This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദെഷാം, എവുസ്താഷ് (1346 ? - 1406 ?)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദെഷാം, എവുസ്താഷ് (1346 ? - 1406 ?)

Deshamps,Eustache

ഫ്രഞ്ച് കവി. ഷാംപെയ്നിലെ വെര്‍ട്ടസില്‍ ജനിച്ചു. എവുസ്താഷ് മോറെല്‍ (Eustache the Moor)എന്നും അറിയപ്പെടുന്നു. ഇദ്ദേഹത്തിന്റെ കറുപ്പു നിറമാണ് ഈ പേരിന്റെ ഉത്പത്തിക്കു നിദാനം. പ്രസിദ്ധ ഫ്രഞ്ച് ഗായക കവിയായ ഗുയോം ദ് മാഷോയുടെ സ്യാലനാണ് ദെഷാം എന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. റെയിംസില്‍ മാഷോയുടെ ശിഷ്യനായിരുന്നു ദെഷാം. നിയമപഠനം നടത്തിയശേഷം ചാള്‍സ് അഞ്ചാമന്റെയും ആറാമന്റെയും കീഴില്‍ വിവിധ ഉദ്യോഗങ്ങള്‍ വഹിക്കാന്‍ ഇദ്ദേഹത്തിന് അവസരം ലഭിച്ചു.

ദെഷാം, എവുസ്താഷ്

14-ാം ശ.-ത്തിലെ ഫ്രഞ്ച് ജനജീവിതത്തിന്റെ കലാസുഭഗമായ വര്‍ണനകള്‍കൊണ്ട് സമൃദ്ധമാണ് ദെഷാമിന്റെ കൃതികള്‍. ആയിരത്തിലധികം ബാലാഡുകളും (ballade) മറ്റു കാവ്യവിഭാഗങ്ങളില്‍പ്പെടുന്ന നിരവധി കൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. സ്ത്രീകളെക്കുറിച്ചുള്ള ആക്ഷേപഹാസ്യമെന്നു പറയാവുന്ന ല് മിറ്വാര്‍ ദ് മരിയാഷ് ആണ് ഇക്കൂട്ടത്തില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ചത്. ഫ്രഞ്ച് കാവ്യശാസ്ത്രത്തെക്കുറിച്ചുള്ള ആദ്യ ഗ്രന്ഥം എന്നു ഖ്യാതി നേടിയ ലാര്‍ത് ദ് ദിക്തിയേ (1391) ഇദ്ദേഹത്തിന് സാഹിത്യപണ്ഡിതന്മാര്‍ക്കിടയില്‍ സ്ഥാനം നേടിക്കൊടുത്തു. രണ്ട് ശുഭാന്ത നാടകങ്ങളും ദെഷാമിന്റെ സംഭാവനയായുണ്ട്.

ദെഷാം അന്തരിച്ചത് 1406-ല്‍ ആണെന്നു കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ സമ്പൂര്‍ണ കൃതികള്‍ ക്വോ ദ് സാന്ത്-ഹിലേര്‍ സംശോധനം ചെയ്ത് 1878-1901 കാലഘട്ടത്തില്‍ 10 വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍