This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാമോദരന്‍ പിള്ള, പി. (1907 - 80)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദാമോദരന്‍ പിള്ള, പി. (1907 - 80)

മലയാള പണ്ഡിതനും ഗ്രന്ഥകാരനും പത്രപ്രവര്‍ത്തകനും. 'ജൂലിയന്‍' എന്ന തൂലികാനാമത്തിലും അറിയപ്പെടുന്നു. 1907 ഫെ. 10-ന് അമ്പലപ്പുഴയിലെ പ്ലാക്കം എന്ന സ്ഥലത്തു ജനിച്ചു. പിതാവ് അമ്പലപ്പുഴ പരുത്തിപ്പള്ളില്‍ പത്മനാഭക്കുറുപ്പ്; മാതാവ് പാറുക്കുട്ടിയമ്മ. ബി.എ.ബിരുദം നേടിയശേഷം പത്രപ്രവര്‍ത്തകനായി പ്രസിദ്ധി നേടി. പതിനഞ്ച് വര്‍ഷത്തോളം മലയാളരാജ്യം, പൗരധ്വനി എന്നിവയുടെ പത്രാധിപത്യം വഹിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച് പബ്ളിക് റിലേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്റ് പബ്ളിസിറ്റി ഓഫീസര്‍, മലയാളം ലക്സിക്കണ്‍ ഓഫീസ് സൂപ്പര്‍ വൈസര്‍, യൂണിവേഴ്സിറ്റി പബ്ളിക്കേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്റ് സൂപ്രണ്ട് എന്നീ പദവികള്‍ വഹിച്ചു.

പഠിക്കുന്ന കാലത്തുതന്നെ സാഹിത്യരചനയില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്ന ദാമോദരന്‍പിള്ള നിരൂപണം, ജീവചരിത്രം, തൂലികാചിത്രം, വ്യാഖ്യാനം, വിവര്‍ത്തനം തുടങ്ങിയ വിവിധ മേഖലകളിലായി നിരവധി കൃതികള്‍ രചിച്ചു. ദീപാന്തികം, വിജയത്തിലേക്ക്, വിചാരതരംഗിണി - രണ്ട് ഭാഗം (ഉപന്യാസം), മൂന്നു മഹാത്മാക്കള്‍, മഹച്ചരിതങ്ങള്‍, വിശ്വദീപങ്ങള്‍ (ജീവചരിത്രം), ജൂലിയന്‍ (തൂലികാചിത്രം), ഉണ്ണുനീലിസന്ദേശം - വ്യാഖ്യാനം, ഇംഗ്ലീഷ്-മലയാളം വിദ്യാര്‍ഥി നിഘണ്ടു, സൗഖ്യാദിജയം, പശ്ചിമയൂറോപ്പില്‍ ഒരു ഭാരതീയന്റെ പര്യടനം, ഒരു അമേരിക്കനുവേണ്ടി (വിവര്‍ത്തനം), അശോകന്‍ (ബാലസാഹിത്യം) എന്നിവയാണ് പ്രധാന കൃതികള്‍. തീര്‍ഥാടനം, വിദ്യാഭ്യാസവും ജീവിതത്തിന്റെ അര്‍ഥവും, ആദ്യത്തേതും അവസാനത്തേതുമായ സ്വാതന്ത്ര്യം, ലോകസാഹിത്യം, തിരുക്കുറള്‍ മണികള്‍ എന്നിവയും ശ്രദ്ധേയ രചനകളാണ്. പാശ്ചാത്യര്‍ക്കുവേണ്ടി കിരാതം ആട്ടക്കഥ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി.

സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ രചനകള്‍ നടത്തിയിരുന്നെങ്കിലും ഗ്രന്ഥനിരൂപകന്‍ എന്ന നിലയിലാണ് ദാമോദരന്‍ പിള്ള കൂടുതല്‍ അറിയപ്പെട്ടിരുന്നത്.

1980-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍