This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദക്ഷിണേന്ത്യന്‍ കലയും വാസ്തുവിദ്യയും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:23, 24 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദക്ഷിണേന്ത്യന്‍ കലയും വാസ്തുവിദ്യയും

ഭാരതത്തിന്റെ ദക്ഷിണഭാഗങ്ങളില്‍ വളര്‍ന്നു വികസിച്ച സവിശേഷ കലകളും വാസ്തുവിദ്യാ രീതികളും. ഇത് ഗുഹാക്ഷേത്രങ്ങള്‍ മുതല്‍ വന്‍ ഗോപുരങ്ങള്‍ ഉള്ള ക്ഷേത്രസമുച്ചയങ്ങള്‍ വരെയും വിഭിന്ന നാടോടി കലാരൂപങ്ങള്‍ മുതല്‍ കഥകളി തുടങ്ങിയ ക്ലാസ്സിക് കലാരൂപങ്ങള്‍ വരെയും വൈവിധ്യമാര്‍ന്നു നില്ക്കുന്നു.

ക്രിസ്തുവിനു മുമ്പുതന്നെ ദക്ഷിണേന്ത്യയില്‍ സവിശേഷമായ ഒരു വാസ്തു-കലാ സംസ്കാരം ഉടലെടുത്തിരുന്നു. അതിനെ കരുപ്പിടിപ്പിക്കുന്നതില്‍ ബുദ്ധ-ജൈന-ഹൈന്ദവ മതങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്. ചാലൂക്യര്‍, പല്ലവര്‍, ചോളര്‍, പാണ്ഡ്യര്‍, ചേരര്‍ എന്നീ രാജവംശാവലികള്‍ക്കും അവയിലെ രാജാക്കന്മാര്‍ക്കും ഇക്കാര്യത്തിലുള്ള പങ്ക് വളരെ വലുതാണ്.

ബുദ്ധ വാസ്തുശൈലിയില്‍ പ്രധാനം ചൈത്യങ്ങളും വിഹാരങ്ങളുമാണ്. ചൈത്യങ്ങള്‍ (സ്തൂപങ്ങള്‍) കട്ടികൂടിയ പാറയില്‍ കൊത്തിയെടുത്ത വലിയ ആരാധനാലയങ്ങളാണ്. സന്ന്യാസിമഠങ്ങളാണ് വിഹാരങ്ങള്‍. ഇവ ഗുഹാക്ഷേത്രങ്ങളെന്നും ഗുഹകളെന്നും വ്യവഹരിക്കപ്പെടാറുണ്ടെങ്കിലും യഥാര്‍ഥത്തില്‍, പെഴ്സിബ്രൗണ്‍ അഭിപ്രായപ്പെട്ടതുപോലെ ബൃഹത് 'ശിലാവാസ്തു ശില്പ'ങ്ങള്‍ തന്നെയാണ്. ബി.സി. ഒന്നും രണ്ടും ശതകങ്ങളിലെ പ്രധാന ചൈത്യശാലകള്‍ ഇവയാണ്-ഭാജ, കൊണ്ടെയിന്‍, പിതാല്‍കൊഹ്ര, അജന്ത, ബൈദ്സാ, നാസിക്, കര്‍ലേ. എ.ഡി. രണ്ടാം നൂറ്റാണ്ടിലെ കല്‍ഹേരി ചൈത്യങ്ങളോടുകൂടി ചൈത്യശാലകളുടെ പരമ്പര അവസാനിക്കുന്നു. ആദ്യ മാതൃകകളില്‍ ഉള്ളിലേക്കു ചാഞ്ഞ അഷ്ടഭുജാകൃതിയിലുള്ള സ്തംഭ നിരകളാണുള്ളത്. ഒടുവിലുള്ള മാതൃകകളില്‍ ഈ ചായ്വ് അപ്രത്യക്ഷമാവുകയും സ്തംഭനിര ശീര്‍ഷത്തോടും പീഠത്തോടുംകൂടി കൂടുതല്‍ അലങ്കൃതമാവുകയും ചെയ്യുന്നു. ഗുഹാമുഖത്തിന്റെ പ്രവേശഭാഗത്തുള്ള ലാടാകാരമായ കമാനവീഥിയിലും കാലാനുസൃതമായ പരിണാമം കാണാം.

ഒറീസയിലെ ഖണ്ഡഗിരിയിലെയും ഉദയഗിരിയിലെയും ജൈന സന്ന്യാസിമഠങ്ങളാണ് ദക്ഷിണേന്ത്യന്‍ ജൈനകലയുടെ ആദിമരൂപങ്ങള്‍. ഗുംഭങ്ങള്‍ എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന ഇവയില്‍ തുടങ്ങുന്ന ജൈനകലയുടെ വിസ്മയകരമായ വളര്‍ച്ചയ്ക്കു നിദാനങ്ങളാണ് എല്ലോറയിലെയും എലിഫന്റയിലെയും ശില്പ സഞ്ചയം.

ദക്ഷിണേന്ത്യന്‍ ബൗദ്ധകലയ്ക്ക് ആന്ധ്രയിലുണ്ടായ വികാസ പരിണാമങ്ങള്‍ക്കു നിദര്‍ശനമാണ് ഗുണ്ടുപ്പള്ളി (കൃഷ്ണാ ജില്ല), സങ്കരപട്ടണം (വിശാഖപട്ടണം ജില്ല) എന്നിവിടങ്ങളിലെ ശിലാകൃത വാസ്തുവിദ്യാ മാതൃകകള്‍. ഇവ ബെര്‍ഹത്, സാഞ്ചി എന്നീ പുരാതന കലാരീതികളുടെയും മധ്യകാല ഹൈന്ദവകലയുടെയും സംയുക്ത ശോഭ പരത്തുന്നവയാണ്. ആന്ധ്രയിലെ ബൌദ്ധവാസ്തുകലയുടെ വികസിത മാതൃകകള്‍ ഗോലി, ജലായപേട്ട, ഭട്ടിപ്രോലു, ഘണ്ടശാല, അമരാവതി, നാഗാര്‍ജുനകൊണ്ട എന്നിവിടങ്ങളില്‍ കാണാം. അയ്ഹോള്‍, മഹാബലിപുരം എന്നിവിടങ്ങളിലെ ശില്പശൈലിയെ മുന്‍കൂട്ടി പ്രവചിക്കുന്നവയും പ്രതിഫലിപ്പിക്കുന്നവയുമാണ് അമരാവതിയിലെ ശില്പങ്ങള്‍. അവയില്‍ റോമന്‍ സ്വാധീനവും ഒട്ടൊക്കെ ഉള്ളതായി വാസ്തുകലാ ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ദക്ഷിണേന്ത്യയിലെ ഹൈന്ദവ ക്ഷേത്ര വാസ്തുവിദ്യയുടെ ആരംഭം നാഗാര്‍ജുനകൊണ്ടയിലെ ഇക്ഷ്വാകുകളുടെ ഇഷ്ടികാനിര്‍മിതമായ പുരാതന ക്ഷേത്രങ്ങളില്‍ നിന്നാണെന്നു കരുതപ്പെടുന്നു. അടുത്ത ഘട്ടം അയ്ഹോളിലും അതിനടുത്തുമായി എ.ഡി. 600-ലുണ്ടായ ക്ഷേത്രസമുച്ചയത്തിലാണ് കാണപ്പെടുന്നത്. അയ്ഹോള്‍ ക്ഷേത്രസമുച്ചയങ്ങളിലൊന്നിന്റെ പുറത്തെ കോണുകളിലുള്ള ചുമര്‍ത്തുണൂകളില്‍ ദ്രാവിഡ കലാസമ്പ്രദായത്തിന്റെ പിറവിയുടെ സൂചന കാണാമെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഉത്തര-ദക്ഷിണ ഭാരത ദേശങ്ങളിലെ ക്ഷേത്ര വാസ്തുവിദ്യയിലെ ഒരു മുഖ്യ വൈജാത്യം ഇതാണ്. ഉത്തരേന്ത്യയില്‍ പൊതുവേ വൃത്താകൃതിയിലാണ് ഗര്‍ഭഗൃഹത്തിനു മുകളിലുള്ള ശിഖരം കാണപ്പെടുന്നത്. എന്നാല്‍ തെക്ക്, ഒന്നിനൊന്ന് വലുപ്പം കുറയുന്ന ചതുരാകൃതിയിലുള്ള തട്ടുകളായാണ് അത് ഉയരുന്നത്.

ദക്ഷിണേന്ത്യന്‍ വാസ്തുകലയുടെ ഒരു സവിശേഷ ചാലകശക്തിയായിരുന്നു ചാലൂക്യന്മാര്‍. ചാലൂക്യരാജാക്കന്മാര്‍ ശില്പകലയ്ക്ക് വമ്പിച്ച പ്രോത്സാഹനം നല്കി. പുലികേശി രണ്ടാമന്‍ കലാകാരന്മാരുടെയും ശില്പികളുടെയും വലിയ പുരസ്കര്‍ത്താവായിരുന്നു. ഇദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളിലൂടെയാണ് അജന്തയിലെ ശില്പവിസ്മയം സാക്ഷാത്കരിക്കപ്പെട്ടത്. സവിശേഷമായ ചാലൂക്യ കലാശൈലിയുടെ ഉത്തമ മാതൃക ബാദാമിയില്‍നിന്ന് പത്തുമൈല്‍ അകലെയുള്ള പട്ടടയ്ക്കല്‍ ക്ഷേത്ര സമുച്ചയമാണ്.

ദക്ഷിണേന്ത്യന്‍ വാസ്തുകലയെ സമ്പന്നമാക്കുന്നതില്‍ പല്ലവരാജവംശത്തിന്റെ സംഭാവനകളും വളരെ മികച്ചതാണ്. ശിലാ വാസ്തുവിദ്യയില്‍നിന്ന് കല്ലുകളാല്‍ കെട്ടിയുയര്‍ത്തപ്പെടുന്ന തരം നിര്‍മിതികളിലേക്ക് വാസ്തുശൈലി വഴിമാറുന്നത് പല്ലവരുടെ കീഴിലാണ്. പല്ലവരാജാക്കന്മാരില്‍ മഹേന്ദ്രവര്‍മന്‍ ഒന്നാമന്റെ കാലത്താണ് ദക്ഷിണേന്ത്യന്‍ ശില്പകല ഇത്തരത്തില്‍ പുതുമാര്‍ഗം തേടിത്തുടങ്ങിയത്. ഒറ്റക്കല്‍ രഥങ്ങളും കല്‍ത്തൂണ്‍ മണ്ഡലങ്ങളും ഇക്കാലത്തെ സവിശേഷതകളായിരുന്നു. തിരുച്ചിറപ്പള്ളി തിരുക്കഴക്കുന്റം, ദളവന്നൂര്‍, മണ്ടവപ്പത്തു എന്നിവിടങ്ങളിലെ നിര്‍മിതികള്‍ പല്ലവ കലയുടെ മികച്ച മാതൃകകളാണ്. പല്ലവ മണ്ഡപങ്ങള്‍ക്ക് സമകാലികവും ഏറെക്കുറെ അതേ ശൈലിയിലുമായിരുന്നു പാണ്ഡ്യനാട്ടില്‍ ശിലാകൃത മണ്ഡപങ്ങള്‍ ഉണ്ടായത്. തിരുപ്പറകുന്റം, സിംഗപ്പെരുമാള്‍ കോവില്‍ തുടങ്ങിയവ ഈ വിഭാഗത്തിലെ ആദ്യകാല മാതൃകകളാണ്. പല്ലവ ചിത്രകലാ ശൈലിയുടെ മികച്ച മാതൃകകള്‍ ചിത്തന്നവാസലില്‍ കാണാം. പുതുക്കോട്ടയ്ക്കു 12 കി.മീ. വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ചിത്തന്നവാസല്‍ ഗുഹാക്ഷേത്രത്തിലെ ചിത്രങ്ങള്‍ ലഘുരേഖകള്‍ കൊണ്ടും ഏറ്റവും കുറച്ചു ചായങ്ങള്‍കൊണ്ടും വരച്ചവയാണ്. വരകളുടെ അനായാസത, താളാത്മകത എന്നിവയ്ക്കുദാഹരണമായ നിരവധി ചിത്രങ്ങള്‍ ഇവിടെയുണ്ട്. ഉദാ. താമരപ്പൊയ്ക, അപ്സരസ്സുകളുടെ നൃത്തം, കുണ്ഡലകേശി. ഈ ചിത്രശാലയുടെ നിര്‍മിതിക്കു മുന്‍കൈയെടുത്ത മഹേന്ദ്രവര്‍മ രാജാവിന് 'ചിത്രകാരപ്പുലി' എന്നൊരു ബഹുമതിയുമുണ്ട്.

ക്ഷേത്ര നിര്‍മിതിയിലെ പല്ലവ ശൈലിയുടെ പിന്തുടര്‍ച്ചക്കാര്‍ ചോളന്മാരായിരുന്നു. ഒടുവിലത്തെ പല്ലവകല ചോളശൈലിയിലേക്കു വഴിമാറുന്നതിന്റെ ഉദാഹരണങ്ങള്‍ പുതുക്കോട്ടയിലെയും പരിസരപ്രദേശങ്ങളിലെയും നിര്‍മിതികളില്‍ കാണാം. പല്ലവരുടെതിനെ അപേക്ഷിച്ച് ലളിതമാണ് ചോളരുടെ ശൈലി. ഈ ലാളിത്യം ചോള ശൈലിയിലുള്ള ആദ്യ ക്ഷേത്രങ്ങളിലൊന്നായ ശ്രീനിവാസനല്ലൂര്‍ ക്ഷേത്രത്തില്‍ കാണാം. സ്തംഭശീര്‍ഷങ്ങളിലാണ് പല്ലവ ശൈലിയില്‍ നിന്നുള്ള കാര്യമായ വ്യതിയാനം കാണുന്നത്. കൊത്തുപണികളില്‍ അലങ്കാരം കുറവാണെന്നതാണ് മറ്റൊരു പ്രത്യേകത. സരളവും സ്വതന്ത്രവുമായിരിക്കുമ്പോഴും ഗാംഭീര്യമാര്‍ന്ന ചോളശില്പശൈലിക്കു നിദര്‍ശനങ്ങളാണ് തഞ്ചാവൂര്‍ ക്ഷേത്രവും ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രവും. ചോളശൈലിയുടെ ഒരു മധ്യകാല മാതൃകയാണ് തൃശ്ശിനാപ്പള്ളി ജില്ലയിലെ കൊരങ്ങനാഥ ക്ഷേത്രം.

ശില്പകലയുടെ അത്രയുമില്ലെങ്കിലും ചിത്രകലയിലും ചോളര്‍ തത്പരരായിരുന്നു. രാജരാജചോളന്‍ വരപ്പിച്ചതാണെന്നു കരുതപ്പെടുന്ന 11-ാം ശ.-ത്തിലെ നടരാജമൂര്‍ത്തിയുടെ ചുവര്‍ചിത്രം (തഞ്ചാവൂര്‍) ചോള ചിത്രകലാശൈലിയുടെ മികച്ച മാതൃകയാണ്. രാജരാജചോളന്‍ കവികളുടെയും സാഹിത്യകാരന്മാരുടെയും നാടകകാരന്മാരുടെയും പുരസ്കര്‍ത്താവുമായിരുന്നു.

ചോള കാലഘട്ടം വെങ്കല ശില്പങ്ങള്‍ക്കും പേരുകേട്ടതാണ്. അത് ഗംഭീര പൂര്‍ണകായ പ്രതിമകളിലേക്കു വളര്‍ന്നതിനു നിദര്‍ശനമാണ് തിരുപ്പതിയിലെ ദേവരായരുടെയും മറ്റും പ്രതിമ.

ചോളന്മാര്‍ക്കുശേഷം അധികാരശക്തികളായിരുന്ന പാണ്ഡ്യന്മാരാണ് പിന്നീട് ദക്ഷിണേന്ത്യന്‍ വാസ്തുവിദ്യയ്ക്ക് പ്രചോദനമേകിയത്. ക്ഷേത്രവളപ്പുകളുടെ പ്രവേശനമാര്‍ഗത്തില്‍ ഗംഭീരമായ ഗോപുരവാതിലുകള്‍ നിര്‍മിച്ചു എന്നതാണ് പാണ്ഡ്യശൈലിയുടെ മുഖ്യ സവിശേഷത. പില്ക്കാല പാണ്ഡ്യ ഗോപുരങ്ങളുടെ തനിമാതൃകകള്‍ സുന്ദരപാണ്ഡ്യ ഗോപുര(ജംബുകേശ്വരം)വും ചിദംബരം ക്ഷേത്രത്തിലെ കിഴക്കേ ഗോപുരവുമാണ്. അലങ്കാരപ്പണികള്‍ കൂടുതല്‍ നടത്തി മോടി വര്‍ധിപ്പിക്കാനുള്ള ഉദ്യമമാണ് പാണ്ഡ്യശൈലിയില്‍ പൊതുവേ കാണപ്പെടുന്നത്. അത് ചോളവാസ്തുവിദ്യയുടെ നിയന്ത്രിതമായ പക്വതയില്‍നിന്ന് വിജയനഗരശൈലിയുടെ അനിയന്ത്രിതവും എന്നാല്‍ അതിവിശിഷ്ടവും ആയ സൃഷ്ടിയിലേക്കുള്ള മാറ്റത്തെയാണ് ഉദാഹരിക്കുന്നത്.

വിജയനഗര സാമ്രാജ്യത്തിന്റെ കീഴില്‍ ദക്ഷിണേന്ത്യന്‍ കല ഹിന്ദുശൈലിക്കുമേല്‍ സ്വാധീനം ചെലുത്തിത്തുടങ്ങിയ ഇസ്ലാമിക ശൈലിയെ മറികടക്കാന്‍ ശ്രമിക്കുകയുണ്ടായി. വിട്ടലക്ഷേത്രം, ഹസാര രാമക്ഷേത്രം എന്നിവ ഈ വിജയനഗരശൈലിയുടെ മികച്ച മാതൃകകളാണ്. ഈ ശൈലിക്ക് മധുരനായ്ക്കന്മാരില്‍നിന്ന് ഏറെ പ്രോത്സാഹനം ലഭിച്ചതിനാല്‍ ഇത് മധുരശൈലി എന്നറിയപ്പെട്ടു. മധുര, ശ്രീരംഗം, തിരുവാലൂര്‍, രാമേശ്വരം, തിരുവണ്ണാമല എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ ഈ ശൈലിയുടെ നല്ല മാതൃകകളാണ്.

ഭരതനാട്യം, കുച്ചിപ്പുടി, കഥകളി, കഥക് തുടങ്ങിയ നിരവധി ക്ലാസ്സിക് നൃത്ത-നാട്യ രൂപങ്ങള്‍ ദക്ഷിണേന്ത്യന്‍ കലയുടെ സവിശേഷതകളാണ്. കൂത്ത്, കൂടിയാട്ടം, യക്ഷഗാനം തുടങ്ങിയവയും ദക്ഷിണേന്ത്യന്‍ കലാരംഗത്തെ സമ്പന്നമാക്കുന്നു. ദക്ഷിണേന്ത്യയുടെ സവിശേഷ സംഗീതശൈലിയാണ് കര്‍ണാടകസംഗീതം. വസ്ത്രനിര്‍മാണ കലയിലും കാഞ്ചീപുരം തുടങ്ങി നിരവധി ദക്ഷിണേന്ത്യന്‍ ശൈലികളും പ്രസ്ഥാനങ്ങളുമുണ്ട്. കരകൌശല വിദ്യയിലും മൌലികമായ സംഭാവനകള്‍ ദക്ഷിണേന്ത്യയില്‍ ഉണ്ടായിട്ടുണ്ട്.

ഇസ് ലാമിക ശൈലി, ബ്രിട്ടിഷ് ശൈലി തുടങ്ങിയ അനേകം ശൈലികള്‍ സ്വാംശീകരിച്ചാണ് ദക്ഷിണേന്ത്യന്‍ കലയും വാസ്തുവിദ്യയും ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍