This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാണ്ഡേക്കര്‍, ജി.എന്‍. (1916 ? - 98)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദാണ്ഡേക്കര്‍, ജി.എന്‍. (1916 ? - 98)

മറാഠി നോവലിസ്റ്റും കവിയും നാടകകൃത്തും. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയില്‍ പരത്വാദ ഗ്രാമത്തിലാണ് ജനനം. 'ഗോനിദ' എന്ന ഓമനപ്പേരിലും ഇദ്ദേഹം അറിയപ്പെടുന്നു. നാലാംക്ളാസ്സുവരെയേ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളൂ. 13-ാം വയസ്സില്‍ ദേശീയപ്രസ്ഥാനത്തില്‍ ആകൃഷ്ടനായി വീട് ഉപേക്ഷിച്ചു. കുറേക്കാലം സന്ന്യാസജീവിതം നയിച്ച് കീര്‍ത്തനാലാപനങ്ങളുമായി നടന്നു. ജ്ഞാനേശ്വരി വായിച്ചതോടെ ആ കൃതിയില്‍ ആകൃഷ്ടനായി കൂടുതല്‍ അറിയുന്നതിനായി ധൂലിയയില്‍ ശ്രീധരശാസ്ത്രി പാഠകിന്റെ ശിഷ്യത്വം സ്വീകരിച്ചു. 'നര്‍മദാ പരികര്‍മ' ആചാരം അനുഷ്ഠിച്ചതിനുശേഷം 1946-ല്‍ മഹാരാഷ്ട്രയിലെ ഔധില്‍ മടങ്ങിയെത്തി. തുടര്‍ന്ന് പണ്ഡിത് സത്വലേത്കറുമായി ചേര്‍ന്ന് പുരുഷാര്‍ഥ (മറാഠി), വൈദിക ധര്‍മ (ഹിന്ദി) എന്നീ ആനുകാലികങ്ങളുടെ പ്രസാധനത്തില്‍ വ്യാപൃതനായി.

ജി.എന്‍.ദാണ്ഡേക്കര്‍

ജീവിതത്തിലെ വൈവിധ്യമാര്‍ന്നതും വികാരതീവ്രവുമായ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്കുകൂടി പകര്‍ന്നു നല്കണമെന്ന ലക്ഷ്യത്തോടെയാണ് ദാണ്ഡേക്കര്‍ നോവല്‍രചനയിലേക്കു തിരിഞ്ഞത്. 33 നോവലുകള്‍, 9 നാടകങ്ങള്‍, ഒട്ടേറെ കവിതകള്‍, ആത്മകഥ എന്നിവ ഇദ്ദേഹം രചിച്ചിട്ടുണ്ട്. നോവലുകളുടെ കൂട്ടത്തില്‍ കാദംബരിമയ ശിവകല, ബയാദര്‍ ഉഗദ, ഹരഹരമഹാദേവ, ഭാര്യ, ഭയാനി ഝുന്‍ജാരാമാചി, ഹിടുശ്രീചി ഇച്ഛാ, ഷിതു ജെയിത് രെ ജയിത് തുടങ്ങിയവ മികച്ചുനില്ക്കുന്നു. ഇദ്ദേഹത്തിന്റെ ചരിത്രനോവലുകളായ പടഘാവലി (1956), പവന കഥാച ധോണ്ഡി, മാചി വരച ബുദ്ധ (1958, മലനിരപ്പിലെ ബുദ്ധന്‍), കുണാ ഏകാ ചി ഭ്രമണ്‍ ഗാഥാ (ഒരു മനുഷ്യന്റെ പര്യടനകഥ) എന്നിവ ശ്രദ്ധേയമാണ്. പടഘാവലിയില്‍ സ്വന്തം നാടായ രത്നഗിരിയിലെ പ്രകൃതിക്ഷോഭവും തകര്‍ന്നു തരിപ്പണമാകുന്ന ധാര്‍മികമൂല്യവുമാണ് ഇതിവൃത്തമാക്കിയിരിക്കുന്നത്. കുണാ ഏകാചി ഭ്രമണ്‍ ഗാഥാ നോവലിസ്റ്റിന്റെ ആത്മകഥാംശം ഉള്‍ ക്കൊള്ളുന്ന നോവലാണ്. ഇദ്ദേഹത്തിന്റെ രചനാശൈലിയും അനുവാചക ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന അനുഭവവര്‍ണനയും ആകര്‍ഷണീയമാണ്.

പുരാണകഥകളെ ഇതിവൃത്തമാക്കി കാവ്യകൃതികളും നാടകവും രചിച്ച ദാണ്ഡേക്കര്‍ പരിശ്രമശാലിയും സഞ്ചാരപ്രിയനും തുടര്‍ച്ചയായി സാഹിത്യസപര്യയില്‍ ഏര്‍ പ്പെട്ട അപൂര്‍വ വ്യക്തിത്വത്തിന് ഉടമയും ആയിരുന്നു.

ഇദ്ദേഹത്തിന്റെ ആത്മകഥയായ സ്മരണഗാഥയ്ക്ക് 1976-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1981-ല്‍ അകോലയില്‍ നടന്ന 55-ാമത് മറാഠി സാഹിത്യസമ്മേളനത്തിന്റെ അധ്യക്ഷപദവി വഹിച്ചു. 1990-ല്‍ മഹാരാഷ്ട്ര ഗൗരവ് അവാര്‍ഡും ജിജാമാതാ അവാര്‍ഡും ലഭ്യമായി. 1992-ല്‍ പൂനെ സര്‍വകലാശാല ദാണ്ഡേക്കര്‍ക്ക് ഓണററി ഡി.ലിറ്റ്. നല്കി.

1998 ജൂണ്‍ 1-ന് പൂനെയില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍