This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദുര്‍ഗാപ്രസാദ് ഖത്രി (1895 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദുര്‍ഗാപ്രസാദ് ഖത്രി (1895 - )

ഹിന്ദി നോവലിസ്റ്റ്. ദേവകീ നന്ദന്‍ ഖത്രിയാണ് പിതാവ്. ഹിന്ദി നോവല്‍ പ്രസ്ഥാനത്തിന്റെ ആരംഭകാലത്തെ പ്രമുഖ വ്യക്തികളിലൊരാളാണ് ദുര്‍ഗാപ്രസാദ് ഖത്രി. ദേവകീനന്ദന്‍ ഖത്രിയും പുത്രന്‍ ദുര്‍ഗാപ്രസാദ് ഖത്രിയും ജനങ്ങള്‍ വളരെ ഇഷ്ടപ്പെട്ട കുറെയേറെ നോവലുകള്‍ എഴുതിയിട്ടുണ്ട്.

ഇടപ്രഭുക്കന്മാര്‍, രാജാവ്-റാണി, മന്ത്രവാദി തുടങ്ങിയവരെപ്പറ്റിയുള്ള കഥകളാണ് ദേവകീനന്ദന്‍ ഖത്രി അധികവും എഴുതിയത്. ഇദ്ദേഹം നോവല്‍ പ്രസിദ്ധീകരിക്കാന്‍ ഒരു മാസികതന്നെ തുടങ്ങി. അതില്‍ തുടര്‍ച്ചയായി നോവലുകള്‍ എഴുതി. അവയില്‍ ഭൂതനാഥ് എന്ന തുടര്‍നോവലിന്റെ ഏഴുഭാഗങ്ങളേ അദ്ദേഹത്തിനു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുള്ളൂ. മകന്‍ ദുര്‍ഗാപ്രസാദ് ഖത്രിയാണ് എട്ടാം ഭാഗം മുതല്‍ 21-ാം ഭാഗം വരെ എഴുതി പൂര്‍ത്തിയാക്കിയത്. ദുര്‍ഗാപ്രസാദ് ഖത്രിയോടൊപ്പം കിശോരീലാല്‍ ഗോസ്വാമി, ഗോപാല്‍ റാം ഗഹ്മരീ എന്നിവരും നോവല്‍ മാസികകള്‍ നടത്തിവന്നവരാണ്.

ദുര്‍ഗാപ്രസാദ് ഖത്രി അച്ഛന്റെ പാത തന്നെയാണു പിന്തുടര്‍ന്നത്. ഇദ്ദേഹത്തിന്റെ നോവലുകളില്‍ അദ്ഭുത സംഭവങ്ങളുടെ ചിത്രീകരണം സുലഭമായിരുന്നു. എങ്കിലും ആധുനിക കഥാസാഹിത്യത്തിലെപ്പോലെ വിശ്വസനീയത കുറെയൊക്കെ ഉണ്ടായിരുന്നു. ദുര്‍ഗാപ്രസാദ് ഖത്രിയുടെ നോവലുകളില്‍ ലാല്‍ഖംഗാ, രക്തമണ്ഡല്‍, സഫേദ് ശൈതാന്‍ തുടങ്ങിയവ പ്രസിദ്ധമാണ്. ആ നോവലുകളില്‍ പല സവിശേഷതകളും കാണാം. പല നോവലുകളിലും ഒരേകഥാപാത്രംതന്നെ ഉണ്ടായിരിക്കും. ഗോപാല്‍ ശങ്കര്‍ അത്തരത്തിലുള്ള ഒരു കഥാപാത്രമാണ്.

ദേവകീനന്ദന്‍ ഖത്രിയുടെ നോവലുകളിലുള്ളതിനെക്കാള്‍ വിസ്തരിച്ചുള്ള കഥാകഥനം ദുര്‍ഗാപ്രസാദിന്റെ നോവലുകളില്‍ കാണാം. വിപ്ളവാശയങ്ങളും ദേശസ്നേഹികളായ കഥാപാത്രങ്ങളും അവയില്‍ ഉണ്ട്. ആ കഥാപാത്രങ്ങള്‍ വിദേശാധിപത്യത്തിനെതിരെ ആക്രോശിക്കുന്നു. അവരുടെ സംഭാഷണങ്ങളിലും ദേശസ്നേഹത്തിന്റെ സ്വരം ഉയര്‍ന്നു കേള്‍ക്കാം.

(ഡോ. എന്‍.ഇ. വിശ്വനാഥയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍