This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദിന്‍കര്‍, രാംധാരീസിംഹ് (1908 - 74)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദിന്‍കര്‍, രാംധാരീസിംഹ് (1908 - 74)

ഹിന്ദി കവി. 1972-ലെ ജ്ഞാനപീഠ പുരസ്കാര ജേതാവും അറുപതോളം കൃതികളുടെ കര്‍ത്താവുമാണ് ഇദ്ദേഹം.

ബിഹാറിലെ സിമരിയാ ഗ്രാമത്തില്‍ ഒരു സാധാരണ കര്‍ഷകന്റെ പുത്രനായി 1908 സെപ്. 23-ന് ജനിച്ചു. 1928-ല്‍ മെട്രിക്കുലേഷനും 1932-ല്‍ ബി.എ. ഓണേഴ്സും പാസ്സായ ദിന്‍കര്‍ ഹെഡ്മാസ്റ്റര്‍, സബ് രജിസ്ട്രാര്‍, പ്രൊഫസര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. തുടര്‍ന്ന് രാഷ്ട്രീയത്തിലും പ്രവര്‍ത്തിച്ചു. 1952-ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭാംഗമായി. ഭഗത്പൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍, ഇന്ത്യാഗവണ്മെന്റിന്റെ ഹിന്ദി ഉപദേഷ്ടാവ് തുടങ്ങിയ ഉന്നത പദവികളിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഛായാവാദ കാവ്യപ്രസ്ഥാനത്തിനു ശേഷമുള്ള ഹിന്ദിയിലെ ഛായവാദോത്തര കവിയാണ് ദിന്‍കര്‍. ദിന്‍കറും ഹരിവംശ്റായ് ബച്ചനുമാണ് ഈ കാലഘട്ടത്തിലെ പ്രമുഖ കവികള്‍. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ അനീതികള്‍ക്കെതിരെയുള്ള പ്രതിഷേധമായിരുന്നു ദിന്‍കറിന്റെ ആദ്യകാല കവിതകളില്‍ മുഴങ്ങിയത്. രസവന്തി (1940) എന്ന സമാഹാരത്തില്‍ പേലവമായ സംവേദനം സാധ്യമാക്കുന്ന രചനകളുമുണ്ട്. വൈകാരിക തീവ്രത വെളിവാക്കുന്ന, അക്രമാസക്തമെന്നു തോന്നുന്ന ബിംബാവലികൊണ്ടാണ് ഇദ്ദേഹത്തിന്റെ രാഷ്ട്രീയ കവിതകളും ദേശഭക്തിഗീതങ്ങളും ജനങ്ങളെ ആകര്‍ഷിച്ചത്. രേണുക, ഹുങ്കാര്‍, കുരുക്ഷേത്ര്, ഉര്‍വശി, രശ്മി രഥി, പരശുറാം കീ പ്രതീക്ഷാ തുടങ്ങിയവയാണ് ദിന്‍കറിന്റെ പ്രധാന കാവ്യങ്ങള്‍. ഇന്ത്യന്‍ ദേശീയതയെയും ദേശീയ പ്രസ്ഥാനങ്ങളെയും പുഷ്ടിപ്പെടുത്തുന്നതിലും ഇദ്ദേഹത്തിന്റെ പങ്ക് സ്തുത്യര്‍ഹമാണ്. 1933-ല്‍ എഴുതിയ ഹിമാലയ് എന്ന കവിത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാമ്രാജ്യത്വത്തിനും ചൂഷണത്തിനും എതിരെയുള്ള കടുത്ത വെല്ലുവിളികളായിരുന്നു ഹുങ്കാറിലെ കവിതകള്‍. ദേശസ്നേഹത്തെ പ്രോജ്ജ്വലിപ്പിക്കുന്ന അത്തരം കവിതകളുടെ രചന ബ്രിട്ടിഷ് സര്‍ക്കാരിന്റെ കണ്ണില്‍ രാജ്യദ്രോഹമായിരുന്നു. പ്രതികാരം എന്ന നിലയില്‍ ദിന്‍കറിനെ ബ്രിട്ടിഷ് സര്‍ക്കാര്‍ പല തവണ സ്ഥലം മാറ്റി.

രാംധാരീസിംഹ് ദിന്‍കര്‍

1962-ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ദേശസ്നേഹ പ്രചോദിതനായി ദിന്‍കര്‍ എഴുതിയ കാവ്യമാണ് പരശുറാം കീ പ്രതീക്ഷാ. ആകാശം ഇടിഞ്ഞുവീണാലും തന്റെ കര്‍മപഥത്തില്‍ ഉറച്ചുനില്ക്കാന്‍ കവി ഇതില്‍ ഭാരതീയരെ ആഹ്വാനം ചെയ്യുന്നു. കുരുക്ഷേത്ര്, ഉര്‍വശി എന്നീ മഹാകാവ്യങ്ങളുടെ രചനയിലൂടെയാണ് ദിന്‍കര്‍ ഹിന്ദികവിതയില്‍ ചിരപ്രതിഷ്ഠ നേടിയത്. രണ്ടാം ലോകയുദ്ധം കവിമനസ്സില്‍ ഏല്പിച്ച ആഘാതം മഹാഭാരതത്തിലെ കുരുക്ഷേത്രയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഈ മഹാകാവ്യത്തിലുണ്ട്. അങ്ങനെ യുദ്ധമെന്ന ചിരന്തന സമസ്യയെ കുരുക്ഷേത്രത്തിലൂടെ കവി വിശകലനം ചെയ്യുന്നു. കാവ്യനാടകമായി രചിച്ച ഉര്‍വശിക്ക്പുരാണ പ്രസിദ്ധമായ പുരൂരവസ്സിന്റെയും ഉര്‍വശിയുടെയും ഇതിവൃത്തമാണുള്ളതെങ്കിലും ആധുനിക ഭാവബോധം ഈ മഹാകാവ്യത്തെയും സമ്പന്നമാക്കിയിരിക്കുന്നു. ഈ കൃതികള്‍ കൂടാതെ പ്രാണ്‍ഭംഗ്, രസവന്തി, ദ്വന്ദ്വഗീത്, സാമധേനി, ബാപ്പൂ, ഇതിഹാസ് കേ ആംസു, ധൂപ് ഔര്‍ ധുവാ, ദില്ലി, നീം കേ പത്തേ, സൂരജ് കാ ബ്യാഹ്, നീല്‍ കുസും, ചക്രവാള്‍, കവി ശ്രീ, സീപി ഔര്‍ ശംഖ്, നയേ സുഭാഷിത്, കോയലാ ഔര്‍ കവിത്വ്, ദിന്‍കര്‍ കീ സുക്തിയാം, ആത്മാ കീ ആംഖേം, ഹാരേ കോ ഹരിനാം, ദിന്‍കര്‍ കേ ഗീത്, മിട്ടീ കീ ഓര്‍, അര്‍ധനാരീശ്വര്‍, രേതീ കേ ഫൂല്‍, ഹമാരീ സാംസ്കൃതിക് ഏകതാ, ഭാരത് കീ സാംസ്കൃതിക് കഹാനീ, രാഷ്ട്രഭാഷാ ഔര്‍ രാഷ്ട്രീയ ഏകതാ, കാവ്യ കീ ഭൂമിക, പന്ത്, പ്രസാദ് ഔര്‍ മൈഥിലീശരണ്‍, ലോക്ദേവ് നെഹ്റു, ശുദ്ധകവിതാ കീ ഖോജ്, സംസ്മരണ്‍ ഔര്‍ ശ്രദ്ധാഞ്ജലിയാം, മേരീ യാത്രായേം, ഭാരതീയ ഏകതാ, ദിന്‍കര്‍ കീ ഡയറി, സംസ്കൃതി കേ ചാര്‍ അധ്യായ്, ആധുനിക ബോധ് എന്നിങ്ങനെ ദിന്‍കറിന്റെ ആകെ രചനകള്‍ അറുപതോളം ഉണ്ട്.

മുഖ്യമായും കവിയായിരുന്നെങ്കിലും ചരിത്രകാരന്‍, പ്രബന്ധകര്‍ത്താവ്, വിമര്‍ശകന്‍ എന്നീ നിലകളിലും ദിന്‍കര്‍ പ്രശസ്തനായി. സമകാലിക ചരിത്രത്തിന് കവിതകളിലും ഗദ്യകൃതികളിലും സ്ഥാനം ലഭിച്ചതോടൊപ്പം സംസ്കൃതി കേ ചാര്‍ അധ്യായ് എന്ന ബൃഹദ്ഗ്രന്ഥത്തിലൂടെ ഇന്ത്യയുടെ പ്രാചീനവും ആധുനികവുമായ ചരിത്രത്തിന്റെ സമഗ്രമായ വിവരണമാണ് ദിന്‍കര്‍ നല്കുന്നത്. ഭാരതീയ സംസ്കാരത്തിന്റെ മഹത്ത്വവും ഇന്ത്യയില്‍ എത്തിയ വിദേശികള്‍ എങ്ങനെ ഭാരതത്തിന്റെ ആത്മാവുമായി ഇഴുകിച്ചേര്‍ന്നുവെന്നതുമാണ് ദിന്‍കര്‍ ഈ കൃതിയില്‍ ആവിഷ്കരിക്കുന്നത്. ഇന്ത്യന്‍ ജനതയുടെ രൂപവത്കരണവും ഹിന്ദു സംസ്കാരത്തിന്റെ തുടക്കവും, പ്രാചീന ഹിന്ദുത്വത്തിനെതിരെയുള്ള കലാപം, മുസ്ലിങ്ങളുടെ ഹിന്ദു സംസ്കാരം, യൂറോപ്യന്മാരും ഭാരതീയ സംസ്കാരവും എന്നീ നാല് അധ്യായങ്ങളാണ് ഗ്രന്ഥത്തിനുള്ളത്. ആര്യന്‍-ആര്യേതര സംഘര്‍ഷം, അതില്‍നിന്ന് ഉദ്ഭൂതമായ പുതിയ ഭാരതീയ സംസ്കാരം, പ്രമുഖരായ പുരാണകഥാപാത്രങ്ങള്‍, ഇസ്ലാം മതത്തിന്റെ ഇന്ത്യയിലെ വളര്‍ച്ച, മധ്യകാല ഭക്തിപ്രസ്ഥാനം, ഇന്ത്യയുടെ സാംസ്കാരിക സ്വത്വം എന്നിവയെക്കുറിച്ചെല്ലാം വിശദമായി പ്രതിപാദിച്ചശേഷം ദിന്‍കര്‍ ഇന്ത്യയിലെ യൂറോപ്യന്‍ അധിനിവേശത്തെക്കുറിച്ചും ഗാന്ധിജിയെയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെയും കുറിച്ചും ഈ കൃതിയില്‍ വിശ്ളേഷണബുദ്ധിയോടെ വിലയിരുത്തുന്നു. ജവാഹര്‍ലാല്‍ നെഹ്റുവാണ് സംസ്കൃതി കേ ചാര്‍ അധ്യായിന് അവതാരിക എഴുതിയത്. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ദിന്‍കറിനു ലഭിച്ചത് ഈ കൃതിക്കാണ്. ഉര്‍വശിക്കാണ് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്.

രാഷ്ട്രകവിയും ദേശീയവാദിയുമായിരുന്ന ദിന്‍കര്‍ തികഞ്ഞ മതനിരപേക്ഷതാവാദി ആയിരുന്നു. ഉര്‍ദുഭാഷ നല്ലവണ്ണം അറിയാമായിരുന്നിട്ടുകൂടി പ്രാദേശികത്തനിമയുള്ളതും സംസാരഭാഷയോട് അടുത്തുനില്ക്കുന്നതും സംസ്കൃത പ്രയോഗങ്ങള്‍ ഉള്ളതുമായ മാനക ഹിന്ദിയാണ് പ്രയോഗിച്ചത്. ആത്യന്തികമായി പ്രഭാഷകശൈലിയില്‍ എഴുതിയിരുന്നെങ്കിലും വ്യക്തിഗതവും കാല്പനികവുമായ ഭാഷാസൌകുമാര്യവും ഇദ്ദേഹത്തിന് അന്യമല്ലായിരുന്നു. അനീതിക്കെതിരെ ധാര്‍മികരോഷത്തിന്റെ ഭാഷയിലൂടെ ഇദ്ദേഹം പ്രതികരിച്ചു. വിമര്‍ശകനെന്ന നിലയിലുള്ള ദിന്‍കറിന്റെ അതുല്യ സംഭാവനയാണ് പന്ത്, പ്രസാദ് ഔര്‍ മൈഥിലീശരണ്‍ എന്ന 1958-ലെ കൃതി. സുമിത്രാനന്ദന്‍ പന്ത്, ജയശങ്കര്‍ പ്രസാദ്, മൈഥിലീശരണ്‍ ഗുപ്ത എന്നീ സമകാലികരായ അമരകവികളെ തന്റേതായ രീതിയില്‍ പ്രൌഢമായി വിലയിരുത്തുന്നു ഈ കൃതിയില്‍. ദേശ് വിദേശ് ദിന്‍കറിന്റെ സഞ്ചാരസാഹിത്യമാണ്.

ദിന്‍കറിന്റെ രചനകള്‍ 20-ാം ശ.-ത്തിലെ ഭാരതത്തിന്റെ ജീവിതസ്പന്ദനങ്ങള്‍ ഒരു കണ്ണാടിയിലെന്നപോലെ പ്രതിഫലിപ്പിച്ചു. വിപ്ളവത്തോടൊപ്പം പ്രേമത്തിന്റെ ഭാവതീവ്രതകളും ദിന്‍കര്‍ ആവിഷ്കരിച്ചു. രാഷ്ട്രസ്നേഹം, വിപ്ളവം, പ്രേമം എന്നിവയിലായിരുന്നു ദിന്‍കറിന്റെ രചനാസാകല്യം. 1959-ല്‍ ഇദ്ദേഹത്തിനു പദ്മഭൂഷണ്‍ ബഹുമതി ലഭിച്ചു.

1974 ഏ. 24-ന് ദിന്‍കര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍