This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദിവാകര്‍, ആര്‍.ആര്‍. (1894 - 1990)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദിവാകര്‍, ആര്‍.ആര്‍. (1894 - 1990)

കന്നഡ സാഹിത്യകാരനും ഗാന്ധിയനായ ജനനേതാവും. പൂര്‍ണമായ പേര് രംഗനാഥ രാമചന്ദ്ര ദിവാകര്‍. കാര്‍വാഡിലെ ഒരു പരിഷ്കൃത കുടുംബത്തില്‍ 1894-ല്‍ ജനിച്ചു. കാര്‍വാഡിലും മുംബൈയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇംഗ്ലീഷില്‍ എം.എ.യും നിയമബിരുദവും നേടി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഗാന്ധിജിയുടെ പ്രചോദനമുള്‍ ക്കൊണ്ട് സ്വരാജ്യപ്രസ്ഥാനത്തില്‍ ചേര്‍ന്ന് പലതവണ ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. സ്വാതന്ത്ര്യാനന്തരം നിയമസഭാംഗമായും വാര്‍ത്താവിനിമയ വകുപ്പ് മന്ത്രിയായും (1948-52) ബിഹാര്‍ ഗവര്‍ണറായും (1952-57) സേവനമനുഷ്ഠിച്ചു. ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍, കര്‍ണാടക ദിനപത്രമായ സംയുക്ത കര്‍ണാടകയുടെ പത്രാധിപര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

ഗദ്യകാവ്യം, തത്ത്വജ്ഞാനം, ചരിത്രം എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ രചിച്ചു. കവി എന്ന നിലയില്‍ രചിച്ചിട്ടുള്ള ഗദ്യകാവ്യമാണ് 57 ഭാവഗീതങ്ങളുള്ള അന്തരാത്മനിഗെ. വചനങ്ങളുടെ രചനാശൈലിയോട് അടുത്തുനില്ക്കുന്ന ഭാവഗീതാത്മകമായ ആത്മാലാപങ്ങളാണ് ഈ കവിതകള്‍. അന്തരാത്മാവിനെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ മൊഴികളില്‍ ആത്മനിരീക്ഷണം, ആര്‍ത്തഭക്തി, ആനന്ദാനുഭൂതി എന്നിവ കളിയാടുന്നതു കാണാം. ഗദ്യകാവ്യത്തിനാവശ്യമായ സൂക്ഷ്മലയത്തിന്റെ അഭാവമുള്ളതായി ചില പണ്ഡിതന്മാര്‍ പറയുന്നുണ്ടെങ്കിലും ആധുനിക യുഗത്തില്‍ രചിച്ചിട്ടുള്ള വചനകാവ്യത്തിന് മകുടോദാഹരണമാണ് ഈ കാവ്യം.

ജയിലിലായിരുന്നപ്പോള്‍ രചിച്ച കൃതികളാണ് വചനശാസ്ത്രരഹസ്യ, ഹരിഭക്തിസുധെ എന്നിവ. വീരശൈവ കവികളുടെ ഭക്തിസാഹിത്യത്തെക്കുറിച്ച് പഠനം നടത്തി രചിച്ച കൃതിയാണ് വചനശാസ്ത്രരഹസ്യ. ഹരിഭക്തിസുധെ കര്‍ണാടകയിലെ ഹരിദാസന്മാരെക്കുറിച്ചുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് രചിച്ചിരിക്കുന്നത്. ഈ കൃതികള്‍ക്കു നല്കിയിട്ടുള്ള മുഖവുരയില്‍ ഭക്തിയുടെ ഉദ്ഭവം, വികാസം എന്നിവ സംബന്ധിച്ച് ഗഹനമായി ചര്‍ച്ച ചെയ്തിരിക്കുന്നു. ഭഗവദ്ഗീതയ്ക്ക് വ്യാഖ്യാനവും ഉപനിഷദ്പ്രകാശം എന്ന പേരില്‍ ഭഗവദ്ഗീതയ്ക്ക് പരിഭാഷയും നല്കിയിട്ടുണ്ട്. ദിവാകറിന്റെ മറ്റു പ്രധാന കൃതികളാണ് സത്യഗ്രഹ, സെറെമരെയല്ലി, യാത്രിക എന്നിവ. ഇംഗ്ലീഷില്‍ അരവിന്ദ ഘോഷിന്റെ ജീവചരിത്രവും രചിച്ചിട്ടുണ്ട്.

1990 ജനു. 16-ന് ബാംഗ്ളൂരില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍