This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദുഗ്ധഫേനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:33, 20 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദുഗ്ധഫേനി

Blow ball

ആസ്റ്റെറേസീ (Asteraceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധി. ശാസ്ത്രനാമം: ടരക്സാക്കം ഒഫീസിനേല്‍ (Taraxacum officiale). സംസ്കൃതത്തില്‍ ദുഗ്ധഫേനി, പയസ്വിനി എന്നീ പേരുകളില്‍ അറിയപ്പെടുന്നു.

ഇന്ത്യയില്‍ 300-5400 മീ. ഉയരമുള്ള കുന്നിന്‍പ്രദേശങ്ങളിലാണ് ദുഗ്ധഫേനി വളരുന്നത്. ചിരസ്ഥായിയായ ഈ ഓഷധിയുടെ നാരായവേര് കട്ടിയേറിയതാണ്. സസ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പാല്‍പോലെയുള്ള കറ (latex) ഉണ്ടായിരിക്കും. ഇലകള്‍ മൂലജ(radical)ങ്ങളാണ്; ഇലഞെടുപ്പ് വളരെ ചെറുതായിരിക്കും. വിവിധ ആകൃതിയില്‍ കാണപ്പെടുന്ന ഇലകള്‍ വീതി കുറഞ്ഞ് നീളം കൂടിയതും ദീര്‍ഘപിച്ഛാകാര(pinnatifid)ത്തിലുള്ളതുമായിരിക്കും. ദന്തുരമായ ഇലപ്പാളികള്‍ രേഖീയവും ത്രികോണാകൃതിയിലുള്ളതുമാണ്.

ദുഗ്ധഫേനി

ജിഹ്വിത ഹെഡ് (ligulate head) പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങള്‍ക്ക് മഞ്ഞനിറമാണ്. കായ്കള്‍ തിളക്കമുള്ള അക്കീനുകളാണ്. വിത്ത് പരന്നതും അരികുകള്‍ പാളികള്‍പോലെ ചെറുതായി വിഭജിക്കപ്പെട്ടിരിക്കുന്നതുമാണ്. വിത്തിന്റെ മുന്‍പകുതി മുള്ളുപോലെ രൂപാന്തരപ്പെട്ടിരിക്കുന്നതും അറ്റത്ത് വെളുത്ത രോമഗുച്ഛം ഉള്ളതുമാണ്.

ദുഗ്ധഫേനി സസ്യം സമൂലം ഔഷധമായുപയോഗിക്കുന്നു. കഫം, വാതം, പിത്തം, അള്‍സറുകള്‍, ക്ഷയം, ഉദരരോഗങ്ങള്‍, വിര, മലബന്ധം, നാഡീരോഗങ്ങള്‍, പനി, ത്വഗ്രോഗങ്ങള്‍, കുഷ്ഠം, സന്ധിവാതം, സന്ധിവീക്കം, മഞ്ഞപ്പിത്തം, കരള്‍രോഗങ്ങള്‍, ക്ഷീണം തുടങ്ങിയവയ്ക്ക് ഔഷധങ്ങളുണ്ടാക്കാനാണ് ഈ ഔഷധി പ്രധാനമായും ഉപയോഗിക്കുന്നത്. കയ്പുരസമുള്ള ഈ സസ്യത്തിന്റെ ചാറ് ദഹനത്തെ ത്വരിതപ്പെടുത്തുകയും കൃമിയെ നശിപ്പിക്കുകയും ചെയ്യുന്നു. വിരേചനൌഷധമായും ഇത് ഉപയോഗിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍