This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദെസ്തു ദ് ത്രാസി, അന്ത്വാന്‍ ലൂയി ക്ളോദ് കോംത് (1754 - 1836)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദെസ്തു ദ് ത്രാസി, അന്ത്വാന്‍ ലൂയി ക്ളോദ് കോംത് (1754 - 1836)

Destutt De Tracy,Antoine Louis Claude Comte

ഫ്രഞ്ച് തത്ത്വചിന്തകന്‍. ആശയ ശാസ്ത്രം (Ideology) എന്ന പേരില്‍ അറിയപ്പെടുന്ന സിദ്ധാന്തസംഹിതയുടെ ആവിഷ്കര്‍ത്താവാണ് ഇദ്ദേഹം. 1754-ല്‍ പാരിസില്‍ ജനിച്ചു. സ്ട്രാസ്ബര്‍ഗ് സര്‍വകലാശാലയിലായിരുന്നു വിദ്യാഭ്യാസം. സൈന്യത്തില്‍ സേവനമനുഷ്ഠിച്ചെങ്കിലും രാജ്യഭരണത്തില്‍ മാറ്റം വരുത്തുന്നതിനെ ഇദ്ദേഹം അനുകൂലിച്ചിരുന്നു. രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ദെസ്തു ദ് ത്രാസി 1792-ല്‍ അതില്‍നിന്നു പിന്‍വാങ്ങുകയും തത്ത്വചിന്തയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. കോണ്‍ഡിലാക്, ജോണ്‍ ലോക്ക് തുടങ്ങിയവരുടെ വീക്ഷണങ്ങള്‍ പഠനവിധേയമാക്കിയശേഷം ഇദ്ദേഹം തന്റെ ആശയ ശാസ്ത്രത്തിനു രൂപംനല്കി. ഇദ്ദേഹത്തിന്റെ അനുയായികള്‍ പൊതുവേ ആശയവാദികള്‍ (Ideologues) എന്നാണ് അറിയപ്പെട്ടിരുന്നത്. എക്കോള്‍ നോര്‍മേല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് നാഷണല്‍ എന്നീ സ്ഥാപനങ്ങളില്‍ ആശയവാദികള്‍ ഗണ്യമായ സ്വാധീനം ചെലുത്തുകയുണ്ടായി.

ദെസ്തു ദ് ത്രാസി, അന്ത്വാന്‍ ലൂയി ക്ളോദ് കോംത്

ആശയങ്ങളെ സംവേദനാനുഭൂതികളായി വിശ്ലേഷണം ചെയ്യുന്നതാണ് ആശയ ശാസ്ത്രം. ഇതില്‍നിന്ന് ഏതെല്ലാം ആശയങ്ങളാണ് അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളവയെന്നും ഏതെല്ലാമാണ് അടിസ്ഥാനരഹിതമായവയെന്നും മനസ്സിലാക്കുവാന്‍ സാധിക്കുന്നു. എല്ലാ ആശയങ്ങള്‍ക്കും ശരീരക്രിയാപരമായ നിര്‍ണായക ഘടകങ്ങള്‍ ഉണ്ടെന്നും ആശയ ശാസ്ത്രം ജന്തുശാസ്ത്രത്തിന്റെ ഒരു ശാഖയാണെന്നും ദെസ്തു ദ് ത്രാസി വാദിച്ചു. ആശയ ശാസ്ത്രം ക്രമേണ തര്‍ക്കശാസ്ത്രത്തിന്റെ സ്ഥാനം കൈയടക്കും എന്നും ഇദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ചിന്ത എന്നാല്‍ ബോധമനസ്സിന്റെ പ്രവര്‍ത്തനങ്ങളാണെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. സംവേദനപരവും വൈകാരികവും ബൌദ്ധികവുമായ എല്ലാ അനുഭവങ്ങളെയും 'വികാരങ്ങള്‍' എന്നാണ് ഇദ്ദേഹം വിശേഷിപ്പിച്ചത്. ഒരു വ്യക്തിക്കു മുമ്പിലുള്ള വിഷയങ്ങളെ സംബന്ധിച്ച അവബോധമാണ് വികാരങ്ങള്‍. ഈ വിഷയങ്ങളാണ് 'ആശയ'ങ്ങളെന്നും സംവേദനങ്ങള്‍, സ്മൃതികള്‍, വിധിനിര്‍ണയങ്ങള്‍, ആഗ്രഹങ്ങള്‍ എന്നിങ്ങനെ നാലുതരം ആശയങ്ങളുണ്ടെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. ബോധമനസ്സ് സക്രിയമാണോ നിഷ്ക്രിയമാണോ എന്ന തര്‍ക്കം അക്കാലത്ത് ഫ്രഞ്ച് തത്ത്വചിന്തകര്‍ക്കിടയില്‍ സജീവമായിരുന്നു. മനസ്സ് നിഷ്ക്രിയമാണെങ്കില്‍, ബാഹ്യലോകത്തിന്റെ അസ്തിത്വത്തില്‍ വിശ്വസിക്കുവാന്‍ കാരണങ്ങളില്ലാതെയാകുന്നു. 'സ്പര്‍ശം' എന്ന ആശയം ബാഹ്യ യാഥാര്‍ഥ്യത്തെക്കുറിച്ച് അറിവ് നല്കുന്നുവെന്ന് ദെസ്തു ദ് ത്രാസി അഭിപ്രായപ്പെട്ടു. ഇതിലൂടെ ഇദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ മനസ്സ് സക്രിയമാണെന്ന സൂചന നല്കുന്നു. ആശയങ്ങളെ അപഗ്രഥിക്കുകയും അടിസ്ഥാനരഹിതമായവയെ തള്ളിക്കളയുകയും ചെയ്യുമ്പോള്‍ മതപരമായ പല വിശ്വാസങ്ങള്‍ക്കും നിലനില്പ് നഷ്ടപ്പെടുമെന്ന് ഇദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇത് നെപ്പോളിയന്റെ വിരോധം പിടിച്ചുപറ്റാന്‍ കാരണമായി.


1836-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍