This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാമോദരന്‍ നായര്‍, ഏവൂര്‍ (? - 2003)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദാമോദരന്‍ നായര്‍, ഏവൂര്‍ (? - 2003)

തുള്ളല്‍ ആചാര്യന്‍. ഹരിപ്പാട് ഏവൂര്‍ തെക്ക് കലാഭവനില്‍ ജനിച്ചു. രാമപുരം സ്കൂളില്‍ വിദ്യാര്‍ഥി ആയിരിക്കെ 13-ാം വയസ്സിലാണ് തുള്ളല്‍ക്കല അഭ്യസിച്ചുതുടങ്ങിയത്. കൊല്ലങ്കല്‍ ശങ്കരന്‍ നായര്‍ ആശാന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശീലനം. കഥകളി, സംഗീതം എന്നിവയുടെ പ്രാഥമിക പാഠങ്ങളും ഇതോടൊപ്പം അഭ്യസിച്ചു. പിന്നീട് തിരുവിതാംകൂര്‍ ക്ഷേത്രങ്ങളിലെ 'പടിത്തരക്കാരന്‍' ആയി കലാപ്രവര്‍ത്തനം ആരംഭിച്ചു. തുള്ളല്‍ക്കലയെക്കുറിച്ച് കൂടുതല്‍ പഠിക്കാനും പരിഷ്കരിച്ച് മിഴിവുറ്റതാക്കാനുമായിരുന്നു ഇദ്ദേഹം തുടര്‍ന്ന് ശ്രമിച്ചത്. ഇക്കാര്യത്തില്‍ തുള്ളല്‍ കലാകാരനായിരുന്ന മലബാര്‍ രാമന്‍ നായരുടെ ഉപദേശവും പ്രോത്സാഹനവും ഇദ്ദേഹത്തിനു ലഭിച്ചു.

കൈമുദ്രകളിലൂടെ ആശയം ആവിഷ്കരിക്കുക മാത്രമല്ല, മര്‍മം അറിഞ്ഞ് അഭിനയിക്കുകകൂടി ചെയ്തത് ഏവൂരിന്റെ സവിശേഷതയാണ്. ദൃശ്യവേദിക്ക് ആവശ്യമില്ലാത്ത കഥാഭാഗങ്ങള്‍ ഒഴിവാക്കി വ്യക്തവും സ്ഫുടവും ലളിതവുമായ ശൈലിയില്‍ തുള്ളല്‍ അവതരിപ്പിക്കാന്‍ ഇദ്ദേഹം ശ്രമിച്ചു. തുള്ളലിന്റെ വിവിധ രീതികളായ ഓട്ടന്‍, ശീതങ്കന്‍, പറയന്‍ വിഭാഗങ്ങളില്‍ ഒരുപോലെ മികവു പ്രദര്‍ശിപ്പിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു.

ആകാശവാണി, ദൂരദര്‍ശന്‍ എന്നിവിടങ്ങളില്‍ ഇദ്ദേഹം നിലയ വിദ്വാനായിരുന്നു. തുള്ളല്‍ പ്രചാരണാര്‍ഥം ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചു. 1993-ല്‍ ഇന്ദിരാഗാന്ധിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ ശക്തിസ്ഥലില്‍ ഇന്ദിരാഗാന്ധിയുടെ ജീവചരിത്രത്തെ അടിസ്ഥാനമാക്കി രചിച്ച ഭാരതവിജയം തുള്ളല്‍ അവതരിപ്പിച്ചു. ഫിലിം ഡിവിഷന്‍ തുള്ളലിന്റെ ചരിത്രം ഫിലിമില്‍ പകര്‍ത്തിയപ്പോള്‍ ഓട്ടന്‍, ശീതങ്കന്‍, പറയന്‍ തുള്ളലുകള്‍ അവതരിപ്പിച്ചതും ഇദ്ദേഹമാണ്. ഏവൂര്‍ ക്ഷേത്രത്തിലെ ഏഴാം ഉത്സവനാള്‍ മുടങ്ങാതെ തുള്ളല്‍ അവതരിപ്പിച്ചിരുന്നതും ദാമോദരന്‍ നായര്‍ ആയിരുന്നു. കല്യാണസൗഗന്ധികത്തിലെ ഭീമസേനന്‍, ഹനുമാന്‍, ഘോഷയാത്രയിലെ ദുര്യോധനനും സഹോദരന്മാരും, കാര്‍ത്തവീര്യാര്‍ജുന വിജയത്തിലെ രാവണനും കിരാതത്തിലെ അര്‍ജുനനും പരമശിവനും-ഇങ്ങനെ ഇദ്ദേഹം അവിസ്മരണീയമാക്കിയ കഥാപാത്രങ്ങള്‍ അനവധിയാണ്.

നിസ്വാര്‍ഥമായ കലാസപര്യയിലൂടെ നിരവധി പുരസ്കാരങ്ങള്‍ ദാമോദരന്‍ നായര്‍ നേടിയെടുത്തു. കേരള കലാമണ്ഡലത്തിന്റെയും കേരള സംഗീത നാടക അക്കാദമിയുടെയും അവാര്‍ഡുകള്‍ അതില്‍ ഉള്‍ പ്പെടുന്നു. തുള്ളലിനു നല്കുന്ന ഏറ്റവും വലിയ അംഗീകാരമായ കുഞ്ചന്‍ നമ്പ്യാര്‍ അവാര്‍ഡും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഇതിനു പുറമേ നാടന്‍കലാ അക്കാദമി അവാര്‍ഡും ഇദ്ദേഹത്തിനു ലഭിച്ചു.

2003 ഒ. 19-ന് ഏവൂരിലെ കലാഭവനില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍