This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രിമൂര്‍ത്തികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ത്രിമൂര്‍ത്തികള്‍

സൃഷ്ടി, സ്ഥിതി, സംഹാര മൂര്‍ത്തികളെന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍ എന്നീ ദേവന്മാര്‍. ഒരേ പരമാത്മാവിന്റെ മൂര്‍ത്തിഭേദങ്ങളായിരിക്കുമ്പോള്‍ത്തന്നെ മഹാവിഷ്ണുവിന്റെ നാഭിയിലെ താമരയില്‍ ബ്രഹ്മാവും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തില്‍നിന്ന് രുദ്രനും ജനിച്ചു എന്ന് പുരാണങ്ങളില്‍ പറയുന്നു. പരാശക്തിയാണ് ത്രിമൂര്‍ത്തികളുടെയും ജനയിത്രിയെന്നും കല്പാന്തത്തില്‍ ത്രിമൂര്‍ത്തികള്‍ പരാശക്തിയില്‍ വിലയം പ്രാപിക്കുകയും അടുത്ത കല്പത്തിന്റെ ആരംഭത്തോടെ വീണ്ടും ജനിക്കുകയും ചെയ്യുന്നു എന്നുമാണ് കാലചക്രത്തെ പുരാണങ്ങളില്‍ വിലയിരുത്തുന്നത്. സത്വം, രജസ്സ്, തമസ്സ് എന്നീ ത്രിഗുണങ്ങളുമായി ബന്ധപ്പെടുത്തിയും വിഷ്ണു, ബ്രഹ്മാവ്, പരമശിവന്‍ എന്നിവര്‍ പരാമര്‍ശിക്കപ്പെടാറുണ്ട്.

മഹാപ്രളയത്തിന്റെ അന്ത്യത്തോടെ വിസ്തൃതമായ ജലപ്പരപ്പില്‍ ആലിലയില്‍ കാണപ്പെടുന്ന ശിശുരൂപനായ മഹാവിഷ്ണുവിന്റെ മുന്നില്‍ പരാശക്തി പ്രത്യക്ഷയായി അടുത്ത മഹായുഗത്തിന്റെ ആരംഭമായതായി ഓര്‍മിപ്പിക്കുന്നു. മഹാവിഷ്ണുവിന്റെ നാഭിയിലെ താമരയില്‍ പ്രത്യക്ഷനാകുന്ന ബ്രഹ്മാവിന് നാലു ദിക്കിലേക്കും മുകളിലേക്കും നോക്കുമ്പോള്‍ അഞ്ച് മുഖം ഉണ്ടാകുന്നു. തന്നെപ്പറ്റിയോ തന്റെ ലക്ഷ്യത്തെപ്പറ്റിയോ ഒന്നുമറിയാതെ വിഷണ്ണനായിരിക്കുമ്പോള്‍ 'തപസ്സുചെയ്തു ശക്തിനേടി സൃഷ്ടികര്‍മത്തിലേര്‍പ്പെടുക' എന്ന് അശരീരി കേള്‍ക്കുകയും ബ്രഹ്മാവ് സൃഷ്ടികര്‍മം ആരംഭിക്കുകയും ചെയ്യുന്നു. ബ്രഹ്മാവിന്റെ വ്യത്യസ്ത അവയവങ്ങളില്‍നിന്നു ജനിച്ച പ്രജാപതിമാര്‍ പിതാവിന്റെ നിര്‍ദേശപ്രകാരം പ്രപഞ്ചസൃഷ്ടിയില്‍ വ്യാപൃതരാവുകയും വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും ആവിര്‍ഭാവത്തിനു കാരണമാവുകയും ചെയ്തു.

ത്രിമൂര്‍ത്തികള്‍:ബ്രഹ്മാവ്,വിഷ്ണു,മഹേ ശ്വരന്‍(പല്ലവ ശൈലി,4-ാം ശ.

തന്റെതന്നെ സൃഷ്ടിയിലെ ചില വിലോമങ്ങള്‍ കണ്ട് അക്ഷമനും കുപിതനുമായ ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തില്‍ നിന്നു ജനിച്ച രുദ്രനാണ് ത്രിമൂര്‍ത്തികളിലൊരാളായ പരമശിവനായിത്തീര്‍ന്നത്. കാലസ്വരൂപനായ പരമശിവന്റെ ആയുഷ്കാലം ബ്രഹ്മാവിന്റെ ആയുഷ്കാലത്തിന്റെ നാലിരട്ടിയും വിഷ്ണുവിന്റെ കാലത്തിന്റെ ഇരട്ടിയുമാണ്. ആയിരം ചതുര്‍യുഗം ബ്രഹ്മാവിന്റെ ഒരു ദിവസം എന്നാണു കണക്ക്. പരമശിവന്റെയും കാലശേഷമാണ് 120 ബ്രഹ്മവര്‍ഷം നീണ്ടുനില്ക്കുന്ന മഹാപ്രളയം. വീണ്ടും മഹാവിഷ്ണുവിന്റെ നാഭിയിലെ താമരയില്‍ ബ്രഹ്മാവിന്റെ ആവിര്‍ഭാവത്തോടെ അടുത്ത മഹായുഗം ആരംഭിക്കുന്നു. ബ്രഹ്മാവിനെ വധിക്കാന്‍ ഉദ്യുക്തരായെത്തിയ മധു, കൈടഭന്‍ എന്നീ അസുരന്മാരെ നശിപ്പിക്കാന്‍ ആഗ്രഹിച്ച മഹാവിഷ്ണുവിന്റെ നെറ്റിയില്‍നിന്ന് ശൂലപാണിയായ പരമശിവന്‍ ജനിച്ചു എന്നും പരാമര്‍ശമുണ്ട്.

അപരിമേയമായ സര്‍ഗചേതനയുടെ മൂര്‍ത്തിയായ രജോഗുണ പ്രധാനനായ ബ്രഹ്മാവും, ശിഷ്ടസംരക്ഷണവും ദുഷ്ടനിഗ്രഹവും ചെയ്ത് സ്ഥിതിസമത്വം സംരക്ഷിക്കുന്ന സത്വപ്രധാനനായ വിഷ്ണുവും, അപ്രതിരോധ്യമായ സംഹരണത്തിന്റെ ദേവനായ തമോഗുണ പ്രധാനനായ പരമശിവനും എല്ലാ പ്രപഞ്ചവസ്തുക്കളുടെയും ജീവികളുടെയും സൃഷ്ടി സ്ഥിതി സംഹാരഭാവത്തിന്റെ അധിഷ്ഠാനമായി കരുതപ്പെടുന്നു. വേദങ്ങളില്‍ ഈ തത്ത്വത്തിന് പില്ക്കാലത്തെ ത്രിമൂര്‍ത്തി വിശ്വാസത്തിന്റെ നില ഉണ്ടായിരുന്നതായി കാണുന്നില്ല. ഉപനിഷത്തുകളിലാണ് ബ്രഹ്മാവ്, രുദ്രന്‍, വിഷ്ണു എന്ന് മൂന്ന് മൂര്‍ത്തിഭേദം പരമാത്മാവിനു നല്കിക്കാണുന്നത് (ഉദാ. മൈത്രായണീയ ഉപനിഷത്ത്). പുരാണങ്ങളില്‍ ഏറ്റവും പ്രധാന തത്ത്വമായി ത്രിമൂര്‍ത്തിതത്ത്വം സ്ഥാനം നേടി. ത്രിമൂര്‍ത്തി തത്ത്വമുള്‍പ്പെടുന്ന പരമാത്മാവിന്റെ പരാശക്തിതത്ത്വം ശാക്തേയഗ്രന്ഥങ്ങളിലുണ്ട്. ത്രിമൂര്‍ത്തിതത്ത്വത്തിലെ ബ്രഹ്മാവ്, വിഷ്ണു, പരമശിവന്‍ എന്നീ ദേവന്മാരെത്തന്നെ അധിഷ്ഠാനമാക്കിയ ത്രിമൂര്‍ത്തികളാണ് യഥാക്രമം സരസ്വതി അഥവാ വാക്ക്, ലക്ഷ്മി അഥവാ രാധ, ദുര്‍ഗ അഥവാ കാളി എന്നിവര്‍.

ക്ഷിപ്രപ്രസാദിയായ ബ്രഹ്മാവിനെ തപസ്സുചെയ്ത് പ്രത്യക്ഷനാക്കുന്നതും ഇഷ്ടവരപ്രാപ്തി നേടുന്നതും മറ്റു രണ്ട് ദേവന്മാരെ പ്രസാദിപ്പിക്കുന്നതിലും ആയാസരഹിതമാണ്. തന്മൂലം അസുരന്മാര്‍ ബ്രഹ്മാവിനെ തപസ്സുചെയ്ത് വരം നേടി അധൃഷ്യരായി മനുഷ്യരെയും ദേവന്മാരെയും തോല്പിച്ച് ലോകം സ്വാധീനത്തിലാക്കുന്ന അനേകം കഥകള്‍ പുരാണങ്ങളിലുണ്ട്. മഹാവിഷ്ണുവോ പരമശിവനോ ആണ് മിക്കപ്പോഴും ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ അസുരനെ നിഗ്രഹിച്ച് ദേവന്മാരെയും മാനവരെയും രക്ഷിക്കുന്നത്. ഹിരണ്യാക്ഷന്‍, ഹിരണ്യകശിപു തുടങ്ങിയവരില്‍നിന്ന് മഹാവിഷ്ണുവും ത്രിപുരന്മാരില്‍നിന്ന് പരമശിവനും ദേവന്മാരെയും മാനവരെയും രക്ഷിച്ച കഥ ഉദാഹരണമാണ്. മഹിഷാസുരനിഗ്രഹത്തിന് പരാശക്തിതന്നെ അവതരിക്കേണ്ടിവന്ന കഥയും പ്രസിദ്ധം തന്നെ.

പരമശിവന്‍ ബ്രഹ്മാവിനെപ്പോലെ ക്ഷിപ്രപ്രസാദിയല്ലെങ്കിലും നിഷ്ഠയായ തപസ്സുകൊണ്ട് പ്രത്യക്ഷനാക്കാന്‍ കഴിയുന്നു. അസുരന്മാര്‍ക്ക് മഹാവിഷ്ണുവിനെക്കാള്‍ പ്രിയം പരമശിവനോടാണ്. നിര്‍ലോഭം വരദാനം ചെയ്യുന്ന പരമശിവന് തന്മൂലം തിക്താനുഭവമുണ്ടാവുകയും മഹാവിഷ്ണു സഹായത്തിനെത്തുകയും ചെയ്യുന്ന കഥയുണ്ട്. ഭസ്മാസുരകഥ ഇതിനുദാഹരണമാണ്. താന്‍ ആരുടെ തലയില്‍ കൈകൊണ്ടു സ്പര്‍ശിക്കുന്നുവോ അയാള്‍ ഉടനെ ഭസ്മമാകണം എന്നതായിരുന്നു പരമശിവനോട് അസുരന്‍ ചോദിച്ച വരം. വരം ലഭിച്ചപ്പോള്‍ അസുരന്‍ അത് പരീക്ഷിക്കുവാന്‍ പരമശിവന്റെ തലയില്‍ സ്പര്‍ശിക്കുവാന്‍ തീരുമാനിച്ചു. ഭയചകിതനായി ഓടിയ പരമശിവനെ രക്ഷിക്കാന്‍ മഹാവിഷ്ണു ഒരു മോഹിനിയുടെ വേഷത്തിലെത്തിയ കഥയാണ് ഭസ്മാസുരന്റേത്.

ശിവതത്ത്വമറിയുന്നതിന് മഹാവിഷ്ണുവും ബ്രഹ്മാവും ശ്രമിച്ച് പരാജയപ്പെട്ട കഥ പുരാണപ്രസിദ്ധമാണ്. ശിവതത്ത്വമന്വേഷിച്ച് ബ്രഹ്മാവ് മുകളിലേക്കും മഹാവിഷ്ണു താഴേക്കും യാത്രയായി. യാത്ര ചെയ്തു ക്ഷീണിതരായതല്ലാതെ ഇവര്‍ക്ക് അപരിമേയനായ പരമശിവന്റെ പരിമിതി കണ്ടെത്താനായില്ല. എന്നാല്‍ ബ്രഹ്മാവ് തന്റെ യാത്രയ്ക്കിടയില്‍ താഴേക്കുവന്ന ഒരു കൈതപ്പൂവിനെ കൂട്ടുപിടിച്ച് താന്‍ ശിവതത്ത്വത്തിന്റെ ശിരസ്സില്‍ നിന്ന് എടുത്ത കൈതപ്പൂവാണ് അതെന്നു പറഞ്ഞ് അസത്യ പ്രസ്താവന ചെയ്തതില്‍ കുപിതനായ പരമശിവന്‍ ബ്രഹ്മദേവന്റെ ഒരു ശിരസ്സ് കൈകൊണ്ടു നുള്ളിക്കളഞ്ഞതായാണ് കഥ. പിന്നീട് ബ്രഹ്മാവ് ചതുര്‍മുഖനെന്നറിയപ്പെട്ടു.

ഭക്തദാസനാണ് മഹാവിഷ്ണു. തപസ്സ് എത്രതന്നെ അനുഷ്ഠിച്ചാലും ഭക്തനല്ലെങ്കില്‍ പ്രത്യക്ഷനാകാന്‍ വിമുഖനത്രേ വിഷ്ണു. ഭക്തന്‍ ആവശ്യപ്പെടാതെതന്നെ മുമ്പില്‍ പ്രത്യക്ഷനാവുകയും അനുഗ്രഹം നല്കുകയും ചെയ്യുന്നു. അംബരീഷന്റെ കഥ ഇതിനുദാഹരണമാണ്. ദുഷ്ടനിഗ്രഹം ചെയ്തു ശിഷ്ടരെ രക്ഷിച്ച് പ്രപഞ്ചത്തിന്റെ സംരക്ഷണം നടത്തുന്നത് മഹാവിഷ്ണുവാണ്. അതിനുവേണ്ടി ഭൂമിയില്‍ എല്ലായുഗത്തിലും ഒന്നോ അതിലധികമോ അവതാരം കൈക്കൊള്ളുന്നു. മത്സ്യാവതാരം തുടങ്ങിയ പത്ത് അവതാരങ്ങള്‍ ദശാവതാരങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധമാണ്. ഇതുകൂടാതെ ഋഷഭന്‍, കപിലന്‍, ബുദ്ധന്‍ തുടങ്ങിയ അവതാരങ്ങളുമുണ്ട്. പൂര്‍ണപുണ്യാവതാരമെന്നു പ്രസിദ്ധമാണ് ശ്രീകൃഷ്ണാവതാരം.

മഹാവിഷ്ണുവിന്റെ പൂര്‍ണാവതാരമായ ശ്രീകൃഷ്ണനും പരമശിവനും പരസ്പരം യുദ്ധം ചെയ്യേണ്ടിവന്ന ഒരു സന്ദര്‍ഭവും പുരാണപ്രസിദ്ധമാണ്. ബാണന്റെ സംരക്ഷണം വാഗ്ദാനം ചെയ്തപരമശിവന്, ബാണന്‍ ബന്ധനസ്ഥനാക്കിയ അനിരുദ്ധനെ (ശ്രീകൃഷ്ണന്റെ പൗത്രന്‍) മോചിപ്പിക്കാനെത്തിയ ശ്രീകൃഷ്ണനുമായാണ് യുദ്ധം ചെയ്യേണ്ടിവന്നത്. യുദ്ധത്തില്‍ ബാണന്റെ ആയിരം കൈകള്‍ ഓരോന്നായി കൃഷ്ണന്‍ ഛേദിച്ചപ്പോള്‍ പരമശിവന്‍, തന്റെ ഭക്തനായ ബാണന് രണ്ട് കൈകള്‍ നിലനിര്‍ത്തണമെന്ന് അഭിപ്രായപ്പെട്ടതിനാല്‍ അങ്ങനെ ചെയ്തു. ബാണപുത്രിയായ ഉഷയെ അനിരുദ്ധന് വിവാഹം ചെയ്തു നല്കി ആനന്ദപ്രദമായ പര്യവസാനമാണ് യുദ്ധത്തിനുണ്ടായത്.

പാലാഴിമഥനസമയത്ത് അമൃതകലശം അസുരന്മാര്‍ കൈക്കലാക്കിയപ്പോള്‍ മഹാവിഷ്ണു മോഹിനീരൂപം സ്വീകരിച്ച് അസുരന്മാരെ കബളിപ്പിച്ച് അമൃത് തിരിച്ചെടുത്ത് ദേവന്മാര്‍ക്കു നല്കി. മഹാവിഷ്ണുവിന്റെ മോഹിനീരൂപം കാണുന്നതിന് പരമശിവന്‍ ആഗ്രഹം പ്രകടിപ്പിച്ചു. മോഹിനീരൂപം കണ്ട പരമശിവന്‍ കാമാന്ധനായി മോഹിനിയെ അനുഗമിക്കുകയും തുടര്‍ന്ന് പരമശിവന്റെ തേജസ്സില്‍നിന്ന് ശാസ്താവ് ജനിക്കുകയും ചെയ്ത കഥ പ്രസിദ്ധമാണ്.

ത്രിമൂര്‍ത്തികളില്‍ കൂടുതല്‍ മഹത്ത്വം ആര്‍ക്കാണെന്നു പരീക്ഷിക്കുന്നതിന് മഹര്‍ഷിമാര്‍ ഒരിക്കല്‍ ഭൃഗുമഹര്‍ഷിയെ നിയോഗിച്ചു. പിതൃസ്ഥാനീയനായ ബ്രഹ്മാവിന്റെ സമീപത്തുചെന്ന മഹര്‍ഷി ഒരു സുഹൃത്തിനെയെന്നവണ്ണം ബ്രഹ്മാവിനെ അഭിവാദ്യം ചെയ്തു. ബ്രഹ്മാവ് കുപിതനായി മഹര്‍ഷിയെ ശകാരിച്ചു. കൈലാസത്തിലെത്തിയ മഹര്‍ഷി പരമശിവന്‍ പാര്‍വതിയെ ആലിംഗനം ചെയ്തിരിക്കുന്നതുകണ്ട് പരിഹസിക്കുകയും പരമശിവന്റെയും പാര്‍വതീദേവിയുടെയും കോപത്തിനു പാത്രമാവുകയും ചെയ്തു. വൈകുണ്ഠത്തിലേക്കാണ് പിന്നീട് മഹര്‍ഷി പോയത്. മഹര്‍ഷി വരുന്നതറിയാതെ അനന്തശായിയായി ഉറക്കത്തിലായിരുന്ന മഹാവിഷ്ണുവിനെ താന്‍ വന്നിട്ടു സത്കരിക്കാഞ്ഞതിനെന്നവണ്ണം മഹര്‍ഷി നെഞ്ചില്‍ ചവുട്ടി. പെട്ടെന്നുണര്‍ന്ന മഹാവിഷ്ണു മുനിയുടെ പാദം തലോടിക്കൊണ്ട് ക്ഷമ ചോദിക്കുകയും പാദത്തിന് വേദനയുണ്ടായോ എന്ന് ആരായുകയും ചെയ്തു. പാദാഘാതത്തിന്റെ ഫലമായി മഹാവിഷ്ണുവിന്റെ മാറിലുണ്ടായ കലയാണ് ശ്രീവത്സം എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ സംഭവമെല്ലാം ഭൃഗുമുനി മറ്റു മഹര്‍ഷിമാരെ അറിയിച്ചു.

മഹാവിഷ്ണുവും പരമശിവനും പരമശിവന്റെ പുത്രന്മാരായ ഗണപതിയും സുബ്രഹ്മണ്യനും ഭക്തന്മാരാല്‍ ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും പൂജിക്കപ്പെടുമ്പോള്‍ ബ്രഹ്മാവ് അത്രതന്നെ പ്രാചുര്യത്തോടെ പൂജിക്കപ്പെടുകയോ സ്തുതിക്കപ്പെടുകയോ ചെയ്യുന്നില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍