This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദുര്‍ഗസിംഹ (11-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:23, 20 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദുര്‍ഗസിംഹ (11-ാം ശ.)

കന്നഡ കവി. പഞ്ചതന്ത്രകഥകള്‍ കന്നഡയില്‍ പുനരാഖ്യാനം ചെയ്ത ഇദ്ദേഹം 11-ാം ശ.-ത്തിന്റെ ആദ്യപകുതിയില്‍ ജീവിച്ചിരുന്നു. ഈശ്വരരായരുടെയും രേവകബ്ബയുടെയും മകനായ ദുര്‍ഗസിംഹ ഗൗതമ ഗോത്രജന്‍ ആയിരുന്നു. സയ്യാദി അഗ്രഹാരത്തിലാണു വസിച്ചിരുന്നത്. ചാലൂക്യരാജാവ് ജഗദേകമല്ല ജയസിംഹന്റെ (1015-42) സേനാപതിയായിരുന്നു. സന്ന്യാസിവര്യനായ ശങ്കരഭട്ട ആയിരുന്നു ഗുരു. ദുര്‍ഗസിംഹന്റെ മുത്തച്ഛന്‍ ദുര്‍ഗമയ്യ നാരായണഭക്തനായിരുന്നു. എന്നാല്‍ ദുര്‍ഗസിംഹന്‍ 'ഭവാനിവല്ലഭ' (ശിവ) ഭക്തനായിരുന്നു. നിരവധി ഹരിഹര ക്ഷേത്രങ്ങള്‍ ഇദ്ദേഹം പണികഴിപ്പിച്ചു. വിഷ്ണുവിനെയും ശിവനെയും ഇദ്ദേഹം ഒരുപോലെ ആരാധിച്ചിരുന്നു എന്നതിന് വേണ്ടത്ര തെളിവുകളുണ്ട്.

പഞ്ചതന്ത്രത്തിന്റെ രചന 1025-ല്‍ ആരംഭിച്ചു എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1031 മാ. 8-നാണ് രചന ആരംഭിച്ചതെന്ന് ഗോവിന്ദ പൈ പ്രസ്താവിച്ചിരിക്കുന്നു. പഞ്ചതന്ത്രം ഒന്നുകൊണ്ടുമാത്രം കന്നഡ സാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടാന്‍ ദുര്‍ഗസിംഹനു കഴിഞ്ഞു.

ദുര്‍ഗസിംഹന്റെ പഞ്ചതന്ത്രത്തിന് പല സവിശേഷതകളുമുണ്ട്. സംസ്കൃതത്തില്‍ പ്രചാരമുള്ള പഞ്ചതന്ത്രം വിഷ്ണുശര്‍മന്റേതാണ്. എന്നാല്‍ ദുര്‍ഗസിംഹന്റെ പഞ്ചതന്ത്രത്തില്‍ വിഷ്ണുശര്‍മന്റെ പേര് പരാമര്‍ശിക്കുന്നതേ ഇല്ല. വാസുഭാഗഭട്ട രചിച്ച പഞ്ചതന്ത്രത്തെ ആധാരമാക്കിയാണ് താന്‍ കന്നഡയില്‍ പഞ്ചതന്ത്രം രചിക്കാന്‍ പോകുന്നതെന്ന് ദുര്‍ഗസിംഹന്‍ സൂചിപ്പിച്ചിട്ടുണ്ട്. ഗുണാഢ്യന്‍ പൈശാചീഭാഷയില്‍ എഴുതിയ ബൃഹല്‍ക്കഥയിലെ അഞ്ച് കഥകളെ ആധാരമാക്കിയാണ് വാസുഭാഗഭട്ട പഞ്ചതന്ത്രം രചിച്ചത്.

വാസുഭാഗഭട്ടയെക്കുറിച്ച് ആദ്യമായി പരാമര്‍ശിച്ചത് ദുര്‍ഗസിംഹ ആണ്. കന്നഡ പഞ്ചതന്ത്രത്തിന്റെ കഥാഗാത്രത്തില്‍ ജൈനമതസിദ്ധാന്തങ്ങള്‍ ധാരാളമുണ്ട് എന്നതും ഒരു പ്രത്യേകതയാണ്. മൂലകൃതിയിലും ജൈനമത തത്ത്വങ്ങള്‍ ധാരാളമുണ്ടായിരുന്നു എന്ന നിഗമനത്തിലാണ് ഗവേഷകര്‍ എത്തിയിട്ടുള്ളത്. വിഷ്ണുശര്‍മന്‍ രചിച്ച പഞ്ചതന്ത്രത്തിലില്ലാത്ത പല കഥകളും ദുര്‍ഗസിംഹന്റെ പഞ്ചതന്ത്രത്തിലുണ്ട്. കന്നഡ പഞ്ചതന്ത്രത്തിലെ ജൈനമത സ്വാധീനം വിഷ്ണുശര്‍മന്റെ പഞ്ചതന്ത്രത്തിലില്ല. ദുര്‍ഗസിംഹന്റെ പഞ്ചതന്ത്രത്തില്‍ പദ്യത്തെക്കാള്‍ ഗദ്യത്തിനാണു സ്ഥാനം. നിലവിലുള്ള പല ചമ്പൂകാവ്യങ്ങളില്‍നിന്ന് ഭിന്നമായ ആഖ്യാനശൈലിയാണ് ദുര്‍ഗസിംഹന്‍ സ്വീകരിച്ചിരിക്കുന്നത്. കന്നഡ പഞ്ചതന്ത്രം പരിശോധിച്ചാല്‍ ഒരു ഉത്തമ വിവര്‍ത്തകനും പുനരാഖ്യാതാവിനും ഉണ്ടായിരിക്കേണ്ട പാണ്ഡിത്യവും പ്രതിഭയും ദുര്‍ഗസിംഹന് ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാം. പദ്യം പ്രൌഢ സംസ്കൃതപദബഹുലമായ ശൈലിയിലും ഗദ്യം ലളിതവും സാധാരണജനങ്ങളുടെ ഭാഷയോടടുത്തതുമായ ശൈലിയിലുമാണ് രചിച്ചിട്ടുള്ളത്. ദുര്‍ഗസിംഹന്റെ പഞ്ചതന്ത്രത്തിന് നിരവധി വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്.

(എം.ആര്‍. വിജയനാഥപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍