This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രിശങ്കു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ത്രിശങ്കു

പുരാണപ്രസിദ്ധനായ ഒരു സൂര്യവംശരാജാവ്. ത്രയ്യാരുണ രാജാവിന്റെ പുത്രനാണ് ഇദ്ദേഹം. സത്യവ്രതന്‍ എന്നാണ് യഥാര്‍ഥ നാമം. സത്യസന്ധതയ്ക്കു കീര്‍ത്തിയാര്‍ജിച്ച ഹരിശ്ചന്ദ്രന്റെ പിതാവാണ് ത്രിശങ്കു.

ചെറുപ്പത്തിലെ ചില വിവേകശൂന്യമായ പ്രവൃത്തികള്‍മൂലം (ഒരു ബ്രാഹ്മണ വധുവിനെ സത്യവ്രതന്‍ വിവാഹവേദിയില്‍നിന്ന് തട്ടിക്കൊണ്ടുപോയിരുന്നു) ത്രയ്യാരുണന്‍ സത്യവ്രതനെ കൊട്ടാരത്തില്‍നിന്നു പുറത്താക്കി. ബഹിഷ്കൃതനായ സത്യവ്രതന്‍ ചണ്ഡാളന്മാരുടെ കൂടെ പാര്‍ക്കുകയും കായ്കനികള്‍ ശേഖരിച്ചും മൃഗങ്ങളെ വേട്ടയാടിയും ഉപജീവനം നടത്തുകയും ചെയ്തു. തന്നെ കൊട്ടാരത്തില്‍നിന്നു പുറത്താക്കിയതിന് പിതാവിനോട് സത്യവ്രതനു കോപം തോന്നിയില്ല. എന്നാല്‍ കുലഗുരുവായ വസിഷ്ഠന്‍ പിതാവിന്റെ പ്രവൃത്തിയെ തടയാഞ്ഞതില്‍ സത്യവ്രതന് അമര്‍ഷം തോന്നി.

ചണ്ഡാളന്മാരുടെ ഇടയില്‍ കഴിഞ്ഞിരുന്ന കാലയളവില്‍, സത്യവ്രതന്‍ വിശ്വാമിത്രന്റെ കുടുംബത്തെ സംരക്ഷിക്കുകയുണ്ടായി. വിശ്വാമിത്രന്‍ തപസ്സനുഷ്ഠിക്കുവാന്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം പട്ടിണിമൂലം കഷ്ടപ്പെടുകയായിരുന്നു. സത്യവ്രതന്‍ അവര്‍ക്ക് നിത്യേന ആഹാരം എത്തിച്ചുകൊടുത്തിരുന്നു. ഒരിക്കല്‍, മറ്റ് ആഹാരമൊന്നും കിട്ടാതെവന്നപ്പോള്‍, സത്യവ്രതന്‍ വസിഷ്ഠന്റെ പശുവായ നന്ദിനിയെ കൊന്ന് കുറച്ച് സ്വയം ഭക്ഷിക്കുകയും ബാക്കി വിശ്വാമിത്രകുടുംബത്തിന് നല്കുകയും ചെയ്തു. സത്യവ്രതന്‍ ഒരു ചണ്ഡാളനായിത്തീരുമെന്ന് കുപിതനായ വസിഷ്ഠന്‍ ശപിച്ചു. പിതൃകോപം, പരദാരാപഹരണം, പശുമാംസഭക്ഷണം എന്നീ മൂന്ന് പാപങ്ങളാകുന്ന ശങ്കുക്കള്‍ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നതിനാല്‍ സത്യവ്രതന്‍ മേലില്‍ 'ത്രിശങ്കു' എന്ന പേരില്‍ അറിയപ്പെടുമെന്നും മുനി ശപിച്ചു. ഖിന്നനായ ത്രിശങ്കു പാപമുക്തിക്കായി ഒരു യാഗം നടത്തുവാന്‍ ആഗ്രഹിച്ചു. എന്നാല്‍ ത്രിശങ്കുവിനുവേണ്ടി യാഗം നടത്തുവാന്‍ ബ്രാഹ്മണരാരുംതന്നെ തയ്യാറായില്ല. ആശയറ്റ് ത്രിശങ്കു ആത്മഹത്യയ്ക്ക് ഒരുങ്ങി. ആ സമയത്ത് ദേവി പ്രത്യക്ഷപ്പെടുകയും ത്രിശങ്കുവിനെ ആത്മഹത്യയില്‍നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു. നാരദമഹര്‍ഷിയില്‍നിന്ന് വിവരങ്ങള്‍ ഗ്രഹിച്ച ത്രയ്യാരുണ രാജാവ് ത്രിശങ്കുവിനെ തിരിച്ചു വിളിപ്പിക്കുകയും ഇദ്ദേഹത്തെ യുവരാജാവാക്കിയശേഷം തപസ്സിനായി വനത്തിലേക്കു പോവുകയും ചെയ്തു.

വളരെക്കാലം രാജ്യം ഭരിച്ച ത്രിശങ്കുവിന് ഉടലോടെ സ്വര്‍ഗത്തില്‍ പോകുവാന്‍ ആഗ്രഹമുണ്ടായി. കുലഗുരുവായ വസിഷ്ഠനെ തന്റെ ആഗ്രഹം അറിയിച്ചെങ്കിലും ഉടലോടെ സ്വര്‍ഗത്തില്‍ പോകുവാന്‍ നിര്‍വാഹമില്ല എന്ന് വസിഷ്ഠന്‍ പറഞ്ഞു. ത്രിശങ്കു വസിഷ്ഠപുത്രന്മാരെ സമീപിച്ചെങ്കിലും അവര്‍ ഇദ്ദേഹത്തെ അവഹേളിച്ചു. കുപിതനായ ത്രിശങ്കു തന്നെ ഉടലോടെ സ്വര്‍ഗത്തില്‍ അയയ്ക്കുവാന്‍ പ്രാപ്തരായവരെ തേടിയിറങ്ങി. ഇത് വസിഷ്ഠനെയും പുത്രന്മാരെയും പ്രകോപിപ്പിച്ചു. അവര്‍ ത്രിശങ്കുവിനെ വീണ്ടും ശപിച്ച് ചണ്ഡാളനാക്കി. ചണ്ഡാളനായ ത്രിശങ്കു കൊട്ടാരത്തിലേക്കു പോകാതെ വനത്തില്‍ കഴിഞ്ഞു. പുത്രനായ ഹരിശ്ചന്ദ്രന്‍ ത്രിശങ്കുവിനെ തിരിച്ചുകൊണ്ടുവരുവാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അങ്ങനെ ഹരിശ്ചന്ദ്രന്‍ രാജ്യഭരണം ഏറ്റെടുത്തു.

ചണ്ഡാളനായ ത്രിശങ്കു വനത്തില്‍ ദേവീഭക്തനായി കഴിഞ്ഞിരുന്നകാലത്ത് വിശ്വാമിത്ര മഹര്‍ഷി ഇദ്ദേഹത്തെ തേടിയെത്തി. തന്റെ കുടുംബത്തെ സംരക്ഷിച്ചതിനു പ്രത്യുപകാരമായി ത്രിശങ്കുവിനെ ഉടലോടെ സ്വര്‍ഗത്തിലേക്ക് അയയ്ക്കാന്‍ വിശ്വാമിത്രന്‍ തയ്യാറായി. വിശ്വാമിത്രന്‍ ഇതിനായി യാഗം നടത്തുകയും ത്രിശങ്കു ഉടലോടെ സ്വര്‍ഗത്തിലേക്ക് ഉയരുകയും ചെയ്തു. ചണ്ഡാളനായ ത്രിശങ്കുവിനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുവാന്‍ വിസമ്മതിച്ച ഇന്ദ്രാദികളായ ദേവന്മാര്‍ ഇദ്ദേഹത്തെ തലകീഴായി താഴേക്കു തള്ളി. കുപിതനായ വിശ്വാമിത്രന്‍ ത്രിശങ്കുവിനെ ആകാശത്തില്‍ത്തന്നെ നിര്‍ത്തുകയും ത്രിശങ്കുവിനായി ഒരു സ്വര്‍ഗം സൃഷ്ടിക്കുകയും ചെയ്തു. വിശ്വാമിത്രന്‍ പുതിയ സ്വര്‍ഗത്തില്‍ ദേവന്മാരെ സൃഷ്ടിക്കുവാന്‍ ഒരുമ്പെട്ടപ്പോള്‍ ഇന്ദ്രന്‍ ഭയന്നുവിറച്ച് അദ്ദേഹത്തിന്റെ അരികില്‍ എത്തി ത്രിശങ്കുവിനെ സ്വര്‍ഗത്തിലേക്കു കൊണ്ടുപോകാം എന്നു സമ്മതിച്ചു. വിശ്വാമിത്രന്‍ സ്വര്‍ഗസൃഷ്ടിയില്‍നിന്ന് പിന്‍വാങ്ങി. ഇന്ദ്രന്‍ ത്രിശങ്കുവിനെ സ്വര്‍ണവിമാനത്തില്‍ കയറ്റി സ്വര്‍ഗത്തിലേക്കു കൊണ്ടുപോയി എന്നാണ് കഥ.

 ത്രിശങ്കു ഇപ്പോഴും ആകാശത്ത് തലകീഴായി നില്ക്കുകയാണ് എന്നൊരു  മതവുമുണ്ട്. 'ത്രിശങ്കു സ്വര്‍ഗം' എന്നൊരു പ്രയോഗം തന്നെ ഭാഷയിലുണ്ട്. അവിടെയും ഇവിടെയും ഇല്ലാതെ രണ്ടിനും ഇടയ്ക്കു നില്ക്കുന്നു എന്നാണ് ഈ പ്രയോഗം സൂചിപ്പിക്കുന്നത്. തെക്കേ ആകാശത്ത് ശ്രദ്ധേയമായ ഒരു നക്ഷത്രഗണമാണ് ത്രിശങ്കു.

ത്രിശങ്കു എന്നൊരു തത്ത്വജ്ഞാനിയെക്കുറിച്ച് തൈത്തിരീയോപനിഷത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍