This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്യാഗി, മഹാവീര്‍ (1899 - 1980)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ത്യാഗി, മഹാവീര്‍ (1899 - 1980)

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനിയും മുന്‍ കേന്ദ്രമന്ത്രിയും. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയില്‍ ശിവനാഥ് സിങ്ങിന്റെയും ജാനകീദേവിയുടെയും മകനായി 1899 ഡി. 31-ന് ജനിച്ചു.

ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്ന ത്യാഗി ഒന്നാം ലോകയുദ്ധത്തില്‍ ഇറാനില്‍ സേവനമനുഷ്ഠിച്ചിരുന്നു. യുദ്ധാനന്തരം ഇന്ത്യയില്‍ മടങ്ങിയെത്തിയ ഇദ്ദേഹം ഗാന്ധിജിയുടെ ദര്‍ശനങ്ങളില്‍ ആകൃഷ്ടനായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ സൈന്യത്തില്‍നിന്ന് പിരിച്ചുവിടപ്പെട്ടു. തുടര്‍ന്ന് സ്വാതന്ത്യ്രലബ്ധിക്കുവേണ്ടിയുള്ള ദേശീയ പ്രസ്ഥാനത്തില്‍ ഇദ്ദേഹം വ്യാപൃതനായി. ഉത്തര്‍പ്രദേശിലെ തെരുവുകള്‍തോറും ഇദ്ദേഹം സംഘടിപ്പിച്ച സമ്മേളനങ്ങള്‍ സ്വാതന്ത്ര്യസമരത്തെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ വലിയ പങ്ക് വഹിച്ചിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്റെപേരില്‍ ത്യാഗി പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. 1927 മുതല്‍ ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ അംഗമായിരുന്ന ത്യാഗി 1937-ല്‍ ഉത്തര്‍പ്രദേശില്‍ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. വിഭജനകാലത്ത് രാജ്യം വര്‍ഗീയലഹളയുടെ പിടിയിലമര്‍ന്നപ്പോള്‍ സമാധാനം പുനഃസ്ഥാപിക്കുവാനായി ത്യാഗി സജ്ജമാക്കിയ സന്നദ്ധസേന 'ത്യാഗി പൊലീസ്' എന്ന പേരിലാണ് അറിയപ്പെട്ടത്.

1951-ല്‍ ത്യാഗി കേന്ദ്രമന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായി സ്ഥാനമേറ്റു. 1953 മുതല്‍ 57 വരെ പ്രതിരോധമന്ത്രി ആയിരുന്നു. 1957-നും 59-നും ഇടയ്ക്ക് പല സര്‍ക്കാര്‍ കമ്മിറ്റികളുടെയും ചെയര്‍മാനായി സേവനമനുഷ്ഠിച്ച ത്യാഗി 1964-ല്‍ കേന്ദ്രമന്ത്രിസഭയില്‍ വീണ്ടും അംഗമായെങ്കിലും പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി താഷ്കെന്റ് കരാറിന്‍ ഒപ്പുവച്ചതില്‍ പ്രതിഷേധിച്ച് 1966-ല്‍ മന്ത്രിസഭയില്‍നിന്നു രാജിവച്ചു.

1968-ല്‍ അഞ്ചാം ധനകാര്യ കമ്മിഷന്റെ ചെയര്‍മാനായി ത്യാഗി നിയോഗിക്കപ്പെട്ടു. 1969-ല്‍ കോണ്‍ഗ്രസ്സിലുണ്ടായ പിളര്‍പ്പിനുശേഷം ത്യാഗി സംഘടനാ കോണ്‍ഗ്രസ്സിനോടൊപ്പമാണു നിന്നത്. 1970-ല്‍ രാജ്യസഭാംഗമായി. 1980 മേയ് 22-ന് ത്യാഗി ഡല്‍ഹിയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍