This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദൃഷ്ടാന്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദൃഷ്ടാന്തം

ഒരു അര്‍ഥാലങ്കാരം. ഉപമേയവാക്യത്തിന്റെയും ഉപമാനവാക്യത്തിന്റെയും സാധാരണ ധര്‍മത്തെ അഥവാ വര്‍ണ്യത്തിന്റെയും അവര്‍ണ്യത്തിന്റെയും സാധാരണ ധര്‍മത്തെ ബിംബ പ്രതിബിംബ ഭാവത്തില്‍ അവതരിപ്പിക്കുന്നതാണ് ഈ അലങ്കാരത്തിനു നിദാനം.

'ദൃഷ്ടാന്തമതിനെബ്ബിംബ

പ്രതിബിംബങ്ങളാക്കുകില്‍ '

എന്നു ലക്ഷണവും

'കീര്‍ത്തിശാലി ഭവാന്‍തന്നെ

കാന്തിശാലി സുധാംശുതാന്‍'

എന്ന് ഉദാഹരണവും ഭാഷാഭൂഷണത്തില്‍ നല്കുന്നു. ഇതിലെ ലക്ഷണത്തിലെ രണ്ടാംപദം - 'അതിനെ'- അവര്‍ണ്യവര്‍ണ്യവാക്യങ്ങളിലെ സാധാരണ ധര്‍മത്തെയാണ് ലക്ഷ്യമാക്കുന്നത്. തൊട്ടുമുമ്പു നിര്‍ദേശിച്ച പ്രതിവസ്തൂപമയുടെ ലക്ഷണപദ്യത്തില്‍നിന്ന് ഈ അര്‍ഥം അനുവര്‍ത്തിക്കുന്നു. ('അവര്‍ണ്യവര്‍ണ്യ വാക്യങ്ങള്‍ക്കൊന്നാം ധര്‍മത്തെ വേറെയായ് നിര്‍ദേശിച്ചാലലങ്കാരം പ്രതിവസ്തൂപമാഭിധം').

'ചേത് ബിംബപ്രതിബിംബത്വം

ദൃഷ്ടാന്തസ്തദലംകൃതിഃ'

എന്ന കുവലയാനന്ദത്തിലെ ലക്ഷണപദ്യത്തിലും സാധാരണ ധര്‍മങ്ങളുടെ ബിംബപ്രതിബിംബഭാവേനയുള്ള അവതരണം എന്നുതന്നെയാണ് നിര്‍ദേശിച്ചിരിക്കുന്നത്. ബിംബപ്രതിബിംബഭാവത്തെ ഭാഷാഭൂഷണത്തില്‍ വിവരിച്ചിരിക്കുന്നത് ഇപ്രകാരമാണ്:

'വര്‍ണ്യാവര്‍ണ്യങ്ങള്‍തന്‍ ധര്‍മ

മുണ്‍മയില്‍ ഭിന്നമെങ്കിലും

ബിംബത്തിന്‍ പ്രതിബിംബംപോ-

ലൊന്നുതാനെന്നു സാമ്യതഃ

സങ്കല്പിപ്പതുതാന്‍ ബിംബ-

പ്രതിബിംബത്വമായത്'.

(സാമ്യതഃ = സാമ്യം മൂലം - സാദൃശ്യം മൂലം).

രാജസ്തുതിപരമായ ഉദാഹരണപദ്യഭാഗത്ത് രാജാവാണ് കീര്‍ത്തിശാലി, ചന്ദ്രനാണ് കാന്തിശാലി എന്ന് ഉപമേയവാക്യത്തിലെയും ഉപമാനവാക്യത്തിലെയും സാധാരണധര്‍മങ്ങളെ ബിംബപ്രതിബിംബ ഭാവത്തിലവതരിപ്പിച്ചിരിക്കുന്നു.

'ശിക്ഷിക്കും ശിക്ഷ്യനാം നിന്നെ

രക്ഷിക്കും രക്ഷ്യനാം ദ്വിജം

ഭക്ഷിക്കും ക്ഷീരമേ ഹംസ

പക്ഷീ സക്ഷീരനീരതഃ'

എന്ന് ഭാഷാശാകുന്തളത്തിലെ പദ്യം മറ്റൊരുദാഹരണമായി നല്കിയിട്ടുണ്ട്. ദുഷ്യന്തന്‍ പറയുന്ന വാക്യമാണിത്. മാതലി അദൃശ്യനായി വന്ന് മാഢവ്യബ്രാഹ്മണനെ ആക്രമിച്ച സന്ദര്‍ഭത്തില്‍ മാഢവ്യന്റെ ആക്രന്ദനം കേട്ട് ദുഷ്യന്തന്‍ വില്ലില്‍ അമ്പു തൊടുത്തുകൊണ്ടു പറയുന്നു: 'ശിക്ഷാര്‍ഹനായ നിന്നെ നിശ്ചയമായും ശിക്ഷിച്ച് രക്ഷ്യനായ ദ്വിജനെ രക്ഷിക്കും'. രാജഹംസം പാലില്‍ ചേര്‍ത്തിരിക്കുന്ന വെള്ളത്തെ മാറ്റിനിര്‍ത്തി പാല്‍ മാത്രം ഭക്ഷിക്കുന്നു. ദൃശ്യനായ ദ്വിജനും അദൃശ്യനായ മാതലിയും ദൃശ്യമായ പാലും അദൃശ്യമായ വെള്ളവും ഉപമേയ ഉപമാന വാക്യങ്ങളിലെ ബിംബപ്രതിബിംബ ഭാവത്തിന് മാറ്റുകൂട്ടുന്നു. ഉപമേയ വാക്യത്തില്‍ രക്ഷ്യരക്ഷണവും ഉപമാനവാക്യത്തില്‍ ഭക്ഷ്യഭക്ഷണവുമാണ് സാധാരണ ധര്‍മങ്ങള്‍. ഭാഷാശാകുന്തളത്തിലെതന്നെ മറ്റൊരു പദ്യവും ഉദാഹരണമായി നല്കിയിരിക്കുന്നു:

'പരമതനുശരീരേ! ത്വാം തപിപ്പിച്ചിടുന്നൂ

പരമതനുരജസ്രം മാം ദഹിപ്പിച്ചിടുന്നൂ

പരവശതദിനത്താലമ്പിളിക്കെത്രയുണ്ടോ

പരഭൃതമൊഴി! പാര്‍ത്താലാമ്പലിന്നത്രയില്ല.'

സൂര്യാഗമനത്തോടെ ചന്ദ്രന്‍ നിശ്ശേഷം മായുന്നു, ആമ്പലാകട്ടെ കൂമ്പുകമാത്രമേ ചെയ്യുന്നുള്ളൂ എന്ന ഉപമാനവാക്യത്തിലെ സാധാരണധര്‍മം നിന്നെ ദുഃഖിപ്പിച്ച് കൃശഗാത്രിയാക്കിയ കാമദേവന്‍ അതിലെത്രയോ കൂടുതലായി എന്നെ എപ്പോഴും ദഹിപ്പിച്ചുകൊണ്ടിരിക്കുന്നു എന്ന ഉപമേയവാക്യത്തിലെ സാധാരണ ധര്‍മവുമായാണ് പ്രതിബിംബ ബിംബഭാവം കൈക്കൊള്ളുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍