This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രിവിക്രമഭട്ടന്‍ (9-10 ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ത്രിവിക്രമഭട്ടന്‍ (9-10 ശ.)

സംസ്കൃത കവിയും ഗദ്യകാരനും. സിംഹാദിത്യന്‍ എന്ന പേരുകൂടി ഉണ്ടായിരുന്ന ഇദ്ദേഹം രാഷ്ട്രകൂട രാജാവായ ഇന്ദ്രന്‍ മൂന്നാമന്റെ സദസ്യനായിരുന്നു. ശാണ്ഡില്യ ഗോത്രത്തിലെ നേമാദിത്യന്റെ (ദേവാദിത്യന്റെ) പുത്രനും ശ്രീധരന്റെ പൗത്രനുമാണെന്നു പ്രസ്താവമുണ്ട്. രാജാവിനുവേണ്ടി നവ്സാരി ശിലാരേഖ (915) രചിച്ചത് ഇദ്ദേഹമായിരുന്നു. നളചമ്പു, മദാലസചമ്പു എന്നിവയാണ് പ്രകൃഷ്ടകൃതികള്‍. കാദംബരീ രചയിതാവായ ബാണഭട്ടനെ ഇദ്ദേഹത്തിന്റെ കൃതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. 11-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഭോജന്‍ രചിച്ച സരസ്വതീകണ്ഠാഭരണത്തില്‍ ത്രിവിക്രമഭട്ടനെപ്പറ്റി പ്രതിപാദിക്കുന്നു.

ദമയന്തീകഥ എന്നും പേരുള്ള നളചമ്പു സംസ്കൃതത്തില്‍ ലഭ്യമായ ചമ്പുക്കളില്‍ ഏറ്റവും പ്രാചീനമാണ്. അപൂര്‍ണമായ ഈ കൃതിയുടെ രചനയെപ്പറ്റിയും ചെറുപ്പത്തില്‍ത്തന്നെ ഇദ്ദേഹത്തിനുണ്ടായിരുന്ന കവിത്വശക്തിയെപ്പറ്റിയും പരാമര്‍ശിക്കുന്ന ഒരു കഥ ഇപ്രകാരമാണ്. ത്രിവിക്രമഭട്ടന്റെ പിതാവ് മഹാപണ്ഡിതനും രാജസദസ്സിലെ ആസ്ഥാനകവിയുമായിരുന്നു. ഒരിക്കല്‍ ഇദ്ദേഹം ദൂരെദിക്കില്‍ പോയിരുന്നപ്പോള്‍ ഇദ്ദേഹത്തോടു തുല്യം പാണ്ഡിത്യമുള്ള ഒരു വിദേശി കൊട്ടാരത്തിലെത്തി. കാവ്യരചനയില്‍ തന്നോടു മത്സരിക്കുവാന്‍ കഴിവുള്ള ആള്‍ ഉണ്ടെങ്കില്‍ മത്സരിക്കുന്നതിനു നിര്‍ദേശിക്കണമെന്നും താന്‍ വിജയിയായാല്‍ ആസ്ഥാനകവിയായി നിയമിക്കണമെന്നും രാജാവിനോടഭ്യര്‍ഥിച്ചു. രാജാവ് ഉടന്‍തന്നെ ത്രിവിക്രമഭട്ടനെ ആളയച്ചുവരുത്തി. സരസ്വതീദേവിയുടെ അനുഗ്രഹം നേടിയെത്തിയ ഇദ്ദേഹം നളചമ്പുവിന്റെ രചനയിലൂടെ അതിഥിയായ പണ്ഡിതനെ പരാജയപ്പെടുത്തി. കുറച്ചു ദിവസം പിന്നിട്ടപ്പോഴേക്കും കൃതിയുടെ രചന പൂര്‍ത്തിയാകുന്നതിനുമുമ്പ് മഹാപണ്ഡിതനായ പിതാവ് തിരികെയെത്തിയതിനാല്‍ മത്സരം അവസാനിപ്പിച്ചു എന്നും അതിനാലാണ് നളചമ്പു അപൂര്‍ണമായിത്തീര്‍ന്നത് എന്നുമാണ് കഥ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍