This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദെ വ്റീസ്, ഹ്യൂഗോ (1848 - 1935)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദെ വ്റീസ്, ഹ്യൂഗോ (1848 - 1935)

De Vries,Hugo

ഡച്ച് സസ്യശാസ്ത്രകാരന്‍. 1848 ഫെ. 16-ന് നെതര്‍ലന്‍ഡ്സിലെ ഹാര്‍ലെമില്‍ ജനിച്ചു. ലെയ്ഡന്‍ (Leiden), ഹെയ്ഡെല്‍ബെര്‍ഗ് (Heidelberg), വൂഴ്സ്ബര്‍ഗ് (Wurzburg) എന്നീ സര്‍വകലാശാലകളില്‍നിന്ന് ഉന്നതബിരുദങ്ങള്‍ നേടിയ ദെ വ്റീസ് 1878-ല്‍ ആംസ്റ്റര്‍ഡാം സര്‍വകലാശാലയില്‍ സസ്യശാസ്ത്ര പ്രൊഫസറായി നിയമിതനായി.

സസ്യ പരിണാമത്തെ സംബന്ധിച്ച ഗവേഷണരംഗത്താണ് ദെ വ്റീസ് നിര്‍ണായക സംഭാവനകള്‍ നല്കിയിട്ടുള്ളത്. സസ്യ പരിണാമ പ്രക്രിയയെപ്പറ്റിയുള്ള പുതിയൊരു ഗവേഷണ പരീക്ഷണ രീതിയും ഇദ്ദേഹം ആവിഷ്കരിച്ചു. വെളിമ്പ്രദേശങ്ങളില്‍ കളസസ്യമായി വളരുന്ന നാലുമണി(Oenothera lamarkiana)ച്ചെടികളിലാണ് ഗവേഷണങ്ങള്‍ ആരംഭിച്ചത്. ഗവേഷണത്തിലൂടെ നാലുമണിച്ചെടികളുടെ നിരവധി പുതിയ ഇനങ്ങള്‍ ഇദ്ദേഹം വികസിപ്പിച്ചെടുത്തു. മാതൃസസ്യത്തില്‍നിന്ന് പുതിയ ഇനങ്ങളും സ്പീഷീസും ഉണ്ടാകുന്നതിന്റെ അടിസ്ഥാനം ഉത്പരിവര്‍ത്തനം (mutation) ആണെന്ന നിഗമനത്തില്‍ ഇദ്ദേഹം എത്തിച്ചേര്‍ന്നു.

ഹ്യൂഗോ ദെ വ്റീസ്

1900-ല്‍ ദെ വ്റീസ് തന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കാനുള്ള ശ്രമം നടത്തുമ്പോഴാണ് തന്റെ നിഗമനങ്ങള്‍ക്കു സമാനമായ പുതിയ തത്ത്വം 1866-ല്‍ ആസ്റ്റ്രേലിയന്‍ പുരോഹിതനായ ഗ്രിഗര്‍ മെന്‍ഡല്‍ വികസിപ്പിച്ചെടുത്തെങ്കിലും അംഗീകാരം ലഭിക്കാതെ അവഗണിക്കപ്പെട്ടുപോയി എന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ഇദ്ദേഹം മെന്‍ഡലിന്റെ തത്ത്വങ്ങള്‍ വിശദമായി പഠനവിധേയമാക്കുകയും തന്റെ കണ്ടെത്തലുകള്‍ മെന്‍ഡലിന്റെ തത്ത്വങ്ങളുടെ സ്ഥിരീകരണം മാത്രമാണെന്ന് ഉറപ്പാക്കുകയും ചെയ്തു. ഇതേ വര്‍ഷം എറിക് ഷെര്‍മാക്കും (Erich Tschermark) കാള്‍ കോറന്‍സും (Karl Correns) ചേര്‍ന്ന് മെന്‍ഡലിന്റെ പിന്തള്ളപ്പെട്ട ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

മെന്‍ഡലിന്റെ കണ്ടെത്തലുകളെ വസ്തുതാപരമായി സ്ഥിരീകരിച്ച ദെ വ്റീസ്, സമൂഹമായി വളരുന്ന അമേരിക്കന്‍ നാലുമണിച്ചെടികളില്‍ പെട്ടെന്ന് നിറഭേദങ്ങളിലുള്ളവ പ്രത്യക്ഷപ്പെട്ടത് ഒരേ വംശാനുഗത (ancestral) സസ്യത്തില്‍ നിന്നുതന്നെയാണെന്നും കണ്ടെത്തി. ഓരോ സസ്യവും പരിസ്ഥിതിയുമായി പൊരുത്തപ്പെട്ട് മറ്റുള്ളവയെ അതിജീവിച്ച് വളരുകയാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ഓരോ ജീവിയിലും പാരമ്പര്യമായിട്ടുള്ള പരിവര്‍ത്തനങ്ങള്‍ പരിസ്ഥിതിയുമായി പൊരുത്തപ്പെട്ട് മറ്റുള്ളവയെ അതിജീവിക്കുന്നതിനനുസരിച്ചാണ് രൂപപ്പെടുക എന്നു വിശദമാക്കിയിരുന്നില്ല. വിവിധ സ്വഭാവ സവിശേഷതകള്‍ ഇടകലര്‍ന്നും സംയോജിച്ചും സംജാതമാകുന്ന വ്യതിരിക്ത വൈശിഷ്ട്യ സ്വഭാവങ്ങള്‍ തലമുറകള്‍തോറും നിലനില്ക്കുന്നതെങ്ങനെയാണെന്ന് വിശദീകരിക്കുന്നതിനുള്ള മാര്‍ഗവും ദെ വ്റീസ് ആവിഷ്കരിച്ചു. ഈ മാര്‍ഗം പിന്തുടര്‍ന്നാണ് ഇദ്ദേഹം പിന്നീട് സസ്യങ്ങളെ സംബന്ധിച്ച വംശ പാരമ്പര്യ പഠനങ്ങള്‍ നടത്തിയത്.

സമൂഹമായി വളരുന്ന ഓരോ സസ്യ ഇനത്തിനും തത്രൂപ പ്രജനനമാണുള്ളതെങ്കിലും അപൂര്‍വമായി ഇവയില്‍ ചിലത് സമൂല മാറ്റത്തോടെ അടുത്ത തലമുറയില്‍ പ്രത്യക്ഷമാകുന്നത് സാധാരണ കര്‍ഷകര്‍ പണ്ടുമുതല്‍ നിരീക്ഷിച്ചിരുന്ന സംഗതിയാണ്. ഇത്തരം അപൂര്‍വ സസ്യങ്ങളെപ്പറ്റിയും ദെ വ്റീസ് പഠനം നടത്തുകയും പെട്ടെന്നുള്ള ചെറിയ മാറ്റങ്ങള്‍പോലും വന്‍ ഉത്പരിവര്‍ത്തനം മൂലമാണുണ്ടാകുന്നതെന്ന് കണ്ടെത്തുകയും ചെയ്തു. ഈ മേഖലയില്‍ പിന്നീടു നടത്തിയ ഗവേഷണങ്ങളും പരിണാമ സിദ്ധാന്തത്തില്‍ ഉത്പരിവര്‍ത്തനം പ്രാധാന്യമര്‍ഹിക്കുന്നതാണെന്നു തെളിയിച്ചു. ആംസ്റ്റര്‍ഡാം സര്‍വകലാശാലയില്‍നിന്നു വിരമിച്ചതിനുശേഷം ദെ വ്റീസ് ലൂന്‍ടെറെനില്‍ (Lunteren) താമസമാക്കി. ഇവിടെ സസ്യ ഉത്പരിവര്‍ത്തനത്തിലൂടെ പുതിയ ഇനങ്ങളെ തലമുറകളായി വളര്‍ത്തിയെടുക്കാനുള്ള പരീക്ഷണങ്ങള്‍ തുടര്‍ന്നു. 1935 മേയ് 21-ന് ആംസ്റ്റര്‍ഡാമില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍