This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രികോല്പക്കൊന്ന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ത്രികോല്പക്കൊന്ന

Indian Jalap


കണ്‍വോള്‍വുലേസീ (Convolvulaceae) കുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. ശാസ്ത്രനാമം: ഓപ്പര്‍കുലൈന ടര്‍പെത്തം (Operculina turpethum)സ്കൃതത്തില്‍ ത്രിവൃത്, സരളാ, ത്രിപുട, സുവഹാ, രേചനി, ശ്വേതാ, നിശോത്രാ, ത്രിഭണ്ഡി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ത്രികോല്പക്കൊന്ന കര്‍ണാടകം, ഡെക്കാന്‍, ഗോദാവരി എന്നീ പ്രദേശങ്ങളിലാണ് ധാരാളമായി വളരുന്നത്. കേരളത്തില്‍ വിരളമായി മാത്രമേ ഈ ഔഷധി കാണപ്പെടുന്നുള്ളൂ. രണ്ടുതരം ത്രികോല്പക്കൊന്നയുണ്ട്; വെളുത്തതും കറുത്തതും. കറുത്തയിനം കഠിനമായ വിരേചനമുണ്ടാക്കുന്നതിനാല്‍ വെളുത്ത ത്രികോല്പക്കൊന്നയാണ് സാധാരണയായി ഔഷധമായുപയോഗിക്കുന്നത്.

ചിരസ്ഥായിയായ ആരോഹി സസ്യമാണ് ത്രികോല്പക്കൊന്ന. സസ്യത്തിന് പാല്‍പോലെയുള്ള കറയുണ്ട്. തണ്ട് നല്ല കട്ടിയുള്ളതാണ്. തണ്ടിന്റെ വശങ്ങളിലേക്ക് ചിറകുപോലെയുള്ള വളര്‍ച്ച കാണാം. മൂപ്പെത്തിയ തണ്ടിന് തവിട്ടുനിറമാണ്. 5-10 സെ.മീ. നീളവും 1-3.7 സെ.മീ. വീതിയുമുള്ള ഇലകള്‍ക്ക് ദീര്‍ഘവൃത്താകൃതിയോ ആയതാകൃതിയോ ആയിരിക്കും. തളിരിലകളുടെ ഇരുവശവും ലോമിലമാണ്.

പുഷ്പമഞ്ജരിയില്‍ മൂന്നോ നാലോ പുഷ്പങ്ങള്‍ മാത്രമേ ഉണ്ടാകാറുള്ളൂ. പുഷ്പവൃന്തത്തിന് രണ്ടര സെന്റിമീറ്ററോളം നീളമുണ്ട്. പ്രാസാകാരത്തിലുള്ള സഹപത്രം വിസ്തൃതവും വേഗത്തില്‍ കൊഴിഞ്ഞുപോകുന്നതുമാണ്. സഹപത്രത്തിന് നീല ലോഹിത വര്‍ണമാണ്. രണ്ടുസെന്റിമീറ്ററോളം നീളമുള്ള അഞ്ച് ബാഹ്യദളങ്ങളുണ്ട്. വെളുത്ത നിറത്തിലുള്ള അഞ്ചുദളങ്ങളും വൃത്താകൃതിയില്‍ കൂടിച്ചേര്‍ന്നിരിക്കുന്നു. കേസരങ്ങള്‍ക്ക് എട്ട് മി.മീ. വരെ നീളമുണ്ടായിരിക്കും. കായ് ഉരുണ്ടതും ലോമിലവുമായ സംപുടമാണ്. ബാഹ്യദളങ്ങളാല്‍ ആവരണം ചെയ്തിരിക്കുന്ന കായയ്ക്കുള്ളില്‍ 1-4 വിത്തുകളുണ്ടായിരിക്കും.

ത്രികോല്പക്കൊന്നയുടെ വേരുകള്‍ നീളം കൂടിയതും മാംസളവുമാണ്. വേരിന്റെ തൊലിയാണ് ഔഷധയോഗ്യമായ ഭാഗം. ഇതില്‍ ടര്‍പെഥിന്‍ എന്ന ഗ്ലൂക്കോസൈഡ്, ബാഷ്പീകരണസ്വഭാവമുള്ള തൈലം, ആല്‍ബുമിന്‍, അന്നജം തുടങ്ങിയവ അടങ്ങിയിരിക്കുന്നു. വേരിലടങ്ങിയിട്ടുള്ള റെസിനില്‍ സ്കോപോലെറ്റിന്‍, ഗ്ലൂക്കോസ്, ഫ്രക്റ്റോസ്, ടുബെര്‍ഥിനിക് അമ്ലം എന്നിവ അടങ്ങിയിട്ടുണ്ട്. ആയുര്‍വേദവിധിപ്രകാരം ഇതിന് ഉഷ്ണവീര്യവും കടു തിക്തം, മധുരം, കഷായം എന്നീ രസങ്ങളും ലഘു, രൂക്ഷം, മധുരം, തീക്ഷ്ണം എന്നീ ഗുണങ്ങളുമുണ്ട്.

സുഖവിരേചനഔഷധങ്ങളില്‍ ഏറ്റവും ശ്രേഷ്ഠവും വാതവര്‍ധകവുമാണ് ത്രികോല്പക്കൊന്ന. വേരിന്റെ തൊലി പൊടിച്ച് മൂന്ന് മുതല്‍ ആറ് വരെ ഗ്രാം ചൂടുവെള്ളത്തില്‍ കലക്കി അതിരാവിലെ സേവിച്ചാല്‍ പിത്തം, കഫം, നീര് എന്നിവ ശമിക്കും. ശുഷ്ക്കാര്‍ശസ്സിന് ത്രിഫലക്കഷായത്തില്‍ ത്രികോല്പക്കൊന്ന വേരിന്റെ തൊലി മൂന്ന് ഗ്രാം വീതം ചേര്‍ത്ത് ദിവസവും രാത്രി സേവിക്കുന്നത് ഫലപ്രദമാണ്. ത്രികോല്പക്കൊന്നയെപ്പറ്റി ഭാവപ്രകാശത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:


'വെളുത്തമാതിരി ഉദരവായു, ശീതം, പിത്തം

അന്നകോശത്തിലെ ദോഷം പിത്തജ്വരം എന്നിവയ്ക്കു പഥ്യം

കറുത്തമാതിരി കഠിന വിരേചനം ഉണ്ടാക്കി

മോഹാലസ്യത്തിനും സന്നിപാതജ്വരത്തിലുണ്ടാകുന്ന

ഉഷ്ണം കുറയ്ക്കേണ്ടതിന്നും ഉതകും'.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍