This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്യാഗരാജസ്വാമികള്‍ (1767 - 1847)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ത്യാഗരാജസ്വാമികള്‍ (1767 - 1847)

കര്‍ണാടക സംഗീതാചാര്യന്‍. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലുള്ള തിരുവാരൂരില്‍ ആധ്യാത്മികതയുടെയും ഭക്തിയുടെയും പാരമ്പര്യമുള്ള ഒരു തെലുങ്കു ബ്രാഹ്മണകുടുംബത്തില്‍ 1767 മേയ് 4-ന് ജനിച്ചു. യക്ഷഗാനങ്ങളും വേദാന്തകവിതകളും രചിച്ചിട്ടുള്ള കവിയായ ഗിരിരാജബ്രഹ്മത്തിന്റെ പുത്രനായ രാമബ്രഹ്മമാണ് ത്യാഗരാജന്റെ പിതാവ്. ഗായികയായിരുന്ന സീതമ്മയാണ് അമ്മ. മഹാഭക്തനും സംസ്കൃതപണ്ഡിതനുമായിരുന്ന രാമബ്രഹ്മത്തെ തഞ്ചാവൂര്‍ മഹാരാജാവ് ബഹുമാനിക്കുകയും വിശേഷദിവസങ്ങളില്‍ രാമായണം വായിച്ച് അര്‍ഥം പറയുന്നതിന് നിയോഗിക്കുകയും ചെയ്തു. അന്ന് രാമായണ പാരായണം നിര്‍വഹിച്ചിരുന്നത് ത്യാഗരാജനായിരുന്നു. മഹാരാജാവ് രാമബ്രഹ്മത്തിനും കുടുംബത്തിനും തിരുവയ്യാറില്‍ കുറെ ഭൂമിയും വീടും നല്കിയതിനാല്‍ ത്യാഗരാജന്റെ 8-ാം വയസ്സില്‍ തിരുവയ്യാറിലേക്കു താമസം മാറ്റി.

ത്യാഗരാജസ്വാമികള്‍-ഒരു പെയിന്റിംഗ്

പ്രസിദ്ധ വീണാവാദകനായ സൊണ്ടി വെങ്കിടരമണ ദാസായിരുന്നു ത്യാഗരാജന്റെ ഗുരുനാഥന്‍. അദ്ദേഹത്തില്‍നിന്ന് വീണവായനയും വായ്പാട്ടും അഭ്യസിച്ചു. അസാധാരണ പ്രതിഭാശാലിയായ ത്യാഗരാജന്‍ ഒരു വര്‍ഷംകൊണ്ട് പഠനം പൂര്‍ത്തിയാക്കി.

പിതാവിന്റെ മരണശേഷം സ്വത്ത് ഭാഗം വച്ചപ്പോള്‍ പിതാവ് ആരാധിച്ചിരുന്ന ശ്രീരാമവിഗ്രഹവും നാമമാത്രമായ സമ്പത്തും മാത്രമേ ത്യാഗരാജനു ലഭിച്ചുള്ളൂവെങ്കിലും പരമസാത്വികനും ഈശ്വരവിശ്വാസിയുമായ ഇദ്ദേഹം ഉഞ്ഛവൃത്തിചെയ്ത് (ധാന്യങ്ങള്‍ പെറുക്കിയെടുത്ത്) കുടുംബം പുലര്‍ത്തുകയും സംഗീതത്തെ ഉപാസിക്കുകയും ചെയ്തു. സംഗീതത്തില്‍ അന്നുവരെയുള്ള മുഴുവന്‍ കൃതികളും ഇദ്ദേഹം പഠിച്ചു. ആരും ശ്രദ്ധിക്കാതെപോയ പല രാഗങ്ങളെയും ഇദ്ദേഹം നവജീവന്‍ നല്കി പരിഷ്കരിച്ചിട്ടുമുണ്ട്. പല പുതിയ രാഗങ്ങളും സൃഷ്ടിക്കുകയും സംഗീതസമ്പുഷ്ടമായ നിരവധി ഗാനങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. ഒരിക്കലും തളരാത്ത ശാരീരത്താല്‍ അവിസ്മരണീയമായ നിരവധി സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. വാഗ്ഗേയകാരനും ഗായകനും സംഗീതകര്‍ത്താവുമായ ത്യാഗരാജന്‍ മികച്ച വീണാവാദകനുമായിരുന്നു.

കര്‍ണാടക സംഗീതത്തിന്റെ വളര്‍ച്ചയ്ക്കും പ്രചാരത്തിനും ഗണ്യമായ സംഭാവന നല്കിയവരില്‍ പ്രമുഖനാണ് ത്യാഗരാജസ്വാമികള്‍. ഇരുന്നൂറില്‍പ്പരം രാഗങ്ങളിലായി ആശയസമ്പുഷ്ടവും ഭാവാത്മകവുമായ മൂവായിരത്തി അഞ്ഞൂറോളം കൃതികളുടെ കര്‍ത്താവാണ് ഇദ്ദേഹം. ശ്രീരാമഭക്തനായ ഇദ്ദേഹത്തിന്റെ മിക്ക കൃതികളിലും ഭക്തിയും സന്മാര്‍ഗസന്ദേശങ്ങളും നിറഞ്ഞിരിക്കുന്നു. കര്‍ണാടകസംഗീതശാഖയിലെ ഏറ്റവും പ്രതിഭാശാലികളായ ത്രിമൂര്‍ത്തികളില്‍ പ്രഥമഗണനീയനായി ഇദ്ദേഹം കരുതപ്പെടുന്നു. ശ്യാമശാസ്ത്രിയും മുത്തുസ്വാമി ദീക്ഷിതരുമാണ് മറ്റു രണ്ടുപേര്‍. മൂവരുടെയും ജന്മദേശം തഞ്ചാവൂരാണ്. രചിച്ച കൃതികളുടെ ബാഹുല്യം, കൈകാര്യം ചെയ്ത രാഗങ്ങളുടെ വൈവിധ്യം, ഭക്തിഭാവം, ആശയപ്രൌഢി, ശിഷ്യസമ്പത്ത് തുടങ്ങിയവയുടെ കാര്യത്തില്‍ ത്യാഗരാജന്‍ മുന്നിട്ടു നില്ക്കുന്നു. ഇദ്ദേഹത്തിന്റെ അതിവിപുലമായ ശിഷ്യസമ്പത്താണ് കര്‍ണാടകസംഗീതത്തിന്റെ ശക്തിയും ശോഭയും കെട്ടുപോകാതെ ദക്ഷിണേന്ത്യയിലാകെ വളര്‍ത്തിയതും പ്രചരിപ്പിച്ചതും.

തിരുവയ്യാര്‍ ത്യാഗരാജാശ്രമം

വ്യത്യസ്ത രാഗങ്ങളുടെ ഭാവഭംഗി തെളിയുന്ന നിരവധി കൃതികള്‍ ത്യാഗരാജസ്വാമികള്‍ രചിച്ചിട്ടുണ്ട്. ദീക്ഷിതരും ശ്യാമശാസ്ത്രികളും രചിച്ചത് നൂറുകണക്കിന് കൃതികളാണെങ്കില്‍ ത്യാഗരാജന്‍ രചിച്ചത് ആയിരക്കണക്കിന് കൃതികളാണെന്ന് പറയേണ്ടിവരുന്നത്ര വിപുലമാണ് ഇദ്ദേഹത്തിന്റെ രചനാലോകം. തോഡി രാഗത്തില്‍ മാത്രം മുപ്പതിലധികം കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഭൈരവി, ഖരഖരപ്രിയ, ഹരികാംബോജി, ശങ്കരാഭരണം, കല്യാണി, ദേവഗാന്ധാരി, ബിലഗരി, കാംബോജി തുടങ്ങിയ നിരവധി രാഗങ്ങളിലും അസംഖ്യം കൃതികള്‍ ഇദ്ദേഹം രചിച്ചു. ഒരേ രാഗത്തില്‍ രചിച്ച വിഭിന്ന കൃതികളില്‍ വിഭിന്ന ഭാവം ഇണക്കിച്ചേര്‍ക്കാനുള്ള ഇദ്ദേഹത്തിന്റെ കഴിവ് അന്യാദൃശമാണ്. കാംബോജി രാഗത്തിലുള്ള 'എവരി മാട്ട'യും 'ഓരംഗശായി'യും തമ്മിലുള്ള ഭാവാന്തരം ഇതിന് ഉദാഹരണമാണ്. തോഡിരാഗത്തിലുള്ള 'കൊലുവമരകത'യും 'ജേസിന തെല്ലമാര' യും തമ്മില്‍ രാഗരൂപാവിഷ്കരണത്തില്‍ പ്രകടമാകുന്ന അന്തരമാണ് മറ്റൊരുദാഹരണം.

ഖരഖരപ്രിയരാഗത്തെ കര്‍ണാടക സംഗീതത്തില്‍ സമുന്നതസ്ഥാനത്തു പ്രതിഷ്ഠിച്ചത് ത്യാഗരാജസ്വാമികളുടെ കൃതികളാണ്. 'രാമ നീസമാനമെവറു', 'രാമ നീയെഡ', 'ചക്കനിരാജ', 'പക്കാല നിലബഡി', 'വിന്ത മുസേയവ' തുടങ്ങിയ ഖരഖരപ്രിയ കൃതികള്‍ ഇതിനു നിദര്‍ശനമായുണ്ട്.

'ദിനമണിവംശ', 'എന്തുകു നിര്‍ഭയ', 'രാമാ നന്നു ബ്രോവറാ' തുടങ്ങിയ രചനകളിലൂടെ ഹരികാംബോജി രാഗത്തെ ഇദ്ദേഹം സമുദ്ധരിച്ചു.

കൃതിയിലെ ഒരു വരിതന്നെ അതിന്റെ താളവട്ടങ്ങള്‍ക്കുള്ളില്‍ പല പ്രകാരത്തില്‍ പാടുന്നതാണ് കര്‍ണാടക സംഗീതത്തില്‍ 'സംഗതി' എന്നറിയപ്പെടുന്നത്. 'സംഗതി'കള്‍ ചേര്‍ത്ത് കൃതികള്‍ രചിച്ചുതുടങ്ങിയത് ഇദ്ദേഹമാണ്.

ഇരുന്നൂറിലധികം രാഗങ്ങളിലായി ത്യാഗരാജസ്വാമികള്‍ രചിച്ച 3500-ലധികം കൃതികള്‍ ഇദ്ദേഹത്തിന്റെ ശിഷ്യനായ വലാജപ്പേട്ട കൃഷ്ണസ്വാമി ഭാഗവതര്‍ എഴുതി സൂക്ഷിച്ചിട്ടുണ്ട്. ആ കയ്യെഴുത്തു പ്രതികള്‍ ഇന്ന് മധുരയിലെ സൌരാഷ്ട്രസഭാ ഗ്രന്ഥശാലയിലാണുള്ളത്.

ഭക്തിയും സംഗീതവും വിലയിച്ചുചേര്‍ത്ത കൃതികള്‍ എഴുതുകയും അവ പാടിനടക്കുകയും ചെയ്ത ത്യാഗരാജസ്വാമികള്‍ പൊതുസദസ്സില്‍ ആദ്യമായി ആലപിച്ച ഗാനം 'ദൊരകുനാ ഇതു വന്റി സേവ' ആയിരുന്നു. ത്യാഗരാജന്റെ പ്രശസ്തി വര്‍ധിച്ചതോടെ നിരവധി രാജാക്കന്മാരും പ്രഭുക്കന്മാരും ഇദ്ദേഹത്തെ തങ്ങളുടെ സദസ്സിലേക്കു ക്ഷണിക്കാന്‍ മത്സരിച്ചു. പക്ഷേ ലളിതജീവിതം ഇഷ്ടപ്പെട്ടിരുന്ന ഈ മഹാത്മാവ് അത്തരം പദവികള്‍ സ്നേഹത്തോടെ നിരസിച്ചു.

നിര്‍ധനനായിരുന്ന ത്യാഗരാജന്‍ തന്റെ വീട്ടില്‍വച്ച് നിത്യേനയുള്ള ഭജനകള്‍ക്കുപുറമേ ആഴ്ചയിലൊരിക്കല്‍ ഉഞ്ഛവൃത്തി ഭജനയും നടത്തിയിരുന്നു. ത്യാഗരാജന്റെ ഈ ഭജനാസമ്പദ്രായം ആരാധനാമാര്‍ഗത്തെ കൂടുതല്‍ ജനകീയവും ആകര്‍ഷകവുമാക്കി മാറ്റി. സാധാരണക്കാരും സമ്പന്നരും രാജാക്കന്മാരും അതില്‍ ആകൃഷ്ടരായി. ഓരോ ഭജനയിലും പുതിയ കൃതികള്‍ അവതരിപ്പിക്കപ്പെട്ടു. അങ്ങനെ തിരുവയ്യാറിലെ ത്യാഗരാജന്റെ വസതി ദക്ഷിണേന്ത്യയിലെ സംഗീതാസ്വാദകരുടെയും സംഗീതജ്ഞരുടെയും മുഖ്യ ആകര്‍ഷണകേന്ദ്രമായി മാറി. പുരന്ദരദാസന്റെ സ്വാധീനം ത്യാഗരാജ കൃതികളില്‍ പ്രകടമാണ്.

ക്ഷേത്രദര്‍ശനവും അതതു ക്ഷേത്രങ്ങളെയും മൂര്‍ത്തികളെയും കുറിച്ചുള്ള കീര്‍ത്തനസൃഷ്ടിയും ത്യാഗരാജന്റെ ജീവിതത്തിലെ നിത്യ സംഭവങ്ങളായിരുന്നുവെന്നു പറയാം. ശ്രീരംഗം, കാഞ്ചീപുരം, തിരുവൊറ്റിയൂര്‍, തിരുപ്പതി, കോവൂര്‍, വലാജപ്പേട്ട, നാഗപട്ടണം, ഷോലിംഗൂര്‍ തുടങ്ങിയ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചതിന്റെയും കീര്‍ത്തനസൃഷ്ടികളുടെയും കഥകള്‍ കൌതുകകരങ്ങളാണ്.

വെങ്കിടരമണ ഭാഗവതര്‍, വീണാകുപ്പയ്യര്‍, കൃഷ്ണസ്വാമി ഭാഗവതര്‍, തഞ്ചാവൂര്‍ രാമറാവു, മനമ്പുചാവടി വെങ്കട സുബ്ബയ്യര്‍, നെയ്ക്കപ്പെട്ടി സുബ്ബയ്യര്‍, നേമം സുബ്രഹ്മണ്യന്‍, ആനൈ-അയ്യാ സഹോദരന്മാര്‍ തുടങ്ങിയ നിരവധി ശിഷ്യന്മാര്‍ ത്യാഗരാജനുണ്ടായിരുന്നു.

കേരളത്തിലെ പ്രസിദ്ധ സംഗീതജ്ഞനായ ഷഡ്ക്കാല ഗോവിന്ദമാരാര്‍ ഒരിക്കല്‍ ത്യാഗരാജന്റെ ഭവനം സന്ദര്‍ശിച്ച വേളയില്‍ ഭജന നടക്കുകയായിരുന്നു. ഗോവിന്ദമാരാരുടെ പാട്ടു കേള്‍ക്കാന്‍ ത്യാഗരാജന്‍ താത്പര്യം പ്രകടിപ്പിച്ചു. പന്തുവരാളി രാഗത്തില്‍ ആറു കാലങ്ങളില്‍ പല്ലവി പാടി ഗോവിന്ദമാരാര്‍ ത്യാഗരാജനെയും സദസ്സിനെയും ആശ്ചര്യപ്പെടുത്തി. താന്‍ മുമ്പു രചിച്ച് ശിഷ്യരെ പഠിപ്പിച്ച 'എന്തരോ മഹാനു ഭാവുലു' എന്ന കൃതി ശിഷ്യരെക്കൊണ്ട് പാടിച്ച് ഷഡ്കാല ഗോവിന്ദമാരാരെ ത്യാഗരാജന്‍ അഭിനന്ദിച്ചു എന്നാണ് കഥ.

സംഗീതജ്ഞനും ആസ്വാദകനുമായ സ്വാതിതിരുനാള്‍ മഹാരാജാവിന് ഒരിക്കല്‍ ത്യാഗരാജനെ കാണണമെന്ന് ആഗ്രഹമുണ്ടാവുകയും ഷഡ്കാല ഗോവിന്ദമാരാരെ വടിവേലുവിനോടൊന്നിച്ച് തിരുവയ്യാറിലേക്കയച്ച് ഇദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തെങ്കിലും ഫലം കണ്ടില്ലെന്ന് ഒരു കഥയുണ്ട്.

ത്യാഗരാജന്റെ സംഗീതാചാര്യസ്ഥാനവും സാത്വികഭാവവും ആധ്യാത്മികാടിത്തറയുള്ള ജീവിതവും ഇദ്ദേഹത്തിന്റെ പേരിനോടൊപ്പം 'സ്വാമികള്‍' എന്ന് ആദരവോടെ ചേര്‍ത്തുവിളിക്കുവാന്‍ കാരണമായി.

18-ാമത്തെ വയസ്സില്‍ വിവാഹിതനായ ത്യാഗരാജന്റെ മകള്‍ സീതാലക്ഷ്മിക്ക് പഞ്ചാപഗേശയ്യാ എന്നു പേരായ ഒരു മകനുണ്ടായിരുന്നു. മികച്ച ഗായകനായെങ്കിലും മക്കളില്ലാതെ അദ്ദേഹം മരണമടഞ്ഞതോടെ ത്യാഗരാജന്റെ സന്തതിപരമ്പര നിലച്ചുപോയി.

1847 ജനു. 6-ന് ത്യാഗരാജസ്വാമികള്‍ സമാധിയായി. അഖണ്ഡഭജനത്തിനിടയിലാണ് താന്‍ പ്രവചിച്ച മരണത്തെ ഇദ്ദേഹം സ്വീകരിച്ചത്. മൃതദേഹം കാവേരി നദീതീരത്ത് സംസ്കരിച്ചു. ഇദ്ദേഹത്തിന്റെ സ്മരണാര്‍ഥം 1907 മുതല്‍ ത്യാഗരാജ സമാധിമഹോത്സവം തിരുവയ്യാറില്‍ നടന്നുവരുന്നു. 1940 മുതല്‍ ഇന്ത്യയിലെ ഏറ്റവും വിലയ സംഗീതോത്സവമായി ഇത് അറിയപ്പെടുന്നു.


(അനില്‍ വി.എന്‍., സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍