This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോല്‍പ്പാവക്കൂത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോല്‍പ്പാവക്കൂത്ത്

ഒരു കേരളീയ ദൃശ്യകല. തോലുകൊണ്ടുള്ള പാവകള്‍ ഉപയോഗിച്ചാണ് ഈ കൂത്ത് നടത്തുന്നത്. മധ്യകേരളത്തിലെ ദുര്‍ഗാക്ഷേത്രങ്ങളിലാണ് ഈ കളി അരങ്ങേറുക. ധനുമാസത്തില്‍ ആരംഭിച്ച് ഇടവപ്പാതിയോടെ പ്രദര്‍ശനം അവസാനിക്കുന്നു. പാലക്കാട് ജില്ലയിലും തൃശൂര്‍ ജില്ലയുടെ വടക്കുഭാഗത്തുമായി സ്ഥിതി ചെയ്യുന്ന അറുപതിലേറെ ഭഗവതിക്ഷേത്രങ്ങളിലാണ് തോല്‍പ്പാവക്കൂത്ത് അഥവാ നിഴല്‍ക്കൂത്ത് അരങ്ങേറുന്നത്. സാധാരണയായി വേല, പൂരം എന്നീ ആഘോഷങ്ങളോടനുബന്ധിച്ച് ഈ പാവക്കൂത്ത് നടത്തിവരുന്നു.

കമ്പരാമായണം കഥയെ അടിസ്ഥാനമാക്കിയാണ് കൂത്ത് പറയുന്നത്. കൂത്തുകാരുടെ ഭാഷ തമിഴാണ്. വന്ദനശ്ലോകങ്ങളില്‍ സംസ്കൃതശ്ളോകങ്ങളും ഉപയോഗിക്കുന്നു. പാവക്കൂത്ത് നടത്തുന്നവര്‍ 'പുലവര്‍' എന്ന സ്ഥാനപ്പേരോടുകൂടിയാണ് അറിയപ്പെടുന്നത്. ചില തറവാട്ടുകാര്‍ പാരമ്പര്യമായി ഈ കളി നടത്തിവരുന്നു. പാലക്കാട്, കിള്ളിമംഗലം, പാലപ്പുറം, കൂനത്തറ, കൂത്തന്നൂര്‍ എന്നിവിടങ്ങളിലാണ് പാവക്കൂത്ത് നടത്തുന്ന കളിയോഗങ്ങള്‍ ഉള്ളത്. ചുരുങ്ങിയത് ഒരു ദശാബ്ദക്കാലത്തെ പരിശീലനവും തമിഴ്, സംസ്കൃതം എന്നിവയില്‍ വ്യുത്പത്തിയും പുരാണങ്ങളില്‍ പ്രാവീണ്യവും ഉണ്ടെങ്കിലേ നല്ല പുലവര്‍ എന്ന സ്ഥാനത്തിന് അര്‍ഹനാകാന്‍ കഴിയുകയുള്ളൂ.

അഞ്ചുനൂറ്റാണ്ടുകള്‍ക്കുമുമ്പ് പാലക്കാട് താലൂക്കിലെ പല്ലശ്ശനയില്‍ പിറന്ന ഏറത്ത് ശിങ്കപ്പുലവരാണ് കമ്പരാമായണത്തെ നിഴല്‍നാടകമായി പ്രദര്‍ശിപ്പിക്കാന്‍വേണ്ട നടപടിക്രമങ്ങള്‍ ചിട്ടപ്പെടുത്തിയത്. പല്ലശ്ശനയിലുള്ള മീന്‍കുളത്തിക്കാവിലെ കൂത്തുമാടത്തില്‍ ഇദ്ദേഹത്തിന്റെ പ്രേതപ്രതിഷ്ഠയുണ്ട്. അവിടെ പ്രതിദിനം പൂജകള്‍ നടന്നുവരുന്നു. കളിക്കാര്‍ എല്ലാ ദിവസവും അവരുടെ ഗുരുവന്ദനാവസരത്തില്‍ ആദ്യമായി ശിങ്കപ്പുലവരെ അഭിവാദ്യം ചെയ്യാറുണ്ട്.

ശ്രീരാമന്‍-തോല്‍പ്പാവ

കമ്പര്‍ തന്റെ രാമായണം അഭിനയയോഗ്യമായി രചിക്കുവാനുള്ള കാരണത്തെപ്പറ്റി ചില ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. ശ്രീരാമഭക്തിയില്‍ അഗ്രഗണ്യനായ ഹനുമാന്‍ സീതാദര്‍ശനത്തിനായി സമുദ്രലംഘനം ചെയ്ത് ലങ്കാപുരിയില്‍ പറന്നെത്തി. ഗോപുരത്തില്‍വച്ച് ലങ്കാലക്ഷ്മി അദ്ദേഹത്തെ തടഞ്ഞു. എന്നാല്‍ ഹനുമാന്റെ മര്‍ദനമേറ്റപ്പോള്‍ ലങ്കാലക്ഷ്മിയും അവളുടെ കീഴിലുള്ള അനേകം ഭദ്രകാളികളും ഓടി രക്ഷപ്പെട്ടു. അതിനുശേഷം ശ്രീരാമന്‍ രാവണനെ വധിക്കുന്നു. തങ്ങളെ തപശ്ശക്തിയാല്‍ അടിമകളാക്കി ഉപദ്രവിച്ച രാവണന്റെ നിഗ്രഹം നേരില്‍ കാണാനുള്ള ഭാഗ്യം ഭദ്രകാളികള്‍ക്ക് ഉണ്ടായില്ല. അതിനാല്‍ അവര്‍ പരമശിവന്റെ സമക്ഷം സങ്കടമുണര്‍ത്തിച്ചു. ആശ്രിതവത്സലനായ ശിവന്‍, താന്‍ കമ്പരായി അവതരിച്ച് രാമായണം കഥ ആടി പ്രദര്‍ശിപ്പിക്കാന്‍ അവസരമുണ്ടാക്കാമെന്ന് അവരെ ആശ്വസിപ്പിച്ചു. അങ്ങനെ രാമായണം കഥ, ആടിക്കാണിക്കാന്‍ പറ്റിയ വിധത്തില്‍ കമ്പര്‍ രചിച്ചുവെന്നാണ് ഐതിഹ്യം. പാവക്കൂത്ത് ദുര്‍ഗാക്ഷേത്രങ്ങളില്‍ മാത്രമാണ് നടത്തിവരുന്നതെന്നും യുദ്ധകാണ്ഡത്തിനാണ് എവിടെയും പ്രാധാന്യം കൊടുത്തുവരുന്നതെന്നും ഉള്ള വസ്തുത ശ്രദ്ധേയമാണ്. എന്നാല്‍ ഈ കഥയ്ക്ക് അല്പം പക്ഷാന്തരമുണ്ട്. രാവണവധം നടന്ന അതേ അവസരത്തിലാണ് ഭദ്രകാളി ദാരികനെ വധിച്ചത്. അതിനാല്‍ രാവണവധം കാണാനുള്ള ആഗ്രഹം സഫലമായില്ല. അങ്ങനെയാണ് ശിവനെ പ്രീതിപ്പെടുത്തി കാര്യം നേടിയതെന്നാണ് മറ്റൊരു പാഠം.

പാവക്കൂത്തുകാര്‍ ഗരുഡപ്പത്ത്, വരുണപ്പത്ത് എന്നീ പേരുകളില്‍ അറിയപ്പെടുന്ന പത്തുവീതം പാട്ടുകള്‍ സന്ദര്‍ഭോചിതമായി പാടുമ്പോള്‍ അവരുടെ രീതിക്ക് ഒരു വിഷാദാത്മകത്വമുണ്ട്. അതിന് കാരണം പറയുന്നത് ഇപ്രകാരമാണ്. ശിങ്കപ്പുലവര്‍ കമ്പരാമായണം നാടകരൂപത്തിലാക്കി തെറ്റുതിരുത്തുന്നതിന് ഗുരുനാഥനെ സമീപിച്ചുവത്രെ. എന്നാല്‍ ഗുരുവിന്റെ ഗൃഹത്തിലെത്തിയപ്പോള്‍ അവിടെയുള്ളവരെല്ലാം ദുഃഖിതരായി ഒരു ജഡത്തിനു ചുറ്റും ഇരിക്കുന്ന കാഴ്ചയാണ് ശിങ്കപ്പുലവരെ സ്വാഗതം ചെയ്തത്. കണ്ണീരൊഴുക്കി മ്ളാനവദനനായി ഗുരുവും അക്കൂട്ടത്തില്‍ ഇരിക്കുന്നുണ്ട്. കാരണമന്വേഷിച്ചപ്പോള്‍ വിഷം തീണ്ടിയ മകന്‍ ആസന്നമരണനായി കിടക്കുകയാണെന്നു മനസ്സിലായി. പുലവര്‍ക്ക് ഒരു യുക്തി തോന്നി. പുറത്തിരുന്ന് ഗരുഡപ്പത്ത് ശോകച്ഛായ കലര്‍ന്ന രീതിയില്‍ പാടി. പാട്ട് അവസാനിക്കുമ്പോഴേക്ക് ഗരുഡന്‍ പ്രത്യക്ഷനായി. ഗുരുപുത്രന്റെ വിഷബാധ നീങ്ങി. സന്തോഷപരവശനായ ഗുരുനാഥന്‍ നാട്യക്രമത്തില്‍ യാതൊരു മാറ്റവും വരുത്തേണ്ടതില്ലെന്നു പറഞ്ഞ് അനുഗ്രഹാശിസ്സുകളോടെ ശിഷ്യനെ യാത്രയാക്കി. ഗുരുഗൃഹത്തില്‍ പുലവര്‍ പാടിയ രീതിതന്നെയാണ് ഇന്നും അനുകരിക്കുന്നതെന്നും അതല്ല മലയാളികള്‍ എഴുത്തച്ഛന്റെ രാമായണം വായിക്കാന്‍ ഒരു പ്രത്യേക രീതി ഉപയോഗിക്കുന്നതുപോലെ തമിഴര്‍ കമ്പരാമായണത്തിന് പ്രത്യേക രീതി ഉപയോഗിക്കുന്നതാണെന്നും അഭിപ്രായമുണ്ട്. ഏതായാലും പാവക്കൂത്തിലെ പാട്ടുകള്‍ക്ക് ശാസ്ത്രീയസംഗീതവുമായി ബന്ധമില്ല.

അനപ്പുറത്തെ പടയാളി-തോല്‍പ്പാവ

ക്ഷേത്രത്തിനു പുറത്ത് താത്കാലികമായോ സ്ഥിരമായോ കെട്ടിയുണ്ടാക്കിയ കൂത്തുമാടത്തില്‍ വച്ചാണ് രാത്രി മുഴുവന്‍ കൂത്ത് നടത്തുന്നത്. ഏഴുദിവസം മുതല്‍ നാല്‍പത്തിയൊന്നുദിവസം വരെ കൂത്ത് നീണ്ടുനില്ക്കാറുണ്ട്. എന്നാല്‍ ആരിയന്‍കാവില്‍ മാത്രമാണ് ഇരുപത്തിയൊന്നുദിവസംകൊണ്ട് രാമായണത്തിലെ ബാലകാണ്ഡം മുതല്‍ പട്ടാഭിഷേകം വരെയുള്ള കഥ നിഴല്‍നാടകമായി അവതരിപ്പിക്കപ്പെടുന്നത്. മറ്റു സ്ഥലങ്ങളില്‍ അധികവും യുദ്ധകാണ്ഡം മാത്രമാണ് അവതരിപ്പിക്കുക. അതിന് ഏഴു ദിവസമോ പുലവരുടെ വ്യുത്പത്തിക്കും വാഗ്വിലാസത്തിനും അനുസരിച്ച് പതിനാലുദിവസമോ വേണ്ടിവരും. ഏറ്റവും കൂടുതല്‍ ദിവസം പ്രദര്‍ശനം നടത്തുമ്പോള്‍ ആരണ്യകാണ്ഡം മുതല്‍ തുടങ്ങും. എല്ലാ ദിവസവും കൂത്ത് ആരംഭിക്കുന്നതിനു മുമ്പായി 'കഥ ഇതുവരെ' എന്ന നിലയില്‍ ഒരു സംക്ഷിപ്ത വിവരണം നല്കാറുമുണ്ട്.

ഏതു കാവിലാണോ കൂത്ത് ആരംഭിക്കുന്നത് അവിടെ പൂജാദികള്‍ക്കുശേഷം കൊടിമരം നാട്ടി കൂത്തുമാടത്തില്‍ 'കൂറയിടുക' എന്ന ചടങ്ങ് നിര്‍വഹിക്കപ്പെടുന്നു. എല്ലാ ദിവസവും സായം സന്ധ്യയ്ക്ക് കാവിന്റെ നടയ്ക്കല്‍ മദ്ദളം, ചെണ്ട എന്നിവ ഉപയോഗിച്ച് കേളികൊട്ട് ഉണ്ടായിരിക്കും. വെളിച്ചപ്പാടിന്റെ കല്പന കഴിഞ്ഞാല്‍ മാടത്തില്‍ കേളി നടത്തും. അപ്പോഴേക്കും കൂത്തുമാടത്തില്‍ തൂക്കിയിരിക്കുന്ന നീളമുള്ള തിരശ്ശീലയുടെ പിന്നില്‍ രാമലക്ഷ്മണന്മാര്‍, ഹനുമാന്‍, സുഗ്രീവന്‍, അംഗദന്‍, രാവണന്‍ എന്നിവരെ പ്രതിനിധാനം ചെയ്യുന്ന തോല്‍പ്പാവകളെ നിര്‍ത്തിയിരിക്കും. മാന്‍തോല്‍കൊണ്ടു നിര്‍മിക്കുന്ന വിവിധ കഥാപാത്രങ്ങളെ ഉദ്ദേശിച്ചുകൊണ്ടുള്ള നൂറ്റിഇരുപത്തഞ്ചോളം പാവകളുണ്ട്. നിരത്തി നിര്‍ത്തിയിരിക്കുന്ന പാവകള്‍ക്കു പിന്നില്‍ ചിരാതിന്മേല്‍ നല്ലവണ്ണം ജ്വലിച്ച് കത്തിക്കൊണ്ടിരിക്കുന്ന ദീപങ്ങള്‍ ഉണ്ടായിരിക്കും. തേങ്ങാമുറിയില്‍ എണ്ണ ഒഴിച്ചു കത്തിക്കുന്ന ദീപങ്ങളും ചില സ്ഥലങ്ങളില്‍ കാണാം. കേളി കഴിഞ്ഞാല്‍ കളരിച്ചിന്ത് ആരംഭിക്കുന്നു. ഗണപതിയെയും സരസ്വതിയെയും വന്ദിച്ചുകൊണ്ടുള്ള പാട്ടുകളാണ് പാടുന്നത്. ഈ സ്തുതികളില്‍ സംസ്കൃതത്തിന്റെയും തമിഴിന്റെയും ഇടകലര്‍ന്നുള്ള പ്രഭാവം കാണാം.

പട്ടപ്പാവക്കളിയാണ് അടുത്ത ഇനം. മൂത്തപട്ടങ്ങളെയും കുട്ടിപ്പട്ടങ്ങളെയും സങ്കല്പിച്ചിട്ടുള്ള രണ്ട് പാവകള്‍ തിരശ്ശീലയില്‍ പ്രത്യക്ഷപ്പെടുന്നു. പാവകളെ ചലിപ്പിച്ച് ഇഷ്ടാനുസരണം ആടിപ്പിക്കാം. ഈ പാവകളുടെ ഛായ തിരശ്ശീലയില്‍ വ്യക്തമായി വരികയും പട്ടന്മാരുടെ സംഭാഷണത്തിലൂടെ ഗുരുനാഥന്മാരുടെയും ഭഗവതിയുടെയും വണക്കം, കഥകുറിക്കല്‍, സദ്യവാഴ്ത്തല്‍ എന്നീ ചടങ്ങുകള്‍ നിര്‍വഹിക്കപ്പെടുകയും ചെയ്യുന്നു. ക്ഷേത്രങ്ങളില്‍ ഇന്ന ഇന്ന ദിവസം ഇന്ന ഇന്ന തറവാട്ടുകാരാണ് കൂത്തിന്റെ ചെലവു വഹിക്കേണ്ടത് എന്നു നിശ്ചയിച്ചിട്ടുണ്ടാകും. അവര്‍ നടന്മാര്‍ക്കു സദ്യ കൊടുക്കുന്നു. ആ സദ്യയെപ്പറ്റി പട്ടന്മാരുടെ സംഭാഷണത്തില്‍ സരസമായി വര്‍ണിക്കപ്പെടുന്നു. അതാണ് സദ്യവാഴ്ത്തല്‍. ഈ ചടങ്ങ് ചില സ്ഥലങ്ങളില്‍ ഇല്ല.

കേരളത്തിന്റെ അന്തര്‍ദേശീയ ചലച്ചിത്രോത്സവ ലോഗോ

കഥാരംഭത്തോടെ പാട്ടുകാരന്‍ കമ്പരാമായണത്തില്‍പ്പെട്ട പാട്ടുകള്‍ പാടുന്നതിനോടൊപ്പം പാവകളെ ആടിപ്പിക്കുന്നു. പാട്ട് അവസാനിച്ചാല്‍ ആ കഥാഭാഗത്തിന്റെ അര്‍ഥവും കഥയും വിശദീകരിക്കും. ഈ സന്ദര്‍ഭത്തിലാണ് പുലവരുടെ മനോധര്‍മവും പാണ്ഡിത്യവും സാമൂഹികബോധവും മറ്റും പ്രകടമാകുന്നത്. പട്ടപ്പാവക്കളിയുടെ സമയത്തെന്നപോലെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും അവരില്‍ രാഷ്ട്രീയവും സാമൂഹികവും മതപരവുമായ നവീനസംസ്കാരം കെട്ടിപ്പടുക്കാനും നടന്മാര്‍ക്കു സാധിക്കുന്നതാണ്. വിജ്ഞാനപ്രദങ്ങളും രസകരങ്ങളുമായ ഈ രാമകഥാപ്രഭാഷണങ്ങള്‍ രാത്രി മുഴുവന്‍ നീണ്ടുനില്ക്കും. കഥാരംഭത്തിലും യുദ്ധവര്‍ണനയിലും കൂത്ത് അവസാനിക്കുമ്പോഴും ചെണ്ട, മദ്ദളം എന്നീ വാദ്യങ്ങള്‍ പ്രയോഗിക്കപ്പെടുന്നു. ഒരു കാവിലെ കൂത്ത് അവസാനിക്കുമ്പോള്‍ മാടത്തില്‍ ഗണപതിപൂജയും സീതയ്ക്കു പട്ടുചാര്‍ത്തുക, കിരീടധാരണം കഴിക്കുക എന്നീ ചടങ്ങുകളും നടത്താറുണ്ട്.

ഓരോ ദിവസവും കൂത്തിനിടയില്‍ വഴിപാടായി നാടകം നടത്തുക എന്ന ഒരു പരിപാടിയും കണ്ടുവരുന്നു. ഈ നാടകത്തില്‍ നിന്നു കിട്ടുന്ന പണം മുഴുവന്‍ നടന്മാര്‍ക്കുള്ളതാണ്. രാവണന്റെ സദസ്സില്‍ ദേവസ്ത്രീകള്‍ വന്നു നൃത്തം ചെയ്തിട്ടാണ് ഈ നാടകം നടത്തുന്നത്. ഇന്നയാള്‍ ഇന്ന ആവശ്യത്തിനു നടത്തുന്ന നാടകം എന്ന് തുടക്കത്തില്‍ കൂത്തുപറയുന്നവര്‍ അറിയിക്കുന്നു.

കഥാപാത്രങ്ങളുടെ സംഭാഷണം അവതരിപ്പിക്കുവാന്‍ പാവക്കൂത്തില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് യുദ്ധകാണ്ഡം പതിനാലുദിവസം ആടുന്നതിനായി യഥാക്രമം സേതുബന്ധനം, ലങ്കാവര്‍ണനം, രാവണന്റെ മകുടഭംഗം, ദൂത്വിചാരം, അംഗദദൂത്, പ്രഥമയുദ്ധം തോറ്റ രാവണകഥ, കുംഭകര്‍ണന്റെ പുറപ്പാട്, കുംഭകര്‍ണപ്പെരുമയും വധവും, അതികായന്റെ പുറപ്പാട്, അതികായപ്പെരുമയും വധവും, ഇന്ദ്രജിത്തിന്റെവധം, രാവണവധം, പട്ടാഭിഷേകം എന്നിങ്ങനെ വിഭജിക്കുന്നു. ഇവ ഓരോന്നും ഈരണ്ട് കഥാപാത്രങ്ങളിലൂടെയാണ് അവതരിപ്പിക്കപ്പെടുന്നത്. ആ കഥാപാത്രങ്ങളെയാണ് തോല്‍പ്പാവകളുടെ രൂപത്തില്‍ തിരശ്ശീലയില്‍ ആടിക്കുന്നത്. ദൂത്വിചാരത്തില്‍ ലക്ഷ്മണനും ശ്രീരാമനും, അംഗദന്‍ദൂതില്‍ അംഗദനും രാവണനും പ്രത്യക്ഷപ്പെടുന്നു.

പ്രാചീന ദൃശ്യകലാപ്രസ്ഥാനത്തിന്റെ ഈടുറ്റ കൈമുതലായ തോല്‍പ്പാവക്കൂത്ത് തകര്‍ച്ചയിലേക്കു നീങ്ങുകയാണെന്ന് ഒരു അഭിപ്രായമുണ്ട്. പാരമ്പര്യക്രമം അനുസരിച്ച് കൈകാര്യം ചെയ്തുവരുന്ന ഈ കല സ്വായത്തമാക്കാന്‍ പുതിയ തലമുറ മുന്നോട്ടുവരുന്നില്ല. സാമ്പത്തിക പരാധീനതയാണ് മുഖ്യകാരണം. പാട്ടുകളും വിവരണങ്ങളുമടങ്ങിയ പുസ്തകങ്ങള്‍ അച്ചടിച്ചിട്ടില്ലെന്നുള്ളതാണ് മറ്റൊരു ന്യൂനത. കൈയെഴുത്തുഗ്രന്ഥങ്ങളും ഗുരുമുഖത്തുനിന്നു ലഭിക്കുന്ന വിജ്ഞാനവും മാത്രമാണ് ഇന്നും ഇവയ്ക്ക് ആശ്രയമായിട്ടുള്ളത്.

കേരളത്തിന്റെ ഈ തനതു ദൃശ്യകലയുടെ ദൃശ്യസൂചകമാണ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഒഫ് കേരളയുടെ ലോഗോയ്ക്ക് ആധാരം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍