This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദായക്രമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:00, 26 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദായക്രമം

പിന്തുടര്‍ച്ചാവകാശ സമ്പ്രദായം. ഇന്ത്യയിലെ ഹിന്ദുക്കള്‍ 1955-56ലെ ഹിന്ദു വ്യക്തിനിയമമനുസരിച്ചും മുസ്ലിങ്ങള്‍ 1937-ലെ ശരീഅത്ത് നിയമമനുസരിച്ചും ക്രിസ്ത്യാനികള്‍ 1925-ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമമനുസരിച്ചുമാണ് പിന്തുടര്‍ച്ചാ ക്രമങ്ങള്‍ പാലിച്ചുപോരുന്നത്. പരമ്പരാഗതമായി സവര്‍ണ ഹിന്ദുക്കള്‍ക്കിടയില്‍ രണ്ടുതരം ദായക്രമങ്ങള്‍ നിലനിന്നിരുന്നു; മിതാക്ഷര സമ്പ്രദായവും ദായഭാഗനിയമവും. മിതാക്ഷര സമ്പ്രദായമനുസരിച്ച്, ആണ്‍കുഞ്ഞിന് കുടുംബസ്വത്തില്‍ ജനനം തൊട്ടുതന്നെ അവകാശമുണ്ട്. 1955-56 ലെ നിയമങ്ങള്‍ പരമ്പരാഗതമായ ദായക്രമത്തില്‍ ഒട്ടേറെ പരിവര്‍ത്തനങ്ങള്‍ വരുത്തി.

ഹിദായ എന്ന ഇസ്ലാമിക നിയമഗ്രന്ഥത്തെ അടിസ്ഥാനമാക്കി ആവിഷ്കരിച്ചിട്ടുള്ള ശരീഅത്ത് നിയമമാണ് മുസ്ലിങ്ങള്‍ക്കിടയിലെ ദായക്രമത്തിന് ആധാരമായി വര്‍ത്തിക്കുന്നത്.

കേരളത്തില്‍ പരമ്പരാഗതമായി മൂന്നുതരം ദായക്രമങ്ങളുണ്ടായിരുന്നു. 1. മാതൃദായക്രമം അഥവാ മരുമക്കത്തായം 2. മക്കത്തായക്രമം 3. മിശ്രദായക്രമം. നായര്‍ കൂട്ടുകുടുംബങ്ങളും ഒരു വിഭാഗം ഈഴവരുമാണ് മരുമക്കത്തായ ക്രമം പിന്തുടര്‍ന്നിരുന്നത്. ഈ സമ്പ്രദായമനുസരിച്ച് പിതാവിന്റെ സ്വത്തില്‍ മക്കള്‍ക്ക് അവകാശമില്ല. സഹോദരിയുടെ മക്കള്‍ക്കാണ് അവകാശമുള്ളത്. എന്നാല്‍, മക്കത്തായ സമ്പ്രദായമനുസരിച്ച്, പിതാവിന്റെ സ്വത്തിന് മക്കള്‍ക്ക് അവകാശമുണ്ട്. ഒരു വിഭാഗം ഈഴവര്‍ക്കിടയില്‍ മരുമക്കത്തായത്തിന്റെയും മക്കത്തായത്തിന്റെയും ചില ഘടകങ്ങള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള മിശ്രദായക്രമമാണ് നിലനിന്നിരുന്നത്. കേരളത്തിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങള്‍ നടത്തിയ ദീര്‍ഘമായ പ്രക്ഷോഭ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് കൂട്ടുകുടുംബ വ്യവസ്ഥയും മരുമക്കത്തായവും അവസാനിച്ചത്. നായര്‍-ഈഴവ വിഭാഗങ്ങള്‍ ഏകദാമ്പത്യ കുടുംബഘടനയ്ക്കു വേണ്ടിയും മക്കത്തായ ക്രമത്തിനു വേണ്ടിയും നടത്തിയ സമരങ്ങളുടെ ഫലമായി നായര്‍ റെഗുലേഷനും ഈഴവ റെഗുലേഷനും പ്രാബല്യത്തില്‍ വന്നു. കൂട്ടുകുടുംബവും മരുമക്കത്തായവും ആധുനികവത്കരണത്തെ തടയുന്നു എന്നതായിരുന്നു പരിഷ്കരണവാദികളുടെ വിമര്‍ശനം. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ യുവതലമുറയായിരുന്നു ഈ പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്കിയത്. മലയാളത്തിലെ പ്രഥമ ലക്ഷണമൊത്ത നോവല്‍ എന്നറിയപ്പെടുന്ന ഇന്ദുലേഖയില്‍, കുടുംബഘടനയെയും ദായക്രമത്തെയും സംബന്ധ വിവാഹത്തെയും കുറിച്ച് വ്യത്യസ്ത തലമുറകള്‍ക്കിടയില്‍ രൂപംകൊണ്ട സംഘര്‍ഷങ്ങളും സംവാദങ്ങളുമാണ് ഒ. ചന്തുമേനോന്‍ ആവിഷ്കരിച്ചിരിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍