This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഥേലാ, കാമിലോ ഹൊസെ (1916 - 2002)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഥേലാ, കാമിലോ ഹൊസെ(1916 - 2002)

Cela,Camilo Jose

സ്പാനിഷ് സാഹിത്യകാരന്‍. 1989-ലെ സാഹിത്യത്തിനുള്ള നോബല്‍സമ്മാനജേതാവായ ഇദ്ദേഹം നോവലിസ്റ്റ്, കവി, ചെറുകഥാകൃത്ത്, നാടകകൃത്ത് എന്നീ നിലകളില്‍ പ്രസിദ്ധനായി. 1916 മേയ് 11-ന് കൊറുന്ന പ്രവിശ്യയിലെ ഇറിയ ഫ്ളാവിയയില്‍ ജനിച്ചു.
കാമിലോ ഹൊസെ ഥേലാ
മാഡ്രിഡ് സര്‍വകലാശാലയില്‍ നിയമപഠനം നടത്തി. സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് (1936-39) ഫ്രാങ്കോയുടെ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചു. യുദ്ധത്തില്‍ മുറിവേറ്റ ഥേലായുടെ യുദ്ധാനുഭവങ്ങള്‍ പില്ക്കാലത്ത് ഇദ്ദേഹത്തിന്റെ കൃതികളില്‍ ആവിഷ്കാരം നേടി. യുദ്ധാനന്തരം പഠനം തുടര്‍ന്ന് 27-ാം വയസ്സില്‍ ബിരുദമെടുത്തു. 1944-ല്‍ മറിയ ദെല്‍ റൊസേറിയോ കോന്‍ദെ പിഥാവിയയെ വിവാഹം കഴിച്ചു. 1989 വരെ ഈ ബന്ധം നിലനിന്നു. 1991-ല്‍ ഇദ്ദേഹം തന്നെക്കാള്‍ 40 വയസ്സുകുറഞ്ഞ മറിന കാസ്തനോയെ വിവാഹം ചെയ്തു.

യാഥാതഥ്യ(realism)ത്തിന്റെയും ഫലിതത്തിന്റെയും അംശങ്ങള്‍ ഉള്‍ ച്ചേര്‍ന്നതാണ് ഥേലായുടെ കഥാപ്രപഞ്ചം. അസ്തിത്വവാദത്തിന്റെ അനുരണനവും അങ്ങിങ്ങുണ്ട്. നിരവധി വ്യക്തിത്വങ്ങളുടെ സങ്കരങ്ങളെന്നു വിശേഷിപ്പിക്കാവുന്നവയാണ് കഥാപാത്രങ്ങള്‍ മിക്കവയും. ഥേലായുടെ ആദ്യ നോവലായ ലാ ഫാമിലിയ ദെ പാസ്ക്വല്‍ ദുവാര്‍ത് (The Family of Pascal Duarte ) 1942-ല്‍ പ്രസിദ്ധീകരിച്ചു. സ്പാനിഷ് ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്നു രചിച്ച ഈ നോവലിലെ വിഭ്രാമകമായ ഉള്ളടക്കംകാരണം ഇത് അര്‍ജന്റീനയിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. സ്പെയിനില്‍ ആദ്യം നിരോധിക്കപ്പെട്ട ഈ ഗ്രന്ഥം 1946-ല്‍ അവിടെയും പ്രസിദ്ധീകരിക്കപ്പെട്ടു. ദുരിതത്തിനും അക്രമത്തിനും മുന്‍തൂക്കം നല്കുന്ന 'ട്രെമന്‍ദിസ്മൊ' എന്ന കഥാശൈലിയാണ് ഈ നോവലിന്റെ രചനയില്‍ ഥേലാ സ്വീകരിച്ചിരിക്കുന്നത്. ആഭ്യന്തരയുദ്ധത്തിനുശേഷമുള്ള മാഡ്രിഡ് ജീവിതത്തിലെ മൂന്നുദിവസത്തിന്റെ സൂക്ഷ്മ ചിത്രീകരണമാണ് 1951-ല്‍ പ്രസിദ്ധീകരിച്ച ലാ കോല്‍മെന(The Hive)യിലുള്ളത്. അഞ്ചുവര്‍ഷംകൊണ്ടു പൂര്‍ത്തിയാക്കിയ ഈ നോവലില്‍ 360-ഓളം കഥാപാത്രങ്ങളുണ്ട്. സിനിമയില്‍നിന്നു കടംകൊണ്ട 'മൊന്താഷ്' സങ്കേതം നോവലിസ്റ്റ് ഇതില്‍ പ്രയോഗിച്ചിട്ടുണ്ട്. യുദ്ധാനന്തരസമൂഹത്തിലെ അപചയവും കാപട്യവും ദാരിദ്ര്യവുമെല്ലാം ഇതില്‍ തെളിഞ്ഞുകാണാം. മസൂര്‍ക്ക പാരാ ദോസ് മ്യുവെര്‍ത്തോ (1983; Mazurka for two Dead People), ലാ ക്രുസ് ദെ സാന്‍ ആന്ദ്രെസ് (1944; St.Andres's Cross), മദേര ദെ ബോജ് (1999; Box Wood), പാബ്ലോന്‍ ദെ റിപ്പോസോ (1943), ലാ കാതിര (1955), ക്രിസ്തോ വേഴ്സസ് അരിസോണ (1988) എന്നിവ ഥേലായുടെ ഇതര പ്രധാന നോവലുകളാണ്.

കവി എന്ന നിലയിലുള്ള ഥേലായുടെ രചനകള്‍ പിസാന്‍ദോ ലാ ദുദോസ ലുഥ് ദെല്‍ ദിയാ (1945), കാന്‍സിയോനെറോ ദെ ലാ അല്‍കാരിയ (1948) എന്നീ സമാഹാരങ്ങളില്‍ ഉള്‍ പ്പെടുത്തിയിരിക്കുന്നു. എസാസ് ന്യൂബ്സ് ക്വെ പാസാന്‍ (1945), എല്‍ ഗാലെഗോ ഈ സു ക്വാദ്രില്ല (1951), വിയാജെ എ യു.എസ്.എ. (1967), റോല്‍ ദെ കോര്‍നുദോസ് (1976) എന്നിവ ചെറുകഥാസമാഹാരങ്ങളുടെ കൂട്ടത്തില്‍ മികച്ചുനില്ക്കുന്നു. 1965-66 കാലഘട്ടത്തില്‍ ന്യുവാസ് എസ്കെനാസ് മാത്രിതെന്‍സെസ് ഏഴ് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചു. മറിയ സബിന (1967), എല്‍ കാരോ ദെ ഹെനോ ഒ എല്‍ ഇന്‍വെന്തര്‍ ദെ ലാ ഗില്ലെത്തിന(1969) എന്നിവ ഥേലായുടെ നാടകപ്രതിഭയ്ക്കു നിദര്‍ശനങ്ങളാണ്.

വിയാജെ അലാ അല്‍കാരിയ (1948), ജൂദിയോസ് മോറോസ് ഇ ക്രിസ്തിയാനോസ് (1956), വിയാജെ അ പിറിനെറോ ദെ ലെരിദ (1965) എന്നിവ ഇദ്ദേഹത്തിന്റെ യാത്രാവിവരണ ഗ്രന്ഥങ്ങളാണ്. ഥേലായുടെ നിരീക്ഷണപാടവവും വര്‍ണനാവൈഭവവും യാത്രാവിവരണഗ്രന്ഥങ്ങളില്‍ തെളിഞ്ഞു കാണാം. സ്പെയിനിന്റെ ആത്മചൈതന്യം തുളുമ്പുന്ന ഉള്‍നാടുകളിലും ലാറ്റിനമേരിക്കയിലും നടത്തിയ പര്യടനങ്ങള്‍ സമ്മാനിച്ച അനുഭവവിശേഷം ഒപ്പിയെടുക്കുന്ന ഈ വിവരണങ്ങള്‍ ഗ്രന്ഥകാരന്റെയും ആത്മചൈതന്യം തുളുമ്പുന്നവയാണ്. മെസാ റെവ്യൂല്‍ത്ത (1945), ഗാരിതോ ദെ ഹോസ്പിസിയാനോസ് (1963), ലോസ് സ്വെനോസ് വാനോസ് ലോസ് ആഞ്ജെലസ് ക്യൂറിയോസോസ് (1979), എല്‍ അസ്നോ ദെ ബുരിദാന്‍ (1986) തുടങ്ങി നിരവധി ഉപന്യാസ സമാഹാരങ്ങളും ഥേലായുടെ സംഭാവനയായുണ്ട്. ഇദ്ദേഹത്തിന്റെ സമ്പൂര്‍ണ കൃതികള്‍ ഒബ്രാസ് കൊംപ്ളേത്താസ് (1989-90) എന്ന പേരില്‍ 25 വാല്യങ്ങളായി പ്രസിദ്ധീകരിച്ചു.

1955-ല്‍ ഥേലാ മജോര്‍ക്കയില്‍ താമസമാക്കി. അടുത്തവര്‍ഷം പേപ്പലസ് ദെ സൊന്‍ ആര്‍മദന്‍സ് എന്ന സാഹിത്യാനുകാലികത്തിന്റെ പ്രസിദ്ധീകരണം ആരംഭിച്ചു. 1979 വരെ ഈ പ്രസിദ്ധീകരണം നിലനിന്നു. ബഹുവാല്യങ്ങളിലുള്ള ഡിക്ഷനറിയോ സെക്രെതോയുടെ പ്രസിദ്ധീകരണവും ഇക്കാലത്തു (1968-72) നടക്കുകയുണ്ടായി. 'വിലക്കപ്പെട്ട പദങ്ങളുടെയും പ്രയോഗങ്ങളുടെയും സഞ്ചയം' എന്നാണ് ഥേലാ ഇതിനെ വിശേഷിപ്പിച്ചത്. 1957-ല്‍ സ്പാനിഷ് അക്കാദമിയില്‍ അംഗമായ ഇദ്ദേഹം 1977-78 കാലഘട്ടത്തില്‍ ഭരണനിര്‍മാണസഭയില്‍ സെനറ്ററായി സേവനമനുഷ്ഠിച്ചു. യൂണിവേഴ്സിറ്റി ഒഫ് പാല്‍മ ദെ മല്ലോര്‍ക്കയില്‍ പ്രൊഫസറായും ഹിസ്പാനിക് സൊസൈറ്റി ഒഫ് അമേരിക്ക, സൊസൈറ്റി ഒഫ് സ്പാനിഷ് ആന്‍ഡ് സ്പാനിഷ് അമേരിക്കന്‍ സ്റ്റഡീസ്, അമേരിക്കന്‍ അസോസിയേഷന്‍ ഒഫ് ടീച്ചേഴ്സ് ഒഫ് സ്പാനിഷ് ആന്‍ഡ് പോര്‍ച്ചുഗീസ് തുടങ്ങിയ സംഘടനകളില്‍ അംഗമായും ഇദ്ദേഹം പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. നോബല്‍ സമ്മാനത്തിനുപുറമേ പ്രെമിയോ ദെ ലാ ക്രിട്ടിക്കാ, പ്രെമിയോ നാഷനല്‍ ദെ ലിത്തറേത്തൂറ, പ്രെമിയോ പ്രിന്‍സിപ്പെ ദെ ഓസ്ത്രിയാസ്, സെര്‍വാന്റസ് പ്രൈസ് (1995) തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിനു ലഭിച്ചു.

2002 ജനു. 17-ന് മാഡ്രിഡില്‍ ഥേലാ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍