This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദന്തപ്പാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദന്തപ്പാല

Ivory Wood


അപ്പോസൈനേസീ (Apocynaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ചെറിയ മരം. ശാസ്ത്രനാമം: റൈറ്റിയ ടിന്‍ക്റ്റോറിയ (Wrighttiatinctoria). അയ്യപ്പാല എന്ന പേരിലും അറിയപ്പെടുന്നു. ഇന്ത്യയില്‍ 1200 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലെ ഇലകൊഴിയും ശുഷ്കവനങ്ങളിലും ഈര്‍പ്പമുള്ള വനപ്രദേശങ്ങളിലുമാണ് ദന്തപ്പാല സാധാരണയായി കണ്ടുവരുന്നത്. ഇത് 10 മീറ്ററോളം ഉയരത്തില്‍ വളരും. കനം കുറഞ്ഞതും മൃദുവുമായ മരത്തൊലിക്ക് ചാരനിറമാണ്. ദന്തപ്പാലയുടെ ഇലകള്‍ ലഘുവാണ്. സമ്മുഖമായി വിന്യസിച്ചിരിക്കുന്ന ഇലകള്‍ക്ക് അനുപര്‍ണങ്ങളില്ല. ഇലകളിലും തണ്ടിലും പാല്‍പോലെയുള്ള വെള്ളക്കറയുണ്ട്. ഇലകള്‍ക്ക് 8-25 സെ.മീ. നീളവും 3-10 സെ.മീ. വീതിയും ഉണ്ട്. പത്രവൃന്തം ചെറുതാണ്. പത്രഫലകത്തിന് ആയതാകൃതിയോ അണ്ഡാകൃതിയോ ആയിരിക്കും. 6-12 ജോഡി പാര്‍ശ്വസിരകള്‍ കാണപ്പെടുന്നു. തളിരിലകള്‍ക്ക് നീലകലര്‍ന്ന പച്ചനിറവും സിരകള്‍ക്ക് ചുവപ്പു കലര്‍ന്ന പച്ചനിറവുമാണ്.

ദന്തപ്പാല:പുഷ്പങ്ങളോടുകൂടിയ ശാഖ

മാര്‍ച്ച് മുതല്‍ ജൂലായ് വരെയുള്ള കാലയളവിലാണ് ദന്തപ്പാല പുഷ്പിക്കുന്നത്. പാനിക്കിള്‍ പുഷ്പമഞ്ജരിയായാണ് പുഷ്പങ്ങളുണ്ടാകുന്നത്. വെളുത്ത നിറവും സുഗന്ധവുമുള്ള സമമിത ദ്വിലിംഗി പുഷ്പങ്ങളാണ് ഇതിനുള്ളത്.

1.5 സെന്റിമീറ്ററോളം വ്യാസമുള്ള പുഷ്പങ്ങള്‍ക്ക് അഞ്ച് ബാഹ്യദളങ്ങളും അഞ്ച് ദളങ്ങളും ഉണ്ടായിരിക്കും. ബാഹ്യദളപുടം ചിരസ്ഥായിയാണ്. ദളങ്ങള്‍ സംയുക്തമായിരിക്കും. ദളപുടഗളനാളത്തില്‍ പഞ്ഞിപോലെയുള്ള കൊറോണ കാണപ്പെടുന്നു. അഞ്ച് ദളലഗ്നകേസരങ്ങളുണ്ട്. പുഷ്പങ്ങള്‍ക്ക് രണ്ട് ബീജാണ്ഡപര്‍ണങ്ങളുള്ള ഊര്‍ധ്വവര്‍ത്തി അണ്ഡാശയമാണുള്ളത്. വര്‍ത്തികാഗ്രം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. കായ്കള്‍ 15-35 സെ.മീ. നീളവും 0.25 സെ.മീ. വ്യാസവുമുള്ള ഫോളിക്കിളാണ്. ഒരു പുഷ്പത്തില്‍നിന്ന് രണ്ട് കായ്കളുണ്ടാകും. കായ്കളുടെ അഗ്രം ഒട്ടിച്ചേര്‍ന്നിരിക്കും. ആഗ.-സെപ.് മാസത്തോടെ കായ്കള്‍ വിളഞ്ഞു പാകമാകുന്നു.

ഇലകൊഴിയുംവൃക്ഷമായ ദന്തപ്പാല കാട്ടില്‍ കളകള്‍ കുറവുള്ള സ്ഥലത്തും ചെങ്കല്‍പ്രദേശത്തുമാണ് സാധാരണയായി വളരുന്നത്. നഴ്സറിയില്‍ വിത്തുകള്‍ പാകി മുളപ്പിച്ച് നാലഞ്ചുമാസം പ്രായമാകുമ്പോള്‍ തൈകള്‍ പറിച്ചുനട്ടും പ്രജനനം നടത്താറുണ്ട്.

ആനക്കൊമ്പിന്റെ നിറമുള്ള ദന്തപ്പാലത്തടിയുടെ വെള്ളയും കാതലും തിരിച്ചറിയാന്‍ പ്രയാസമാണ്. തടിക്ക് സാമാന്യം കടുപ്പമുണ്ടെങ്കിലും പണിചെയ്യാന്‍ എളുപ്പമാണ്. ഈടു കുറവായതിനാല്‍ ഇതിന്റെ തടി കളിപ്പാട്ടങ്ങള്‍, കൌതുക വസ്തുക്കള്‍, എന്‍ജിനീയറിങ് ഉപകരണങ്ങള്‍ മുതലായവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു.

ദന്തപ്പാലയുടെ മരത്തൊലിക്കും ഇലയ്ക്കും വിത്തിനും ഔഷധഗുണമുണ്ട്. രക്താതിസമ്മര്‍ദത്തിനും വാതത്തിനും ഇലകള്‍ ഉപയോഗിച്ച് ഔഷധങ്ങള്‍ ഉണ്ടാക്കുന്നു. ദഹനശേഷി വര്‍ധിപ്പിക്കുന്നതിനും ഉദരരോഗങ്ങള്‍, പിത്തം, കഫം എന്നിവയ്ക്കും ദന്തപ്പാലയുടെ മരത്തൊലി ഉപയോഗിച്ച് ഔഷധങ്ങള്‍ ഉണ്ടാക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍