This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രിഫല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ത്രിഫല

കടുക്ക (ഹരീതകി-Terminalia chebula), നെല്ലിക്ക (ആമലകി- Phyllanthus emblica), താന്നിക്ക (വിഭീതകി- Terminalia bellerica) എന്നീ മൂന്ന് ഫലങ്ങള്‍ തുല്യ അളവില്‍ ചേര്‍ത്തുണ്ടാക്കുന്ന ആയുര്‍വേദ ഔഷധക്കൂട്ട്. 'ത്രിഫല' എന്നാല്‍ മൂന്ന് ഫലങ്ങള്‍ (കായ്കള്‍) എന്നാണ് അര്‍ഥം. മൂന്ന് ഫലങ്ങളുടെയും പുറന്തോടുകളാണ് ഔഷധത്തിലെ ഗ്രാഹ്യാംശം. ത്രിഫല കഷായം അതിവിശിഷ്ടമായ ഒരു അണുനാശിനിയാണ്. ആയുര്‍വേദചികിത്സയില്‍ വ്രണങ്ങള്‍ വൃത്തിയാക്കുന്നതിനും ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ശുദ്ധീകരിക്കുന്നതിനും ശസ്ത്രക്രിയാ സ്ഥലങ്ങള്‍ അണുവിമുക്തമാക്കുന്നതിനും ഇത് ഉപയോഗിച്ചുവരുന്നു. ത്വഗ്രോഗങ്ങള്‍, നേത്രരോഗങ്ങള്‍, കഫരോഗങ്ങള്‍, രക്തജരോഗങ്ങള്‍ (വിഷജ്വരം, കുഷ്ഠം), പ്രമേഹം എന്നിവയെ ശമിപ്പിക്കുന്നു. വ്രണങ്ങള്‍ ഉണക്കുകയും ദുര്‍മേദസ്സ് അകറ്റുകയും ചെയ്യുന്നു. പചനശക്തി വര്‍ധിപ്പിക്കുകയും ജരാനരകളകറ്റി ആയുസ്സിനെ നിലനിര്‍ത്തുകയും ചെയ്യുന്ന ശ്രേഷ്ഠതരമായ ഒരു രസായന ഔഷധമായി ത്രിഫലയെ ഗണിച്ചുവരുന്നു.

'ഇയം രസായനവരാ ത്രിഫലാക്ഷ്യാമയാപഹാ

രോപണീ ത്വഗ്ഗദക്ളേദമേദോമേഹകഫാസ്രജില്‍

(അഷ്ടാംഗഹൃദയം)

അഭയൈകാ യോജനീയാ ദ്വാവേവ തു വിഭീതകൗ

ധാത്രീഫലാനി ചത്വാരി ത്രിഫലേയം പ്രകീര്‍ത്തിതാ

ത്രിഫലാ ശോഫ മേഹഘ്നീ നാശയേദ്വിഷമജ്വരാന്‍

ദീപനീ ശ്ളേഷ്മപിത്തഘ്നീ കുഷ്ഠഹന്ത്രീ രസായനീ

സര്‍പ്പിമധുഭ്യാം സുയുക്താ സൈവ നേത്രാമയാഞ്ജയേല്‍'

(ആയുര്‍വേദ ഔഷധഗുണചന്ദ്രിക)

ഘൃതം, കഷായം, ചൂര്‍ണം, തൈലം തുടങ്ങി ആയുര്‍വേദം സ്വീകരിച്ചിട്ടുള്ള എല്ലാ ഔഷധകല്പനകളുടെയും രൂപത്തില്‍ ത്രിഫല ഉപയോഗപ്പെടുത്തിവരുന്നു.

ജാതിക്ക, ഏലയ്ക്കാ, ഇലവര്‍ങ്ങം എന്നിവയുടെ മിശ്രിതം സുഗന്ധി ത്രിഫല എന്നറിയപ്പെടുന്നു.

(ഡോ. പി. ശങ്കരന്‍കുട്ടി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AB%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍