This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രിപാഠി, എം. ഗോവര്‍ധന്‍ റാം (1855 - 1907)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ത്രിപാഠി, എം. ഗോവര്‍ധന്‍ റാം (1855 - 1907)

ഇന്തോ ആംഗ്ലിയന്‍ സാഹിത്യകാരന്‍. ബറോഡയ്ക്കടുത്തുള്ള നാദിയാദില്‍ ആണ് ജനനം. കുറേക്കാലം ജൂനഗഢിലെ നവാബിന്റെ കീഴില്‍ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചു. നിയമബിരുദമെടുത്തശേഷം ഉദ്യോഗം രാജിവച്ച് ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തനം തുടര്‍ന്നു.

സരസ്വതിചന്ദ്ര എന്ന ഗുജറാത്തി നോവലും സ്ക്രാപ് ബുക്ക് എന്ന ആത്മകഥാപരമായ ഇംഗ്ലീഷ് കൃതിയും ക്ലാസ്സിക്കല്‍ പോയറ്റ്സ് ഒഫ് ഗുജറാത്ത് ആന്‍ഡ് ദെയ് ര്‍ ഇന്‍ഫ്ലുവന്‍സ് ഓണ്‍ സൊസൈറ്റി ആന്‍ഡ് മോറല്‍സ് എന്ന പഠനഗ്രന്ഥവുമാണ് ത്രിപാഠിയുടെ പ്രധാന രചനകള്‍. 1887-1901 കാലഘട്ടത്തില്‍ നാല് വാല്യങ്ങളായാണ് സരസ്വതിചന്ദ്ര പ്രസിദ്ധീകരിച്ചത്. സരസ്വതിചന്ദ്രയും കുമുദും തമ്മിലുളള പ്രണയമാണ് ഇതിലെ വിഷയം. ഗുജറാത്തിഭാഷയിലാണ് രചിച്ചിരിക്കുന്നതെങ്കിലും അക്കാലത്തെ ഭാരതീയരുടെ മനസ്സില്‍ ഇംഗ്ലീഷ് എത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നുവെന്ന് ഈ കൃതിയില്‍നിന്നു മനസ്സിലാക്കാം. ഈ നോവലിന്റെ ആമുഖം ചില വാല്യങ്ങളില്‍ ഇംഗ്ലീഷിലും, ചിലതില്‍ ഇംഗ്ലീഷിലും ഗുജറാത്തിയിലുമാണ് രചിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. വൈകാരികത മുറ്റിനില്ക്കുന്ന ചില സന്ദര്‍ഭങ്ങളില്‍ കഥാപാത്രങ്ങള്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ കൃതികളിലെ പക്ഷികളും മൃഗങ്ങളും പോലും ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.

എം. ഗോവര്‍ധന്‍ റാം ത്രിപാഠി

കാര്യങ്ങള്‍ വ്യക്തമായും വിശദമായും വീക്ഷിക്കാനുള്ള ത്രിപാഠിയുടെ ശ്രമത്തിന്റെ ഫലമാണ് സ്ക്രാപ് ബുക്ക് എന്ന കൃതി. 1885-1906 കാലഘട്ടത്തില്‍ മൂന്നുവാല്യങ്ങളായി പ്രസിദ്ധീകരിച്ച ഈ കൃതിയില്‍ ത്രിപാഠി തന്നെത്തന്നെ അപഗ്രഥനവിധേയനാക്കുന്നു. 1892-ല്‍ ത്രിപാഠി ചെയ്ത ഒരു പ്രഭാഷണമാണ് ക്ളാസ്സിക്കല്‍ പോയറ്റ്സ് ഒഫ് ഗുജറാത്ത് ആന്‍ഡ് ദെയ്ര്‍ ഇന്‍ഫ്ളുവന്‍സ് ഓണ്‍ സൊസൈറ്റി ആന്‍ഡ് മോറല്‍സ് (1894) എന്ന പേരില്‍ പ്രസിദ്ധീകരിച്ചത്. ഗുജറാത്തി കവിതയുടെ സാമൂഹിക പശ്ചാത്തലം വിലയിരുത്തുന്ന ഈ ഗ്രന്ഥം ഒരു പുതിയ ഭാരതത്തെക്കുറിച്ചുള്ള ഗ്രന്ഥകര്‍ത്താവിന്റെ വീക്ഷണം ഉള്‍ക്കൊള്ളുന്നു.

1907-ല്‍ ത്രിപാഠി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍