This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദീപാവലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദീപാവലി

അഖിലേന്ത്യാതലത്തില്‍ ആഘോഷിക്കപ്പെടുന്ന ഹൈന്ദവോത്സവം. വ്യത്യസ്ത പ്രദേശങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ആഘോഷങ്ങള്‍ നടക്കുന്നതെങ്കിലും ഏതെങ്കിലും രീതിയില്‍ വെളിച്ചത്തിന്റെ ഒരുത്സവമായി ഇത് കരുതപ്പെടുന്നുണ്ട്. ദീപങ്ങളുടെ കൂട്ടം (ദീപ + ആവലി) എന്നാണ് ദീപാവലി എന്ന വാക്കിന് അര്‍ഥം. പല ദിക്കിലും ദീപങ്ങള്‍ കത്തിച്ചാണ് ദീപാവലി ആഘോഷിക്കുന്നത്.

ദീപാവലിക്ക് നരകചതുര്‍ഥി എന്ന പേര് ചില പ്രദേശങ്ങളിലുണ്ട്. ദീവാലി എന്ന പേരാണ് ഉത്തരേന്ത്യയിലുള്ളത്. മലയാളത്തില്‍ 'ദീവാലി' എന്നത് 'ദീവാളി കുളിക്കുക' (എല്ലാം ചെലവു ചെയ്ത് തീര്‍ക്കുക) എന്ന ശൈലിയില്‍ക്കാണാം.

ഒരു ഉത്തരേന്ത്യന്‍ ഭവനത്തിലെ ദീവാലിപൂജ

തുലാമാസ(ഒക്ടോബര്‍-നവംബര്‍)ത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി തിഥിയാണ് ദീപാവലിയായി കൊണ്ടാടുന്നത്. ഒരു വ്രതാനുഷ്ഠാനംപോലെ ആരംഭിക്കുകയും പില്ക്കാലത്ത് ഉത്സവമായി മാറുകയും ചെയ്തു എന്നു കരുതപ്പെടുന്നു. ഇതിനു പിന്നിലുള്ള വിശ്വാസം പ്രധാനമായും മൂന്ന് രീതിയിലാണ്.

ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ സ്മരണ നിലനിര്‍ത്തുന്നതിനാണ് ദീപാവലി ആഘോഷിക്കുന്നത് എന്നാണ് ഒരു വിശ്വാസം. നരകാസുരന്റെ അതിക്രമങ്ങള്‍ അനുദിനം കൂടുകയും ദേവലോകത്തുവരെ അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തപ്പോള്‍ ശ്രീകൃഷ്ണഭഗവാന്‍ സത്യഭാമയോടൊന്നിച്ച് ഗരുഡാരൂഢനായി പ്രാഗ്ജ്യോതിഷമെന്ന നരകാസുര രാജ്യത്തിലെത്തി. യുദ്ധത്തില്‍ നരകനെ വധിക്കുകയും അയാള്‍ തടവിലാക്കിയിരുന്ന 16,000 സ്ത്രീകളെ മോചിപ്പിക്കുകയും ചെയ്തു. ആ സ്ത്രീകള്‍ വിളക്കുകള്‍ കത്തിച്ച് ഭഗവാനോട് സന്തോഷം അറിയിച്ചുവത്രെ. ഈ സ്ത്രീകളെയും ചേര്‍ത്താണ് ശ്രീകൃഷ്ണന് 16,008 ഭാര്യമാരുണ്ടെന്ന പുരാവൃത്തം ഉണ്ടായതെന്നും അഭിപ്രായമുണ്ട്.

വാമനന്‍ മഹാബലിയെ പാതാളത്തില്‍ ചവുട്ടിത്താഴ്ത്തിയ ദിനമാണ് ദീപാവലിയായി ആഘോഷിക്കുന്നതെന്ന ഒരു വിശ്വാസവും കേരളത്തില്‍ നിലനില്ക്കുന്നു.

ഉത്തരേന്ത്യക്കാര്‍ക്ക് ദീപാവലി രാവണവധം നടന്നതിന്റെ സ്മരണ പുതുക്കലാണ്. രാവണവധാനന്തരം ശ്രീരാമന്‍ സീതാസമേതനായി അയോധ്യയിലെത്തിയപ്പോള്‍ നഗരവാസികള്‍ അവരെ ദീപങ്ങള്‍ കത്തിച്ച് വരവേറ്റതിന്റെ സ്മരണയാണത്രെ ദീപാവലി. വിക്രമ പഞ്ചാംഗമനുസരിച്ച് ദീപാവലി പുതുവര്‍ഷപ്പുലരിയാണ്. ജൈനമതക്കാര്‍ മഹാവീരന്റെ ജന്മദിനമായാണ് ദീപാവലി കൊണ്ടാടുന്നത്.

ബംഗാളിലെ ചില പ്രദേശങ്ങളില്‍ പിതൃബലിദിനമായും ഇത് ആഘോഷിക്കപ്പെടുന്നു. പിതൃക്കള്‍ക്ക് വഴികാട്ടാന്‍ ആണത്രെ അന്ന് ദീപങ്ങള്‍ തെളിക്കുന്നത്.

വിശ്വാസതലത്തിലെന്നപോലെ അനുഷ്ഠാന-ആഘോഷ തലത്തിലും വൈജാത്യങ്ങള്‍ ഏറെയുണ്ട്.

ഉത്തരേന്ത്യയില്‍ കൂറ്റന്‍ രാവണക്കോലങ്ങള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിക്കുകയും ദീപാവലിദിവസം അവ ആഘോഷത്തോടെ കത്തിച്ചുകളയുകയും ചെയ്യുന്നു. കോലങ്ങള്‍ക്കുള്ളില്‍ പടക്കവും പൂവെടിയും മറ്റും നിറച്ചിരിക്കും.

ഉത്തേരന്ത്യയിലെ ചില ഭാഗങ്ങളില്‍ പ്രത്യേകിച്ചും ബംഗാള്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ ലക്ഷ്മീപൂജയുടെ ദിനമാണ് ദീപാവലി. ദീപാവലിദിവസത്തെ ലക്ഷ്മീപൂജ സര്‍വൈശ്വര്യദായകമാണെന്നാണ് വിശ്വാസം. പുതിയ വ്യാപാര-വാണിജ്യങ്ങള്‍ തുടങ്ങുക, വീട്ടില്‍ പുതിയ പാത്രങ്ങളില്‍ പാചകം ചെയ്യുക, മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുക എന്നിവയും ഇതിന്റെ ഭാഗമായി നടത്താറുണ്ട്.

ദീപാവലി നാളില്‍ ദീപക്കാഴ്ച ഒരുക്കുന്നതുപോലെതന്നെ ഏതാണ്ട് സാര്‍വത്രികമായ ഒരു ചടങ്ങാണ് എണ്ണതേച്ചുകുളി. സാധാരണ വ്രതാനുഷ്ഠാനങ്ങളില്‍ എണ്ണ തേച്ചുകുളിക്കാന്‍ പാടില്ല. അതിനനുവാദമുള്ള വ്രതാനുഷ്ഠാനമാണ് ദീപാവലി.

കേരളത്തില്‍ തെക്കും വടക്കും വ്യത്യസ്തമായാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്. തെക്ക് എണ്ണതേച്ചുകുളിയോടൊപ്പം പടക്കം കത്തിക്കലും മധുരപലഹാരമുണ്ടാക്കലുമൊക്കെയാണ് ആഘോഷങ്ങള്‍. എന്നാല്‍ വടക്കന്‍ കേരളത്തില്‍ പടക്കം കത്തിക്കല്‍ വിഷുവിനാണ്. ദീപാവലിക്ക് മധുരപലഹാര വിതരണവും എണ്ണതേച്ചുകുളിയുമാണ് മുഖ്യം. കച്ചവടക്കാരുമായും മറ്റുമുള്ള കടമിടപാടുകള്‍ ദീപാവലിക്കുമുമ്പേ തീര്‍ക്കുന്ന പതിവ് മലബാറിലുണ്ട്. അങ്ങനെ കടം തീര്‍ക്കുന്ന വേളയില്‍ കച്ചവടക്കാരന്‍ ഉപഭോക്താക്കള്‍ക്ക് മധുരപലഹാരപ്പൊതി നല്കും.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B5%80%E0%B4%AA%E0%B4%BE%E0%B4%B5%E0%B4%B2%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍