This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രിവേണീസംഗമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ത്രിവേണീസംഗമം

ഗംഗ, യമുന, സരസ്വതി എന്നീ മൂന്ന് പുണ്യനദികളുടെ സംഗമസ്ഥാനം. ഈ നദികളില്‍ ഗംഗയും യമുനയും ഉത്തര്‍പ്രദേശിലെ അലാഹാബാദില്‍ സന്ധിക്കുന്നു. സരസ്വതീനദി ഹിമാലയത്തില്‍നിന്ന് ഉദ്ഭവിച്ച് ഭൂമിക്ക് അടിയിലൂടെ ഒഴുകുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ത്രിവേണീസംഗമത്തിലെ സ്നാനം പാപങ്ങള്‍ കഴുകിക്കളയുന്നതും ഏറ്റവും മംഗളകരവും ആണെന്നാണ് ഹൈന്ദവ വിശ്വാസം. പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന മഹാകുംഭമേള ത്രിവേണീസംഗമത്തെ ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടനകേന്ദ്രങ്ങളില്‍ ഒന്നാക്കി മാറ്റുന്നു. 'പ്രയാഗ' എന്ന പേരില്‍ പണ്ട് പ്രസിദ്ധമായിരുന്ന സ്ഥലമാണിത്. മുഗള്‍ചക്രവര്‍ത്തിയായ അക്ബറിന്റെ ഭരണകാലത്ത് ഈ പ്രദേശം 'ഇലാഹാബാദ്' എന്ന് നാമകരണം ചെയ്യപ്പെട്ടു. ഈ പേരാണ് പില്ക്കാലത്ത് അലാഹാബാദ് ആയി മാറിയത്. സംഗമസ്ഥലത്ത് ഗംഗാനദിക്ക് ആഴം കുറവും യമുനയ്ക്ക് ആഴം കൂടുതലുമാണ്. ഇരു നദികളിലെയും ജലം വ്യത്യസ്തമായ നിറത്തോടെ ഇവിടെ സന്ധിക്കുന്നത് വ്യക്തമായി കാണാന്‍ കഴിയും. യമുനാ നദി ഈ സംഗമത്തോടെ അവസാനിക്കുന്നു; ഗംഗ തുടര്‍ന്നും ഒഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു.

ത്രിവേണിസംഗമത്തിലെ മഹാകുംഭമേളയില്‍നിന്ന് ഒരു ദശ്യം

വേദങ്ങളിലും പുരാണങ്ങളിലും പ്രയാഗയെപ്പറ്റി പരാമര്‍ശമുണ്ട്. പ്രയാഗയിലെ സംഗമതീരത്ത് ഋഷിമാരുടെ പര്‍ണശാലകള്‍ ഉണ്ടായിരുന്നതായി രാമായണത്തില്‍ കാണുന്നു. ശ്രീരാമന്‍ ചിത്രകൂടത്തിലേക്കു പോകുന്നതിനുമുമ്പ് പ്രയാഗയിലെ ഭരദ്വാജമുനിയുടെ ആശ്രമത്തില്‍ തങ്ങിയതായി പറയുന്നുണ്ട്. യയാതി 'സപ്ത സിന്ധു' പിടിച്ചടക്കുന്നതിനായി പ്രയാഗയില്‍നിന്നു പുറപ്പെടുന്നതായും പരാമര്‍ശിച്ചുകാണുന്നു.

ഐതിഹ്യപ്രകാരം, ബ്രഹ്മാവ് പ്രപഞ്ചസൃഷ്ടിക്കുശേഷം മഹായാഗം നടത്തിയത് ത്രിവേണീസംഗമസ്ഥലത്താണ്. അങ്ങനെ, 'പ്രകൃഷ്ട യജ്ഞം' നടത്തപ്പെട്ട സ്ഥലം 'പ്രയാഗ' ആയി. ദേവന്മാരും അസുരന്മാരും കൂടി അമൃതിനുവേണ്ടി പാലാഴി കടഞ്ഞു എന്നും അമൃതകുംഭം കൈവശപ്പെടുത്തി ഓടിപ്പോയ അസുരന്മാരെ ദേവന്മാര്‍ പിന്തുടര്‍ന്നു എന്നും തുടര്‍ന്നുണ്ടായ യുദ്ധത്തിനിടയില്‍ കുടത്തില്‍നിന്ന് ഏതാനും തുള്ളി അമൃത് താഴെ വീണു എന്നുമാണ് മറ്റൊരു കഥ. അങ്ങനെ അമൃത് വീണ പുണ്യഭൂമിയാണത്രെ ത്രിവേണീസംഗമം. (ഹരിദ്വാര്‍, ഉജ്ജയിനി, നാസിക് എന്നിവിടങ്ങളാണ് മറ്റുള്ളവ).

ത്രിവേണീസംഗമ തീരങ്ങളില്‍ മഹാകുംഭമേളയ്ക്കു പുറമേ, ആറുവര്‍ഷം കൂടുമ്പോള്‍ അര്‍ധകുംഭമേളയും നടത്താറുണ്ട്. വര്‍ഷംതോറും മാഘമാസത്തിലെ (ജനുവരി-ഫെബ്രുവരി) അമാവാസിനാളിലും മേള നടന്നുവരുന്നു.

ഗംഗാനദി വിവേകത്തെയും (Wisdom) യമുന ഭക്തിയെയും (Devotion) പ്രതിനിധാനം ചെയ്യുന്നതായാണ് സങ്കല്പം. അറിവും ഭക്തിയും ഒന്നിക്കുമ്പോള്‍ സ്വാഭാവികമായി ജ്ഞാനം (Enlightenment) ഉണ്ടാകുന്നു എന്നും സരസ്വതീനദി ഈ ജ്ഞാനത്തെയാണ് സൂചിപ്പിക്കുന്നത് എന്നുമാണ് ഹൈന്ദവ വിശ്വാസം. 'തീര്‍ഥരാജ്' (പുണ്യസ്ഥലങ്ങളുടെ രാജാവ്) എന്ന പേരിലും ത്രിവേണീസംഗമം അറിയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍