This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദിലീപ് കുമാര്‍ (1922 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:03, 5 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദിലീപ് കുമാര്‍ (1922 - )

ഹിന്ദി സിനിമാനടന്‍, സംവിധായകന്‍, നിര്‍മാതാവ്. യഥാര്‍ഥ പേര് യൂസഫ് ഖാന്‍ എന്നാണ്. ഇന്നത്തെ പാകിസ്താനിലെ പെഷവാറില്‍ പഴക്കച്ചവടക്കാരനായ സര്‍വര്‍ ഖാനിന്റെ മകനായി 1922 ഡി. 11-ന് ജനിച്ചു. വിദ്യാഭ്യാസകാലത്ത് പഠനത്തെക്കാള്‍ ഫുട്ബോളിലും ക്രിക്കറ്റിലും യൂസഫ് ഏറെ താത്പര്യം കാണിച്ചിരുന്നു. പിതാവിന്റെ കച്ചവടത്തില്‍ അപ്രതീക്ഷിതമായി നഷ്ടം വന്നതോടെ യൂസഫിന് പഠനം തുടരാനായില്ല. 18-ാമത്തെ വയസ്സില്‍ ആര്‍മി കാന്റീന്‍ മാനേജരായി ജോലി ലഭിച്ചു. തുച്ഛമായ ശമ്പളംകൊണ്ട് കുടുംബം പുലര്‍ത്താന്‍ വളരെ ബുദ്ധിമുട്ടിയതിനാല്‍ പഴക്കച്ചവടവും അതോടൊപ്പം തുടര്‍ന്നു. പഴക്കച്ചവടത്തിനായി നൈനിറ്റാളിലേക്കു പോയപ്പോള്‍ ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ ആദ്യകാലനടിയും ബോംബെ ടാക്കീസിന്റെ പാര്‍ട്ണറുമായ ദേവികാ റാണി നല്ല മുഖശ്രീയുള്ള യൂസഫ് ഖാനിനെ കണ്ടുമുട്ടി.ഉര്‍ദുവും ഇംഗ്ലീഷും നല്ല രീതിയില്‍ കൈകാര്യം ചെയ്യുമെങ്കില്‍ ബോംബെ ടാക്കീസിന്റെ പുതിയ ചിത്രത്തില്‍ നടന്റെ വേഷം നല്കാമെന്ന വാഗ്ദാനം യൂസഫിനു ലഭിച്ചു. 500 രൂപ പ്രതിഫലത്തില്‍ കരാര്‍ ഒപ്പിട്ടു. ജഹാംഗീര്‍, വാസുദേവ്, ദിലീപ് കുമാര്‍ ഇതിലേതെങ്കിലും ഒരു പേരു തിരിഞ്ഞെടുക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. അന്നു മുതല്‍ ഇദ്ദേഹം ദിലീപ് കുമാറായി.

ദിലീപ് കുമാര്‍

1944-ല്‍ ബോംബെ ടാക്കീസിന്റെ ബാനറില്‍ അമിയാ ചക്രവര്‍ത്തി സംവിധാനം നിര്‍വഹിച്ച ചിത്രത്തിലാണ് ദിലീപ് കുമാര്‍ ആദ്യമായി അഭിനയിച്ചത്. പ്രസ്തുത ചിത്രത്തില്‍ നല്ല അഭിനയം കാഴ്ചവച്ചെങ്കിലും ചിത്രം പരാജയപ്പെട്ടു. രണ്ടാമത്തെ ചിത്രമായ പ്രതിമയും ദയനീയമായി പരാജയപ്പെട്ടു. ടാഗൂറിന്റെ നോവലിനെ ആധാരമാക്കി നിതിന്‍ ബോസ് സംവിധാനം നിര്‍വഹിച്ച മിലന്‍ എന്ന ചിത്രമാണ് ദിലീപിന്റെ ആദ്യ ഹിറ്റ് ചിത്രം. പ്രേക്ഷക മനസ്സില്‍ തങ്ങിനിന്ന മറ്റൊരു ചിത്രമാണ് രമേശ് സൈഗാള്‍ സംവിധാനം ചെയ്ത ശഹീദ്. സംഗീത പ്രധാനമായ ജങ്ഗ് ആണ് മറ്റൊരു മികച്ച ചിത്രം. ആദ്യകാല ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം മെഹബൂബ് ഖാനിന്റെ അന്ദാസ് എന്ന ചിത്രത്തിലേതാണ്. അന്ദാസ് എന്ന ചിത്രത്തോടെയാണ് 'ട്രാജഡി കിങ്' എന്ന പേര് ദിലീപിന്റെ തൊപ്പിയില്‍ തൂവലായി ചേര്‍ന്നത്. ആന്‍ എന്ന ചിത്രത്തിലെ പ്രിന്‍സ്, ഗംഗാജമുനയിലെ കൊള്ളക്കാരന്‍, ദേവദാസിലെ നിരാശനായ കാമുകന്‍, ആദ്മിയിലെ സംശാലുവായ കാമുകന്‍, ആദ്യത്തെ ഡബിള്‍റോള്‍ ചിത്രമായ ശ്യാം ഔര്‍ ശ്യാമിലെ ഭീരു, പരമ്പരാഗത നായകന്‍ എന്നിവയെല്ലാം ദിലീപ്കുമാര്‍ ഭംഗിയായി അവതരിപ്പിച്ച കഥാപാത്രങ്ങളാണ്. മുഗള്‍-എ-അസമിലെ സലിം രാജകുമാരന്‍, മധുമതിയിലെ ചിത്രകാരന്‍, ലീഡറിലെ പത്രപ്രവര്‍ത്തകന്‍, ക്രാന്തിയിലെ വിപ്ലവകാരി, ശക്തിയിലെ കര്‍ത്തവ്യനിരതനായ പൊലീസ് ഓഫീസര്‍, കര്‍മയിലെ ജയിലര്‍, ദസ്താനിലെ ഡബിള്‍റോള്‍ എന്നിവ ഈ നടന്റെ വ്യത്യസ്ത മുഖങ്ങളാണ്. 1944 മുതല്‍ അഭിനയിച്ചുതുടങ്ങിയ ദിലീപ് കുമാര്‍ ചെറിയ ഇടവേളയ്ക്കുശേഷം 1991-ല്‍ സൗദാഗര്‍ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. അതിലെ നായിക മനീഷാ കൊയ്രാള ആയിരുന്നു. ഏറ്റെടുക്കുന്ന ഏതു റോളും ഭംഗിയാക്കാനും കുറ്റമറ്റതാക്കാനും കഴിയുന്ന ചുരുക്കം ചില നടന്മാരുടെ മുന്നിലാണ് ദിലീപ് കുമാര്‍. ഗംഗാജമുന എന്ന ചിത്രം നിര്‍മിച്ചിട്ടുണ്ട്. സംവിധായകന്റെ മേലങ്കിയണിഞ്ഞ ചിത്രമാണ് കലിംഗ.

അന്ദാസില്‍ ദിലീപ് കുമാറും നര്‍ഗീസും

ഇന്ത്യന്‍ മോഷന്‍ പിക്ച്ചര്‍ പ്രൊഡ്യൂസേഴ്സ് ഗില്‍ഡിന്റെ പ്രസിഡന്റായിരുന്നു ഇദ്ദേഹം. ബോംബെ ഷെരിഫ് ആയും സ്തുത്യര്‍ഹ സേവനം നടത്തിയ ദിലീപ് കുമാറിന് 1995-ല്‍ ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കലാകാരന്മാര്‍ക്കു നല്കുന്ന ഏറ്റവും വിശിഷ്ട പുരസ്കാരമായ ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡ് ലഭിച്ചു. ഏഴ് പതിറ്റാണ്ടിനുമുമ്പ് ഭാരതത്തിലേക്കു പോന്നുവെങ്കിലും പാകിസ്താന്റെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ നിഷാന്‍-ഇ-ഇംതീയാസ് എന്ന ബഹുമതി ദിലീപ് കുമാറിനു ലഭിക്കുകയുണ്ടായി. നിരവധി സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദിലീപ് കുമാര്‍ പല പ്രമുഖ സംഘടനകളുടെയും സ്ഥിരം പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. മുന്‍കാല ഹിന്ദി നടികളില്‍ പ്രമുഖയായിരുന്ന സൈരാബാനുവാണ് ഭാര്യ.

(വക്കം എം.ഡി. മോഹന്‍ദാസ്; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍