This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാ സോട്ടോ, ഹെര്‍ണാന്‍ഡോ (1500? - 42)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദാ സോട്ടോ, ഹെര്‍ണാന്‍ഡോ (1500? - 42)

De soto,Hernando

മിസിസിപ്പി നദി കണ്ടെത്തിയ സ്പാനിഷ് പര്യവേക്ഷകന്‍. 1500-ല്‍ ആണ് ഇദ്ദേഹം ജനിച്ചതെന്നു കരുതപ്പെടുന്നു. സാഹസികനായ സേനാനായകന്‍ എന്ന നിലയിലും ദാ സോട്ടോ ശ്രദ്ധേയനാണ്.
ഹെര്‍ണാന്‍ഡോ ദാ സോട്ടോ
1519-ല്‍ പര്യവേക്ഷണാര്‍ഥം പനാമയിലേക്കുപോയ സംഘത്തിലും നിക്കരാഗ്വയെ കീഴടക്കാന്‍ പുറപ്പെട്ട സംഘത്തിലും ദാ സോട്ടോ അംഗമായിരുന്നു (1525-26). 1531-ല്‍ പെറുവിലെ ഇന്‍കാ സാമ്രാജ്യം അധീനമാക്കാന്‍ പുറപ്പെട്ട (1531-36) സംഘത്തിന്റെ തലവനായ ദാ സോട്ടോയ്ക്ക് ഇന്‍കാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കസ്കോയില്‍ പ്രവേശിച്ച ആദ്യത്തെ യൂറോപ്യന്‍ എന്ന ബഹുമതിയും സ്വന്തമാണ്.

ഫ്ളോറിഡയില്‍ സ്പെയിനിന്റെ അധീനതയിലുണ്ടായിരുന്ന പ്രദേശത്ത് പര്യവേക്ഷണം നടത്തുന്നതിനായി ദാ സോട്ടോ 1537-ല്‍ നിയുക്തനായി. സ്വര്‍ണവേട്ടയായിരുന്നു പര്യവേക്ഷണ സംഘത്തിന്റെ മുഖ്യ ലക്ഷ്യം. 1539-ല്‍ ഫ്ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്തെത്തിയ സംഘം ഫ്ളോറിഡ, നോര്‍ത്ത് കരോലിന, സൗത്ത് കരോലിന, അലബാമ, മിസിസിപ്പി എന്നീ സ്റ്റേറ്റുകളിലൂടെ യാത്ര ചെയ്ത് 1541-ല്‍ മിസിസിപ്പി നദിക്കരയില്‍ എത്തി. അന്ന് മിസിസിപ്പിയെ ഇവര്‍ 'റിയോ ദെല്‍ എസ്പിരിതു സാന്റോ' (Rio del Espiritu Santo) എന്നാണ് വിളിച്ചത്. തികച്ചും സാഹസികമായ ഈ യാത്രയ്ക്കിടയില്‍ ഇന്ത്യരുടെ പിടിയിലകപ്പെട്ട സംഘം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് നദി മുറിച്ചുകടന്ന് അര്‍ക്കന്‍സാസ്, ഓക്ലഹോമ, ഉത്തര ടെക്സസ് എന്നീ സ്റ്റേറ്റുകളിലുടെ യാത്രചെയ്ത സംഘം സ്വര്‍ണമോ നിധിയോ കണ്ടെത്താനാകാതെ മടക്കയാത്ര ആരംഭിച്ചു. യാത്രയ്ക്കിടയില്‍ രോഗബാധിതനായ ദാ സോട്ടോ 1542 മേയ് 21-ന് അന്തരിച്ചു. തുടര്‍ന്ന് ലൂയി ദ മൊസ്കോസോയുടെ നേതൃത്വത്തില്‍ യാത്ര തുടര്‍ന്ന സംഘം 1543-ല്‍ മെക്സിക്കന്‍തീരത്ത് എത്തി. ദാ സോട്ടോ നേതൃത്വം നല്കിയ സാഹസിക പര്യവേക്ഷക സംഘം ഫ്ളോറിഡയിലെത്തിച്ചേര്‍ന്നതിന്റെ സ്മാരകമാണ് സെന്റ് പീറ്റേഴ്സ്ബര്‍ഗിനടുത്ത് സ്ഥാപിച്ചിട്ടുള്ള (1949) ദാ സോട്ടോ നാഷണല്‍ മെമ്മോറിയല്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍