This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേവകീനന്ദന്‍ ഖത്രി (1861 - 1913)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദേവകീനന്ദന്‍ ഖത്രി (1861 - 1913)

ദേവകീനന്ദന്‍ ഖത്രി
ഹിന്ദി സാഹിത്യകാരന്‍. മുള്‍ത്താനില്‍ (ഇപ്പോള്‍ പാകിസ്താനില്‍) നിന്ന് കാശിയില്‍ വന്നു താമസമുറപ്പിച്ച ഈശ്വരദത്തിന്റെ മകനായി 1861 ജൂണ്‍ 18-ന് ദേവകീനന്ദന്‍ ജനിച്ചു. അക്കാലത്തെ രീതിയനുസരിച്ച് പ്രാഥമിക വിദ്യാഭ്യാസം പേര്‍ഷ്യന്‍ ഉര്‍ദുവിലാണ് നടത്തിയത്. പിന്നീട് ഹിന്ദി, സംസ്കൃതം, ഇംഗ്ളീഷ് എന്നീ ഭാഷകളും പഠിച്ചു. കുട്ടിക്കാലം മുതല്‍തന്നെ ഇദ്ദേഹം കാടും മലയും ഇഷ്ടപ്പെട്ടിരുന്നു. യോഗികള്‍, താന്ത്രികന്മാര്‍ തുടങ്ങിയ സിദ്ധന്മാരോട് പ്രത്യേക മമത പുലര്‍ത്തി. വനം വകുപ്പില്‍ കോണ്‍ട്രാക്റ്ററായിരുന്ന പിതാവിനെ കാണാന്‍ ധാരാളം ഇടപ്രഭുക്കന്മാര്‍ വന്നിരുന്നു. അങ്ങനെ സാമന്തന്മാര്‍ അഥവാ ഇടപ്രഭുക്കന്മാരുമായി ദേവകീനന്ദന്‍ സൗഹൃദം സ്ഥാപിച്ചു. മുഗള്‍ സാമ്രാജ്യം അസ്തമിക്കുകയും ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം പ്രബലമാവുകയും ചെയ്ത കാലഘട്ടമായിരുന്നു അത്. രണ്ടിന്റെയുമിടയ്ക്ക് പഴയ പ്രതാപം അയവിറക്കി സ്വപ്നലോകത്തില്‍ കഴിയുന്ന ഇടപ്രഭുക്കന്മാരുടെ കഥകള്‍ എഴുതാനാണ് ദേവകീനന്ദന്‍ ശ്രമിച്ചത്. എല്ലാ കഥകളും ശുഭപര്യവസായി ആക്കാനും ദുഷ്ടകഥാപാത്രങ്ങള്‍ക്ക് ശിക്ഷ നല്കാനും ഇദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഉത്തര്‍പ്രദേശില്‍ അനേകം ചെറിയ നാടുവാഴികള്‍ ഉണ്ടായിരുന്നു. കാശി, മിര്‍ജാപൂര്‍ എന്നീ രണ്ടു നഗരങ്ങളുടെയും പ്രാന്തപ്രദേശങ്ങളിലുള്ള പ്രഭുക്കന്മാരെ ദേവകീനന്ദന് നല്ല പരിചയമായിരുന്നു. അവരുടെ സാങ്കല്പിക കഥകളാണ് ഇദ്ദേഹം എഴുതിയത്. ഹിന്ദിസാഹിത്യത്തില്‍ സാമാന്യ ജനങ്ങളെ കഥാപാത്രങ്ങളാക്കിക്കൊണ്ടുള്ള സാമൂഹിക നോവലുകള്‍ പ്രേംചന്ദിന്റെ കാലം മുതലാണ് എഴുതിത്തുടങ്ങിയത്. അതിനുമുമ്പുള്ള കാലഘട്ടത്തിലാണ് ദേവകീനന്ദനും മറ്റും എഴുതിയിരുന്നത്. പേര്‍ഷ്യനില്‍ ഫൈസിയുടെ അമീര്‍ഹംസാ, ഹോശറൂബാ തുടങ്ങിയവയുടെ ശൈലിയാണ് ഇദ്ദേഹം തന്റെ നോവലുകള്‍ക്കു സ്വീകരിച്ചത്. കഥകള്‍ക്കകത്തു കഥയും ഉപകഥയും വായനക്കാരെ വിഭ്രമിപ്പിക്കുന്ന ഇന്ദ്രജാല മഹേന്ദ്രജാലങ്ങളും മറ്റുമായി കഥകള്‍ വായനക്കാരെ അദ്ഭുതസ്തബ്ധരാക്കുന്നു.

ദേവകീനന്ദന്റെ പ്രധാന കൃതികള്‍ ചന്ദ്രകാന്ത(1891)യും ചന്ദ്രകാന്താ സന്തതി(1896; 24 ഭാഗങ്ങള്‍)യുമാണ്. കുസുംകുമാരി, നരേന്ദ്രമോഹിനി, വീരേന്ദ്രവീര്‍ കാജര്‍ കീ കോരി, ഗുപ്തഗോദനാ തുടങ്ങി അനേകം നോവലുകള്‍ ഇദ്ദേഹം എഴുതി. നോവല്‍ വായന ഒരു ഹരമായിത്തീരാന്‍ ഈ കൃതികള്‍ ഉപകരിച്ചു. ഈ നോവലുകള്‍ക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ടായിരുന്നു. രാജാവ്, രാജ്ഞി, മന്ത്രി, സാമന്തന്‍, വില്ലന്‍, രാജകുമാരി, തോഴി, ദാസിമാര്‍ ഇവരെല്ലാം സ്ഥിരം കഥാപാത്രങ്ങളാണ്. നോവലില്‍ കഥാപാത്രങ്ങള്‍ തങ്ങള്‍ക്കു വിജയം നേടാന്‍ മായാവിദ്യ ഉപയോഗിക്കുമായിരുന്നു. 'തിലസ്മ', 'ഐയ്യാരി' എന്നിവ രണ്ടും ഇവയിലെ പ്രധാന ഘടകങ്ങളാണ്. തിലസ്മിന് നിധി, മന്ത്രക്കെട്ട് എന്നൊക്കെ അര്‍ഥം പറയാം. കഥയില്‍, പൂര്‍വികര്‍ ചില ഗൂഢ സ്ഥലങ്ങളില്‍ ഒളിപ്പിച്ചുവച്ച നിധികളും അവയ്ക്ക് വളരെ കുറച്ചു സങ്കേതങ്ങളും കാണാം. സമര്‍ഥനായ കഥാനായകന്‍ സുഹൃത്തുമൊന്നിച്ചോ ഒറ്റയ്ക്കോ ഓരോന്നായി 'തിലസ്മ' എല്ലാം തുറന്ന് മഹാധനികനും രാജകുമാരിയുടെ ഭര്‍ത്താവുമായിത്തീരുന്നു. ഈ സംരംഭങ്ങളില്‍ അവര്‍ 'ഐയ്യാര്‍'മാരെ (ഒടിയന്മാര്‍ എന്നു പറയാം) ഉപയോഗിച്ചിരുന്നു. അവര്‍ക്ക് ഇഷ്ടംപോലെ ഏതു വേഷവും ഏതു സമയത്തും സ്വീകരിക്കാന്‍ പറ്റും. മറ്റുള്ളവരെയും അങ്ങനെയാക്കാനുള്ള വിദ്യ അവര്‍ക്കു വശമാണ്. അവരുടെ വലയില്‍ വീഴാതിരിക്കാനും പ്രതിവിധി ചെയ്യാനും അറിയുന്നതാണ് നല്ല കഥാപാത്രങ്ങളുടെ സാമര്‍ഥ്യം. ഐയ്യാര്‍മാരെ കൊല്ലുന്നത് പാപമായിരുന്നു.

ചന്ദ്രകാന്ത തുടങ്ങിയ കഥകള്‍ നാഗരി ലിപിയിലെഴുതിയ ഉര്‍ദുകഥകളാണെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഇവയില്‍ വളരെ രസകരമായ ശൈലിയിലുള്ള വര്‍ണനകളുണ്ട്. ഒരു കാലത്ത് ഇവ വായിക്കാന്‍ മാത്രമായി അനേകം ആളുകള്‍ ഹിന്ദിപഠിച്ചിരുന്നുവത്രെ.

1913-ല്‍ ദേവകീനന്ദന്‍ ഖത്രി അന്തരിച്ചു. ഇദ്ദേഹത്തിന്റെ ചന്ദ്രകാന്ത എന്ന നോവല്‍ ദൂരദര്‍ശന്‍ സീരിയല്‍ ആയി സംപ്രേഷണം ചെയ്തത് ഏറെ ജനപ്രീതി നേടി.

(ഡോ. എന്‍.ഇ. വിശ്വനാഥയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍