This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദുഷ്യന്തന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദുഷ്യന്തന്‍

പുരാണപ്രസിദ്ധനായ ചന്ദ്രവംശ രാജാവ്. വംശാവലി ഇപ്രകാരമാണ്: വിഷ്ണുവില്‍നിന്ന് അനുക്രമമായി ബ്രഹ്മാവ്-അത്രി-ചന്ദ്രന്‍-ബുധന്‍-പുരൂരവസ്സ്-ആയുസ്സ്-നഹുഷന്‍-യയാതി-പുരു-ജനമേജയന്‍-പ്രാചീന്വാന്‍-പ്രവീരന്‍-നമസ്യു-വീതഭയന്‍-ശുണ്ഡു-ബഹുവിപന്‍-സംയാതി-രഹോവാദി-രൌദ്രാശ്വന്‍-മതിനാരന്‍-സന്തുരോധന്‍-ദുഷ്യന്തന്‍. എന്നാല്‍ ദുഷ്യന്തന്റെ പിതാവ് ഈളിയും മാതാവ് രഥന്ധരിയുമാണെന്ന് മഹാഭാരതം ആദിപര്‍വത്തില്‍ പരാമര്‍ശം കാണുന്നു. സന്തുരോധനും ഈളിയും ഒരാള്‍തന്നെ ആയിരിക്കാമെന്ന് ഗ്രന്ഥകാരന്‍ ഊഹിക്കുന്നുമുണ്ട്. ദുഷ്യന്തന്‍ രാജ്യം സമുദ്രതീരം വരെ വിസ്തൃതമാക്കി അസൂയാര്‍ഹമാംവിധം രാജ്യഭരണം നടത്തിവന്നു. ഒരിക്കല്‍ ചതുര്‍വര്‍ഗപ്രധാനികളോടൊപ്പം നായാട്ടിനുപോയി, ഗരുഡവേഗത്തില്‍ പായുന്ന രഥത്തില്‍ സഞ്ചരിക്കവേ ഒരു മാന്‍പേടയെ പിന്തുടര്‍ന്ന് മാലിനീ നദീതീരത്തുള്ള കണ്വമുനിയുടെ തപോവനത്തിലെത്തിച്ചേര്‍ന്നു. തപോവനഭംഗി ആസ്വദിച്ച് മുന്നോട്ടുനീങ്ങിയ രാജാവ് ആശ്രമത്തില്‍ ആരുണ്ട് എന്ന് അന്വേഷിക്കുകയും കണ്വന്റെ വളര്‍ത്തുപുത്രിയായ ശകുന്തള രാജാവിന് അതിഥിസല്ക്കാരം ചെയ്യുകയുമുണ്ടായി. ശകുന്തളയുടെ രൂപലാവണ്യത്തില്‍ ആകൃഷ്ടനായ ദുഷ്യന്തന്‍ പൂര്‍വവൃത്താന്തങ്ങള്‍ സഖിമാരായ അനസൂയാ-പ്രിയംവദമാരില്‍നിന്ന് അന്വേഷിച്ച് അറിയുകയും ശകുന്തളയില്‍ അനുരാഗം തോന്നുകയും ധര്‍മശാസ്ത്രവിധിപ്രകാരം ഗാന്ധര്‍വ വിവാഹം കഴിക്കുകയും ചെയ്തു. രാജാവ് ശകുന്തളയെ ചതുരംഗപ്പടയെ അയച്ച് കൊട്ടാരത്തിലേക്കു കൊണ്ടുപൊയ്ക്കൊള്ളാമെന്ന് വാഗ്ദാനം നല്കി തന്റെ മുദ്രമോതിരം അണിയിച്ചശേഷം തിരികെപ്പോയി.

ശകുന്തളയില്‍നിനന്നു ജലം സ്വീകരിക്കുന്ന ദുഷ്യന്തന്‍:പെയിന്റിങ്

ആശ്രമത്തില്‍ മടങ്ങിവന്ന കണ്വമുനി ദിവ്യദൃഷ്ടികൊണ്ട് സംഭവിച്ചതെല്ലാം അറിയുകയും വളര്‍ത്തുപുത്രിയില്‍ യോഗ്യനായ ഒരു പുത്രന്‍ ജനിക്കുമെന്നും അവന്‍ ഈ ഭൂമിയെ ഭരിക്കുമെന്നും അനുഗ്രഹിക്കുകയും ചെയ്തു. ശകുന്തള യഥാകാലം പ്രസവിച്ചു. കണ്വന്‍ ജാതകര്‍മാദികളെല്ലാം ചെയ്ത് ശിശുവിന് സര്‍വദമനന്‍ എന്നു നാമകരണം ചെയ്തു. കുട്ടിക്ക് ആറ് വയസ്സായിട്ടും മഹാരാജാവ് ശകുന്തളയെയും പുത്രനെയും കൂട്ടിക്കൊണ്ടുപോകാനായി ആളയച്ചില്ല. ആശ്രമത്തില്‍ താമസിപ്പിക്കുന്നത് കുട്ടിയുടെ ഉത്കര്‍ഷത്തിനു തടസ്സമാകുമെന്നു കരുതിയ മുനി ശിഷ്യന്മാരെ കൂട്ടി ശകുന്തളയെയും പുത്രനെയും ഹസ്തിനപുരത്ത് ദുഷ്യന്തന്റെ രാജധാനിയിലേക്ക് അയച്ചു. അവര്‍ കൊട്ടാരത്തില്‍ എത്തി വിവരം അറിയിച്ചെങ്കിലും ശകുന്തളയെ വേട്ട കാര്യം ഓര്‍മിക്കുന്നില്ലെന്നു പറഞ്ഞ് ദുഷ്യന്തന്‍ അവരെ പരിത്യജിച്ചു. രാജാവും ശകുന്തളയും തമ്മില്‍ ഉഗ്രമായ വാദപ്രതിവാദങ്ങള്‍ നടന്നു. ഒടുവില്‍ വികാരാവിഷ്ടയും അതീവദുഃഖിതയുമായ ശകുന്തള കൊട്ടാരം വിട്ടുപോകാന്‍ തുടങ്ങുമ്പോള്‍ 'ശകുന്തളയെ ദുഷ്യന്തന്‍ വിവാഹം കഴിച്ചതാണെന്നും സര്‍വദമനന്‍ ദുഷ്യന്തപുത്രനാണെന്നും അവന്‍ ഭരതനെന്ന പേരില്‍ പ്രസിദ്ധനാകുമെന്നും' ഉള്ള അശരീരി ഉണ്ടായി. ഇതനുസരിച്ച് ദുഷ്യന്തന്‍ ശകുന്തളയെയും പുത്രനെയും സ്വീകരിക്കുന്നു. മഹാഭാരതത്തില്‍ വര്‍ണിക്കുന്ന കഥ ഇപ്രകാരമാണ്. കാളിദാസന്‍ ഇതില്‍ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. മറ്റു പല ഗ്രന്ഥങ്ങളിലും കഥയ്ക്ക് വ്യതിയാനങ്ങള്‍ കാണുന്നുണ്ട്. പുരുവംശത്തില്‍ ജനിച്ച അജമീഢ രാജാവിന്റെ പുത്രനായ ദുഷ്യന്തനെപ്പറ്റി പുരാണത്തില്‍ പരാമര്‍ശമുണ്ട്. പാഞ്ചാലരാജാവ് എന്ന് ഈ ദുഷ്യന്തനെയും വ്യവഹരിച്ചു കാണുന്നുണ്ട്. ദുഷ്യന്തന്റെ കഥ ഇതിവൃത്തമായുള്ള ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രസിദ്ധം കാളിദാസന്റെ അഭിജ്ഞാന ശാകുന്തളമാണ്. ഗാന്ധര്‍വ വിധിപ്രകാരം ശകുന്തളയെ പരിണയിച്ച ദുഷ്യന്തന്‍ പിന്നീട് അതു വിസ്മരിച്ചത് തന്നെ സത്കരിക്കാന്‍ മറന്ന ശകുന്തളയെ ദുര്‍വാസാവു മഹര്‍ഷി ശപിച്ചതുമൂലമാണ് എന്ന് കാളിദാസന്‍ കഥാംശത്തില്‍ വ്യതിയാനം വരുത്തുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍