This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദെരിദ, ഷാക് (1930 - 2004)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദെരിദ, ഷാക് (1930 - 2004)

Derrida,Jacques

ഫ്രഞ്ച് തത്ത്വചിന്തകന്‍. ഉത്തരാധുനികചിന്തകരില്‍ പ്രമുഖനായ ദെരിദ, അള്‍ജീരിയയില്‍ എല്‍ബ്ലെയറിലെ ഒരു യഹൂദകുടുംബത്തില്‍ 1930 ജൂല. 15-ന് ജനിച്ചു. 1959-ല്‍ പാരിസിലെ പ്രശസ്തമായ 'എക്കോള്‍ നോര്‍മേല്‍ സുപ്പീരിയറി'ല്‍ ഉപരിപഠനത്തിനായി ചേര്‍ന്നു. ഇമ്മാനുവല്‍ ലെവിനാസിന്റെയും പോള്‍ റിക്കോറിന്റെയും വിദ്യാര്‍ഥിയായി ധൈഷണികജീവിതമാരംഭിച്ച ദെരിദ, 1960 മുതല്‍ 64 വരെ സോര്‍ബോണ്‍ സര്‍വകലാശാലയിലും 1964 മുതല്‍ 84 വരെ എക്കോള്‍ നോര്‍മേല്‍ സുപ്പീരിയറിലും തത്ത്വചിന്താവിഭാഗത്തില്‍ അധ്യാപകനായിരുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും വിവിധ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

തത്ത്വചിന്തയിലെ 'അപനിര്‍മാണവാദ'ത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന ദെരിദയുടെ സിദ്ധാന്തങ്ങള്‍ ഉത്തരാധുനിക ചിന്തയുടെ അവിഭാജ്യഭാഗമാണെന്നു കരുതപ്പെടുന്നു. അപനിര്‍മാണമെന്ന ചിന്താപദ്ധതിയുടെ ആവിഷ്കാരത്തെത്തുടര്‍ന്ന് ദെരിദ വളരെയേറെ തെറ്റിദ്ധരിക്കപ്പെടുകയുണ്ടായി. കാരണം, അപനിര്‍മാണവാദത്തെ യൂറോപ്യന്‍-അമേരിക്കന്‍ സര്‍വകലാശാലകളിലെ കലാ-സാഹിത്യ വിഭാഗം അധ്യാപകര്‍ ഒരു സാഹിത്യസിദ്ധാന്തമായി മാത്രമാണ് മനസ്സിലാക്കിയത്. അപനിര്‍മാണമെന്ന പേരില്‍ സാഹിത്യരംഗത്തു പ്രചരിച്ചിട്ടുള്ള വ്യവഹാരവും ദെരിദയുടെ ചിന്തയും തമ്മില്‍ ബന്ധമുണ്ടെങ്കിലും ദെരിദ നടത്തിയ അപഗ്രഥനങ്ങള്‍ക്ക് ദാര്‍ശനികമായ മാനംകൂടി ഉണ്ട് എന്നതാണ് വസ്തുത. പോള്‍ ദ് മാന്റെയും കൂട്ടരുടെയും സാഹിത്യസിദ്ധാന്തങ്ങളും ദെരിദയുടെ തത്ത്വചിന്തയും തമ്മിലുള്ള മൌലികമായ അന്തരത്തെക്കുറിച്ച് 'ഡീകണ്‍സ്ട്രക്ഷന്‍' എന്ന പ്രബന്ധത്തില്‍ റിച്ചാര്‍ഡ് റോര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. 1960-കളുടെ അന്ത്യത്തില്‍ രചിച്ച സ്പീച്ച് ആന്‍ഡ് ഫിനോമിനണ്‍, ഒഫ് ഗ്രാമറ്റോളജി, റൈറ്റിങ് ആന്‍ഡ് ഡിഫറാന്‍സ് എന്നീ കൃതികളിലെ വാദങ്ങളാണ് 'അപനിര്‍മാണ സിദ്ധാന്ത'ത്തിന് ആധാരമായിട്ടുള്ളത്. യൂറോപ്യന്‍ തത്ത്വചിന്തയില്‍ നിര്‍ണായകമായിരുന്ന ഘടനാവാദത്തിന്റെ ന്യൂനതകളെയാണ് ഈ കൃതികളില്‍ ദെരിദ പ്രശ്നവത്കരിച്ചത്. ഓരോ വാക്കും മറ്റൊന്നില്‍നിന്ന് ഭിന്നമാകുന്നതിലൂടെയാണ് അര്‍ഥോത്പാദനം നടക്കുന്നതെന്നു സിദ്ധാന്തിച്ച ദെരിദ, ഈ ഭിന്നതയെ വ്യക്തമാക്കുന്നതിനുവേണ്ടി 'ഡിഫറാന്‍സ്' അഥവാ വ്യതിരേകം (difference എന്നൊരു പരികല്പന ആവിഷ്കരിക്കുകയുണ്ടായി. എന്നാല്‍ ദെരിദയുടെ ഈ സിദ്ധാന്തങ്ങള്‍, ഒരു പുതിയ പാഠവ്യാഖ്യാന സമ്പ്രദായമായും പാരായണമാര്‍ഗമായും ആണ് മനസ്സിലാക്കപ്പെട്ടത്. നീഷെയെയും ഹൈഡഗ്ഗറെയും പിന്തുടര്‍ന്നുകൊണ്ട് പാശ്ചാത്യ അതിഭൗതികവാദത്തിനും സത്താവാദത്തിനുമെതിരെ ആവിഷ്കരിച്ച തത്ത്വചിന്താരീതിയാണ് അപനിര്‍മാണം. അകം/പുറം, പ്രതിഭാസം/യാഥാര്‍ഥ്യം, ശരീരം/ആത്മാവ് തുടങ്ങിയ ദ്വന്ദ്വങ്ങളെ സാധ്യമാക്കുന്നതുതന്നെ അതിഭൌതികവാദത്തിന്റെ സാന്നിധ്യമാണ്. വീണ്ടെടുക്കപ്പെടാനായി കൃതികളില്‍ അര്‍ഥം ഒളിഞ്ഞിരിപ്പുണ്ടെന്നു ചിന്തിക്കുന്നത് അതിഭൌതികവാദത്തിന്റെ രീതിയാണ്. അതിഭൌതികവും അധിഷ്ഠാനവാദപരവുമായ ചിന്താരീതികളില്‍നിന്ന് തത്ത്വചിന്തയെ വിമോചിപ്പിക്കുന്ന ദൗത്യമാണ് ദെരിദ നിര്‍വഹിച്ചത്.

ഷാക് ദെരിദ

ആധുനിക പാശ്ചാത്യചിന്തയുടെ അധിഷ്ഠാനവാദപാരമ്പര്യത്തെ പ്രശ്നവത്കരിക്കുന്നതില്‍ ദെരിദയുടെ പങ്ക് നിര്‍ണായകമാണ്. പ്രബുദ്ധതാപ്രസ്ഥാനത്തിന്റെ ഈടുവയ്പ്പുകളെന്നു കരുതപ്പെടുന്ന 'യുക്തി', 'സാര്‍വത്രികത', 'പുരോഗതി' തുടങ്ങിയ ഗുണങ്ങളെ ചോദ്യംചെയ്ത ഉത്തരാധുനികചിന്തയുടെ രൂപീകരണത്തില്‍ ഇദ്ദേഹത്തിന്റെ സംഭാവന ശ്രദ്ധേയമാണ്. എന്നാല്‍, യൂറോപ്യന്‍ പ്രബുദ്ധതയുടെ രാഷ്ട്രീയ ഉത്പന്നമായ ജനാധിപത്യത്തോട് ദെരിദ പ്രതിബദ്ധനുമാണ്. ആധുനികതയെ സംബന്ധിച്ച് ജര്‍മന്‍ ചിന്തകനായ ഹെബര്‍മാസുമായി ദെരിദയ്ക്കുള്ള വിയോജിപ്പ് രാഷ്ട്രീയമെന്നതിനുപരി സൈദ്ധാന്തികമാണ്. ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തിന് തത്ത്വചിന്താപരമായ അധിഷ്ഠാനങ്ങള്‍ ആവശ്യമില്ലെന്നാണ് ദെരിദ വാദിക്കുന്നത്. ഹെബര്‍മാസുമായുള്ള വിയോജിപ്പിന് അടിസ്ഥാനം ഇതാണ്. ഇക്കാര്യത്തില്‍ 'പ്രാഗ്മാറ്റിസ'ത്തിന്റെ സൈദ്ധാന്തികനായ റിച്ചാര്‍ഡ് റോര്‍ട്ടിയുടെ വീക്ഷണങ്ങളോടാണ് ദെരിദയ്ക്ക് ആഭിമുഖ്യം.

ദെരിദ മുഖ്യമായും എഴുത്തിനെ (writing) കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു ദര്‍ശനമാണ് മുന്നോട്ടുവച്ചത്. പ്ലേറ്റോ മുതല്‍ ലെവിസ്ത്രാസ്സ് വരെയുള്ള ചിന്തകരുടെ രചനകളില്‍ വചനകേന്ദ്രിതമായ (logocentric) യുക്തി എങ്ങനെയാണ് എഴുത്തിനെ അഥവാ ആലേഖനത്തെ പ്രാന്തവത്കരിക്കുന്നതെന്ന് സൂക്ഷ്മവായനയിലൂടെ ദെരിദ വ്യക്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. സ്വനകേന്ദ്രിതവും (phonocentric) വചനകേന്ദ്രിതവുമായ യുക്തി തര്‍ക്കശാസ്ത്രത്തെയും തത്ത്വചിന്തയെയും അതിഭൗതികവാദപരമായ പരിസരത്തിലേക്കാണു നയിച്ചതെന്ന് ദെരിദ ഒഫ് ഗ്രാമറ്റോളജിയില്‍ വാദിക്കുന്നു. അതിഭൌതികവാദത്തിന്റെയും സുനിശ്ചിതസത്യമെന്ന സാമ്പ്രദായിക ദര്‍ശനത്തിന്റെയും പരിമിതി വ്യക്തമാക്കാനാണ് ദെരിദ എഴുത്തിന്റെ തത്ത്വചിന്ത ആവിഷ്കരിച്ചതെന്നു കാണാം. ആശയവാദികളെപ്പോലെ പല ഭൗതികവാദ ചിന്തകള്‍ക്കും അതിഭൗതികവാദത്തിന്റെ പരിസരം ഉല്ലംഘിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ദെരിദ അനാവരണം ചെയ്യുന്നത്. ഭാഷാചിഹ്നങ്ങള്‍ വ്യതിരേകംകൊണ്ട് പ്രവര്‍ത്തിക്കുന്നതായി വാദിക്കുമ്പോഴും ദെരിദ അതിഭൗതികവാദപരമായ നിര്‍ണയവാദത്തെ മറികടക്കാന്‍തന്നെയാണു ശ്രമിക്കുന്നത്.

നൈതികതയെ സംബന്ധിച്ചുള്ള നവീനമായൊരു വീക്ഷണമാണ് അപനിര്‍മാണം മുന്നോട്ടുവയ്ക്കുന്നത്. 'സന്ദിഗ്ധതയുടെ അനുഭവ'മെന്നാണ് ദെരിദ നീതിയെ നിര്‍വചിക്കുന്നത്. 'കേവലമായ അര്‍ഥത്തില്‍ നീതി സാധ്യമല്ലെ'ന്നും ഇദ്ദേഹം നിരീക്ഷിക്കുന്നു. നീതിയുടെ ഈ വൈപരീത്യമാണ് രാഷ്ട്രീയത്തെ അനിവാര്യമാക്കുന്നത്. വാസ്തവത്തില്‍, ഒരു 'നൈതിക ചിന്താരീതി' (ethical mode of thought) എന്ന നിലയ്ക്കാണ് അപനിര്‍മാണ സിദ്ധാന്തം ആവിഷ്കരിക്കുന്നത്. അപനിര്‍മാണത്തിന് രണ്ട് തലങ്ങളുണ്ട്. ഒന്ന്, സന്ദിഗ്ധത; രണ്ട്, തീരുമാനം. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളും ഘടനകളും എപ്പോഴും അനിശ്ചിതവും അസ്ഥിരവുമാണ്. ഘടനാപരമായ ഈ അനിശ്ചിതത്വത്തെ അഭിസംബോധനചെയ്തുകൊണ്ട് നീതി എങ്ങനെ സാധ്യമാക്കാമെന്നാണ് അപനിര്‍മാണം അന്വേഷിക്കുന്നത്. സന്ദിഗ്ധതയും സംഘര്‍ഷവുമില്ലാത്ത ഒരു സന്ദര്‍ഭത്തെക്കുറിച്ച് ചിന്തിക്കുക സാധ്യമല്ല. അതിനാല്‍, നീതി സാധ്യമാകണമെങ്കില്‍ ചില തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. ഈ തീരുമാനങ്ങളാണ് രാഷ്ട്രീയത്തെ അനിവാര്യമാക്കുന്നത്. സന്ദിഗ്ധതയെ ഗൌരവമായിട്ടെടുക്കാതെ രാഷ്ട്രീയ തീരുമാനം സാധ്യമല്ല. കാരണം, ഏതു തീരുമാനത്തിലും തിരഞ്ഞെടുപ്പിലും ബഹിഷ്കരണം അന്തസ്ഥിതമാണ്. ഒന്ന് തീരുമാനിക്കുകയെന്നതിനര്‍ഥം മറ്റൊരു സാധ്യത തള്ളിക്കളയുകയെന്നാണ്. അതിനാല്‍ അന്തിമവും പഴുതുകളില്ലാത്തതുമായ തീരുമാനങ്ങള്‍ അസാധ്യമാണ്. ഏതു രാഷ്ട്രീയതീരുമാനത്തിലും അതിന്റെ വിപരീതശക്തികൂടി അടങ്ങിയിട്ടുണ്ട്. ഈ വൈപരീത്യത്തെയാണ് അപനിര്‍മാണം അപഗ്രഥിക്കുന്നത്.

നൈതികതയെക്കുറിച്ചുള്ള ഇമ്മാനുവല്‍ ലെവിനാസിന്റെ സിദ്ധാന്തങ്ങളെ, അപനിര്‍മാണ സങ്കേതമുപയോഗിച്ച് ദെരിദ പുനരാവിഷ്കരിക്കുകയാണു ചെയ്യുന്നത്. ജ്ഞാനത്തെ നീതിക്കു കീഴ്പ്പെടുത്തുന്ന ചിന്തയാണ് ലെവിനാസിന്റേത്. 'നൈതികത പ്രഥമ തത്ത്വചിന്ത'യാകുന്നുവെന്നാണ് ലെവിനാസിന്റെ വാദം. അപരയോടുള്ള സീമാതീതമായ പ്രതിബദ്ധതയും ഉത്തരവാദിത്വവുമെന്നാണ് ദെരിദ നൈതികതയെ നിര്‍വചിക്കുന്നത്. ദെരിദയുടെ ലെവിനാസിയന്‍ സ്വാധീനത്തെ അരാഷ്ട്രീയമെന്ന് പല ചിന്തകരും വിമര്‍ശിച്ചിട്ടുണ്ട്. നൈതികാനുഭവത്തില്‍നിന്ന് രാഷ്ട്രീയ പ്രയോഗത്തിലേക്കുള്ള പരിവര്‍ത്തനത്തെയാണ് അപനിര്‍മാണം സിദ്ധാന്തിക്കുന്നത്. പൂര്‍ണമായി സ്ഥാപനവത്കരിക്കാനോ സാക്ഷാത്കരിക്കാനോ ആവാത്തതാണ് നീതി. രാഷ്ട്രീയപ്രയോഗങ്ങള്‍ക്കു മാര്‍ഗനിര്‍ദേശം നല്കുകയും എന്നാല്‍ അതിനെ വിമര്‍ശിക്കുകയും ചെയ്യുന്ന ഒരു 'വിമതശബ്ദ'മായി നീതി രാഷ്ട്രീയത്തെ കവിഞ്ഞുനില്ക്കുന്നുവെന്ന് ദെരിദ നിരീക്ഷിക്കുന്നു.

സമൂഹത്തിന്റെയും ജീവിതത്തിന്റെയും സമസ്ത മേഖലകളിലും വിമോചനമൂല്യങ്ങള്‍ ശക്തമായി ഉന്നയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ദെരിദ തന്റെ അവസാനനാളുകളില്‍ നിരന്തരം സൂചിപ്പിച്ചിരുന്നു. ആധുനികതയുടെ മിക്ക അവകാശവാദങ്ങളെയും നിരാകരിക്കുമ്പോള്‍ത്തന്നെ, അതിന്റെ വിമോചന വാഗ്ദാനങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് ദെരിദ വ്യക്തമാക്കിയിട്ടുണ്ട്. 'വരാനിരിക്കുന്ന ജനാധിപത്യം' എന്നാണ് ദെരിദ ഈ വാഗ്ദാനങ്ങളെ വിശേഷിപ്പിക്കുന്നത്. ഭാവിജനാധിപത്യം കൂടുതല്‍ മെച്ചപ്പെട്ടതായിരിക്കുമെന്നല്ല; മറിച്ച്, നടപ്പുജനാധിപത്യത്തെ അവിശ്വസിക്കാനും വിമര്‍ശിക്കാനുമുള്ള ഒരു ഉപാധിയെന്ന നിലയ്ക്കാണ് വരാനിരിക്കുന്ന ജനാധിപത്യമെന്ന സങ്കല്പത്തെ ഇദ്ദേഹം വിവക്ഷിക്കുന്നത്.

ഒരു രചനാസമ്പ്രദായവും സാംസ്കാരിക പ്രവര്‍ത്തനവും എന്ന നിലയ്ക്കാണ് ദെരിദ തത്ത്വചിന്തയെ സമീപിച്ചത്. സ്വത്വം, കര്‍തൃത്വം, ജീവിതം, ലോകം എന്നിവയെക്കുറിച്ചുള്ള പരമ്പരാഗത ആശയങ്ങളെ നിരാകരിച്ച ദെരിദ, അവയെ മനസ്സിലാക്കാനുള്ള പുതിയൊരു താത്ത്വികഭാഷ ആവിഷ്കരിച്ചു. ഇതരവിജ്ഞാനങ്ങളെയും വ്യവഹാരങ്ങളെയും വിലയിരുത്താനുള്ള 'മാസ്റ്റര്‍ ഡിസ്കോഴ്സ്' എന്ന പദവയില്‍നിന്ന് തത്ത്വചിന്തയെ മാറ്റുന്നതില്‍ ദെരിദ വഹിച്ച പങ്ക് സുപ്രധാനമാണ്. ഫെമിനിസം, സൈക്കോഅനാലിസിസ്, സാമൂഹികശാസ്ത്രം, ഭാഷാശാസ്ത്രം, ചരിത്രവിജ്ഞാനം, സംസ്കാരപഠനം തുടങ്ങിയ മേഖലകളെ ഗണ്യമായി സ്വാധീനിക്കാന്‍ ദെരിദയുടെ ചിന്തയ്ക്കു കഴിഞ്ഞിട്ടുണ്ട്.

ദെരിദയുടെ മിക്ക കൃതികളും ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എഡ്മണ്‍ഡ് ഹുസ്സേള്‍സ് ഒറിജിന്‍ ഒഫ് ജ്യോമട്രി: ആന്‍ ഇന്‍ട്രൊഡക്ഷന്‍ (1962), സ്പീച്ച് ആന്‍ഡ് ഫിനോമിനണ്‍ (1967), ഒഫ് ഗ്രാമറ്റോളജി (1967), റൈറ്റിങ് ആന്‍ഡ് ഡിഫറാന്‍സ് (1967), ഡിസ്സെമിനേഷന്‍ (1972), മാര്‍ജിന്‍സ് ഒഫ് ഫിലോസഫി (1972), ഗ്ളാസ്സ് (1986), പൊസിഷന്‍സ് (1982), ദ് പോസ്റ്റ്കാര്‍ഡ് (1987), ദ് ട്രൂത്ത് ഇന്‍ പെയ്ന്റിങ് (1987), ദി ഇയര്‍ ഒഫ് ദി അദര്‍ (1988), ലിമിറ്റഡ് ഇന്‍ക് (1988), ഒഫ് സ്പിരിറ്റ് (1989), ആക്റ്റ്സ് ഒഫ് ലിറ്ററേച്ചര്‍ (1992), ദി അദര്‍ ഹെഡ്ഡിങ്: റിഫ്ളക്ഷന്‍സ് ഓണ്‍ റ്റുഡേയ്സ് യൂറോപ്പ് (1992), അപോറിയാസ് (1993), മെമ്മോയേഴ്സ് ഒഫ് ദ് ബ്ളെന്‍ഡ് (1993), ദ് ഗിഫ്റ്റ് ഒഫ് ഡെത്ത് (1995), അയ്ദിയു (1997), സ്പെക്റ്റേഴ്സ് ഒഫ് മാര്‍ക്സ് (1994) എന്നിവയാണ് ദെരിദയുടെ വിഖ്യാത കൃതികള്‍.

ദെരിദ 2004 ഒ. 8-ന് അന്തരിച്ചു.

(പി.കെ. പോക്കര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍