This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാണ്ഡേക്കര്‍, ആര്‍.എന്‍. (1909 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദാണ്ഡേക്കര്‍, ആര്‍.എന്‍. (1909 - )

വൈദികപണ്ഡിതനും പ്രസാധകനും. രാമചന്ദ്ര നാരായണ്‍ ദാണ്ഡേക്കര്‍ എന്നാണ് പൂര്‍ണനാമം. 1909 മാ. 3-ന് മഹാരാഷ്ട്രയിലെ സത്താറയില്‍ ജനിച്ചു. സംസ്കൃതത്തില്‍ ബിരുദാനന്തരബിരുദവും പൂനെ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് ബിരുദവും നേടി. പൂനെയിലെ ഫെര്‍ഗൂസന്‍ കോളജില്‍ അധ്യാപകനായും ഭണ്ഡാര്‍കര്‍ ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓണററി ഡയറക്ടറായും സേവനമനുഷ്ഠിച്ചു. യുനെസ്കോയുടെ ഇന്റര്‍നാഷണല്‍ കൌണ്‍സില്‍ ഫോര്‍ ഫിലോസഫി ആന്‍ഡ് ഹ്യൂമനിസ്റ്റിക് സ്റ്റഡീസിന്റെ ഡയറക്ടറായും (1955-61), പൂനെ സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ സാന്‍സ്ക്രിറ്റിന്റെ ഡയറക്ടറായും (1964-74) പ്രവര്‍ത്തിച്ചു. ഭണ്ഡാര്‍കര്‍ ഓറിയന്റല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ഗവേഷണ മാസികയുടെ പത്രാധിപരായിരുന്നു. ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സംരംഭമായ മഹാഭാരത പ്രസാധനത്തില്‍ ശല്യപര്‍വത്തിന്റെയും അനുശാസനപര്‍വത്തിന്റെയും സംശോധിത സംസ്കരണം ദാണ്ഡേക്കറുടെ മേല്‍നോട്ടത്തിലായിരുന്നു.

പ്രോഗ്രസ് ഒഫ് ഇന്‍ഡിക് സ്റ്റഡീസ് : 1917-42 (1942), വേദിക് ബിബ്ളിയോഗ്രഫി (നാല് വാല്യം - 1946, 61, 73, 85), ദ് ശ്രൗത റിച്വല്‍ ആന്‍ഡ് വാജപേയ സാക്രിഫൈസ് (1955), വേദിക് റിലിജിയന്‍ ആന്‍ഡ് മിതോളജി (1965), വേദദര്‍ശനം (ലാദ് സ്മാരക പ്രഭാഷണം, 1966), ശ്രൗതകോശം (രണ്ടുവാല്യം), സം ആസ്പെക്റ്റ്സ് ഒഫ് ദ് ഹിസ്റ്ററി ഒഫ് ഹിന്ദുയിസം (1967), റീസന്റ് ട്രെന്‍ഡ്സ് ഇന്‍ ഇന്തോളജി (1978), ദ് വേദിക് മിതോളജിക്കല്‍ ട്രാക്റ്റ്സ് (1979), ഇന്‍സൈറ്റ്സ് ഇന്റു ഹിന്ദുയിസം (1979), എക്സര്‍സൈസസ് ഓണ്‍ ഇന്തോളജി (1981), ദി ഏയ്ജ് ഒഫ് ദ് ഗുപ്താസ് എന്നിവ ഇദ്ദേഹത്തിന്റെ രചനകളില്‍ പ്രധാനപ്പെട്ടവയാണ്. എഴുപത്തിയഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് സുഹൃത്തുക്കളും ശിഷ്യരും തയ്യാറാക്കിയ അനുമോദനഗ്രന്ഥം അമൃതധാര എന്ന പേരില്‍ എസ്.ഡി. ജോഷി പ്രസാധനം ചെയ്തു (1984). പോസ്റ്റ് വേദിക് ലിറ്ററേച്ചര്‍, ഹിന്ദുയിസം ആന്‍ഡ് മോഡേണ്‍ കള്‍ചര്‍, ഗോഡ്സ് ഇന്‍ ഹിന്ദു തോട്സ്, സം ആസ്പെക്റ്റ്സ് ഒഫ് ദി ഇന്‍ഡോ മെഡിറ്ററേനിയന്‍ കോണ്‍ടാക്റ്റ്സ്, വസിഷ്ഠ ആസ് റിലിജിയസ് കണ്‍സിലിയേറ്റര്‍ തുടങ്ങിയ കൃതികളും ശ്രദ്ധേയങ്ങളാണ്. എ.എം. ഘടാഗെയുമായി ചേര്‍ന്നു പ്രസാധനംചെയ്ത കൃതിയാണ് പ്രൊസീഡിങ്സ് ഒഫ് ദ് സെമിനാര്‍ ഇന്‍ പ്രാകൃത് സ്റ്റഡീസ് (1970). വൈദിക-ഭാരതീയ ചിന്താധാരയെയും വൈദിക ദേവതമാരെയും പരിചയപ്പെടുത്തുന്ന ദാണ്ഡേക്കറുടെ പഠനങ്ങള്‍ ഈ മേഖലയിലെ ചിരസ്മരണീയ സംഭാവനയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍