് പ്രകീര്‍ണകം, രണ്ട് ചൂലിക എന്ന് നാല്പത്തിയഞ്ച് വിഭാഗങ്ങളായി വര്‍ഗീകരിക്കുകയും ചെയ്തു. ഗദ്യത്തിലും പദ്യത്തിലും സൂത്രശൈലിയിലുമുള്ള ഗ്രന്ഥങ്ങള്‍ ഈ സാഹിത്യത്തിലുള്‍പ്പെടുന്നു. നാല്പത്തിയഞ്ച് വിഭാഗങ്ങള്‍ നാല്പത്തിയഞ്ച് ഗ്രന്ഥങ്ങള്‍ എന്നാണറിയപ്പെടുന്നത്. മഹാവീരന്റെ നിര്‍വാണത്തിനുശേഷം ആയിരം വര്‍ഷം (980, 993 എന്നിങ്ങനെയും അഭിപ്രായമുണ്ട്) പൂര്‍ത്തിയാകുന്ന സമയത്താണ് ഈ ഗ്രന്ഥസമാഹരണവും വര്‍ഗീകരണവും നടന്നതെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സമ്മേളനത്തോടെയാണ് ജൈനധര്‍മത്തില്‍ ശ്വേതാംബരവിഭാഗത്തിന് പ്രാധാന്യം ലഭിച്ചത്.
  ജൈനധര്‍മവിജ്ഞാനകോശമായ നന്ദി എന്ന ഗ്രന്ഥം ദേവര്‍ധിഗണിയുടേതാണെന്നു വിശ്വാസമുണ്ട്. നന്ദിസൂത്രം എന്നും ഈ കൃതി അറിയപ്പെടുന്നു. എന്നാല്‍ ദൂഷ്യഗണിയുടെ ശിഷ്യനായ ദേവവാചകനാണ് ഇതിന്റെ രചയിതാവെന്നും അഭിപ്രായമുണ്ട്. ദേവവാചകനും ദേവര്‍ധിഗണിയും ഒരാളാണെന്നാണ് മറ്റൊരു മതം. ഈ കൃതിക്ക് ജിനദാസഗണിമഹത്തരന്‍, ഹരിഭദ്രന്‍, മലയഗിരി എന്നിവര്‍ വ്യാഖ്യാനഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ദേവര്‍ധിക്ഷമാശ്രമണ എന്ന പേരിലും ദേവര്‍ധിഗണി പ്രസിദ്ധനാണ്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍