This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദൂബ്ചെക്ക്, അലക്സാണ്ടര്‍ (1921 - 92)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദൂബ്ചെക്ക്, അലക്സാണ്ടര്‍ (1921 - 92)

Dubcek,Alexander

മുന്‍ ചെക്കോസ്ലോവാക്യയിലെ കമ്യൂണിസ്റ്റ് നേതാവ്. 1921-ല്‍ പടിഞ്ഞാറന്‍ സ്ലോവാക്യയില്‍ ജനിച്ചു. 1925-ല്‍ ദൂബ്ചെക്കിന്റെ കുടുംബം മുന്‍ സോവിയറ്റ് യൂണിയനിലേക്കു കുടിയേറി. അവിടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ഒരു സഹകരണ വ്യവസായ സ്ഥാപനത്തില്‍ ഫിറ്ററായി ജോലി ചെയ്തു. 1938-ല്‍ വീണ്ടും ചെക്കോസ്ളോവാക്യയിലേക്കു മടങ്ങിയ ദൂബ്ചെക്ക് അടുത്ത വര്‍ഷം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1944-ല്‍ സ്ളോവാക്യയിലെ നാസി പാവഗവണ്മെന്റിനെതിരായി നടന്ന ഗറില്ലാ സമരത്തില്‍ സജീവമായി പങ്കെടുത്തു. 1951-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായ ഇദ്ദേഹം 1955 മുതല്‍ 58 വരെ മോസ്കോയില്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ സ്കൂളില്‍ പഠിച്ചു. 1960-62 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിമാരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട ദൂബ്ചെക്കിന് 1968-ല്‍ ഒന്നാം സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചു.

ദൂബ്ചെക്ക്, അലക്സാണ്ടര്‍

ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഉദാരചിന്താഗതിക്കാരുടെ ശക്തനായ വക്താവായിരുന്നു ദൂബ്ചെക്ക്. ചെക്കോസ്ലോവാക്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്റ്റാലിനിസ്റ്റ് പ്രത്യയശാസ്ത്ര സ്വാധീനത്തില്‍നിന്നു മോചിപ്പിക്കുന്നതിനുവേണ്ടി ആശയസമരത്തിലേര്‍പ്പെട്ട ഇദ്ദേഹം സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മര്‍ദ തന്ത്രങ്ങള്‍ക്കു വഴങ്ങാന്‍ തയ്യാറായില്ല. 1969-ല്‍ സോവിയറ്റ് പട്ടാളം ചെക്കോസ്ളോവാക്യയെ ആക്രമിച്ചു. സോവിയറ്റ് അധിനിവേശത്തിനെതിരെ നടന്ന ജനാധിപത്യ പ്രക്ഷോഭത്തിനു നേതൃത്വം നല്കിയത് ദൂബ്ചെക്കായിരുന്നു. 'ചെക്ക് വസന്തം' എന്നറിയപ്പെടുന്ന ഈ പ്രസ്ഥാനത്തിന് നേതൃത്വം വഹിച്ച ദൂബ്ചെക്ക് ലോകപ്രശസ്തനായിത്തീര്‍ന്നു. എന്നാല്‍, ചെക്കോസ്ളോവാക്യന്‍ ജനതയുടെ ജനാധിപത്യ പ്രക്ഷോഭത്തെ സൈനികമായി അടിച്ചമര്‍ത്തിയ സോവിയറ്റ് നേതൃത്വം 1969-ല്‍ ദൂബ്ചെക്കിനെ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് നിര്‍ബന്ധിച്ച് രാജിവയ്പ്പിച്ചു. 1970-ല്‍ തുര്‍ക്കിയിലെ അംബാസഡറായി നിയമിതനായ ഇദ്ദേഹം പിന്നീട് സ്ളോവാക്ക് വനംവകുപ്പിലാണ് പ്രവര്‍ത്തിച്ചത്. 1989-ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്ന് വീണ്ടും ചെക്കോസ്ളോവാക്യയില്‍ ജനാധിപത്യ പ്രക്ഷോഭം സജീവമായി. ഈ പ്രക്ഷോഭത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച ദൂബ്ചെക്ക്, ഫെഡറല്‍ പാര്‍ലമെന്റിന്റെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. ചെക്കോസ്ളോവാക്യയുടെ വിഭജനത്തെ ദൂബ്ചെക്ക് എതിര്‍ത്തിരുന്നു.

1992-ല്‍ ഒരു കാറപകടത്തെത്തുടര്‍ന്ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍