This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദത്ത്, മൈക്കേല്‍ മധുസൂദന്‍ (1824 - 73)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദത്ത്, മൈക്കേല്‍ മധുസൂദന്‍ (1824 - 73)

ഇന്ത്യന്‍ (ബംഗാളി, ഇംഗ്ലീഷ്) സാഹിത്യകാരന്‍. രാജാ നാരായണിന്റെയും ജാഹ്നവീദേവിയുടെയും പുത്രനായി 1824 ജനു.25-ന് ജനിച്ചു. നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കൊല്‍ക്കത്തയില്‍ ഉപരിപഠനം നടത്തി. ക്രൈസ്തവ ദര്‍ശനത്തിലും പാശ്ചാത്യസംസ്കാരത്തിലും ആകൃഷ്ടനായ ഇദ്ദേഹം 1843-ല്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്ന് മൈക്കേല്‍ എന്ന പേരു സ്വീകരിച്ചു. ഇതോടെ പിതാവില്‍നിന്നുള്ള ധനസഹായം നഷ്ടപ്പെടുകയും ഉപജീവനത്തിനായി മദ്രാസിലെത്തി അധ്യാപകവൃത്തിയില്‍ ഏര്‍പ്പെടുകയും ചെയ്തു. അവിടെവച്ച് സ്കോട്ട്ലന്‍ഡ് സ്വദേശിനിയായ റബേക്കയെ വിവാഹം കഴിച്ചു. താമസിയാതെ ഈ ബന്ധം തകരുകയും തുടര്‍ന്ന് മധുസൂദന്‍ ഫ്രഞ്ചുകാരിയായ ഹെന്റീറ്റ സോഫിയയെ വിവാഹം കഴിക്കുകയും ചെയ്തു. കുറേക്കാലം പ്രസിഡന്‍സി കോളജ് അധ്യാപകനായി ജോലി ചെയ്ത ഇദ്ദേഹം സാമ്പത്തികപ്രതിസന്ധി കാരണം നാട്ടിലേക്കു മടങ്ങി. ഇതിനകം മാതാപിതാക്കളെ നഷ്ടപ്പെട്ട മധുസൂദന് അവരുടെ സ്വത്തു കിട്ടിയില്ല. ഉപജീവനത്തിനായി ഒരു ഓഫീസില്‍ കുറേക്കാലം ജോലിചെയ്തു. 1862-ല്‍ നിയമപഠനത്തിനായി ഇംഗ്ളണ്ടില്‍ പോവുകയും നിയമബിരുദം സമ്പാദിച്ചതിനുശേഷം കൊല്‍ക്കത്താ ഹൈക്കോടതിയില്‍ അഭിഭാഷകനാവുകയും ചെയ്തു. കടുത്ത സാമ്പത്തികപ്രതിസന്ധി അഭിമുഖീകരിക്കേണ്ടിവന്ന മധുസൂദന്‍ അസുഖം കാരണം 1873-ല്‍ കൊല്‍ക്കത്തയിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. അവിടെവച്ചുതന്നെയായിരുന്നു അന്ത്യം.

മൈക്കള്‍ മധുസൂദന്‍ ദത്ത്

ബംഗാളിസാഹിത്യത്തിലെ നവോത്ഥാന നായകന്മാരില്‍ ഒരാളായാണ് മധുസൂദന്‍ ദത്ത് അറിയപ്പെടുന്നത്. അമ്മയുടെ കവിതാവാസന ഇദ്ദേഹത്തിന് എന്നും പ്രചോദനം നല്കിയിരുന്നു. സ്ത്രീകള്‍ക്ക് അഭിനയരംഗം വിലക്കപ്പെട്ടിരുന്ന അക്കാലത്ത് നാടകവേദിയില്‍ സ്ത്രീവേഷം കെട്ടാന്‍ സ്ത്രീകളെത്തന്നെ നിയോഗിച്ചത് ഇദ്ദേഹത്തിന്റെ സംഭാവനകളിലൊന്നായി കണക്കാക്കപ്പെടുന്നു. മധുസൂദന്റെ ആദ്യകാല കൃതികള്‍ ഇംഗ്ളീഷിലായിരുന്നു. പദ്യവും ഗദ്യവും നാടകവും രചിക്കുന്നതില്‍ ഒന്നുപോലെ നിഷ്ണാതനായിരുന്നു ഇദ്ദേഹം. വന്ദിനി നാരി എന്ന കൃതിയാണ് ആദ്യം പ്രസിദ്ധീകരിച്ചത്. 1849-ല്‍ മദ്രാസില്‍ പ്രസിദ്ധീകരിച്ച ദ് കാപ്റ്റീവ് ലേഡി എന്ന ആഖ്യാന കവിതയില്‍ ഇംഗ്ളീഷ് കാല്പനികകവികളുടെ, വിശേഷിച്ച് ബൈറന്റെ, സ്വാധീനം വ്യക്തമായി നിഴലിക്കുന്നു. 1854-ല്‍ നടത്തിയ 'ദി ആംഗ്ളോ സാക്സണ്‍സ് ആന്‍ഡ് ദ് ഹിന്ദു' എന്ന പ്രഭാഷണത്തില്‍ ബ്രിട്ടിഷ് ഭരണത്തോടും ബ്രിട്ടിഷ് സംസ്കാരത്തോടും തനിക്കുള്ള അടങ്ങാത്ത അഭിനിവേശത്തിന് നിരങ്കുശമായ ആവിഷ്കാരം നല്കുകയാണ് മധുസൂദന്‍ ചെയ്തത്.

മധുസൂദന്‍ ദത്തിന്റെ പില്ക്കാല കൃതികള്‍ ബംഗാളിയിലായിരുന്നു. പദ്മാവതി, ശര്‍മിഷ്ഠ തുടങ്ങിയ നാടകങ്ങളും തിലോത്തമാ സംഭവം, മേഘനാദവധം, വ്രജാംഗനാകാവ്യം, വീരാംഗനാകാവ്യം എന്നീ കാവ്യങ്ങളുമാണ് ഇക്കൂട്ടത്തില്‍ പ്രധാനം.

1873 ജൂണ്‍ 29-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍