This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രികായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ത്രികായം

ബുദ്ധന്റെ ത്രിവിധ ശരീരങ്ങള്‍. ധര്‍മകായം, സംഭോഗകായം, നിര്‍മാണകായം എന്നിവയാണ് ഇവ. ബുദ്ധമതത്തിലെ മഹായാന ചിന്തയുടെ സൂക്ഷ്മതയ്ക്കും പരിധിക്കും നിദര്‍ശനമായ കുറെ സങ്കീര്‍ണമായ സങ്കല്പങ്ങളാണ് ഇവയ്ക്ക് ആധാരം. ബൌദ്ധസങ്കല്പത്തിലെ ഗൂഢാത്മക പാരമ്പര്യമനുസരിച്ച് ഏഴ് 'ബുദ്ധക്ഷേത്ര' (ശരീരങ്ങള്‍)ങ്ങളുണ്ട്. അവയില്‍ മൂന്നെണ്ണത്തെയാണ് ത്രികായം പ്രതിനിധാനം ചെയ്യുന്നത്.

'ധര്‍മകായം' ധരിക്കുന്ന ഒരാള്‍ നിര്‍വാണത്തിന്റെ പിടിയിലാണ്. എന്തെന്നാല്‍ അയാള്‍ ധര്‍മത്തോടുകൂടിയാണ് എപ്പോഴും ഉള്ളത്. ബൌദ്ധപുരാണങ്ങളില്‍ ഈ തത്ത്വം ചിലപ്പോള്‍ ആദിബുദ്ധനായും ചില സമയങ്ങളില്‍ ബുദ്ധതത്ത്വത്തിന്റെ മഹദ്പുത്രനായ വൈരോചന ബുദ്ധനായും വിവക്ഷിച്ചിട്ടുണ്ട്. 'സംഭോഗകായം' പ്രയോക്താവിനോട് അതേ നിലയില്‍നിന്ന് സമ്പര്‍ക്കം പുലര്‍ത്തുന്നതിനു മാത്രം പുരോഗതി പ്രാപിച്ചവര്‍ക്കുവേണ്ടിയുള്ളതാണ്. 'നിര്‍മാണ കായ'മാകട്ടെ ഭൌതികാവതാരം നഷ്ടപ്പെട്ടശേഷമുള്ള ബുദ്ധന്റെ ദൃശ്യശരീരമാണ്. വേഷവിധാനമാണ് ഒരു ഭൌതികശരീരംപോലെ കാണപ്പെടുന്നത്. നിര്‍വാണപദത്തിലേക്കു കടക്കുന്നതിനും അങ്ങനെ മറ്റുള്ളവരുടെ ദൃഷ്ടിയില്‍നിന്ന് മറയുന്നതിനുള്ള അവകാശം സ്വയം നിഷേധിക്കുന്ന മനുഷ്യര്‍ക്ക് ഉപദേശം കൊടുക്കുന്നതിനുമായി ലോകത്തില്‍ മഹാപുരുഷന്മാര്‍ ഇത് ഉപയോഗിക്കുന്നു.

ഘനീകൃതമായ മൂന്ന് വര്‍ധമാനരൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന 'പാരമ്യസിദ്ധാന്ത'മാണ് ത്രികായം. സീമകളില്‍ വെളിപ്പെടുന്ന കേന്ദ്രീകൃതബോധത്തിന്റെ വികാസത്തെ ഘട്ടങ്ങളിലായാണ് മനുഷ്യന്‍ ഗ്രഹിക്കുന്നത്. കേന്ദ്രസത്യത്തോടുള്ള മനുഷ്യന്റെ സമീപനത്തിനും മൂന്ന് ലക്ഷണങ്ങള്‍ കാണപ്പെടുന്നു. ഒന്ന് സാധാരണ വാസ്തവികത. രണ്ടാമത് അതെന്തായി തോന്നുന്നുവോ അതല്ല യഥാര്‍ഥ വസ്തു എന്നുള്ള അറിവ്. എല്ലാ വസ്തുക്കളുടെയും ആപേക്ഷികതയെപ്പറ്റി മനസ്സിലാക്കുകയും എല്ലാ സംശയങ്ങള്‍ക്കും അതീതമായി നാം കാണുന്ന പ്രപഞ്ചം നമ്മുടെ ശുദ്ധമനഃസത്തയുടെ കേവലദര്‍ശനം മാത്രമാണെന്ന ആത്യന്തിക സത്യം മനസ്സിലാക്കുകയും ചെയ്യുന്ന അവസ്ഥയാണ് മൂന്നാമത്തേത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍