This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദൃഷ്ടാന്തകഥകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:23, 20 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദൃഷ്ടാന്തകഥകള്‍

Fables


പഞ്ചതന്ത്രം കഥാകഥനം:ഒരു ചിത്രീകരണം
ഇതിഹാസങ്ങളിലോ ഐതിഹ്യങ്ങളിലോ നാടോടിക്കഥകളിലോ ഉള്ളതും മിക്കപ്പോഴും മനുഷ്യരെപ്പോലെ പെരുമാറുന്ന മൃഗങ്ങളോ അമാനുഷരോ കഥാപാത്രങ്ങളായി വരുന്നതുമായ കഥകള്‍. ഏതെങ്കിലും പ്രയോജനപ്രദമായ സന്ദേശത്തെ ഉദ്ദേശിച്ചുള്ള ആഖ്യാനരീതിയാണ് സാധാരണയായി കണ്ടുവരുന്നത്. ദൃഷ്ടാന്തകഥകളുടെ ആഖ്യാനരീതി കാര്യമാത്രപ്രസക്തവും അനാര്‍ഭാടവുമാണ്. രസകരമായ സംഭവകഥകളില്‍ (ഉപാഖ്യാനകഥകള്‍)നിന്നും നാടോടിക്കഥകളില്‍നിന്നും ഇവ തികച്ചും വ്യത്യസ്തമാണ്. ചരിത്രത്തെക്കാള്‍ സാങ്കല്പിക കഥകളാണ് കൂടുതല്‍. ദൃഷ്ടാന്തകഥകളില്‍ ഏതെങ്കിലുമൊരു ഗുണപാഠം കഥകളോട് ഇഴുകിച്ചേര്‍ന്നിരിക്കും. ചിലപ്പോള്‍ കഥയുടെ അവസാനഭാഗത്ത് ഗുണപാഠം എടുത്തുപറയുകയും ചെയ്യും.

ചരിത്രാതീതകാലംമുതല്‍തന്നെ മൃഗങ്ങളെ മനുഷ്യരാക്കി അവതരിപ്പിക്കുന്ന കഥകള്‍ നിലവിലുണ്ടായിരുന്നു. പല സാഹിത്യരചനകളിലും ഇപ്രകാരമുള്ള കഥാപാത്രങ്ങളെ കാണാവുന്നതാണ്. മിക്കവാറും സൂത്രശാലികള്‍ എന്ന ഗണത്തില്‍പ്പെടുത്താവുന്നവയായിരിക്കും ഇത്തരം കഥാപാത്രങ്ങള്‍. പരോപദ്രവികളായ ഇത്തരം കഥാപാത്രങ്ങള്‍ മറ്റുള്ള മൃഗങ്ങളെ ദ്രോഹിക്കുകയും ഒടുവില്‍ സ്വയം വഞ്ചിതരാവുകയും ചെയ്യുന്നതായിട്ടാവും ചിത്രീകരണം.

ആദ്യമൊക്കെ മൃഗങ്ങളാണ് പ്രധാന കഥാപാത്രങ്ങളായിരുന്നതെങ്കില്‍ പിന്നീട് അത് ഒഴിച്ചുകൂടാന്‍ വയ്യാത്തതല്ലാതായി മാറി. മൃഗങ്ങളും മനുഷ്യരുമെല്ലാം കഥാപാത്രങ്ങളാകാം എന്നുവന്നു. ഇതിന് മികച്ച ഉദാഹരണമാണ് സംസ്കൃതഭാഷയില്‍ എഴുതപ്പെട്ട പഞ്ചതന്ത്രം കഥകള്‍. ദൃഷ്ടാന്തകഥകള്‍ക്ക് ഇവ മികച്ച ഉദാഹരണങ്ങളാണ്. ജീവിതത്തെ വിവേകപൂര്‍വം നേരിടുന്നതിനായി 'നീതി പാഠങ്ങള്‍' പഠിപ്പിക്കുകയെന്നതാണ് ഈ കഥകള്‍കൊണ്ട് ലക്ഷ്യമാക്കിയിരിക്കുന്നത്.

ദൃഷ്ടാന്തകഥകളുടെ വായ്ത്താരിവിഭാഗം ഇന്ത്യയില്‍ ആരംഭിച്ചത് ബി.സി. അഞ്ചാം ശ.-ത്തിനു വളരെ മുമ്പാണ്. അക്കൂട്ടത്തില്‍ പലതുമാണ് പിന്നീട് പഞ്ചതന്ത്രം കഥകളായി മാറിയത്. പഞ്ചതന്ത്രം കഥകള്‍ സംസ്കൃതഭാഷയില്‍നിന്ന് എട്ടാം ശ.-ത്തില്‍ 'കലി വാദിംനാബ്' എന്ന പേരില്‍ അറബിഭാഷയിലേക്ക് ഭാഷാന്തരണം ചെയ്യപ്പെട്ടു.

ചൈനയില്‍ ദൃഷ്ടാന്തകഥകളുടെ വികാസത്തെ പാരമ്പര്യചിന്തകള്‍ തടസ്സപ്പെടുത്തി. മൃഗങ്ങള്‍ മനുഷ്യരെപ്പോലെ പെരുമാറുന്നതും ചിന്തിക്കുന്നതുമൊക്കെ സ്വീകരിക്കുന്നതിനെ ചൈനയിലെ പാരമ്പര്യവാദികള്‍ എതിര്‍ത്തു. എങ്കിലും 4-6 ശ.-ങ്ങള്‍ക്കിടയില്‍ ചൈനയിലെ ബുദ്ധമതപ്രചാരകര്‍ അവരുടെ മതപരമായ തത്ത്വങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ബൌദ്ധഭാരതത്തില്‍നിന്ന് ദൃഷ്ടാന്തകഥകള്‍ കടമെടുത്തു.
ഈസോപ്പ്
ഇത്തരത്തില്‍ തയ്യാറാക്കിയ സമാഹാരത്തിന്റെ പേര്‍ ബോയുജിങ് എന്നായിരുന്നു. ജപ്പാനില്‍ 8-ാം ശ.-ത്തിലെ ചരിത്രപുസ്തകങ്ങളായ കോജികി (Records of ancient matters), നിഹോണ്‍ ഷോകി (Chronicles of Japan) എന്നിവ ദൃഷ്ടാന്തകഥകള്‍ ഇഴചേര്‍ത്താണ് തയ്യാറാക്കിയിരുന്നത്. 1192- 1333 കാലത്താണ് ഈ രീതി അതിന്റെ പാരമ്യത്തിലെത്തിയത്.

ദൃഷ്ടാന്തകഥകളിലെ പടിഞ്ഞാറന്‍ പാരമ്പര്യം ആരംഭിച്ചത് ഗ്രീസിലാണ്. ഹെറഡോട്ടസ്സിന്റെ കൃതികളില്‍ ഇതിന് ധാരാളം ഉദാഹരണങ്ങള്‍ കാണാം. ഈസോപ്പാണ് ദൃഷ്ടാന്തകഥകളുടെ കാര്യത്തില്‍ കൂടുതല്‍ പ്രശസ്തന്‍. രണ്ടുപേരും ബി.സി. ആറാം ശ.-ത്തില്‍ ഫ്രീജിയയില്‍ ജീവിച്ചിരുന്നു എന്നും ഈസോപ്പ് സമോസിലെ ഒരു അടിമയായിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. രണ്ട് ശതകങ്ങള്‍ക്കുശേഷം ഈസോപ്പ്കഥകള്‍ സമാഹരിക്കപ്പെട്ടെങ്കിലും ഇന്ന് അത് ലഭ്യമല്ല. ഈസോപ്പിനെ ഒരു ഐതിഹാസിക പുരുഷനായിട്ടാണ് കണക്കാക്കുന്നത്. ഈസോപ്പിന്റെ ദൃഷ്ടാന്തകഥകള്‍ മനുഷ്യരുടെ സാമൂഹിക ഇടപെടലുകള്‍, സമൂഹത്തില്‍ നേരിടേണ്ടിവരുന്ന ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കുമുമ്പില്‍ പകച്ചുനില്ക്കാതെ എങ്ങനെ നേരിടണം എന്നീ കാര്യങ്ങളെപ്പറ്റി ഊന്നിപ്പറയുന്നവയാണ്. ഗ്രീക്ക്സാഹിത്യത്തിലെ ആദ്യകാല ദൃഷ്ടാന്തകഥകള്‍ എന്നറിയപ്പെടുന്നത് ഹെസിയോഡിന്റെ വര്‍ക്ക് ആന്‍ഡ് ഡെയ്സ് ആണ്. കഴുകനും രാപ്പാടിയുമാണ് ഇതിലെ കഥാപാത്രങ്ങള്‍. ബി.സി. അഞ്ചാം ശ.-ത്തിന്റെ ആദ്യഘട്ടങ്ങളിലൊക്കെ ധാരാളം ദൃഷ്ടാന്തകഥകള്‍ പ്രചാരത്തിലുണ്ടായിരുന്നു. സോക്രട്ടീസ് ഇതില്‍ പലതും കവിതാരൂപത്തിലേക്കു മാറ്റുകയുണ്ടായി. ശിക്ഷ കാത്തിരുന്ന സമയത്താണ് അദ്ദേഹം ഈ പ്രവൃത്തിയിലേര്‍പ്പെട്ടിരുന്നത്.

ഏകദേശം ബി.സി. 300-ല്‍ ദിമിത്രിയസ് ഈസോപ്പിന്റെ ദൃഷ്ടാന്തകഥകള്‍ സമാഹരിച്ചു. പ്രഭാഷകര്‍ക്കുവേണ്ടിയാണ് ഇതു ചെയ്തത്. അക്കാലത്ത് മികച്ച പ്രസംഗങ്ങള്‍ക്ക് അലങ്കാരമായി ഉപയോഗിച്ചിരുന്നത് ദൃഷ്ടാന്തകഥകളായിരുന്നു. കവിതാരൂപത്തില്‍ എഴുതപ്പെട്ട ആദ്യകാല കഥകളില്‍ പ്രധാനപ്പെട്ടത് എ.ഡി. ഒന്നാം ശ.-ത്തില്‍ ലാറ്റിന്‍ഭാഷയില്‍ എഴുതിയ ഫീഡ്രസിന്റെ കൃതികളും ഗ്രീക്ക്ഭാഷയില്‍ എഴുതിയ ബാബ്രിയസിന്റെ കൃതികളുമാണ്. ഇവ നവോത്ഥാനകാലഘട്ടത്തില്‍ വ്യാപകമായി അനുകരിക്കപ്പെട്ടു.

മധ്യകാലഘട്ടത്തില്‍ ദൃഷ്ടാന്തകഥകള്‍ ബീസ്റ്റ് എപ്പിക് എന്ന പേരില്‍ വികസിതരൂപം പ്രാപിച്ചു. ഇത്തരം കഥകളില്‍ നായകന്‍, വില്ലന്‍, ഇര മുതലായവരൊക്കെയുണ്ട്. നവോത്ഥാനഘട്ടത്തില്‍ സ്പെന്‍സര്‍ തന്റെ പ്രോസോപോപോയ ഓര്‍ മദര്‍ ഹുബേര്‍ട്സ് ടെയില്‍ (1591) എന്ന കൃതിയില്‍ ഇവ ഉപയോഗിച്ചിരുന്നു.

പരമ്പരാഗതരീതിയിലുള്ള ദൃഷ്ടാന്തകഥകള്‍ അളവില്‍ പരിമിതമാണ്. 17-ാം ശ.-ത്തിലാണ് ഇതിന്റെ പുതിയ രൂപം പൂര്‍ണതയിലെത്തിയത്. ഴാങ് ദെ ലാ ഫോന്റെയിനിന്റെ (Jean de La Fontaine) കൃതിയിലൂടെയാണ് ഫ്രാന്‍സില്‍ ഇത്തരം കഥകള്‍ പ്രശസ്തമായത്. ഇദ്ദേഹത്തിന്റെ കൃതികളിലെ പ്രധാന വിഷയമായി വരുന്നത് മനുഷ്യന്റെ പൊങ്ങച്ചമാണ്. 19-ാം ശ.-ത്തില്‍ കുട്ടികള്‍ക്കായുള്ള സാഹിത്യരചനകള്‍ ആരംഭിച്ചതോടെ ദൃഷ്ടാന്തകഥകള്‍ക്ക് പുതിയ ആസ്വാദകരെ ലഭിച്ചു. ലൂയിസ് കരോള്‍, കെന്നത്ത് ഗ്രഹാം, ബിയാട്രിസ് പോട്ടര്‍ തുടങ്ങിയവര്‍ ഇത്തരത്തില്‍ കുട്ടികള്‍ക്കായുള്ള രചനയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നവരാണ്.

ദൃഷ്ടാന്തകഥകളെ ആധാരമാക്കിയുള്ള ഇന്ത്യന്‍ പോസ്റ്റല്‍ സ്റ്റാമ്പുകള്‍

1759-ല്‍ പ്രസിദ്ധീകരിച്ച ഫാബ്ളിന്‍ എന്ന കൃതിയിലൂടെ ജി.ഇ. ലെസിംഗ് (G.E.Lessing) പഴയകാല ലാളിത്യത്തിലേക്കു തിരിച്ചുപോകാന്‍ ശ്രമം നടത്തി. ജെയിംസ് തര്‍ബറിന്റെ ഹാസ്യാത്മകമായ ഫേബിള്‍സ് ഫോര്‍ ഔവര്‍ ടൈം (1940), ജോര്‍ജ് ഓര്‍വലിന്റെ ആനിമല്‍ ഫാം (1945) എന്നിവ ആധുനിക ദൃഷ്ടാന്തകഥകള്‍ക്ക് ഉദാഹരണങ്ങളാണ്.

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലാണ് അന്യാപദേശ ദൃഷ്ടാന്തകഥകള്‍ ഏറെയും രൂപപ്പെട്ടത്. അതിന്റെ ഭാഗമായ അന്യാപദേശ കഥകളും ഏറ്റവുമധികം വികാസം പ്രാപിച്ചത് ഈ പ്രദേശങ്ങളിലാണ്. ഇന്നും നിലനില്ക്കുന്ന സുമേറിയന്‍ ബാബിലോണിയന്‍ പാരമ്പര്യം ദൃഷ്ടാന്തകഥകള്‍ക്ക് ധാരാളം ഉദാഹരണങ്ങള്‍ നല്കുന്നുണ്ട്. ബൈബിളിലും ഇത്തരം കഥകള്‍ കാണാന്‍ കഴിയും.

(എസ്. സിരോഷ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍