This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദക്ഖിനീ സാഹിത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദക്ഖിനീ സാഹിത്യം

ദക്ഖിനീ ഹിന്ദിയിലെ സാഹിത്യം. ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും സംസാരിച്ചിരുന്ന ഖഡീബോലി ദക്ഷിണ പ്രദേശത്തും പ്രചരിച്ചിരുന്നു. ദക്ഖിനീ, ദക്നീ എന്നീ പേരുകളില്‍ ഇത് അറിയപ്പെട്ടു. ആരംഭത്തില്‍ വെറും സംസാരഭാഷയായിരുന്ന ദക്ഖിനീയില്‍ താമസിയാതെ ഗദ്യവും പദ്യവും ഉണ്ടായി. പേര്‍ഷ്യന്‍ ലിപിയിലാണ് ഇവ രചിക്കപ്പെട്ടത്. അധികം സാഹിത്യകാരന്മാരും ഇസ്ലാംമതക്കാരായിരുന്നു. ഹിന്ദി സാഹിത്യത്തിന്റെ മറ്റു പ്രാചീന ശാഖകള്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ പ്രചരിച്ചതുപോലെ ദക്ഖിനീക്കു പ്രചാരം ലഭിച്ചില്ല. ഭാഷാശാസ്ത്ര പണ്ഡിതനായ ബാബൂറാം സക്സേന, ഹൈദരാബാദിലെ പ്രസിദ്ധ വിദ്വാനായ ഡോ. ശ്രീറാം ശര്‍മ, ഡോ. പരമാനന്ദ് പാഞ്ചാല്‍ തുടങ്ങിയവരുടെ ഗവേഷണഫലമായിട്ടാണ് പഴയ ദക്ഖിനീ സാഹിത്യഗ്രന്ഥങ്ങള്‍ അച്ചടിച്ചു പ്രചരിപ്പിച്ചത്. കേരളത്തിലെ ഹിന്ദി പണ്ഡിതരായ ഡോ. മുഹമ്മദ് കുഞ്ഞുമേത്തരു, ഡോ. ഇക്ബാല്‍ അഹമ്മദ് എന്നിവരുടെ ശ്രമങ്ങളും ഈ രംഗത്ത് ശ്രദ്ധേയമാണ്.

സാഹിത്യചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ ദക്ഖിനീയിലെ ആദ്യ സാഹിത്യകാരന്‍ അമീര്‍ ഖുസ്റോ (1253-1325) ആയിരുന്നു, അദ്ദേഹത്തിന്റെ യഥാര്‍ഥ നാമധേയം അബുല്‍ഹസന്‍ സമീനുദ്ദീന്‍ ഖുസ്റോ എന്നാണ്. ഉത്തര്‍പ്രദേശില്‍ എട്ടാ ജില്ലയിലെ പടിയാലി ഗ്രാമത്തില്‍ ജനിച്ച അമീര്‍ ഖുസ്റോയുടെ പിതാവ് അമീര്‍ സൈഫുദ്ദീന്‍ തുര്‍ക്കി വംശജനും മാതാവ് ഭാരതീയ വനിതയുമാണെന്നു പറയപ്പെടുന്നു. പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതിയിരുന്ന ഭാരതീയ കവികളില്‍ ഏറ്റവും പ്രശസ്തനാണ് അമീര്‍ ഖുസ്റോ. സംഗീതം, കവിത, ചരിത്രം, തത്ത്വജ്ഞാനം, സൂഫിമതം തുടങ്ങിയ വിവിധ മേഖലകളില്‍ അദ്ദേഹത്തിന്റെ പ്രതിഭ പ്രവര്‍ത്തിച്ചു. നൂറോളം ഗ്രന്ഥങ്ങളും അഞ്ചുലക്ഷം കവിതാ പംക്തികളും ഖുസ്റോ രചിച്ചു എന്നാണു പറയപ്പെടുന്നത്.

അമീര്‍ ഖുസ്റോ പല തരത്തിലുമുള്ള കവിതകള്‍ എഴുതി. ദോഹാ, പഹേലി, മുകരി എന്നിവയാണു പ്രധാനം. ഭാഷകളുടെ മണിപ്രവാള പ്രയോഗവും അദ്ദേഹത്തിന്റെ പ്രത്യേക ശൈലി ആയിരുന്നു. ഒരേ പദ്യത്തില്‍ ഒരു പാദം പേര്‍ഷ്യനിലും അടുത്തത് ദക്ഖിനീയിലും എഴുതിക്കാണുന്നുണ്ട്. അമീര്‍ ഖുസ്റോ 1313-ല്‍ ഖ്വാജാ നിസാമുദ്ദീന്‍ ഔലിയായുടെ ശിഷ്യനാവുകയും അദ്ദേഹത്തിന്റെ പേര്‍ഷ്യന്‍ പ്രവചനങ്ങള്‍ ശേഖരിക്കുകയും ചെയ്തു. അവയില്‍ പല സ്ഥലത്തും ഹിന്ദിപദങ്ങള്‍ കാണാമത്രെ. അമീര്‍ ഹസന്‍ ഷേഖ് അബ്ദുല്‍ കുദൂസ് ഹംഗോഹി മറ്റൊരു പ്രസിദ്ധ ദക്ഖിനീ കവിയാണ്.

ദക്ഖിനീ സാഹിത്യത്തിലെ ആദ്യത്തെ ആഖ്യാനാത്മക കാവ്യം മസ്നവീ കദംറാവ് പദംറാവ് ആണ്. ഈ കൃതി 1421-ല്‍ രചിച്ചതാണെന്നു വിശ്വസിക്കപ്പെടുന്നു. പേര്‍ഷ്യന്‍ ലിപിയില്‍ എഴുതിയ ഈ ഗ്രന്ഥത്തില്‍ കൂടുതലും സംസ്കൃതജന്യ പദങ്ങളാണ്. ഇതിലെ ഭാഷയില്‍ വ്രജ്, അവധി, രാജസ്ഥാനി, പഞ്ചാബി, സിന്ധി, മറാഠി, ഗുജറാത്തി, തെലുഗു തുടങ്ങി പല ഭാഷകളിലെയും വാക്കുകള്‍ കാണാം. ജാനം എന്ന കവി രചിച്ച ഇര്‍ഷാദ്നാമാ മറ്റൊരു ദക്ഖിനീ കാവ്യമാണ്.

ധാരാളം സൂഫി ഫക്കീര്‍മാര്‍ തുഗ്ളക്കിന്റെ കാലഘട്ടത്തില്‍ ദക്ഷിണഭാരതത്തില്‍ വന്നുചേര്‍ന്നു. അവര്‍ ഭാരതീയ ദര്‍ശനങ്ങളിലെ ചിന്തയോടു പൊരുത്തപ്പെടുകയും ഭാരതീയാഖ്യാനങ്ങളിലൂടെ സൂഫിസിദ്ധാന്തങ്ങള്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതുകൊണ്ട് അവര്‍ അന്യമതസ്ഥരുടെയും പ്രീതി നേടി. ദക്ഖിനീയില്‍ സൂഫിസാഹിത്യമാണ് കൂടുതല്‍ കാണുന്നത്. അവയില്‍ പ്രേമാഖ്യാന കാവ്യങ്ങളും കാണാം. അവയ്ക്കു പുറമേ 'മുക്തക' വിഭാഗത്തില്‍ പേര്‍ഷ്യന്‍ കാവ്യരൂപങ്ങളായ ഗസല്‍, കസീദാ, മര്‍സിയാ തുടങ്ങിയവയും ദക്ഖിനീയില്‍ പ്രയോഗിച്ചു. ദക്ഖിനീയില്‍ ഇവ പ്രയോഗിച്ച കാലത്ത് പേര്‍ഷ്യന്‍ ഭാഷയില്‍ അവ ഉത്കര്‍ഷ ദശയിലായിരുന്നു. ഈ സൂഫി കവികള്‍ അറബിഭാഷയിലും പേര്‍ഷ്യന്‍ ഭാഷയിലും പണ്ഡിതന്മാരായിരുന്നു.

ഗസല്‍ പ്രേമപ്രധാനവും സംഗീതാത്മകവുമായ കാവ്യരൂപമാണ്. ഇതില്‍ പ്രേമത്തിന്റെ സംയോഗവിയോഗപക്ഷങ്ങള്‍ പ്രകടമാക്കിയിരുന്നു. സൂഫി ദര്‍ശനത്തിലെ ഗൂഢഭാവങ്ങള്‍ ഗസലില്‍ പ്രതിപാദിച്ചു. പ്രസിദ്ധ ഗസല്‍കാരന്മാരില്‍ ബന്ദേനവാജ്, ജാനം, അമീന്‍ തുടങ്ങിയ കവികള്‍ ഉള്‍പ്പെടുന്നു.

മര്‍സിയ എന്ന ശോകഗീതം അറബിരാജ്യത്താണ് ഉടലെടുത്തത് എന്നു കരുതപ്പെടുന്നു. ദക്ഖിനീ സാഹിത്യത്തില്‍ മര്‍സിയായുടെ നീണ്ട പാരമ്പര്യം കാണാം. പ്രധാന കൃതി സൂഫികവി ബുര്‍ഹാനുദ്ദീന്‍ ജാനമിന്റേതാണ്.

ബന്ദേനവാജ് ദക്ഖിനീ സൂഫികവികളില്‍ ശീര്‍ഷസ്ഥാനീയനായിരുന്നു. അദ്ദേഹത്തിന്റെ പരമ്പരയില്‍ മീറാജ് ശംസുള്‍ ഉശ്ഹക് പ്രധാനിയാണ്. ജാനംകവിയുടെ ഇര്‍ഷാദ്നാമ പ്രശ്നോത്തര ശൈലിയില്‍ എഴുതിയ സൂഫികാവ്യമാണ്. സൂഫി അമീന്‍ മറ്റൊരു ജനപ്രിയ സൂഫികവിയായിരുന്നു. കാജീ മഹമ്മൂദ് ബഹറിയുടെ സൂഫികാവ്യത്തില്‍ അറബി-പേര്‍ഷ്യന്‍ പദങ്ങള്‍ക്കു പകരം സംസ്കൃത പദങ്ങളുടെ പ്രവാഹം എടുത്തുപറയേണ്ടതാണ്. പ്രസിദ്ധ കവിയായ വജഹിയാണ് ഗയാസി ആഖ്യാനകവികളില്‍ പ്രമുഖന്‍. മഹാകവി നുസ്രത്തിയുടെ ഗുല്‍ശനേ ഇശ്ക് പ്രതിഭയുടെ ഉത്തമോദാഹരണമാണ്. സൂഫി പ്രേമാഖ്യാന കാവ്യങ്ങളില്‍ പ്രസിദ്ധമാണ് ഇത്.

ദക്ഖിനീയിലെ സൂഫി സാഹിത്യം പ്രാചീന ഹിന്ദിയിലെ സൂഫി സാഹിത്യത്തില്‍നിന്നു രൂപംകൊള്ളുകയും പിന്നീടു വന്ന ഹിന്ദി സൂഫി സാഹിത്യകാരന്മാരെ സ്വാധീനിക്കുകയും ചെയ്തു. ഉത്തരഭാരതത്തില്‍ ഇടയ്ക്കു കണ്ണിമുറിഞ്ഞുപോയ സൂഫി സാഹിത്യം ദക്ഖിനീയില്‍ തുടരുകയും 15-ാം ശ.-ത്തില്‍ വീണ്ടും ഉത്തരേന്ത്യയില്‍ പ്രചരിക്കുകയും ചെയ്തു.

ദക്ഖിനീ ഹിന്ദിയില്‍ ഗദ്യസാഹിത്യവും ധാരാളമായുണ്ട്. ഗദ്യഗ്രന്ഥങ്ങളില്‍ കലിമതൂല്‍ ഹകായിക്, സബ്രസ്, താജൂന്‍ ഹകായിക്, കലിമതൂല്‍ അസരാന്‍ തുടങ്ങിയവ പ്രസിദ്ധി നേടി. ഗോല്‍കൊണ്ടയിലെ മഹാകവിയും പ്രശസ്ത ഗദ്യകാരനുമായ മുല്ലാവജഹീ രണ്ട് ഗദ്യകൃതികളും ഒരു പദ്യകൃതിയും എഴുതി. അദ്ദേഹത്തിന്റെ പ്രധാന ഗദ്യകൃതി സബ്രസ് 1636-ലാണ് രചിക്കപ്പെട്ടത്. ഇതിലെ ശൈലി അറബി-പേര്‍ഷ്യന്‍ ഭാഷകളില്‍നിന്നു സ്വീകരിച്ചതായി കരുതപ്പെടുന്നു.

(ഡോ. എന്‍.ഇ. വിശ്വനാഥയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍