This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഥിബോത്, ജോര്‍ജ് (1848 - 1914)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഥിബോത്, ജോര്‍ജ് (1848 - 1914)

Thibaut,George

ജര്‍മന്‍ ഇന്തോളജിസ്റ്റ്. ചെറുപ്പത്തില്‍ത്തന്നെ സംസ്കൃതപഠനത്തിനും വേദപഠനത്തിനും സന്ദര്‍ഭം ലഭിച്ച ഥിബോത് 1870-ല്‍ ഋഗ്വേദത്തിന്റെ ക്രമപാഠത്തെപ്പറ്റി ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1871-ല്‍ ഋഗ്വേദത്തിന്റെ പ്രസാധനത്തില്‍ മാക്സ് മുള്ളറെ സഹായിച്ചു. തുടര്‍ന്ന് ഭാരതത്തിലെത്തിയ ഇദ്ദേഹം 1875-ല്‍ ബനാറസ് ഹിന്ദു കോളജില്‍ ആംഗ്ലോ സാന്‍സ്ക്രിറ്റ് പ്രൊഫസര്‍ ആയി നിയമിക്കപ്പെട്ടു. 1879 മുതല്‍ 88 വരെ പ്രിന്‍സിപ്പല്‍ ആയും 1888 മുതല്‍ 95 വരെ അലഹാബാദില്‍ മൂര്‍ സെന്‍ട്രല്‍ കോളജില്‍ പ്രൊഫസറായും 1895 മുതല്‍ അവിടെ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു.

ശൂല്‍വസൂത്രങ്ങളുടെ പഠനം (On the Sulvasutras,1875), ബൗധായനശൂല്‍വസൂത്രത്തിന്റെ വിവര്‍ത്തനവും പഠനവും (The Sulvasutra of Baudhayana-with translation,1875), പൂര്‍വമീമാംസാഗ്രന്ഥമായ അര്‍ഥസംഗ്രഹത്തിന്റെ വിവര്‍ത്തനവും പഠനവും (1882), വരാഹമിഹിരന്റെ ജ്യോതിശ്ശാസ്ത്രഗ്രന്ഥമായ പഞ്ചസിദ്ധാന്തികയ്ക്ക് പണ്ഡിതസുധാകര ദ്വിവേദിയുടെ സഹായത്തോടെ തയ്യാറാക്കിയ പഠന വിവര്‍ത്തനങ്ങള്‍ (1889) എന്നിവ ഥിബോത്തിന്റെ ഗ്രന്ഥങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. സേക്രഡ് ബുക്സ് ഒഫ് ദി ഈസ്റ്റ് എന്ന ഗ്രന്ഥപരമ്പരയില്‍ വേദാന്തസൂത്രത്തിന്റെയും ഇതിന്റെ ശാങ്കരഭാഷ്യത്തിന്റെയും വിവര്‍ത്തനം രണ്ട് വാല്യങ്ങളായും (വാല്യം 34, 38) രാമാനുജാചാര്യരുടെ ഭാഷ്യത്തിന്റെ വിവര്‍ത്തനം മറ്റൊരു വാല്യമായും തയ്യാറാക്കിയത് ഥിബോത് ആണ്. എന്‍സൈക്ളോപീഡിയ ഒഫ് ഇന്‍ഡോ ആര്യന്‍ റിസര്‍ച് (1889) എന്ന ഗ്രന്ഥത്തില്‍ ജ്യോതിശ്ശാസ്ത്രം, ജ്യോതിഷം, ഗണിതശാസ്ത്രം (Astronomie,Astrologie and Mathematics) എന്ന വിഭാഗങ്ങള്‍ ഥിബോത്തിന്റേതാണ്. ഇതിനെ ഈ വിഷയങ്ങളിലെ ആധികാരിക രേഖയായി പാശ്ചാത്യര്‍ പരിഗണിച്ചുവന്നു. ഇന്നു പ്രചാരത്തിലുള്ള സംഖ്യകളുടെ ക്രമവും ഗണനക്രിയയുടെ ആദ്യരൂപവും ഭാരതത്തിലാണു രൂപപ്പെട്ടതെന്ന് ഇദ്ദേഹം സമര്‍ഥിക്കുന്നു. വിന്റര്‍നിറ്റ്സ് 'ഭാരതീയ സാഹിത്യചരിത്രം' (History of Indian Literature) തയ്യാറാക്കിയപ്പോള്‍ ഈ ശാസ്ത്രവിഷയങ്ങളുടെ നിരൂപണത്തിന് ഥിബോത്തിന്റെ പ്രസ്തുത പഠനമാണ് ആധാരമായി സ്വീകരിച്ചത്. ആര്‍. ഗ്രിഫിത്തുമായിച്ചേര്‍ന്ന് ഥിബോത് ആരംഭിച്ച 'ബനാറസ് സാന്‍സ്ക്രിറ്റ് സീരീസ്' എന്ന ഗ്രന്ഥപ്രസാധന സംരംഭം 1906 ആയപ്പോഴേക്കും നൂറിലധികം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇദ്ദേഹം 1914-ല്‍ ബര്‍ലിനില്‍ അന്തരിച്ചു. പണ്ഡിതബാഹുവല്ലഭശാസ്ത്രികളുമായിച്ചേര്‍ന്ന് ഥിബോത് തയ്യാറാക്കിയ സംസ്കൃത വ്യാകരണഗ്രന്ഥം സാന്‍സ്ക്രിറ്റ് ഗ്രാമര്‍ എന്ന പേരില്‍ 1927-ല്‍ പ്രസിദ്ധീകൃതമായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍